മദ്യ കച്ചവടക്കാരുടെ കാര്യങ്ങൾ ശരിയാക്കി
text_fieldsമദ്യശാലകളുടെ എണ്ണം വ്യാപകമാക്കുകയും മദ്യ ഉപയോഗത്തിനു സാഹചര്യമൊരുക്കുകയും ചെയ്യുന്ന ഇടതു സർക്കാറിെൻറ മദ്യനയം ലക്ഷ്യമിടുന്നത് മദ്യവർജനമാണെന്ന അവകാശവാദം പരസ്പരവിരുദ്ധമാണ്. മദ്യ ഉപയോഗം വ്യാപകമാക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ട് മദ്യവർജനത്തെക്കുറിച്ച് പറയുന്നത് പരിഹാസ്യമാണ്. ലോകാരോഗ്യസംഘടനയുടെ ആഗോള മദ്യനയത്തിൽ പറയുന്ന മദ്യലഭ്യത, പ്രാപ്യത എന്നിവ കുറക്കുക എന്ന അടിസ്ഥാനതത്ത്വത്തിന് വിരുദ്ധമാണിത്. മദ്യമുതലാളിമാരും ഇടതു മുന്നണിയുമായി കഴിഞ്ഞ നിയമസഭാ െതരഞ്ഞെടുപ്പ് കാലത്തുണ്ടായ അവിശുദ്ധ കൂട്ടുകെട്ടിെൻറ സന്തതിയാണ് ഈ നയം. ജനങ്ങളുടെ കാര്യങ്ങൾ ശരിയാക്കുന്നതിൽ പരാജയപ്പെട്ട സർക്കാറിന് മദ്യ കച്ചവടക്കാരുടെ കാര്യങ്ങൾ ശരിയാക്കി എന്ന് മേനിപറയാം.
പൊള്ളവാദങ്ങൾ
യു.ഡി.എഫിെൻറ മദ്യനയം ‘പൊളിച്ചെഴുതു’ന്നതിന് അടിസ്ഥാനപരമായി നിരത്തുന്ന വാദങ്ങൾ ഇതെല്ലാമാണ്:
- യു.ഡി.എഫ് മദ്യനയംമൂലം മദ്യ ഉപയോഗം കുറയുകയല്ല, കൂടുകയാണുണ്ടായത്.
- മദ്യശാലകൾ അടച്ചുപൂട്ടിയ ശേഷം എക്സൈസ് വകുപ്പ് കേസുകളിൽ അഭൂതപൂർവമായ വർധനയുണ്ടായി. വ്യാജമദ്യവും മയക്കുമരുന്നും വ്യാപകമായി.
- ടൂറിസം മേഖലയിൽ അതിഗുരുതരമായ പ്രതിസന്ധി സൃഷ്ടിച്ചു.
- സംസ്ഥാന സർക്കാറിന് സാമ്പത്തിക നഷ്ടം ഉണ്ടാകുന്നു.
മേൽ പറയുന്നതിലൊന്നും കഴമ്പില്ല. യു.ഡി.എഫ് കൊണ്ടുവന്ന മദ്യനയത്തിെൻറ ഫലമായി 2014 ഏപ്രിൽ ഒന്നുമുതൽ 2017 മാർച്ച് 31 വരെയുള്ള മൂന്നു വർഷ കാലയളവിൽ വിദേശമദ്യത്തിെൻറ ഉപയോഗം 8,65,60,876 ലിറ്റർ കുറഞ്ഞു. ബിയറിെൻറയും വൈനിെൻറയും ഉപയോഗം വർധിച്ചിട്ടുപോലും ഈ മൂന്നു വർഷങ്ങൾക്കിടയിൽ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡം കണക്കാക്കിയാൽ പൂർണമായ മദ്യാംശം (അബ്സല്യൂട്ട് ആൽക്കഹോൾ) മൊത്തം അളവിൽ 34.27 ശതമാനം കുറവാണ് ഉണ്ടായത്. അതേസമയം, മദ്യവിൽപനയുടെ മൊത്തം കണക്ക് (വോളിയം സെയിൽ) എടുത്താൽപോലും 7.47 ശതമാനം കുറവുവന്നു. അതായത് 2,25,35,901 ലിറ്റർ മദ്യം കുറഞ്ഞു. എന്നിട്ടും, മദ്യ ഉപയോഗം വർധിെച്ചന്ന് പറയുന്നത് മനപ്പൂർവം തെറ്റിധരിപ്പിക്കാനാണ്.
