വി.എസിനെതിരെ നടപടിയില്ല; റിപ്പോര്‍ട്ട് ഇന്ന് ചര്‍ച്ചക്ക്
text_fieldsന്യൂഡല്‍ഹി: ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍നിന്ന് ഇറങ്ങിപ്പോയത് ഉള്‍പ്പെടെയുള്ള അച്ചടക്ക ലംഘനങ്ങളുടെ പേരില്‍ വി.എസ്. അച്യുതാനന്ദനെതിരെ നടപടിക്ക് പി.ബി കമീഷന്‍ റിപ്പോര്‍ട്ടില്‍ ശിപാര്‍ശയില്ല. സി.പി.എം കേരളഘടകത്തിലെ ചേരിപ്പോരുമായി ബന്ധപ്പെട്ട പി.ബി കമീഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ വെക്കും. സംസ്ഥാന ഘടകത്തില്‍ പിണറായി പക്ഷത്തിന്‍െറ ഏകാധിപത്യശൈലിയും വലതുപക്ഷ വ്യതിയാനവും തിരുത്താന്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന വി.എസിന്‍െറ പരാതിയിലും നടപടി പി.ബി കമീഷന്‍ നിര്‍ദേശിക്കുന്നില്ല. പകരം, പാര്‍ട്ടിയില്‍ ഐക്യം തകര്‍ക്കരുതെന്നും വി.എസും പാര്‍ട്ടിയും ഒരുമിച്ച് പോകണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
ചേരിപ്പോരിന് ശമനം വന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുപക്ഷത്തിനും സ്വീകാര്യമായ ഒത്തുതീര്‍പ്പ് റിപ്പോര്‍ട്ടാണ് പി.ബി കമീഷന്‍ തയാറാക്കിയിട്ടുള്ളത്. പഴയകാര്യങ്ങള്‍ വീണ്ടും ചര്‍ച്ചയാക്കി വിവാദം സൃഷ്ടിക്കാന്‍ കേന്ദ്ര നേതൃത്വം താല്‍പര്യപ്പെടുന്നില്ളെന്ന മറുപടിയാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മുതിര്‍ന്ന പി.ബി അംഗം നല്‍കിയ മറുപടി. റിപ്പോര്‍ട്ട് പി.ബി യോഗം ചര്‍ച്ച ചെയ്ത ശേഷം ഡിസംബറിലോ, ജനുവരിയിലോ ചേരുന്ന കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച് അംഗീകരിക്കും. ഇതോടെ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റില്‍ തിരിച്ചത്തെുന്നതിന് വി.എസിന് മുന്നിലുള്ള സാങ്കേതിക തടസ്സം നീങ്ങും. അച്ചടക്ക ലംഘന പരാതി പി.ബി കമീഷന്‍െറ മുന്നിലാണെന്നത് ചൂണ്ടിക്കാട്ടിയാണ് വി.എസിന്‍െറ സെക്രട്ടേറിയറ്റ് പ്രവേശനം പിണറായിപക്ഷം ഇതുവരെ തടഞ്ഞത്.
പ്രകാശ് കാരാട്ട് ജനറല്‍ സെക്രട്ടറിയായിരിക്കെ, വി.എസ് - പിണറായി പോര് കത്തിനിന്ന ഘട്ടത്തിലാണ് തല്‍ക്കാലത്തേക്ക് കലഹം അടക്കി നിര്‍ത്താന്‍ കേരളത്തിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഏഴംഗ പി.ബി കമീഷനെ കേന്ദ്ര കമ്മിറ്റി നിയോഗിച്ചത്. പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന തിരിച്ചറിവില്‍ കമീഷന്‍ പ്രവര്‍ത്തനം നീട്ടിക്കൊണ്ടുപോവുകയെന്ന തന്ത്രമാണ് കേന്ദ്ര നേതൃത്വം സ്വീകരിച്ചത്. അതിന് ഫലമുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പ് വന്നതോടെ പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇടപെടലില്‍ പാര്‍ട്ടിയും വി.എസും കലഹം മറന്ന് കൈകോര്‍ത്തു.
ഈ സാഹചര്യത്തിലാണ് പി.ബി കമീഷന്‍ അധ്യക്ഷനെന്ന നിലക്ക് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പിണറായിക്കും വി.എസിനും പരിക്കില്ലാത്ത റിപ്പോര്‍ട്ട് നല്‍കി പി.ബി കമീഷന്‍ വിഷയം അവസാനിപ്പിക്കുന്നത്.
റിപ്പോര്‍ട്ട് ചൊവ്വാഴ്ച പോളിറ്റ് ബ്യൂറോ പരിഗണിക്കുന്നതിന് മുന്നോടിയായി സീതാറാം യെച്ചൂരി പിണറായി വിജയനുമായും വി.എസുമായും സംസാരിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.