വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റം ഉണ്ടായില്ല
text_fieldsവിദ്യാഭ്യാസ മേഖലയുടെ കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് എൽ.ഡി.എഫ് സർക്കാറിനെ നോക്കിക്കണ്ടത്. കാരണം, യു.ഡി.എഫ് അധികാരത്തിലെത്തുേമ്പാഴെല്ലാം വിദ്യാഭ്യാസ വകുപ്പ് ചെറിയ ചെറിയ കക്ഷികളെയാണ് ഏൽപിച്ചിരുന്നത്. ഇടതുപക്ഷ ഭരണത്തിൽ ദേശീയ കാഴ്ചപ്പാടുള്ള ഒരു കക്ഷി വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നു എന്നത് സ്വഭാവികമായും പ്രതീക്ഷക്ക് വക നൽകി. വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനപരമായ മാറ്റങ്ങളാണ് എല്ലാവരും പ്രതീക്ഷിച്ചത്. അധ്യാപകൻ കൂടിയായ സി. രവീന്ദ്രനാഥ് വിദ്യാഭ്യാസ മന്ത്രിയായപ്പോൾ പ്രതീക്ഷകൾക്ക് തിളക്കം കൂടുതലായിരുന്നു. പക്ഷേ, ദൗർഭാഗ്യവശാൽ വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പാകതക്കുറവും പക്വതക്കുറവുമുള്ള ഒരു സർക്കാറിനെയാണ് കാണാൻ കഴിഞ്ഞത്.
ഇടതു ഭരണത്തിൽ വിദ്യാഭ്യാസരംഗത്ത് ഗുണപരമായ മാറ്റങ്ങൾ പ്രതീക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഗുണപരമായ മാറ്റമെന്നാൽ വിദ്യാഭ്യാസത്തിെൻറ നിലവാരം ഉയരുകയും അതിനൊപ്പം ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം സാധാരണക്കാർക്കുകൂടി ലഭ്യമാകുകയും ചെയ്യുന്ന അവസ്ഥയാണ്. മക്കൾക്ക് ലഭിക്കുന്ന വിദ്യാഭ്യാസം നിലവാരമുള്ളതാകണമെന്ന് ഒാരോ രക്ഷിതാവിനും നിർബന്ധമുണ്ട്. പക്ഷേ, ആ നേട്ടം കൈവരിക്കാൻ ഇൗ സർക്കാറിന് കഴിഞ്ഞില്ല എന്നതാണ് ഏറ്റവും പരിതാപകരമായ കാര്യം. വിദ്യാഭ്യാസരംഗത്തെ പ്രശ്നങ്ങൾ കൈകാര്യംചെയ്ത രീതി ഒരിക്കലും ഒരു നല്ല ഭരണാധികാരിയുടെ ലക്ഷണമായിരുന്നില്ല. ലോ അക്കാദമി, മഹാരാജാസ് കോളജ്, വിക്ടോറിയ കോളജ് പ്രശ്നങ്ങൾ ഉദാഹരണം. ലോ അക്കാദമി പ്രശ്നം വളരെ ലളിതമായി പരിഹരിക്കാവുന്ന ഒന്നായിരുന്നു. എന്നാൽ, അതൊരു വലിയ സമരമാക്കി മാറ്റുകയാണ് സർക്കാർ ചെയ്തത്.
വിദ്യാഭ്യാസ മന്ത്രി തുടക്കത്തിൽ നടത്തിയ ചില പ്രഖ്യാപനങ്ങൾ അദ്ദേഹത്തിെൻറ പരിജ്ഞാനക്കുറവുകൊണ്ട് സംഭവിച്ചതായേ കാണാനാകൂ. ഒരു സ്കൂളും പൂട്ടാൻ അനുവദിക്കില്ലെന്നും ആദായകരമല്ലാത്ത സ്കൂളുകൾ സർക്കാർ ഏറ്റെടുക്കുമെന്നുമായിരുന്നു അതിലൊന്ന്. സ്കൂൾ തുടങ്ങുന്നവർക്ക് വിദ്യാർഥികളില്ലാതെ വന്നാൽ പൂട്ടാനും അവകാശമുണ്ടെന്നിരിക്കെ ഒരിക്കലും പ്രായോഗികമല്ലാത്ത കാര്യമാണ് മന്ത്രി പറഞ്ഞത്. വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ വർധിപ്പിക്കാൻ കഴിഞ്ഞ ഒരു വർഷം സർക്കാർ എന്തുചെയ്തുവെന്ന് ചിന്തിക്കേണ്ടതുണ്ട്.