കഴിഞ്ഞ 30 വർഷത്തെ കേരളത്തിലെ മദ്യക്കച്ചവടത്തിെൻറ വാർഷിക വളർച്ച ആറു ശതമാനം മുതൽ 67 ശതമാനം വരെയായിരുന്നു എന്നോർക്കുക. അതുകൊണ്ടാണ് ലോകാരോഗ്യ സംഘടനയും ആഗോള ലഹരിവിരുദ്ധ ഏജൻസികളും ഈ ഗുണപരമായ മാറ്റത്തെ പ്രശംസിച്ചത്. മദ്യലഭ്യത കുറച്ചാൽ മദ്യ ഉപയോഗം കുറയും എന്നതിെൻറ വ്യക്തമായ തെളിവാണ് പാതയോരത്തെ മദ്യവിൽപന ശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധി നടപ്പാക്കിയതിനെ തുടർന്ന് 2017 ഏപ്രിലിൽ കണ്ടത്. 2016 ഏപ്രിലിലെ മദ്യ ഉപയോഗവുമായി താരതമ്യപ്പെടുത്തിയാൽ അന്നത്തെക്കാളും 94,48,562 ലിറ്റർ മദ്യ ഉപയോഗം 2017 ഏപ്രിലിൽതന്നെ കുറഞ്ഞിട്ടുണ്ട്. അതായത് 30.34 ശതമാനം. കേരള ബിവറേജസ് കോർപറേഷെൻറ വെബ്സൈറ്റിനെ ആധാരമാക്കി ‘അഡിക് ഇന്ത്യ’ തയാറാക്കിയതാണ് ഈ കണക്കുകളെല്ലാം.
2014 മാർച്ച് 31ന് മദ്യശാലകൾ അടച്ചുപൂട്ടിയശേഷം എക്സൈസ് വകുപ്പിെൻറ കേസുകളുടെ എണ്ണം വർധിച്ചെങ്കിലും പിടിച്ചെടുത്ത സ്പിരിറ്റിെൻറയും മയക്കുമരുന്നിെൻറയും അളവ് മുൻവർഷത്തെക്കാൾ കുറഞ്ഞുവെന്നതാണ് സത്യം. എക്സൈസ് വകുപ്പിെൻറ വെബ്സൈറ്റിൽ രേഖപ്പെടുത്തിയ 14 ജില്ലകളുമായി ബന്ധപ്പെട്ട മാസാന്ത എൻഫോഴ്സ്മെൻറ് സ്റ്റേറ്റ്മെൻറ് പ്രകാരം 2015-16ൽ അബ്കാരി നിയമമനുസരിച്ച് 16,917 കേസുകളിലായി 20,703 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തെങ്കിൽ 2016-17ൽ കേസുകളുടെ എണ്ണം 25,423 ആയി വർധിച്ചിട്ടും വെറും 2,893 ലിറ്റർ സ്പിരിറ്റ് മാത്രമാണ് പിടിച്ചെടുത്തത്. അതായത് 17,804 ലിറ്ററിെൻറ (86 ശതമാനം) ഗണ്യമായ കുറവാണ് വന്നത്. അതുപോലെതന്നെ മയക്കുമരുന്ന് നിയമമനുസരിച്ച് 2015-16 ൽ 1,708 കേസുകളിലായി 920.856 കിലോ കഞ്ചാവ് പിടിച്ചെടുത്തപ്പോൾ 2016-17ൽ മയക്കുമരുന്ന് കേസുകൾ 3,835 ആയി എണ്ണത്തിൽ വർധിച്ചിട്ടും 920.663 കിലോ കഞ്ചാവ് മാത്രമാണ് പിടിച്ചെടുത്തത്. മുൻ വർഷത്തെക്കാൾ 193 ഗ്രാം കുറവ്.
