'ഇല്ല, കർഷകർക്ക് മടങ്ങാറായിട്ടില്ല'
text_fieldsരാജ്യമൊട്ടുക്ക് ജനരോഷം ക്ഷണിച്ചുവരുത്തിയ മൂന്ന് വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച് ഒരാഴ്ചയാകവെ സമരനായകരിൽ പ്രമുഖനായ രാകേശ് ടികായത് കാർഷികനയ വിശകലനവിദഗ്ധനും ദി വയർ കൃഷി കി ബാത്ത് അവതാരകനുമായ ഇന്ദ്രശേഖർ സിങ്ങുമായി സംസാരിക്കുന്നു; ശബ്ദത്തിലും നിലപാടിലും തരിമ്പ് മാറ്റമില്ലാതെ
ആയാസം നിറഞ്ഞ രണ്ടു ദിവസങ്ങളാണ് കഴിഞ്ഞുപോയത്. മഹാപഞ്ചായത്തിൽ പങ്കുചേരാൻ ലഖ്നോവിലേക്കും തിരിച്ച് ഗാസിപൂർ അതിർത്തിയിലേക്കുമായി ആയിരം കിലോമീറ്റർ കാർ യാത്ര. പക്ഷേ, രാകേശ് ടികായത് പതിവ് പുഞ്ചിരി വിടാതെ, സ്ഥിരം വേഷത്തിൽ തികഞ്ഞ സൗമ്യതയോടെയാണ് സമരഭൂമിയിലെ ടെൻറിലിരുന്ന് സംസാരിച്ചത്.
ലഖ്നോ മഹാപഞ്ചായത്തിലെ വൻ ജനപങ്കാളിത്തത്തിന് സാക്ഷിയായ ഒരാളെന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു. എന്നിരിക്കിലും മനസ്സിൽ വന്ന ആദ്യ വിഷയം ചോദിച്ചു.
നിയമങ്ങൾ പിൻവലിച്ചിരിക്കുന്നു, ഇനിയെന്താണ്?
ടെൻറിലെത്തിയ സന്ദർശകരോടായി അദ്ദേഹം ആവർത്തിച്ചു- ഇനിയെന്താണ്? പിന്നെ മറുപടി പറഞ്ഞു: ''ഞങ്ങളുടെ പോരാട്ടം അവസാനിച്ചിട്ടില്ല. മിനിമം താങ്ങുവില നിയമപ്രകാരമുള്ള അവകാശമാക്കുന്നതു വരെ കർഷകർ തിരിച്ചു പോകുന്നില്ല.''
ഒരുപിടി കർഷകർ മോദിസർക്കാറിെൻറ തീരുമാനത്തെ അട്ടിമറിച്ചുവെന്ന് പറയാമോ?
നിങ്ങൾ ആരെയെങ്കിലും തോൽപ്പിച്ചു കഴിഞ്ഞാൽ അവർ സന്തോഷത്തോടെയാവില്ല കളം വിട്ടു പോകുന്നത്. പോകുന്ന പോക്കിൽ ശപിക്കുകയും ചെയ്യും. ഞങ്ങൾ കർഷകർ അവരുടെ പറച്ചിലിനെ കാര്യമായെടുക്കുന്നില്ല. ഞങ്ങൾ എന്തിനാണോ വന്നത് ആ ആവശ്യങ്ങൾ നടപ്പാക്കിക്കിട്ടുകയാണ് വേണ്ടത്.
മറ്റ് ആവശ്യങ്ങളെന്തൊക്കെയാണ്?
ഞങ്ങൾക്ക് ആറ് ആവശ്യങ്ങളുണ്ട്. സംയുക്ത് കിസാൻ മോർച്ച ഈ കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നു. പക്ഷേ, സർക്കാർ ഞങ്ങളോട് സംസാരിക്കാൻ കൂട്ടാക്കുന്നില്ല. ഒരു വർഷക്കാലം റോഡുകളിൽ ചെലവിട്ടത് തമാശക്ക് വേണ്ടിയല്ല. എന്തുകൊണ്ട് കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നില്ലയെന്നും ഞങ്ങളുടെ രക്തസാക്ഷികളെ ബഹുമാനിക്കുന്നില്ല എന്നും സർക്കാർ ജനങ്ങളോട് പറയണം. ജീവൻ വെടിഞ്ഞ 750 കർഷകർ നമ്മുടെ രാജ്യത്തിന് വേണ്ടിയാണ് ജീവൻ ഹോമിച്ചത്. അവരെ ആദരിക്കുകയും അവരുടെ വിധവകൾക്ക് നഷ്ടപരിഹാരം നൽകുകയും വേണ്ടേ? മോദിക്കാലത്ത് മരണപ്പെട്ട ഓരോ കർഷകരുടെയും പേരുകൾ ഞങ്ങൾ രേഖപ്പെടുത്തിവെക്കും, അവരുടെ ഓർമകൾ കെടാതെ സൂക്ഷിക്കും.
വിത്തു ബില്ല് പോലെ വേറെയും കുറെ പ്രശ്നങ്ങളുണ്ട്. അത് നടപ്പായാൽ വിത്ത് പൊലീസ് ഇന്ത്യയിലെത്തും. രാജ്യത്തെ അതിൽനിന്ന് രക്ഷിക്കണം. ഒരുപാട് കാര്യങ്ങൾ മുടങ്ങിക്കിടക്കുന്നുണ്ട്. സർക്കാർ കർഷകരുമായി സംഭാഷണത്തിന് തയാറാവണം.
