പുതിയ നിയമങ്ങൾ: ഹനിക്കപ്പെടുന്നത് ജനതാൽപര്യം
text_fieldsവർഷങ്ങളോളം നീണ്ടുനിന്ന വികാസത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും ഉരുത്തിരിഞ്ഞ നിയമതത്ത്വങ്ങളും കോടതിവിധികളും നിലനിൽക്കെ, ചർച്ചകൾ പോലും കൂടാതെ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് അവക്ക് ഹിന്ദി/സംസ്കൃത ഭാഷയിൽ തലക്കെട്ടുകൾ കൊടുത്തത് വലിയ വിപ്ലവമാണെന്ന് കരുതുന്നത് മൗഢ്യമാണ്
ജൂലൈ ഒന്നാം തീയതി മുതൽ നിലവിൽ വന്ന മൂന്ന് പുതിയ പാർലമെന്ററി നിയമങ്ങൾ ക്രിമിനൽ നീതി നിർവഹണരംഗത്ത് ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് നിയമരംഗത്തുനിന്ന് ഇതിനകം ഒട്ടേറെ പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. കേന്ദ്രത്തിലെ ഭരണകൂടത്തെ അന്യഥാ അനുകൂലിക്കുന്നവരിൽ ചിലർ പോലും ഈ നിയമങ്ങൾക്ക് പിന്തുണ നൽകിയിട്ടില്ല. നിയമലോകത്തുനിന്ന് പൊതുവേ, പുതിയ വ്യവസ്ഥകളുണ്ടാക്കാൻ പോകുന്ന അസ്വസ്ഥതകളെക്കുറിച്ചും അനിശ്ചിതത്വത്തെക്കുറിച്ചും മാത്രമല്ല, പൗരാവകാശ ലംഘനങ്ങളെക്കുറിച്ചും ആകുലതകൾ ഉയർന്നിട്ടുണ്ട്.
യഥാർഥത്തിൽ കാര്യമായ ഉൾക്കാഴ്ചയോ ചർച്ചകളോ കൂടാതെ തികച്ചും ഉപരിപ്ലവമായ രീതിയിൽ അവതരിപ്പിക്കപ്പെട്ടവയാണീ നിയമങ്ങൾ. ഹിന്ദുരാഷ്ട്ര നിർമിതിക്കായുള്ള നിയമനിർമാണ സംരംഭമാണിതെന്ന് മോഹൻ ഗോപാലിനെപ്പോലുള്ള അക്കാദമിക്കുകൾ വിലയിരുത്തുന്നുണ്ട്. അതിനുള്ള സർഗാത്മകതപോലും ഈ നിയമങ്ങൾ കൊണ്ടുവന്ന ഭരണകൂടത്തിന് ഉണ്ടായിരുന്നില്ല എന്നതാണ് എന്റെ പക്ഷം! പഴയ നിയമങ്ങളുടെ മഹാഭൂരിപക്ഷം വ്യവസ്ഥകളും അപ്പടി പകർത്തിവെച്ചവർ ചില വ്യവസ്ഥകളെ കൂടുതൽ ജനവിരുദ്ധമാക്കിയിരിക്കുന്നു. നിയമരചനയിൽ അവശ്യം കാണിക്കേണ്ടുന്ന സൂക്ഷ്മതയോ കണിശതയോ വെച്ചുപുലർത്താതെ രചിക്കപ്പെട്ട പല വ്യവസ്ഥകളും എന്താകരുത് നിയമങ്ങൾ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്.
