Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightയു.കെ ഉന്നതവിദ്യാഭ്യാസ...

യു.കെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ പുതു നിയന്ത്രണങ്ങൾ

text_fields
bookmark_border
university notifications
cancel
camera_alt

representational image

ഉത്തരേന്ത്യയിൽനിന്നും ആന്ധ്രയും തമിഴ്​നാടും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്​ഥാനങ്ങളിൽനിന്നുമാണ്​ ഇന്ത്യൻ വിദ്യാർഥികൾ അധികമായി പോയിരുന്നതെങ്കിൽ കഴിഞ്ഞ കുറെ വർഷങ്ങളായി മലയാളി വിദ്യാർഥികളുടെ ഒഴുക്കുതന്നെയുണ്ട്​ അവിടേക്ക്​. കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ രുചിതാൽപര്യം പരിഗണിച്ച്​ ഭക്ഷണവിഭവങ്ങൾ ഒരുക്കുന്ന റസ്​റ്റാറൻറുകൾ പോലും പുതുതായി ഉയർന്നുവന്നിരിക്കുന്നു. മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നുമെല്ലാം നൂറുകണക്കിന്​ കുട്ടികളാണ്​ ബ്രിട്ടനിലേക്ക്​ പറന്നത്

ലോകമൊട്ടുക്കുമുള്ള വിദ്യാർഥികൾ അത്യന്തം ബഹുമാനത്തോടെ പ്രവേശനം കൊതിക്കുന്ന ഒട്ടനവധി​ ഉന്നത വിദ്യാഭ്യാസ സ്​ഥാപനങ്ങളുള്ള രാജ്യമാണ്​ യു.കെ. അവിടെയിപ്പോൾ 140 സർവകലാശാലകളാണുളളത്. മറ്റുപല രാജ്യങ്ങൾക്കുമില്ലാത്ത തുറന്ന സമീപനമാണ്​ വിദ്യാഭ്യാസകാര്യത്തിൽ ബ്രിട്ടൻ പുലർത്തിപ്പോന്നത്​. ആദ്യമെല്ലാം കുടുംബസമേതം യു.കെയിലെത്തി ഉന്നത വിദ്യാഭ്യാസം നടത്താൻ അവസരം ലഭിച്ചിരുന്നു.

വിസയും ജോലിചെയ്യാനുള്ള സൗകര്യവുമെല്ലാം ആ രാജ്യം വിദേശ വിദ്യാർഥികൾക്ക് വളരെ ലിബറലായി നൽകുകയും ചെയ്തു. വിദേശ വിദ്യാർഥികൾക്ക് ജോലിചെയ്യുന്നതിന് ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല. എന്നാൽ, കാലക്രമേണ ഇക്കാര്യത്തിൽ ചില നിയന്ത്രണങ്ങൾ യു.കെ. ഗവൺമെൻറ് കൊണ്ടുവന്നു.

2012ൽ ചില നിയന്ത്രണങ്ങൾ വന്നിരുന്നെങ്കിലും വിദേശ വിദ്യാർഥികളുടെ പഠനത്തിന്​ കാര്യമായ മുടക്കം സംഭവിച്ചില്ല. സ്വാതന്ത്ര്യത്തിനു​ മുമ്പുതന്നെ ഇന്ത്യയിൽനിന്ന്​ വിദ്യാർഥികൾ ബ്രിട്ടനിലേക്ക്​ പഠനാവശ്യാർഥം പോയിരുന്നു. അന്ന്​ ഒന്നുകിൽ അതിസമ്പന്ന കുടുംബങ്ങളിൽനിന്നുള്ളവർക്കോ, അതല്ലെങ്കിൽ അസാമാന്യ പ്രതിഭയുള്ള വിദ്യാർഥികൾക്കോ മാത്രമേ അവിടുത്തെ സർവകലാശാലകൾ പ്രാപ്യമായിരുന്നുള്ളൂ.

പിന്നീട്​ സ്​കോളർഷിപ്പുകളുടെ സഹായത്തോടെ നിരവധി വിദ്യാർഥികൾ ബ്രിട്ടനിലേക്ക്​ പഠിക്കാൻ പുറപ്പെട്ടു. ഉത്തരേന്ത്യയിൽനിന്നും ആന്ധ്രയും തമിഴ്​നാടും ഉൾപ്പെടെയുള്ള തെന്നിന്ത്യൻ സംസ്​ഥാനങ്ങളിൽനിന്നുമാണ്​ ഇന്ത്യൻ വിദ്യാർഥികൾ അധികമായി പോയിരുന്നതെങ്കിൽ കഴിഞ്ഞ കുറേ വർഷങ്ങളായി മലയാളി വിദ്യാർഥികളുടെ ഒഴുക്കുതന്നെയുണ്ട്​ അവിടേക്ക്​.