ഇന്ത്യയുടെ മയക്കുമരുന്ന് ഭൂപടത്തിൽ ആദ്യ 10 സംസ്ഥാനങ്ങളുടെ പട്ടികയിൽ പോലും ഇല്ലാത്ത കേരളത്തെ മദ്യനിയന്ത്രണം കാരണം ലഹരിയുടെ താവളമായി ചിത്രീകരിക്കുന്നത് മദ്യവിൽപനശാലകൾ വ്യാപകമാക്കുന്നതിനുള്ള ന്യായീകരണശ്രമത്തിെൻറ ഭാഗം മാത്രമാണ്. കർശനവും ഫലപ്രദവുമായ നടപടികളുമായി എക്സൈസ്, പൊലീസ് ഉൾെപ്പടെയുള്ള ബന്ധപ്പെട്ട സംവിധാനങ്ങൾ കൃത്യമായി മുന്നോട്ടുപോയി ശരിയായ രീതിയിൽ മയക്കുമരുന്ന് വേട്ട നടത്തിയാൽ മയക്കുമരുന്ന് വിപണനം പൂർണമായും തടയാനാകും. കേസുകളുടെ എണ്ണത്തിെല വർധന കാണിച്ച് കേരളം വ്യാജമദ്യത്തിെൻറയും മയക്കുമരുന്നിെൻറയും കേന്ദ്രമായി എന്ന ധാരണ വരുത്തുന്നത് നിലവിലുണ്ടായിരുന്ന മദ്യനയത്തെ അട്ടിമറിക്കാനാണ്. ഇക്കാര്യത്തിൽ ചില ഉദ്യോഗസ്ഥർ പ്രത്യേകദൗത്യം ഏറ്റെടുത്തതായും കാണാം. മേൽകാണിച്ച കണക്കുകൾ നിഷേധിക്കാൻ എക്സൈസ് മന്ത്രിക്കാവുമോ?
വിനോദസഞ്ചാര മേഖലയെ മദ്യനിയന്ത്രണം തളർത്തിയെന്നും അതിഗുരുതരമായ പ്രതിസന്ധിയിലെത്തിച്ചു എന്നുമുള്ള വാദം ടൂറിസം വകുപ്പിെൻറതന്നെ കണക്കുകൾ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കുന്നുണ്ട്. വകുപ്പിെൻറ കണക്കുപ്രകാരംതന്നെ വിദേശ ടൂറിസ്റ്റുകളുടെ വരവ് 2014ൽ 9,23,366 ആയിരുന്നത് 2016ൽ 10,38,419 ആയി വർധിച്ചു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലാകട്ടെ, 2014ൽ 1,16,95,411 ആയിരുന്നത് 1,31,72,535 ആയി വർധിക്കുകയും ചെയ്തു. ടൂറിസത്തിലൂടെയുള്ള മൊത്തം വരുമാനം 2014ൽ 24,885 കോടി രൂപയായിരുന്നത് 2016ൽ 29,659 കോടിയായി വർധിക്കുകയാണുണ്ടായത്.
മദ്യം കഴിക്കാനല്ല ടൂറിസ്റ്റുകൾ കേരളത്തിലേക്ക് വരുന്നത്. കേരളത്തനിമ ആസ്വദിക്കാനാണ്. അവർക്കുവേണ്ടത് വൃത്തിയും വെടിപ്പുമുള്ള, സമാധാനം നിലനിൽക്കുന്ന, നല്ല പെരുമാറ്റം ലഭിക്കുന്ന അന്തരീക്ഷമാണ്. അടുത്തകാലത്ത് കുമളിയിൽ വിദേശ ടൂറിസ്റ്റുകളെ ബന്ദികളാക്കിയതുപോലുള്ള സംഭവങ്ങളാണ് ടൂറിസത്തെ തളർത്തുന്നത്. കേരളത്തിലെ മാലിന്യ കൂമ്പാരങ്ങളും തെരുവുനായ്ക്കളുടെ സംഹാരതാണ്ഡവങ്ങളും പടർന്നുപിടിക്കുന്ന പകർച്ചവ്യാധികളുമൊക്കെയാണ് ടൂറിസ്റ്റുകളെ ഭയപ്പെടുത്തുന്നത്. ഇതൊക്കെ മറച്ചുെവച്ച് എല്ലാം മദ്യനിയന്ത്രണത്തിെൻറ ചെലവിലെഴുതുന്നത് സത്യത്തെ പരിഹസിക്കലാണ്. സർക്കാറിന് വൻ സാമ്പത്തിക നഷ്ടമുണ്ടാകുന്നു എന്ന പ്രചാരണത്തിന് പ്രസക്തിയില്ല. മദ്യനിയന്ത്രണംമൂലം സർക്കാറിനുണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിെൻറ എത്രയോ ഇരട്ടി പണമാണ് മദ്യ ഉപയോഗത്തിെൻറ ദൂഷ്യവശങ്ങൾ പരിഹരിക്കാൻ സർക്കാറിനുതന്നെ ചെലവിടേണ്ടിവരുന്നത്.