രാജ്യദ്രോഹക്കുറ്റം ‘മാറ്റിയെഴുതിയതിന്റെ’ കാര്യം നോക്കൂ. രാജ്യദ്രോഹം (sedition) എന്ന വാക്ക് ഒഴിവാക്കിയപ്പോഴും പകരമായി കൊണ്ടുവന്ന 152ാം വകുപ്പിലെ കൃത്യത കുറഞ്ഞ പദാവലി ഉപയോഗിച്ച് സർക്കാറിനെതിരെ നടത്തുന്ന വിമർശനങ്ങളെപ്പോലും ‘പ്രകോപനമുണ്ടാക്കുന്ന’ ‘റെബലിയൻ’ പ്രവൃത്തികളായി ദുർവ്യാഖ്യാനം ചെയ്ത് ഭരണകൂട വിമർശകരെ ജയിലിലടക്കാം. ഇപ്പോൾ യു.എ.പി.എ പോലുള്ള നിയമങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന അതേ കാര്യം ഇനി പുതിയ ശിക്ഷാനിയമം -ന്യായ സംഹിത-ഉപയോഗിച്ച് ചെയ്യാമെന്നർഥം. പഴയ ശിക്ഷാനിയമത്തിൽ രാജ്യദ്രോഹക്കുറ്റത്തിന് വേണമെങ്കിൽ പിഴശിക്ഷ മാത്രം വിധിക്കാമായിരുന്നു; തടവുശിക്ഷ പൂർണമായും ഒഴിവാക്കാമായിരുന്നു. എന്നാൽ, പുതിയ നിയമപ്രകാരം സമാന കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷ നിർബന്ധമാണ്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന വ്യവസ്ഥയുടെ ‘അപകോളനീകരണം’ നടത്തി ‘ഭാരതീയ’മാക്കിയതിങ്ങനെയാണ്!
പുതിയ ന്യായസംഹിതക്കനുസരിച്ച് രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ കേസുകളിലൊന്ന്, ഡൽഹിയിൽ വെള്ളം നിറച്ച കുപ്പികൾ വിൽപന നടത്തിയ ഒരു വഴിവാണിഭക്കാരനെതിരെയുള്ളതാണ്. പുതിയ നിയമത്തിലെ 285ാം വകുപ്പിനെ ഉപയോഗിച്ചാണിത് ചെയ്തത്. ഈ വ്യവസ്ഥയനുസരിച്ച്, ഒരാളുടെ കൈയിലെ വസ്തുവകകൾ നേരായ വിധത്തിൽ സൂക്ഷിക്കാതെ പൊതുവഴിയിൽ തടസ്സമുണ്ടാക്കുന്നത് കുറ്റകരമാണ്. ഈ വ്യവസ്ഥയിലെ വാക്കുകൾപോലും ദുർവ്യാഖ്യാനത്തിനും ദുരുപയോഗത്തിനും ഇടകൊടുക്കുന്നതാണ്. ഇത്തരത്തിൽ സൂക്ഷ്മതയില്ലാതെ രചിക്കപ്പെട്ട വ്യവസ്ഥകൾ ഭാവിയിൽ വ്യവഹാരപ്രളയം തന്നെ സൃഷ്ടിച്ചാലും അത്ഭുതപ്പെടാനില്ല. അലസമായി നിർമിക്കപ്പെട്ട നിയമവ്യവസ്ഥകൾ, അന്യഥാ വ്യവഹാരഭാരം കൊണ്ടുവലയുന്ന നമ്മുടെ സംവിധാനത്തെ ഒട്ടൊന്നുമല്ല പ്രയാസപ്പെടുത്തുക!
പുതിയ നാഗരിക സുരക്ഷാ സംഹിതയിലെ 173ാം വകുപ്പനുസരിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇലക്ട്രോണിക് വിനിമയ രീതിയിലൂടെ അറിയിക്കാൻ വ്യവസ്ഥയുണ്ട്. ഇപ്പോഴത്തെ മൊബൈൽ ഫോൺ അടക്കമുള്ള വിനിമയ രീതികളുടെ ബാഹുല്യം കാരണം പൊലീസ് സ്റ്റേഷനുകളിൽ പരാതി സന്ദേശങ്ങളുടെ കുത്തൊഴുക്കുണ്ടായാൽ അത്ഭുതപ്പെടാനില്ലെന്ന് അഭിഭാഷകനായ ബി.വി. ആചാര്യ എഴുതിയത് ശരിയാണ്.
സുരക്ഷാസംഹിതയിലെ 185-ാം വകുപ്പും തുടർവ്യവസ്ഥകളും പൊലീസ് കസ്റ്റഡിയുടെ കാര്യത്തിൽ വലിയ അമിതാധികാരമാണ് സൃഷ്ടിക്കുക. 187-ാം വകുപ്പ് പ്രകാരം 15 ദിവസത്തെ കസ്റ്റഡി പൂർണമായോ ഭാഗികമായോ അന്വേഷണ കാലയളവിൽ എപ്പോൾ വേണമെങ്കിലും ചോദിക്കാമെന്നുവന്നാൽ പൗരന്മാരെ എപ്പോൾ വേണമെങ്കിലും കസ്റ്റഡിയിൽ ആവശ്യപ്പെടാൻ പൊലീസിന് കഴിയും എന്നുവരും.
