മേധാവി
text_fields‘‘മൃദു ഭാവെ, ദൃഢ കൃത്യേ’’. കേരള പൊലീസിെൻറ ആദർശ വചനമാണിത്. ‘ഇടിയൻ പൊലീസി’ൽനിന്ന് ജനമൈത്രിയിലേക്കൊക്കെ കൂടുമാറിയെങ്കിലും കാലമിത്രയായിട്ടും സേനക്ക് മൃദുഭാവം കൈവന്നിട്ടില്ലെന്നാണ് പൊതുവെയുള്ള പരാതി. അതിൽ ശരിയില്ലാതില്ല. ഇടിക്കൂട്ടിൽ ഇപ്പോഴും തുടരുന്ന മൂന്നാംമുറയും ആളും തരവും നോക്കി യു.എ.പി.എ ചുമത്തുന്നതുമെല്ലാം നമ്മുടെ കൺമുന്നിലെ സ്ഥിരം കാഴ്ചകളാകുേമ്പാൾ, ‘മൃദു ഭാവ’ത്തെക്കാൾ കേരള പൊലീസിന് പ്രിയം ‘ദൃഢ കൃത്യ’ത്തോടാണെന്ന് വ്യക്തമാകും. വകുപ്പിെൻറ തലപ്പത്തിരിക്കുന്നവർക്ക് മൃദുഭാവമില്ലാത്തതുകൊണ്ടാണ് ഇൗ ഗതികേടെന്ന് പറയാറുണ്ട്. അതു ശരിയാവാം. ഹൈദരാബാദിൽ പേട്ടലിെൻറ പേരിലുള്ള പൊലീസ് അക്കാദമി പരിശീലനം ആ വഴിയാണ്. അപ്പോൾ ഇങ്ങനെയൊക്കയേ വരൂ. എന്നുവെച്ച് എല്ലാവരെയും എഴുതിത്തള്ളേണ്ട. അക്കാദമിയിെല കാവിച്ചിട്ടകൾക്കു കവിതകൊണ്ട് കസവുതുന്നിയവരുമുണ്ട്. അങ്ങനെ ആ തൊപ്പിയിൽ പൊൻതൂവൽകൂടി ചൂടാനുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു ആർ. ശ്രീലേഖ എന്ന െഎ.പി.എസ് ഒാഫിസർക്ക്. കേരളത്തിലെ ആദ്യവനിത െഎ.പി.എസ് ഒാഫിസർ 32 വർഷത്തെ സേവനത്തിനൊടുവിൽ ഇപ്പോൾ ഡി.ജി.പി പദവിയിലെത്തിയിരിക്കുന്നു. സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പി. അടുത്ത ദിവസം മുതൽ അഗ്നിശമന സേനയുടെ തലപ്പത്തിരിക്കാനാണ് ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്. ആ ഉത്തരവ് കൈപ്പറ്റുേമ്പാൾ, മൂന്ന് പതിറ്റാണ്ട് മുമ്പ് നിശ്ചയദാൾഢ്യത്താൽ തുടങ്ങിവെച്ച സാഹസികമായൊരു ജീവിതയാത്രയുടെ ഒാർമകളുണ്ട്; അനുഭവിച്ചു തീർത്ത സഹനത്തിെൻറയും അവഗണനയുടെയും മധുര പ്രതികാരത്തിെൻറ പുഞ്ചിരിയുമുണ്ട്.
ചരിത്രാധ്യാപകനായ പ്രഫ. എൻ. വേലായുധൻ നായരുടെയും രാധമ്മയുടെയും മകളാണ്. അമ്മയുടെ പേരിെൻറ ആദ്യക്ഷരം ചേർത്താണ് ആർ. ശ്രീലേഖ എന്ന പേര് സ്വീകരിച്ചത്. എന്നാൽ, ആ അക്ഷരത്തിെൻറ പൂർണരൂപം ചോദിച്ചാൽ ചില പത്രക്കാരെങ്കിലും ‘റെയ്ഡ്’ എന്നു മറുപടി പറയും. സി.ബി.െഎയിൽ കേരളത്തിെൻറ ചുമതലയുള്ള എസ്.