ഉന്നതവിദ്യാഭ്യാസരംഗത്ത് കേരളത്തിെൻറ അവസ്ഥ പരിതാപകരമാണ്. ഉദ്ദേശിക്കുന്ന മികവില്ല, കുട്ടികൾക്ക് മികച്ചപ്രകടനം കാഴ്ചവെക്കാൻ കഴിയുന്നില്ല. പുതിയ സംരംഭങ്ങൾ ഉണ്ടാകുന്നില്ല.
മക്കൾക്ക് എന്തുതരം വിദ്യാഭ്യാസം നൽകണമെന്ന് തീരുമാനിക്കാനുള്ള അവകാശം നിയമപരമായിതന്നെ രക്ഷിതാക്കൾക്ക് ഉണ്ടെന്നിരിക്കെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന ആശയത്തിൽ വലിയ കഴമ്പില്ല. രക്ഷിതാക്കൾ കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് അയക്കണമെങ്കിൽ പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാരം മെച്ചപ്പെടണം. പത്താം ക്ലാസിലെ വിജയശതമാനം നോക്കിയല്ല വിദ്യാഭ്യാസത്തിെൻറ ഗുണനിലവാരം വിലയിരുത്തേണ്ടത്. കാലാകാലങ്ങളിലുള്ള സർക്കാറുകൾ ലേലം വിളിക്കുന്ന രീതിയിൽ വിജയശതമാനം ഉയർത്തുന്ന പ്രവണത തുടരുകയാണ്. പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നതും ഉയർന്ന വിജയം നേടിയവർക്ക് വീടുകയറി മധുരം നൽകുന്നതുമൊന്നുമല്ല വിദ്യാഭ്യാസ മന്ത്രിയുടെ ജോലി. നിലവാരം ഉയർത്താനുള്ള കർമപരിപാടികളാണ് വേണ്ടത്.
വിദ്യാഭ്യാസത്തെ ലാഘവബുദ്ധിയോടെ കാണുന്ന സമീപനമാണ് സർക്കാറിേൻറത്. കോളജുകളുടെ സ്വയംഭരണ സംവിധാനത്തോടുള്ള കേരളത്തിെൻറ എതിർപ്പ് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് ദേശീയധാരയോട് ഒത്തുപോകാനോ മത്സരിക്കാനോ കഴിയാത്ത അവസ്ഥ സംജാതമാക്കി. സ്വാശ്രയമേഖലയിലെ ഇന്നത്തെ അവസ്ഥക്ക് പ്രധാന കാരണക്കാരൻ എ.കെ. ആൻറണിയാണ്. വ്യക്തമായ നിയമനിർമാണമില്ലാതെയാണ് സ്വാശ്രയ കോളജുകൾ തുടങ്ങിയത്. അതിെൻറ പ്രതിഫലനമാണ് നെഹ്റു കോളജിൽ കണ്ടത്.
ഇക്കാര്യത്തിൽ ഇടതുസർക്കാറിനും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിദ്യാഭ്യാസമേഖലയെ അഴിമതിമുക്തമാക്കുമെന്ന് പറയുന്ന സർക്കാർ എയ്ഡഡ് മേഖലയിലെ അഴിമതി കണ്ടില്ലെന്ന് നടിക്കുകയാണ്. അധ്യാപക നിയമനത്തിനും പ്രവേശനത്തിനും ലക്ഷങ്ങൾ കോഴവാങ്ങുന്ന എയ്ഡഡ്മേഖലയിലാണ് കേരളത്തിലെ ഏറ്റവും വ്യവസ്ഥാപിതമായ അഴിമതി നിലനിൽക്കുന്നത്. കേരളത്തിെൻറ വിദ്യാഭ്യാസ സമ്പ്രദായം പാളം തെറ്റിയതിൽ ഇടത്-വലത് സർക്കാറുകൾ ഒന്നുപോലെ ഉത്തരവാദികളാണ്.
(മുൻ പി.എസ്.സി െചയർമാനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.