Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightജനങ്ങളുടെ പണം...

ജനങ്ങളുടെ പണം ​കൊണ്ടാണീ പത്രാസുകളി

text_fields
bookmark_border
ജനങ്ങളുടെ പണം ​കൊണ്ടാണീ പത്രാസുകളി
cancel
എന്തിനാവും പുതിയ പാർലമെൻറ്​ പണിയാൻ സർക്കാർ സഹസ്രകോടി ചെലവിട്ടത്​?നിലവിലെ മന്ദിരം 96 വർഷം മുമ്പ് പണിതതാണ്​ എന്നാണ്​ കാരണമായി പറയുന്നത്​. പക്ഷേ കെട്ടിടത്തി​ന്റെ പഴക്കം ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ലല്ലോ. ബ്രിട്ടീഷ്​ പാർലമെൻറ്​ മന്ദിരത്തിന്​ ആയിരം കൊല്ലം പഴക്കമുണ്ട്​, ജർമനി, ഹംഗറി, യു.എസ്​ തുടങ്ങി വികസിത രാജ്യങ്ങളുടെ പാർലമെൻറ്​ മന്ദിരങ്ങളെല്ലാം നമ്മുടേത്​ നിർമിക്കുന്നതിന്​ നൂറുകണക്കിന്​ കൊല്ലം മുമ്പ്​ ഉയർന്നുവന്നവയാണ്, എന്നിട്ടും അവർ ആ പ്രതാപം നിലനിർത്തുകയാണ്​ ചെയ്​തത്​

മേയ് മാസം 28ന് രാജ്യത്തിന് പുതിയൊരു പാർലമെന്റ് മന്ദിരം ലഭിക്കുന്നു. രാഷ്​ട്രപതി ദ്രൗപദി മുർമുവിന് പകരം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതി​ന്റെ ഉദ്ഘാടനം നിർവഹിക്കുന്നത്. ആയിരം കോടിയോളം രൂപ ചെലവിട്ടാണ്​ നാലുനിലയിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ മന്ദിരം പണിതീർത്തിരിക്കുന്നത്​.

ഏതൊരു ജനാധിപത്യ സംവിധാനത്തിലും സാധാരണ ജനങ്ങളുടെ ശബ്​ദത്തിന്​ ഇടം നൽകുന്ന കെട്ടിടം അതിന്റേതായ പാരമ്പര്യവും ചരിത്രപരമായ പ്രാധാന്യവും പേറുന്നു. ഇന്ത്യക്ക്​ ഇപ്പോൾ തന്നെ ഗംഭീരമായ ഒരു പാർലമെന്റ് മന്ദിരമുണ്ട് എന്നിരിക്കെ ആളുകൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിഭവങ്ങളും എന്തിനാണ് പുതിയതിനു വേണ്ടി ചെലവഴിച്ചത്?

ബ്രിട്ടീഷ്​ കാലത്ത്​ ഡൽഹിയെ ഭരണസിരാകേന്ദ്രമാക്കി മാറ്റുന്നതി​ന്റെ ഭാഗമായി ആറു വർഷം (1921-1927)കൊണ്ട്​ പൂർത്തീകരിച്ചതാണ്​ നിലവിലെ പാർലമെൻറ്​ മന്ദിരം. സ്വാതന്ത്ര്യലബ്​ധിക്ക്​ ശേഷം അത്​ ഇന്ത്യയുടെ പാർലമെൻറായി മാറി. ലോകത്തെ തന്നെ ഏറ്റവും മികച്ച നിയമനിർമാണ കേന്ദ്രങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന ഈ കെട്ടിടം വാസ്​തുശിൽപ നിർമിതിയുടെ മികവാർന്ന ഒരുദാഹരണമാണ്​. രൂപകൽപന ചെയ്​തത്​ വിദേശികളാണെങ്കിലും ഇന്ത്യൻ ഉൽപന്നങ്ങൾ ഉപയോഗിച്ച്​ ഇന്ത്യൻ തൊഴിലാളികളാണ്​ ഇതി​ന്റെ നിർമാണം നിർവഹിച്ചത്​. അതുകൊണ്ട്​ തന്നെയാണ്​ ഈ വാസ്തുവിദ്യക്ക്​ ഇന്ത്യൻ പാരമ്പര്യങ്ങളുടെ ആഴത്തിലുള്ള ചേർപ്പുണ്ടായത്​. സെൻട്രൽ ഹാളിന്റെ താഴികക്കുടം ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്നായി കണക്കാക്കപ്പെടുന്നു.