പി ആയിരുന്ന കാലം. വിമാനത്താവളങ്ങളിൽ പ്രവാസികൾ കൊണ്ടുവരുന്ന സോപ്പും േചാക്ലറ്റും മുതൽ ചെറിയ സ്വർണാഭരണങ്ങൾ വരെ പിടിച്ചുവാങ്ങുന്നുവെന്നറിഞ്ഞേപ്പാൾ കസ്റ്റംസ് ഒാഫിസിൽ നടത്തിയ റെയ്ഡ് വലിയ വാർത്തയും വിവാദവുമായി. പിന്നീട്, അഴിമതി നടക്കുന്നുവെന്ന് അറിഞ്ഞ മുഴുവൻ സ്ഥാപനങ്ങളിലും തുടർച്ചയായി മിന്നൽ പരിശോധന. സി.ബി.െഎയുടെ ചരിത്രത്തിൽ ആരും മെനക്കെട്ടിട്ടില്ലാത്ത ഇൗ സാഹസത്തിന് മുതിർന്നതിന് ഡിപ്പാർട്മെൻറിലുള്ളവരും പുറത്തുള്ളവരും വെച്ചുനീട്ടിയ പേരായിരുന്നു അത്. അതിലൊന്നും തളർന്നിട്ടില്ല. അങ്ങനെ തളർന്നുപോയിരുന്നുവെങ്കിൽ, െഎ.പി.എസ് െട്രയിനിങ് കഴിഞ്ഞ് എ.എസ്.പി പരിശീലനത്തിനായി ഏറ്റുമാനൂർ സ്റ്റേഷനിലെത്തിയ നിമിഷംതന്നെ അത് സംഭവിക്കേണ്ടതായിരുന്നു. ‘ഏത് കോന്തനെ വേണമെങ്കിലും സല്യൂട്ടടിക്കാം, പേക്ഷ, ഒരു പെണ്ണിനെ സല്യൂട്ട് ചെയ്യാനി’ല്ലെന്ന് പറഞ്ഞ് ലീവെടുത്തു പോയ കോൺസ്റ്റബിളിനെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച് വിട്ട നാൾ മുതൽതന്നെ പൊലീസ് വകുപ്പിൽ പുതിയൊരു പോരാട്ടത്തിന് തിരികൊളുത്തിയിരുന്നു. ചുരിദാർ ധരിച്ചാലും സാരിയുടുത്താലും മേലുദ്യോഗസ്ഥരുടെ ചീത്ത കേട്ടിരുന്ന കാലത്തുനിന്ന, വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് അതെല്ലാം അന്തസ്സിെൻറയും അഭിമാനത്തിെൻറയും വേഷമാക്കി മാറ്റിയത് ഇൗ പോരാട്ടത്തിലൂടെയാണ്. അതിന് പലപ്പോഴും നല്ല വിലയും നൽകേണ്ടി വന്നിട്ടുണ്ട്. പലതവണ സഹപ്രവർത്തകരുടെ ചവിട്ടുകൊണ്ടിട്ടുണ്ട്. അതിെൻറ പേരിൽ കേസും പുലിവാലുമായിട്ടുണ്ട്. സ്വന്തം ബാച്ചുകാരടക്കമുള്ളവർ നടത്തിയ ദ്രോഹം തുറന്നുപറയേണ്ടിവന്നത് ഇൗ സാഹചര്യത്തിലാണ്. 32 വർഷത്തെ സർവിസിൽ പത്തുകൊല്ലത്തിൽ താഴെ മാത്രമാണ് യൂനിേഫാമിൽ പണിയെടുത്തത്. െപാലീസ് വേഷത്തിൽ തരക്കേടില്ലാതെ തിളങ്ങുകയും ചെയ്തു. പ്രമാദമായ പ്രവീൺ വധക്കേസിൽ 90 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിച്ചതടക്കം എത്രയോ സംഭവങ്ങൾ. എന്നാൽ, കിളിരൂർ കേസിലെ അന്വേഷണം അൽപം വിവാദവുമായി. ഇരയായ പെൺകുട്ടി പറഞ്ഞ പലകാര്യങ്ങളും മൊഴിയിൽ ശ്രീലേഖ രേഖപ്പെടുത്തിയില്ലെന്ന് ഹരജിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കി.