കേരളത്തിൽനിന്നുള്ള വിദ്യാർഥികളുടെ രുചിതാൽപര്യം പരിഗണിച്ച്​ ഭക്ഷണവിഭവങ്ങൾ ഒരുക്കുന്ന റസ്​റ്റാറൻറുകൾ പോലും പുതുതായി ഉയർന്നുവന്നിരിക്കുന്നു. മലപ്പുറത്തുനിന്നും കോഴിക്കോടുനിന്നുമെല്ലാം നൂറുകണക്കിന്​ കുട്ടികളാണ്​ ബ്രിട്ടനിലേക്ക്​ പറന്നത്​.

പഠനം നടത്താനും പഠനത്തിനൊപ്പം ജോലിനോക്കാനും ഇന്ത്യൻ വിദ്യാർഥികൾക്ക് നാളിതുവരെ കാര്യമായ ബുദ്ധിമുട്ടുകളൊന്നും തന്നെ ഇല്ലായിരുന്നു.

ബ്രിട്ടൻ പല കാര്യങ്ങളിലും കടുത്ത നിയന്ത്രണവും കടുംപിടിത്തവുമൊന്നും പുലർത്തിയിരുന്നില്ല. പല രാജ്യങ്ങളിൽനിന്നും രാഷ്ട്രീയ കാരണങ്ങളാൽ പുറത്താക്കപ്പെട്ടവർക്കും അഭയാർഥികൾക്കുമെല്ലാം ബ്രിട്ടൻ രണ്ടാം വീടായി മാറി.

കമ്യൂണിസ്റ്റ് ആചാര്യൻ കാൾ മാർക്സ് അടക്കമുള്ള പ്രമുഖർ തങ്ങളുടെ ജീവിതത്തിലെ നല്ലൊരുഭാഗം ചെലവഴിച്ചത് ബ്രിട്ടനിലായിരുന്നു. ഉന്നത വിദ്യാഭ്യാസകേന്ദ്രം എന്ന നിലയിൽ ലോകത്ത് യു.കെയുടെ സ്ഥാനത്ത് മറ്റൊരു രാജ്യവും അന്ന് വളർന്നിരുന്നുമില്ല.

ഇന്ന് യു.എസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും മികവുറ്റ വിദ്യാഭ്യാസസ്​ഥാപനങ്ങൾ ഉയരുകയും ജോലിചെയ്തുകൊണ്ട്​ പഠിക്കാൻ സൗകര്യമൊരുക്കുകയും ചെയ്യുമ്പോഴും വിദേശത്തു പോയി പഠിക്കാൻ ആഗ്രഹിക്കുന്നവർ പ്രഥമ പരിഗണന നൽകുന്നത്​ ബ്രിട്ടനുതന്നെയാണ്​.

യു.കെയിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശ വിദ്യാർഥികളിൽ കൂടുതലും ഇപ്പോൾ ഇന്ത്യക്കാരാണ്​. ചൈനീസ്​, നൈജീരിയൻ വിദ്യാർഥികളും എണ്ണത്തിൽ കുറവല്ല. എളുപ്പത്തിൽ ലഭ്യമാവുന്ന വിസ, പഠനസമയത്ത് ജോലിചെയ്യുന്നതിനുള്ള അനുമതി, അടുത്ത ബന്ധുക്കളെ കൂടെ കൊണ്ടുപോകുന്നതിനുള്ള സൗകര്യം എന്നിങ്ങനെ പല ആകർഷക ഘടകങ്ങൾ അവിടെയുണ്ടായിരുന്നു.

എന്നാൽ, ഇന്ത്യക്കാരടക്കമുളള വിദേശ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയായ പുതിയ ഇമിഗ്രേഷൻ നയം ബ്രിട്ടൻ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോൾ. സ്റ്റുഡൻറ് വിസയിലുള്ളവർ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി.