ഇന്ത്യൻ ഭരണഘടന അസംബ്ലിയുടെ ആദ്യയോഗം ചേർന്നത്​ ഇവിടെ വെച്ചായിരുന്നു. 1947ൽ ബ്രിട്ടീഷ്​ സാമ്രാജ്യത്വത്തിൽ നിന്ന്​ ജനകീയ ഇന്ത്യയിലേക്കുള്ള ചരിത്രപരമായ അധികാരക്കൈമാറ്റം നടന്നതും ഇതിനുള്ളിലായിരുന്നു. ധീരവിപ്ലവകാരികളായ ഭഗത് സിങും ബടുകേശ്വർ ദത്തും ബോംബെറിഞ്ഞ് ബ്രിട്ടീഷ് സർക്കാറിന്റെ ബധിരകർണങ്ങളെ തുറപ്പിക്കാൻ ശ്രമിച്ചതും ഈ ​കെട്ടിടത്തിൽവെച്ചായിരുന്നു. സ്വാതന്ത്ര്യം പുലരുന്ന അർധരാത്രിയിൽ നമ്മുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്​റു രാജ്യത്തെ ഐതിഹാസികമായി അഭിസംബോധന ചെയ്​ത വേദിയും ഇതുതന്നെ. പുതിയൊരു കെട്ടിടം പണിതു​യർത്തിയതുകൊണ്ട്​ ആ ഓർമകളെയെല്ലാം മായ്​ച്ചുകളയാമെന്ന്​ കരുതരുതാരും.

പിന്നെ എന്തിനാവും പുതിയ പാർലമെൻറ്​ പണിയാൻ സർക്കാർ സഹസ്രകോടി ചെലവിട്ടത്​?നിലവിലെ മന്ദിരം 96 വർഷം മുമ്പ് പണിതതാണ്​ എന്നാണ്​ കാരണമായി പറയുന്നത്​. പക്ഷേ കെട്ടിടത്തി​ന്റെ പഴക്കം ഇന്ത്യയെ മാത്രം ബാധിക്കുന്ന കാര്യമല്ലല്ലോ. ബ്രിട്ടീഷ്​ പാർലമെൻറ്​ മന്ദിരത്തിന്​ ആയിരം കൊല്ലം പഴക്കമുണ്ട്​, ജർമനി, ഹംഗറി, യു.എസ്​ തുടങ്ങി വികസിത രാജ്യങ്ങളുടെ പാർലമെൻറ്​ മന്ദിരങ്ങളെല്ലാം നമ്മുടേത്​ നിർമിക്കുന്നതിന്​ നൂറുകണക്കിന്​ കൊല്ലം മുമ്പ്​ ഉയർന്നുവന്നവയാണ്​, എന്നിട്ടും അവർ ആ പ്രതാപം നിലനിർത്തുകയാണ്​ ചെയ്​തത്​. ബ്രിട്ടീഷ്​ രാജിനും വൈദേശിക അധിനിവേശങ്ങൾക്കുമെതിരായ പോരാട്ടത്തി​ന്റെയും വിജയത്തി​ന്റെയും ചിഹ്നമായ മന്ദിരത്തിനു​ പകരം പുതിയതൊന്ന്​ നിർമിച്ചതെന്തിന്​ എന്ന ചോദ്യത്തിന്​ ഉത്തരം പറയാൻ സർക്കാറിന്​ മാത്രമെ സാധിക്കൂ.