കുറ്റകൃത്യങ്ങളിൽ പ്രഥമവിവര റിപ്പോർട്ട് (എഫ്.ഐ.ആർ) നിർബന്ധമാക്കിയ ലളിതകുമാരി കേസിലെ വിധി (2012) അവഗണിച്ചുകൊണ്ട് ഇക്കാര്യത്തിൽ വിവേചനാധികാരം പൊലീസിന് നൽകിയിരിക്കുന്നു. ചിലയിനം കുറ്റകൃത്യങ്ങളിൽ പ്രാഥമിക അന്വേഷണം നടത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമോ വേണ്ടയോ എന്നത് പൊലീസിന് തീരുമാനിക്കാം. ഇതാണ് സുരക്ഷാസംഹിതയിലെ 173(3) വകുപ്പിന്റെ താൽപര്യം. സുനിൽ ബാത്ര കേസിലെ(1978) കൈയാമം വെക്കുന്നതിനെതിരായ വിധിയെ അട്ടിമറിക്കുന്നതാണ് സുരക്ഷാസംഹിതയിലെ 43(3) വകുപ്പ്. വധശിക്ഷ പരിമിതപ്പെടുത്തണമെന്നു പറഞ്ഞ ബച്ചൻ സിങ് കേസിലെ (1980) വിധിയെ അവഗണിച്ചുകൊണ്ട് വധശിക്ഷ മറ്റ് കുറ്റങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുകയാണ് ന്യായസംഹിത ചെയ്തിട്ടുള്ളത്.
തെളിവു നിയമത്തിൽ വരുത്തിയ ഭേദഗതികൾ വ്യക്തികളുടെ സ്വകാര്യതയിലും സ്വയം പ്രതിരോധത്തിനുള്ള അവകാശത്തിലും എന്തെല്ലാം പ്രത്യാഘാതങ്ങളാണുണ്ടാക്കുക എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. നിർബന്ധിത ശിക്ഷ നിർദേശിക്കുന്ന പുതിയ ന്യായസംഹിതയിലെ വ്യവസ്ഥകൾ ഇക്കാര്യത്തിൽ ന്യായാധിപർക്കുള്ള വിവേചനാധികാരം ഇല്ലാതാക്കും. അതിലുപരി, ശിക്ഷ നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പ്രതികളെ വെറുതെവിടാനുള്ള പ്രവണതയാണ് ശക്തമാവുക എന്ന് ചിന്തിക്കുന്നതിൽ തെറ്റില്ല.
ഇനിയങ്ങോട്ട് കുറേക്കാലത്തേക്ക് ഇന്ത്യൻ ശിക്ഷാ നിയമം ഒരുഭാഗത്തും ന്യായസംഹിത മറുഭാഗത്തും നിലയുറപ്പിക്കുന്ന സാഹചര്യമുണ്ടാകും. 2024 ജൂലൈ ഒന്നിനുമുമ്പ് നടന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ഇന്ത്യൻ ശിക്ഷാനിയമം തന്നെയായിരിക്കും പ്രയോഗിക്കപ്പെടുക. ഈ കേസുകൾ പതിനായിരക്കണക്കിനുണ്ടാകും. അവയുടെ മേലുള്ള അപ്പീലുകളും റിവിഷനുകളുമെല്ലാം കഴിയാൻ നിരവധി വർഷങ്ങളെടുക്കും. അത്രയും കാലം ശിക്ഷാ നിയമം തന്നെയായിരിക്കും ഈ കേസുകളിൽ പ്രസക്തമാവുക. അതിനുശേഷം നടക്കുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ പുതിയ ന്യായസംഹിതയാണ് ബാധകം. ചുരുക്കത്തിൽ വരാനിരിക്കുന കുറേക്കാലത്തേക്ക് ഈ രണ്ട് നിയമങ്ങളും പ്രസക്തമാകുന്ന സാഹചര്യമാണുണ്ടാവുക. ഇതുണ്ടാക്കുന്ന അമിതഭാരം നിയമ രംഗത്തുള്ളവരെ മാത്രമല്ല, സാധാരണ ജനങ്ങളെയും വലക്കും.
