ആത്മാഭിമാനത്തിന്റെ നവകേരളം
text_fieldsഎൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത് ആഘോഷങ്ങളില്ലാതെയാണ്. കോവിഡ്-19 മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടത്തിനിടയിലാണ് ഈ മേയ് 25 കടന്നുവരുന്നത്. കഴിഞ്ഞ നാലുവർഷങ്ങളിൽ വലിയ പരീക്ഷണങ്ങൾ നമ്മെ തേടിയെത്തി. 2018ലെ മഹാപ്രളയം, കഴിഞ്ഞവർഷം വന്ന അതിതീവ്ര മഴ, ഓഖി, നിപ എന്നിവ കേരളത്തെ കഠിനമായി ബാധിച്ചു. അവയുടെ ആഘാതത്തിൽനിന്ന് കരകയറാൻ കേരള പുനർനിർമാണ പദ്ധതി ആവിഷ്കരിച്ച് മുന്നോട്ടുവരുമ്പോഴാണ് കോവിഡ്-19 എത്തിയത്. എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിച്ചുപോകുമായിരുന്ന ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിടാതെ നവകേരള സൃഷ്ടിക്കായുള്ള ഉറച്ച ചുവടുവെപ്പിന് നമുക്ക് കഴിഞ്ഞു– അതാണ് ഈ വാർഷികവേളയിൽ അഭിമാനപൂർവം പറയാവുന്ന കാര്യം. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ അക്കമിട്ട് നടപ്പാക്കിയതിെൻറ രേഖയായി േപ്രാഗ്രസ് റിപ്പോർട്ട് ഈ സർക്കാർ വെക്കുകയാണ്.
നവകേരള കർമപദ്ധതിയുടെയും മിഷനുകളുടെയും ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ് കോവിഡ് കാലത്തെ നമ്മുടെ അതിജീവനാനുഭവങ്ങൾ. ലൈഫ് മിഷനു കീഴിൽ 2,19,154 വീടുകളുടെ നിർമാണം പൂർത്തിയാക്കി. പൊതുവിദ്യാലയങ്ങളിൽ 45,000 ക്ലാസ്മുറികൾ ഇന്ന് ഹൈടെക്കാണ്. ആയിരം സർക്കാർ സ്കൂളുകൾ മികവിെൻറ കേന്ദ്രങ്ങളാകുന്നു. ഇതിെൻറയെല്ലാം ഫലമായി പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷം അഞ്ചുലക്ഷത്തിലേറെ കുട്ടികളാണ് അധികമായി ചേർന്നത്.
തരിശുരഹിതമായ 26 ഗ്രാമങ്ങളും മൂന്നരലക്ഷം ടൺ പച്ചക്കറിയുടെ അധിക ഉൽപാദനവും ‘ഹരിത കേരളം’ മിഷെൻറ നേട്ടങ്ങളാണ്. ‘ആർദ്രം’ മിഷനിലൂടെ പ്രാഥമിക ആരോഗ്യകേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെ നാം ഉന്നത നിലവാരത്തിലെത്തിച്ചു. ആരോഗ്യസൂചികകളിൽ ആഗോള നിലവാരത്തിലേക്ക് കേരളം ഉയർന്നു. അതിെൻറ തുടർച്ചയാണ് കോവിഡ് പ്രതിരോധത്തിൽ ലോകം മുഴുവൻ ആദരവോടെ വീക്ഷിക്കുന്ന നിലയിലേക്ക് നമുക്ക് മുന്നേറാൻ കഴിഞ്ഞത്.
കേരളമാണ് കോവിഡ് ദുരിതകാലത്തെ അതിജീവിക്കാനുള്ള 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്താദ്യമായി പ്രഖ്യാപിച്ചത്. സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണവിതരണവും സൗജന്യ രോഗചികിത്സയും കോവിഡ് ആശുപത്രികളുടെ അതിവേഗത്തിലുള്ള സജ്ജീകരണവും കേരളത്തിെൻറ സവിശേഷ നേട്ടങ്ങളാണ്. 50,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാൻ കേരളം ആവിഷ്കരിച്ച ‘കിഫ്ബി’ നമ്മുടെ പുനരുജ്ജീവനത്തിെൻറ തനതുവഴിയാണ്. 40402.84 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്കാണ് കിഫ്ബി വഴി ഇതുവരെ അനുവാദം നൽകിയത്. ബജറ്റിനു പുറത്തുള്ള ധനസമാഹരണത്തിെൻറ ഭാഗമായി മസാല ബോണ്ടുകൾ വഴി 2150 കോടി രൂപ നാം സമാഹരിച്ചു. കിഫ്ബി മുഖേന നമുക്ക് സാധാരണ വികസനത്തിെൻറ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.