ശ്രീലേഖ ഡോക്ടറാകുമെന്നാണ് കണിയാൻ ഗണിച്ചു പറഞ്ഞത്. പ്രഫസറും ഭാര്യയും അത് വിശ്വസിച്ചു. പണ്ട് റേഡിയോക്കുള്ളിൽനിന്നു പാട്ടും സംസാരവുമൊക്കെ വരുന്നതെങ്ങനെയെന്നറിയാൻ സ്ക്രൂഡ്രൈവർ ഉപേയാഗിച്ച് ‘പാട്ടുപെട്ടി’ തുറന്നുനോക്കുന്നതു കണ്ടപ്പോൾ അമ്മ വഴക്കുപറഞ്ഞത്രെ. ‘ഡോക്ടറാകേണ്ട നീ എന്തിനാണ് എൻജിനീയറുടെ പണിയെടുക്കുന്നത്’ എന്നായിരുന്നു അവരുടെ ചോദ്യം. ഇതു രണ്ടുമല്ല, പിതാവ് ബാലപാഠം പകർന്നുതന്ന കഥയും കവിതയും നാടകവുമൊക്കെയാണ് തെൻറ ലോകമെന്ന് പിന്നീടവർ തിരിച്ചറിഞ്ഞു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂൾ അതിനെ പാകപ്പെടുത്തി. അങ്ങനെയാണ് ബിരുദ പഠനത്തിന് ഇംഗ്ലീഷ് സാഹിത്യം തെരഞ്ഞെടുത്തത്. തുടർന്ന്, ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇംഗ്ലീഷിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. അന്നുമുതൽ തന്നെ സിവിൽ സർവിസ് മോഹം മനസ്സിലുദിച്ചിരുന്നു. എങ്കിലും തലസ്ഥാനത്തെ ഒരു കോളജിൽ അധ്യാപികയായി േചർന്നു. മൂന്ന് വർഷത്തിനുശേഷം, 1986ൽ റിസർവ് ബാങ്കിൽ നിയമനം ലഭിച്ചു. അന്നുമുതലാണ് സിവിൽ സർവിസ് പഠനവും സജീവമാക്കിയത്. തൊട്ടടുത്ത വർഷം പരീക്ഷയിൽ വിജയിച്ചു. ആഗ്രഹിച്ച െഎ.എ.എസ് വെറും ഏഴ് മാർക്കിന് നഷ്ടപ്പെട്ടു; എങ്കിലും നിരാശപ്പെടാതെ െഎ.പി.എസിന് ചേരാൻതന്നെ തീരുമാനിച്ചു. രണ്ടു വർഷത്തെ പരിശീലനത്തിനൊടുവിൽ കേരളത്തിൽ തിരിച്ചെത്തി. കോട്ടയം, ചേർത്തല, തൃശൂർ എന്നിവിടങ്ങളിൽ എ.എസ്.പിയായി. പല കാലങ്ങളിലായി മൂന്ന് ജില്ലകളിൽ പൊലീസ് സേനയെ നയിച്ചു. നാല് വർഷത്തോളം സി.ബി.െഎയുടെ ഭാഗമായും പ്രവർത്തിച്ചു. എറണാകുളം റേഞ്ച് ഡി.െഎ.ജിയായും പ്രവർത്തിച്ചു. ഇതിനിടയിൽ, റബർ മാർക്കറ്റിങ് ഫെഡറേഷൻ, കൺസ്ട്രക്ഷൻ കോർപറേഷൻ, റോഡ്സ് ആൻഡ് ബ്രിഡ്ജ് കോർപറേഷൻ തുടങ്ങിയ പല െപാതുമേഖല സ്ഥാപനങ്ങളുടെയും എം.ഡിയുമായി. ട്രാൻസ്പോർട്ട് കമീഷണറായി പ്രവർത്തിച്ച കാലയളവിൽ റോഡ് സുരക്ഷ സംബന്ധിച്ച് വിപ്ലവകരമായ ഒേട്ടറെ പരിഷ്കരണങ്ങൾ കൊണ്ടുവന്നു. അതുവഴി റോഡപകടങ്ങൾ കുറക്കാനായി. ക്രൈംബ്രാഞ്ച് ഐ.ജി, വിജിലൻസ് ഡയറക്ടർ, ഇൻറലിജൻസ് എ.ഡി.ജി.പി., ജയിൽ മേധാവി തുടങ്ങിയ ചുമതലകളും വഹിച്ചു. കാക്കിക്കുപ്പായം അഴിച്ചുവെക്കാൻ ആറുമാസം ശേഷിക്കെ, അഗ്നിശമന സേനയിൽ പുതിയ ദൗത്യമാണ്.
1960ലെ ക്രിസ്മസ് ദിനത്തിൽ തിരുവനന്തപുരത്ത് ജനനം. പതിനാറാം വയസ്സിൽ പിതാവ് മരിച്ചതോടെ രാധമ്മയും നാല് മക്കളും മുത്തശ്ശിയുടെയും അമ്മാവന്മാരുടെയു തണലിലാണ് കഴിഞ്ഞത്. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. അക്കാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് പലയിടത്തായി എഴുതിയിട്ടുണ്ട്. ആ കാലത്തെ നാലു പേരും അതിജീവിച്ചു. സഹോദരിമാരായ ഗീതയും ശ്രീകലയും ഡോക്ടർമാരാണ്. അനിയൻ സുനിൽ ലണ്ടനിൽ. 1981ലാണ് ഉണ്ണിയെന്ന് വിളിക്കുന്ന സേതുനാഥുമായുള്ള വിവാഹം. പീഡിയാട്രിക് സർജനാണ് സേതുനാഥ്. മകൻ ഗോകുൽ നാഥ്. മൂന്ന് കുറ്റാന്വേഷണ നോവലുകളടക്കം പത്തിലധികം കൃതികൾ രചിച്ചിട്ടുണ്ട്. മനസ്സിലെ മഴവില്ല്, ചെറു മർമരങ്ങൾ എന്നീ സമാഹാരങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രപതിയുടെ വിശിഷ്ട മെഡൽ അടക്കം മറ്റനേകം അംഗീകാരങ്ങളും തേടിയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.