വർഷങ്ങളോളം നീണ്ടുനിന്ന വികാസത്തിലൂടെയും വ്യാഖ്യാനത്തിലൂടെയും ഉരുത്തിരിഞ്ഞ നിയമതത്ത്വങ്ങളും കോടതിവിധികളും നിലനിൽക്കെ, ചർച്ചകൾ പോലും കൂടാതെ പുതിയ നിയമങ്ങൾ കൊണ്ടുവന്ന് അവക്ക് ഹിന്ദി/സംസ്കൃത ഭാഷയിൽ തലക്കെട്ടുകൾ കൊടുത്തത് വലിയ വിപ്ലവമാണെന്ന് കരുതുന്നത് മൗഢ്യമാണ്. കേസുകൾ സമയത്ത് തീർക്കുന്നതിനെക്കുറിച്ചും ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനെക്കുറിച്ചും നിയമപുസ്തകത്തിൽ എഴുതിവെച്ചതുകൊണ്ടുമാത്രം കാര്യമില്ല. അത്തരം കാര്യങ്ങൾ പ്രയോഗതലത്തിൽ ഫലപ്രദമായി നടപ്പിലാകണമെങ്കിൽ ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാകണം. അതിനു ശ്രമിക്കാതെ നിയമത്തിൽ വ്യവസ്ഥകൾ എഴുതിച്ചേർക്കുന്നത് പതിറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യൻ ഭരണകൂട രീതിയാണ്. ഇപ്പോഴത്തെ നിയമങ്ങളിലും ഇതിന്റെ തനിയാവർത്തനം കാണാം.
നടപടിക്രമങ്ങളിലും രേഖകളുടെ വിനിമയം, മൊഴി രേഖപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളിലും സാങ്കേതിക വിദ്യയുടെ വർധിച്ച ഉപയോഗം പുതിയ നിയമങ്ങൾ അനുശാസിക്കുന്നുവെന്നത് സ്വാഗതാർഹമാണ്. സാമൂഹിക സേവനം പോലുള്ള പുതിയ ശിക്ഷാവിധികൾ നിർദേശിക്കപ്പെട്ടതും നല്ല കാര്യം തന്നെ. എന്നാൽ, ഇത്തരം നാമമാത്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ നിയമങ്ങൾ പൊളിച്ചെഴുതേണ്ടുന്ന കാര്യമുണ്ടായിരുന്നില്ല. അവയിൽ ഭേദഗതികൾ വരുത്തിയാൽ മതിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷമുള്ള നീണ്ടകാലയളവിൽ ക്രിമിനൽ നിയമങ്ങളിലും തെളിവു നിയമത്തിലുമുള്ള അവ്യക്തതകൾ നീക്കിയത് ആയിരക്കണക്കിന് കോടതി വിധികളിലൂടെയാണ്. ഇവയൊക്കെ അവഗണിച്ചുകൊണ്ടാണ് ഒരു നിയമനിർമാണ സാഹസികതക്ക് കേന്ദ്രം തുനിഞ്ഞത്. അത് സൃഷ്ടിക്കുന്ന പ്രയാസങ്ങൾ സഹിക്കാൻ ജനങ്ങളും നിയമലോകവും തയാറായേനെ- എന്തെങ്കിലും സാരമായ പ്രയോജനം രാജ്യത്തിനോ ജനങ്ങൾക്കോ ഉണ്ടാകുമായിരുന്നുവെങ്കിൽ. എന്നാൽ, ഗുണത്തേക്കാൾ ദോഷം മാത്രം വരുത്തുന്ന ഈ നിയമങ്ങൾ കൊണ്ടുവന്നത് മറ്റാർക്കുവേണ്ടിയാണെങ്കിലും ജനങ്ങൾക്ക് വേണ്ടിയല്ല.
(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈകോടതിയിലും അഭിഭാഷകനാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.