സംവരണം വിസ്മരിക്കുന്ന പുതിയ വിദ്യാഭ്യാസ നയം
text_fieldsരാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിനും ഉന്നതവിദ്യാഭ്യാസത്തിനും ഘടനാപരമായ മാറ്റങ്ങൾ ശിപാർശചെയ്യുന്ന പുതിയ വിദ്യാഭ്യാസനയത്തിൽ സംവരണത്തെ സംബന്ധിച്ച് ഒരക്ഷരം പോലുമില്ല. പട്ടികജാതി–പട്ടികവർഗവിദ്യാർഥികളുടെ സ്കൂളുകളിൽനിന്നുള്ള വലിയ കൊഴിഞ്ഞുപോക്കിനെപ്പറ്റി ഈ പുതിയ നയരേഖ 6.2.1 ൽ എടുത്തുപറയുന്നുണ്ട്. സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും പിന്നണിയിലായ പിന്നാക്കവിഭാഗം വിദ്യാർഥികളുടെ വിദ്യാഭ്യാസവികസനത്തിന് പ്രത്യേകപരിഗണന വേണമെന്ന് പോളിസിയിലെ 6.2.2 ൽ ചൂണ്ടിക്കാട്ടുന്നുമുണ്ട്. വിദ്യാഭ്യാസരംഗത്ത് പിന്തള്ളപ്പെട്ട ന്യൂനപക്ഷവിദ്യാർഥികളുടെ പഠനത്തിന് പ്രത്യേക പരിഗണന വേണമെന്ന് ഈ നയപ്രഖ്യാപനത്തിലെ 6.2.5 ൽ എടുത്തുപറയുന്നുമുണ്ട്. എന്നാൽ, വളരെ ഉദാരനിലയിലുള്ള സംവരണവും വിദ്യാഭ്യാസാനുകൂല്യങ്ങളും നൽകാതെ ഈ വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ലഭ്യമാകുകയില്ലെന്ന യാഥാർഥ്യം പുതിയ നയം ബോധപൂർവം വിസ്മരിച്ചിരിക്കുകയാണ്.
നയരേഖയിൽ ഒരിടത്തും സംവരണമെന്ന വാക്കുപോലുമില്ല. അതുകൊണ്ടാണ് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പട്ടികജാതി– പട്ടികവർഗ, ഒ.ബി.സി വർഗങ്ങൾക്ക് നിലവിലുള്ള സംവരണം അവസാനിപ്പിക്കുന്നതാണോ പുതിയ വിദ്യാഭ്യാസനയമെന്ന് ചില പ്രതിപക്ഷനേതാക്കൾ ചോദിച്ചിരിക്കുന്നത്. പാർലമെൻറിൽ ഫലപ്രദമായ ചർച്ച നടത്താതെയാണ് ഈ വിദ്യാഭ്യാസ നയത്തിെൻറ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംസ്ഥാനസർക്കാറുകൾ, വിദ്യാർഥികൾ, അധ്യാപകർ, വിദ്യാഭ്യാസ വിദഗ്ധർ എന്നിവരുമായൊന്നും ആലോചിക്കാതെ കൊണ്ടുവന്ന ഈ നയം വലിയ പ്രതിസന്ധിയാണ് വിദ്യാഭ്യാസമേഖലയിൽ ഉണ്ടാക്കുക. വിദ്യാഭ്യാസം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും തുല്യാവകാശമുള്ള കൺകറൻറ് ലിസ്റ്റിലുൾപ്പെട്ട വിഷയമാണ്. അതുകൊണ്ടുതന്നെ, സംസ്ഥാനങ്ങളുമായി ആലോചിക്കാതെയുള്ള ഈ നയപ്രഖ്യാപനം ഭരണഘടനയുടെ നട്ടെല്ലായ ഫെഡറലിസത്തെ തകർക്കുന്ന ഒന്നാണ്.
രാജ്യത്തെ 80 ശതമാനത്തോളം വരുന്ന ദലിത്–പിന്നാക്ക–ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ സംവരണത്തെ സംബന്ധിച്ച് മൗനം പാലിക്കുന്ന ഈ നയം ബഹുഭൂരിപക്ഷത്തിനും സ്വീകാര്യമായിരിക്കുകയില്ല. പിന്നാക്ക ജനവിഭാഗങ്ങളുടെ ആശങ്കക്ക് പരിഹാരം കാണാൻ കേന്ദ്രസർക്കാർ മുന്നോട്ട് വന്നേ മതിയാകൂ.