മുമ്പ് നടത്തിയ ചർച്ചയിൽ വൈദ്യുതി ഭേദഗതി ബിൽ, വൈക്കോൽ കത്തിക്കൽ (വായു മലിനീകരണം) ബിൽ എന്നിവ പിൻവലിക്കാൻ തയാറായിരുന്നു, പക്ഷേ മിനിമം താങ്ങുവിലയെപ്പറ്റി മിണ്ടാൻ കൂട്ടാക്കിയില്ല. ഇപ്പോൾ കർഷകർ അതാവശ്യപ്പെടുന്നു, സർക്കാർ സന്നദ്ധമാവണം.
താങ്ങുവിലയിൽ തന്നെ തൂങ്ങിനിൽക്കുന്നതെന്തിനാണ്? മോദി നിയമങ്ങൾക്ക് മേൽ നിയമം കൊണ്ടുവരണെമന്നാണോ നിങ്ങൾ പറയുന്നത്?
ഞങ്ങൾ പറയുന്നതല്ല, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മുഖ്യമന്ത്രിമാരുടെ ധനകാര്യ സമിതിയുടെ മേധാവിയായിരുന്നു. അന്ന് താങ്ങുവില സംബന്ധിച്ച് സർക്കാർ നിയമമുണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങിന് റിപ്പോർട്ട് കൊടുത്തയാളാണ്. അതിൽനിന്ന് എന്താണ് മനസ്സിലാക്കേണ്ടത്? ഒന്നുകിൽ അന്ന് നൽകിയ റിപ്പോർട്ട് കള്ളമായിരുന്നു, അല്ലെങ്കിൽ തെൻറ തന്നെ കണ്ടെത്തലുകൾ നടപ്പാക്കാൻ മോദി ആഗ്രഹിക്കുന്നില്ല.
ഇന്ന് മോദി കർഷകരുടെ അവകാശങ്ങൾക്കായി വാദിക്കുന്നയാളല്ല, മറിച്ച് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ പ്രാപ്തിയുള്ളയാളാണ്. അദ്ദേഹം തന്നെ ശിപാർശ ചെയ്ത തെളിവുകൾ ആവോളമുണ്ട്. അതൊന്ന് നടപ്പാക്കിത്തരാൻ മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.
കർഷകർക്ക് മോദിയുടെ വാക്കുകളെ വിശ്വസിക്കാൻ കഴിയുമോ?
(ചിരിക്കുന്നു), കർഷകർ അതിന് ചുമ്മാ മടങ്ങാനൊന്നും തീരുമാനിച്ചിട്ടില്ല. സർക്കാറിൽനിന്ന് ഒരു സാക്ഷ്യപത്രം കിട്ടാതെ കർഷകർ ഗ്രാമങ്ങളിലേക്ക് പോകുമെന്ന് ആരും കരുതണ്ട. നിയമങ്ങൾ പാർലമെൻറിൽ പിൻവലിക്കണം. അതെങ്ങനെയാണ് നടത്തുന്നതെന്ന് ഞങ്ങൾ സാകൂതം വീക്ഷിക്കുന്നുണ്ട്. ഉറപ്പാക്കുന്നതു വരെ കർഷക വിപ്ലവം തുടരുക തന്നെ ചെയ്യും.
സമരത്തിെൻറ ഏകോപന സമിതിയുടെ ഗതിയെന്താവും? അത് സ്ഥിരം സംവിധാനമായി തുടരുമോ, അതോ പിരിച്ചുവിടുമോ?
സംയുക്ത് കിസാൻ മോർച്ച തുടരുക തന്നെ ചെയ്യും. രാജ്യത്തിന് അതാവശ്യമുണ്ട്. ഇനിയും ഒരുപാട് കർഷക പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
കിസാൻ മോർച്ചക്ക് രാഷ്ട്രീയമുണ്ടെന്നാണ് എതിരാളികൾ പറയുന്നത്, ടികായത് ഇലക്ഷനിൽ മത്സരിക്കുമോ?
എന്തിന്? ഞാൻ ഇവിടെ രാഷ്ട്രീയം കളിക്കാൻ വന്നതാണോ? ഞങ്ങൾക്ക് മിനിമം താങ്ങുവിലയാണ് വേണ്ടത്. അതു ഉറപ്പായാൽ മടങ്ങും. കർഷകരല്ല, ഞങ്ങളെ ആക്രമിച്ച ആളുകളുണ്ട്, അവരാണ് രാഷ്ട്രീയം കളിക്കുന്നത്.
മോദി തീരുമാനം മാറ്റിയാലോ?
ഞങ്ങൾ സഞ്ചി മുറുക്കി തിരിച്ചുപോകാൻ ഒരുങ്ങി നിൽക്കുകയൊന്നുമല്ല. ഞങ്ങൾ എങ്ങോട്ടും പോവില്ല. ഈ പ്രക്ഷോഭം ഒരു വർഷം പിന്നിടുകയാണ്. സർക്കാറിനെതിരെ ഇനിയും ഉറച്ച മുദ്രാവാക്യങ്ങൾ മുഴക്കും ഞങ്ങൾ. രാജ്യത്തിെൻറ സകല കോണുകളിലും യോഗങ്ങൾ സംഘടിപ്പിക്കും. അപ്പോൾ പിന്നെ മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കിയാൽ ഇന്ത്യൻ കർഷകർക്ക് ഗുണമാണോ ദോഷമാണോ സംഭവിക്കുകയെന്ന് സർക്കാറിന് ജനങ്ങളോട് പറയേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.