മദ്യപാനംമൂലം മാനസികവും കായികവുമായ ആരോഗ്യം നഷ്ടപ്പെടുന്നവരുടെ ചികിത്സച്ചെലവ്, മദ്യപിച്ച് വാഹനമോടിച്ചതുകൊണ്ടുണ്ടാകുന്ന വ്യാപക റോഡപകടങ്ങളും ജീവഹാനിയും ജീവിതനഷ്ടവും, സമൂഹത്തിൽ വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ, അക്രമസംഭവങ്ങൾ, പ്രത്യേകിച്ചും സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ രക്തബന്ധത്തിനുപോലും വിലകൽപിക്കാത്ത ഗാർഹികദുരന്തങ്ങൾ, താളംതെറ്റുന്ന കുടുംബങ്ങളുടെ ദയനീയ അവസ്ഥ, കുട്ടികളുടെ അരക്ഷിതാവസ്ഥ, സാമ്പത്തികവും സാമൂഹികവുമായി സമൂഹത്തിനുണ്ടാകുന്ന തകർച്ച, രാഷ്ട്രീയ കൊലപാതകങ്ങൾ ഉൾെപ്പടെയുള്ള ക്രമസമാധാന പ്രശ്നങ്ങൾ വരുത്തിവെക്കുന്ന വൻ സാമൂഹിക- സാമ്പത്തിക നഷ്ടങ്ങളും കണക്കിലെടുത്താൽ മദ്യനിയന്ത്രണംമൂലം പറയപ്പെടുന്ന സർക്കാറിെൻറ സാമ്പത്തിക നഷ്ടത്തിന് ഒരു പ്രസക്തിയുമില്ല.
നിലവിലുണ്ടായിരുന്ന മദ്യനയത്തെ തകിടംമറിച്ച് മദ്യവ്യാപാരത്തെയും വ്യാപനത്തെയും മുന്നിൽ കണ്ടുള്ള നടപടികൾ ഒന്നൊന്നായി സർക്കാർ മുന്നോട്ടുനീക്കിയത് കേരളത്തിൽ മദ്യമൊഴുക്കുക എന്ന അജണ്ട അനുസരിച്ചാണ്. മദ്യശാലകൾ ആരംഭിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുവാദം വേണമെന്നുള്ള നിബന്ധന നീക്കംചെയ്തത് ഈ ദിശയിലുള്ള പ്രധാന നടപടിയായിരുന്നു. തങ്ങളുടെ പ്രദേശത്ത് മദ്യശാലകൾ വേണമോ വേേണ്ട എന്ന് തീരുമാനിക്കാനുള്ള ജനങ്ങളുടെയും ജനപ്രതിനിധികളുടെയും അധികാരമാണ് ഇതിലൂടെ ഇല്ലാതാക്കിയത്. അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് വാചാലമാകുന്ന സർക്കാറിെൻറ ജനാധിപത്യവിരുദ്ധമായ ഈ നടപടി വ്യാപകമായ പ്രതിഷേധത്തിന് ഇടവരുത്തിയിരിക്കുകയാണ്.
ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്ററിനകത്തുള്ള മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധി കാറ്റിൽപറത്തുന്നതിന് സർക്കാർ കാണിച്ച വെപ്രാളം ജനങ്ങൾ കണ്ടതാണ്. സംവത്സരങ്ങളായി നിലനിൽക്കുന്ന കണ്ണൂർ-കുറ്റിപ്പുറം, ചേർത്തല-തിരുവനന്തപുരം ദേശീയ പാതയെ അതല്ലാതാക്കുന്ന സർക്കാറിെൻറ ചെപ്പടിവിദ്യ സർക്കാറിനെ പരിഹാസ്യമാക്കി. ഇതിനെതിരെ കോടതിതന്നെ ശക്തമായി പ്രതികരിച്ചു. സുപ്രീംകോടതി വരെ അംഗീകരിച്ച യു.ഡി.എഫിെൻറ മദ്യനയത്തെ മദ്യമുതലാളിമാർക്കുവേണ്ടി ഈ സർക്കാർ തള്ളിക്കളഞ്ഞത് ഏറ്റവും വലിയ സാമൂഹികദ്രോഹമാണ്. മദ്യവാഴ്ചയിൽ ജനങ്ങളെ അമർത്തുന്ന ഈ നയം തിരുത്തിയില്ലെങ്കിൽ കേരളചരിത്രത്തിലെ ഒരു കറുത്ത അധ്യായമായി എന്നും നിലനിൽക്കും. ഇതിന് ചരിത്രം മാപ്പു നൽകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.