ജനപ്രതിനിധിസഭക്ക് രേഖാമൂലം നൽകിയ പ്രസ്താവനയിൽ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മേഖലയിലെ പ്രതിനിധികളുമായി ചർച്ചചെയ്ത് കഴിയുന്നത്ര വേഗത്തിൽ പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നാണ്​ അവർ വ്യക്തമാക്കുന്നത്​.

നിലവിൽ ഗവേഷണ പ്രോഗ്രാമുകളായി നിശ്ചയിച്ചിട്ടുള്ള ബിരുദാനന്തര കോഴ്സുകളിൽ ചേരുന്ന വിദേശ വിദ്യാർഥികൾക്കുമാത്രമാണ് കുട്ടികളും പ്രായമായ മാതാപിതാക്കളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ ഇനിമുതൽ ആശ്രിതരായി കൊണ്ടുവരാൻ സാധിക്കുക.

കഴിഞ്ഞ വർഷം മാത്രം സ്റ്റുഡൻറ് വിസയിലുള്ളവരുടെ ആശ്രിതർക്കായി ഒരു ലക്ഷത്തിമുപ്പത്താറായിരം വിസകളാണ് അനുവദിച്ചത്. പുതിയ വ്യവസ്ഥപ്രകാരം സ്റ്റുഡൻറ് വിസയിൽ ഉള്ളവർക്ക് പഠനം പൂർത്തിയാക്കുന്നതിനുമുമ്പ് തൊഴിൽ വിസയിലേക്ക് മാറാൻ കഴിയില്ല. വിദ്യാർഥികൾക്കും ആശ്രിതർക്കും ബ്രിട്ടനിൽ കഴിയാൻ ആവശ്യമായ കരുതൽ തുകയുടെ കാര്യത്തിലും പുനരാലോചന ഉണ്ടാകും.

വിദ്യാഭ്യാസം എന്ന ലക്ഷ്യത്തിനല്ലാതെ വൻ തുകവാങ്ങി കുടിയേറ്റത്തിനായി മാത്രം ആളുകളെ എത്തിക്കുന്ന അനധികൃത വിദ്യാഭ്യാസ ഏജൻറുമാർക്കെതിരെ കർശന നടപടി എടുക്കുമെന്നും ഹോം സെക്രട്ടറി പറഞ്ഞു.

ഏറ്റവും മികച്ച വിദ്യാർഥികളെ യു.കെയിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും സുവെല്ല ബ്രേവർമാൻ പറഞ്ഞു. പതിറ്റാണ്ടുകളായി വിദേശവിദ്യാർഥികൾ അനുഭവിച്ചുപോരുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും ഇല്ലാതാവാൻ പോകുന്നുവെന്ന്​ ചുരുക്കം.

വിദേശ രാജ്യങ്ങളിലെ വിദ്യാഭ്യാസ ഏജൻറുമാർ എമിഗ്രേഷനുവേണ്ടി മാത്രമാണ് നിലകൊള്ളുന്നതെന്നും ഉന്നത വിദ്യാഭ്യാസത്തിനല്ലെന്നും ആഭ്യന്തര സെക്രട്ടറി ആരോപിക്കുന്നു. ഡിഗ്രി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നിലവിലുള്ള വ്യവസ്ഥയിൽ ഒരു മാറ്റവും വരുത്തുന്നില്ലെന്ന് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

ഈ അധ്യയനവർഷം രൂപം നൽകുന്ന പുതിയ നയം വരുന്ന അധ്യയനവർഷം മുതൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. യു.കെ സർക്കാറിന്റെ തീരുമാനം ബഹുഭൂരിപക്ഷം വിദ്യാർഥികളെയും ബാധിക്കില്ലെന്നാണ്​ യു.കെ യൂനിവേഴ്സിറ്റീസ് ഡയറക്ടർ ജാമീയ അരോസ്മിത്ത് പ്രതികരിച്ചത്​.

എന്നാൽ, പ്രയോഗതലത്തിൽ മലയാളികൾ ഉൾപ്പെടെ ഇന്ത്യൻ വിദ്യാർഥികളെ ഇത്​ പ്രതികൂലമായി ബാധിക്കുമെന്നതിൽ തെല്ല്​ സംശയമില്ല. ഈ നീക്കം പുനഃപരിശോധിക്കാൻ തയാറാകണമെന്ന്​ ഇതിനകം തന്നെ വിദേശ വിദ്യാർഥിസമൂഹം ആവശ്യമുന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:higher educationNew regulationsEducation News
News Summary - New regulations for the UK higher education sector
Next Story