അസാധ്യമെന്ന് വിധിയെഴുതി തള്ളിക്കളഞ്ഞ വൻകിട പദ്ധതികൾ സാധ്യമാക്കിയതിെൻറ റെക്കോഡും ഓർമിക്കേണ്ടതുണ്ട്. അതിലൊന്ന് ഗെയിൽ പൈപ്പ് ലൈനാണ്. വീടുകളിൽ പൈപ്പ് വഴി പാചകവാതകം എത്തിത്തുടങ്ങി. മുടങ്ങിക്കിടന്ന കൊച്ചി-ഇടമൺ വൈദ്യുതി പ്രസാരണ ലൈൻ യാഥാർഥ്യമാക്കി. പുതിയ മലയോര ഹൈവേ 1251 കിലോമീറ്ററിലും തീരദേശ ഹൈവേ 650 കിലോമീറ്ററിലും പണി നടക്കുന്നു. കാസർകോട്–തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേയുടെ പ്രാരംഭ പ്രവർത്തനം പുരോഗമിക്കുന്നു. നിതി ആയോഗിെൻറ ആരോഗ്യസൂചികയിലും വ്യവസായ വികസന സൂചികയിലും സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര പട്ടികയിലും കേരളം ഒന്നാമതാണ്.
കേരളത്തിെൻറ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ളതാണ് ‘സുഭിക്ഷ കേരളം’ പദ്ധതി. 3860 കോടി രൂപ ചെലവിൽ ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കും. കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യബന്ധന വകുപ്പുകളുടെ ഇതിലെ പങ്കാളിത്തം യഥാക്രമം 1449, 118, 215, 2078 കോടി രൂപയുടേതാണ്. 25,000 ഹെക്ടറോളം തരിശുഭൂമിയിൽ പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കും. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനും ചെറുപ്പക്കാരെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.
കോവിഡ്-19 കാരണം കേരളത്തിെൻറ വ്യവസായ മേഖലക്ക് 15,000 കോടിയോളം രൂപ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നു. വ്യാപാരമേഖലയുടെ നഷ്ടം 17,000 കോടി രൂപയാണ്. ഈ സാഹചര്യം നേരിടാൻ സമഗ്രസമീപനവും പദ്ധതികളും വേണ്ടതുണ്ട്. അതിനായി ആവിഷ്കരിച്ചതാണ് ഭദ്രതാ പദ്ധതി. അതിെൻറ ഭാഗമായി 3434 കോടി രൂപയുടെ സഹായമാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് നൽകുന്നത്.
2019ലെ ഇക്കണോമിക് റിവ്യൂ പ്രകാരം 2018-19 വർഷത്തിൽ രാജ്യമൊന്നടങ്കം സാമ്പത്തികമാന്ദ്യത്തിൽ ഉഴലുമ്പോൾ എല്ലാവരെയും ആശ്ചര്യപ്പെടുത്തി കേരളം സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. കേരളത്തിെൻറ വളർച്ച നിരക്ക് 7.3 ശതമാനത്തിൽനിന്നും 7.5 ശതമാനമായി ഉയർന്നു.
പ്രതിസന്ധികളിൽ കാലിടറാതെ ദുരന്തങ്ങളെ അതിജീവിച്ചാണ് സർക്കാർ നാലുവർഷം പിന്നിട്ടത്. നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽനിന്ന് പിന്നോട്ടടിപ്പിക്കാൻ ഒരു ദുരന്തത്തിനും സാധ്യമായില്ല. എതിർപ്പിനുവേണ്ടിയുള്ള എതിർപ്പും കുപ്രചാരണങ്ങളും സർക്കാറിെൻറ പ്രയാണത്തെ തളർത്തിയില്ല. ക്ഷേമനിധി ആനുകൂല്യം ലഭ്യമല്ലാത്തവരെയും അതിഥി തൊഴിലാളികളെയും അഗതികളെയുമടക്കം എല്ലാവരെയും ചേർത്തുപിടിച്ചാണ് കോവിഡ് പ്രതിസന്ധിയെ നാം അഭിമുഖീകരിക്കുന്നത്. കോവിഡ്ബാധ ലോകത്ത് നിരവധി മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തെ മനസ്സിലാക്കി പുതിയ അതിജീവന പദ്ധതി ആവിഷ്കരിക്കുക എന്ന ചുമതലയാണ് നാം ഏറ്റെടുത്തിട്ടുള്ളത്. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവുമുള്ള നവകേരളമാണ് നമ്മുടെ ലക്ഷ്യം.
•
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.