പിന്നാക്ക– ദലിത് സംവരണം ഇന്ന് രാജ്യത്തെ സാമൂഹികമായി പിന്നണിയിലുള്ള ബഹുഭൂരിപക്ഷം ജനതയുടെ ഭരണഘടനാപരമായ അവകാശമാണ്. സംവരണം സമൂഹത്തിലെ താഴെത്തട്ടിലുള്ള ജനവിഭാഗത്തെ ഉയർത്തിക്കൊണ്ടുവരുന്നതിനും ഭരണത്തിൽ ഇക്കൂട്ടർക്ക് പങ്ക് നൽകുന്നതിനും വേണ്ടിയാണ്. വിദ്യാഭ്യാസമേഖലയിലും നിയമനങ്ങളിലും മറ്റും ഈ സംവരണം നൽകപ്പെട്ടില്ലെങ്കിൽ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായും നൂറ്റാണ്ടുകളായി വളരെ പിന്നണിയിലായിപ്പോയ ഈ ജനസമൂഹത്തെ ഒരിക്കലും മുന്നണിയിലേക്ക് കൊണ്ടുവരാൻ സാധ്യമല്ലെന്നുള്ളതുകൊണ്ടാണ് നമ്മുടെ ഭരണഘടന നിർമാതാക്കൾ തന്നെ സംവരണം ഭരണഘടനയുടെ ഭാഗമാക്കിയത്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 16(4)ലാണ് സംവരണം സംബന്ധിച്ച ഈ വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്.
1. ആർട്ടിക്കിൾ 16(4) പിന്നാക്കവർഗങ്ങളുടെ സർക്കാർ സർവിസുകളിലെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പ്രധാനനിയമമാണ്.
2. ആർട്ടിക്കിൾ 16(4)ൽ വിഭാവനം ചെയ്യുന്ന പിന്നാക്കാവസ്ഥ സാമൂഹികമായും വിദ്യാഭ്യാസപരമായും സാംസ്കാരികമായുമുള്ള പിന്നാക്കാവസ്ഥയാണ്.
3. പിന്നാക്കവർഗങ്ങളെ ഭരണഘടന പ്രത്യേകമായി നിർവചിക്കുന്നിെല്ലങ്കിലും ജാതി, തൊഴിൽ, ദാരിദ്യ്രം, വിദ്യാഭ്യാസപരമായ പിന്നാക്കാവസ്ഥ, സാമൂഹികമായ പിന്നാക്കാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലാണ് ആ വർഗങ്ങൾ ഏതെല്ലാമെന്ന് നിശ്ചയിക്കേണ്ടത്.
4. ഏതെങ്കിലും ഒരു വർഗത്തിന് സംവരണം ലഭ്യമാക്കുന്നതിനുള്ള മാനദണ്ഡം ആ വർഗത്തിന് അർഹമായ പ്രാതിനിധ്യം സർക്കാർ സർവിസുകളിൽ ലഭിച്ചിട്ടില്ല എന്നതായിരിക്കും.
സംവരണത്തെ സംബന്ധിച്ച ഈ ഭരണഘടന വ്യവസ്ഥകൾ കേന്ദ്ര വിദ്യാഭ്യാസ നയത്തിൽ ബോധപൂർവമാണ് വിസ്മരിച്ചിരിക്കുന്നത്. സർവകലാശാല നിയമനങ്ങളിൽ പിന്നാക്കസംവരണം വ്യാപകമായി അട്ടിമറിക്കുന്ന വാർത്തകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പിന്നാക്കസംവരണം ഏതുനിലയിലും അട്ടിമറിക്കണം എന്ന് പ്രതിജ്ഞ ചെയ്ത വിഭാഗങ്ങൾ ദേശീയരാഷ്ട്രീയ രംഗത്ത് സജീവമാണെന്നു മാത്രമല്ല, ഭരണകൂടത്തിെൻറ തലപ്പത്ത് ഇക്കൂട്ടർക്ക് ഇന്ന് വലിയ സ്വാധീനം ചെലുത്താനും കഴിയുന്നു. അതിെൻറ ഭാഗമായാണ് സർവകലാശാലകളിലെ സംവരണസീറ്റുകൾ നിരന്തരമായി ഒഴിച്ചിട്ടിരിക്കുന്നത്. സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്തള്ളപ്പെട്ടവരുടെ പ്രതിനിധികൾ ഇനിയെങ്കിലും സർവകലാശാലകളിലെ അധ്യാപക–അനധ്യാപക തസ്തികകളിൽ വന്നേ മതിയാകൂ. എന്നാൽ, നിർബന്ധപൂർവം ഇതിനെ തുരങ്കം വെക്കുന്നതിെൻറ നേർചിത്രങ്ങളാണ് സർവകലാശാലകളിൽനിന്നു പുറത്തുവരുന്നത്. എന്തായാലും യു.ജി.സി. ഈ ഒഴിവുകൾ അടിയന്തരമായും നികത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത് സ്വാഗതാർഹംതന്നെ. തങ്ങളുടെ തീരുമാനം നടപ്പിലാക്കാൻ ശക്തമായ നടപടി കൈക്കൊള്ളാൻ യു.ജി.സി തയാറായാൽ അത് പിന്നാക്ക ജനവിഭാഗത്തിന് വളരെ ഗുണകരമായിരിക്കും. എന്നാൽ, ഭരണകൂടത്തിെൻറ നിലപാടിനെ ആശ്രയിച്ചായിരിക്കും ഇതു നടക്കുക.