ഇപ്പോൾ പുതിയൊരു വിവാദം കൂടി ഉയർന്നിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെൻറ്​ മന്ദിരം ഉദ്​ഘാടനം ചെയ്യുന്നതിനെ കോൺഗ്രസ്​ ഉൾപ്പെടെ ഒട്ടുമിക്ക പ്രതിപക്ഷ പാർട്ടികളും എതിർക്കുന്നു. പാർലമെൻററി പാരമ്പര്യത്തിന്​ വിരുദ്ധമാണിതെന്നാണ്​ അവരുടെ വാദം. ഇന്ത്യൻ രാഷ്ട്രപതിക്ക് മാത്രമെ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ അധികാരമുള്ളൂ. പ്രധാനമ​ന്ത്രിയായിരിക്കെ ഇന്ദിരഗാന്ധി പാർലമെൻറ്​ അനക്​സ്​ മന്ദിരം ഉദ്​ഘാടനം ചെയ്​തുവെന്നും രാജീവ്​ ഗാന്ധി പാർലമെൻറ്​ ലൈബ്രറിക്ക്​​ ശിലയിട്ടുവെന്നുമുള്ള ബാലിശ വാദവുമായി സർക്കാറിനെ പ്രതിരോധിക്കാൻ കേന്ദ്രമന്ത്രി ഹർദീപ്​ പുരി രംഗത്തിറങ്ങിയിട്ടുണ്ട്​.

1975 ഒക്​ടോബർ 24നാണ്​ അന്നത്തെ പ്രധാനമ​ന്ത്രി ഇന്ദിര ഗാന്ധി പാർലമെൻറ്​ മന്ദിരത്തി​ന്റെ അനക്​സ്​ ഉദ്​ഘാടനം ചെയ്​തത്​. 1987 ആഗസ്​റ്റ്​ 15ന്​ രാജീവ്​ ഗാന്ധി പാർലമെൻറ്​ ലൈബ്രറിയുടെ ശിലാസ്​ഥാപനം നിർവഹിച്ചു. പക്ഷേ, അവ രണ്ടും പഴയ പാർലമെൻറ്​ മന്ദിരത്തി​ന്റെ ഭാഗങ്ങൾ മാത്രമായിരുന്നു. അല്ലാതെ ഇപ്പോൾ നിർമിച്ചതു പോലെ സമ്പൂർണമായും പുതിയ ഒരു കെട്ടിടമായിരുന്നില്ല. ഏറ്റവും വലിയ ദേശീയ പാർട്ടിയെന്നവകാശപ്പെടുന്ന ബി.​ജെ.പി ജനങ്ങളെ ബാധിക്കുന്ന അടിസ്​ഥാന പ്രശ്​നങ്ങളൊന്നും ശ്രദ്ധിക്കാതെ അനാവശ്യ ചെലവുകൾ വരുത്തുന്നതാണ്​ രാജ്യപുരോഗതിയുടെ അടയാളം എന്ന്​ ധരിച്ചുവശായിരിക്കുന്നത്​ കഷ്​ടം തന്നെയാണ്​.

സമകാല രാഷ്​ട്രങ്ങളുമായി തട്ടിച്ചുനോക്കു​മ്പോൾ പല വികസന സൂചികകളിലും നമ്മൾ പിറകിലാണ്. എന്നിട്ടും ജനങ്ങളുടെ ചെലവിൽ അനാവശ്യ കെട്ടിടങ്ങൾ പണിത്​, അതിനെ മഹത്വവത്കരിക്കുന്ന തിരക്കിലാണ് സർക്കാർ. ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള, ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത്​ തികച്ചും ഭയാനകരമായ സ്​ഥിതിവിശേഷമാണ്​.

(മുൻ രാജ്യസഭാംഗമായ ലേഖകൻ

ദ ഇന്ത്യൻ എക്സ്പ്രസിൽ എഴുതിയത് )

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parlimentindia
News Summary - new parliment building for nation
Next Story