ഇന്ത്യയിലെ നല്ലൊരു വിഭാഗം ആളുകൾ ചരിത്രപരമായ കാരണങ്ങളാൽ സാമൂഹിക, വിദ്യാഭ്യാസമേഖലകളിൽ വളരെ പിന്നാക്കമാണ്. ഈ പിന്നാക്കാവസ്ഥ നൂറ്റാണ്ടുകൾകൊണ്ട് ഉണ്ടായതാണ്. ചാതുർവർണ്യവും തൊട്ടുകൂടായ്മയും പോലുള്ള സാമൂഹിക അനീതികളും ഭൂരിപക്ഷം ജനസമൂഹത്തെ ഇവിടെ വെറും അടിമകൾക്ക് സമാനമാക്കി മാറ്റി. ഈ സമൂഹത്തെ മുഖ്യധാരയിലേക്കും അധികാരത്തിെൻറ ഭാഗമായ സർക്കാർ സർവിസുകളിലേക്കും ഉയർത്തിക്കൊണ്ടുവരുന്നതിനാണ് ഭരണഘടനാ ശിൽപികൾ നിലവിലുള്ള പിന്നാക്കസംവരണം അംഗീകരിച്ചത്. ചരിത്രപരവും സാംസ്കാരികവുമായ അവശതകളുടെ നിർമാർജനവും ശാക്തീകരണവുമാണ് ഈ സംവരണത്തിെൻറ ആത്യന്തികലക്ഷ്യം. ഇതു നിർഭാഗ്യവശാൽ കേന്ദ്ര സംസ്ഥാന ഭരണാധികാരികൾ ബോധപൂർവം വിസ്മരിക്കുകയാണ്.
പിന്നാക്കസംവരണം ഏതുവിധേനയും ഇല്ലാതാക്കാനാണ് നിർഭാഗ്യവശാൽ കേന്ദ്രസർക്കാറും പല സംസ്ഥാന സർക്കാറുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിെൻറ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസനയവും. തൊഴിലില്ലായ്മ പരിഹരിക്കലും ദാരിദ്യ്രനിർമാർജനവുമല്ല സംവരണത്തിെൻറ ആത്യന്തികലക്ഷ്യമെന്ന വസ്തുത ബോധപൂർവം സംവരണവിരുദ്ധർ വിസ്മരിക്കുകയാണ്. നൂറ്റാണ്ടുകളായി സമൂഹത്തിെൻറ താഴേക്കിടയിലേക്ക് തള്ളപ്പെടുകയും വിദ്യാഭ്യാസ, സാംസ്കാരികമേഖലയിൽ നിന്ന് ആട്ടിയോടിക്കപ്പെടുകയും ചെയ്ത ജനസംഖ്യയിൽ ഭൂരിപക്ഷം വരുന്ന ജനസമൂഹത്തിെൻറ വികാരങ്ങൾക്ക് വിലകൽപിക്കാൻ ഭരണാധികാരികൾ ഇപ്പോഴും മടിച്ചുനിൽക്കുകയാണ്. ഭരണത്തിെൻറ ചുക്കാൻപിടിക്കുന്ന സമ്പന്ന–സവർണനേതൃത്വവും അക്കൂട്ടരുടെ താളത്തിനു തുള്ളുന്ന ഭരണാധികാരികളും സംവരണ വിരുദ്ധനിലപാടിൽ ഇപ്പോഴും മത്സരിക്കുകയാണ്. അതുകൊണ്ടുതന്നെ പുതിയ വിദ്യാഭ്യാസ നയത്തിൽ ദലിത്–പിന്നാക്ക സംവരണം സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള ഈ ജനവിഭാഗങ്ങളുടെ ശക്തമായ പ്രതിരോധം ഇനിയും ഉയർന്നുവരേണ്ടിയിരിക്കുകയാണ്.
(ലേഖകൻ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.