ഇല്ല, ഗാന്ധി അങ്ങനെ പറയില്ല
text_fieldsരാഷ്ട്രപിതാവിെൻറ ഇടനെഞ്ചിൽ നിറയൊഴിച്ച് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരാക്രമണം നടത്തിയ സംഘ്പരിവാർ അദ്ദേഹത്തിെൻറ ഓർമകളെപ്പോലും വേട്ടയാടുന്നു. വി.ഡി. സവർക്കർ ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പെഴുതിക്കൊടുത്ത് ജയിൽമോചനം നേടിയത് ഗാന്ധിജിയുടെ ഉപദേശാനുസരണമാണ് എന്ന കേന്ദ്ര പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയും അതിെൻറ തുടർച്ചയാണ്. ഈ കള്ളം പറച്ചലിന്റെ കാരണത്തിലേക്ക് വിരൽ ചൂണ്ടുന്നു മഹാത്മ ഗാന്ധിയുടെ പൗത്രനും ആക്ടിവിസ്റ്റും മഹാത്മ ഗാന്ധി ഫൗണ്ടേഷൻ പ്രസിഡൻറുമായ ലേഖകൻ...
ഗാന്ധിവധത്തെ ന്യായീകരിക്കാനായി ഒരുപാട് വ്യാജ ആഖ്യാനങ്ങൾ പടച്ച് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അവ പലവട്ടം ആവർത്തിച്ചാവർത്തിച്ച് ആളുകൾ വിശ്വസിക്കുന്ന പരുവം എത്തിയിരിക്കുന്നു. വ്യാജ ചരിത്രനിർമിതിക്കായി സംഘ്പരിവാർ പ്രയോഗിച്ച് ഫലപ്രദമെന്ന് കണ്ടെത്തിയ കുതന്ത്രമാണിത്. അതിെൻറ അവസാന ഉദാഹരണമാണ് വി.ഡി. സവർക്കറെക്കുറിച്ചുള്ള പുസ്തകത്തിെൻറ പ്രകാശനച്ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പ്രയോഗിച്ചത്. ജയിലിൽനിന്ന് മോചനം തേടി ബ്രിട്ടീഷ് അധികാരികൾക്ക് മാപ്പപേക്ഷ നൽകാൻ സവർക്കറെ ഗാന്ധി ഉപദേശിച്ചിരുന്നു എന്നാണ് രാജ്നാഥ് അവകാശപ്പെട്ടത്.
എന്ത് പൊട്ടത്തരമാണീ പറയുന്നത് എന്ന് ചിന്തിച്ച് ആളുകൾ ചിരിച്ചുപോകുന്ന വർത്തമാനമാണത്, പക്ഷേ അതൊരു നിഷ്കളങ്കമായ അബദ്ധമല്ല. മറിച്ച് ഗാന്ധിജിയുടെ ജീവിതത്തെയും പ്രവർത്തനത്തെയും സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ആലോചിച്ചുറപ്പിച്ച തന്ത്രത്തിെൻറ ഭാഗമാണിത്. ഗാന്ധിഹത്യയിലെ അവരുടെ ബന്ധം വ്യക്തമായ കാലം മുതൽ സംഘ്പരിവാർ നടത്തിപ്പോരുന്നുണ്ടിത്. കൊലപാതകം നടപ്പിലാക്കിയതുകൊണ്ട് വ്യക്തി ഇല്ലാതായെങ്കിലും അദ്ദേഹം മുന്നോട്ടുവെച്ച ആദർശസംഹിത കൂടുതൽ കരുത്താർജിക്കുകയായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് ഗാന്ധിജിയുടെ പൈതൃകത്തെ അപകീർത്തിപ്പെടുത്താൻ അവർ ഒരുെമ്പട്ടത്. ഗാന്ധി എന്ന ആശയത്തെ കൊലപ്പെടുത്താനുള്ള സുസംഘടിതമായ ഗൂഢാലോചനയുടെ മറ്റൊരു അധ്യായമാണ് ഇപ്പോൾ നടമാടുന്നത്.
മന്ത്രിയുടെ വാദം ഒട്ടുംതന്നെ വിശ്വാസയോഗ്യമല്ല, എന്നുവെച്ച് അതങ്ങനെ ചോദ്യം ചെയ്യാതെ വിട്ടുകളയാനുമാവില്ല. സവർക്കർ മാപ്പപേക്ഷയയച്ച് തുടങ്ങുന്നത് 1911ലാണ്. അക്കാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ സത്യഗ്രഹം നയിക്കുന്ന തിരക്കിലായിരുന്നു. ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നില്ല, ജയിലിൽ കഴിയുന്ന സവർക്കറുമായി ആശയവിനിമയം നടത്താനുള്ള സൗകര്യവും അന്നില്ലായിരുന്നു.
സവർക്കറുടെ വിഷയത്തിൽ ഗാന്ധിജിയുടേതായി രേഖപ്പെടുത്തപ്പെട്ട ആദ്യ അഭിപ്രായപ്രകടനം 1920ൽ സവർക്കറുടെ സഹോദരന് അയച്ച കത്താണ്. കാലവിളംബമില്ലാത്ത മോചനത്തിന് പിന്തുണ അറിയിക്കുന്നുണ്ട് ആ കത്തിൽ. അത് തികച്ചും സാധാരണമായ ഒരു പ്രതികരണമാണ്. ഭഗത് സിങ്ങിനെ വധശിക്ഷക്ക് വിധിച്ചപ്പോഴും അദ്ദേഹം സമാനമായി പ്രതികരിച്ചിരുന്നു. ഭഗത്സിങ്ങിനും സഖാക്കൾക്കും വേണ്ടി വൈസ്റോയിയോട് ദാക്ഷിണ്യം തേടുക പോലും ചെയ്തു.
പക്ഷേ, സവർക്കറുടെ സഹോദരന് അയച്ച കത്തിൽ മാപ്പപേക്ഷ പോയിട്ട് ദയാഹരജി നൽകാൻപോലും ഗാന്ധി നിർദേശിക്കുന്നില്ല. ഒരു പ്രധാന കാര്യമെന്തെന്നാൽ, രത്നഗിരിയിലെ തടവുകാലത്ത് താമസിക്കാൻ ഒരു വീട് ഒപ്പിച്ചെടുക്കുന്നതിന് സവർക്കർ പേശിയിരുന്നു, പ്രതിമാസം 60 രൂപ ആജീവനാന്ത പെൻഷൻ ബ്രിട്ടീഷുകാരിൽനിന്ന് തരപ്പെടുത്തിയെടുക്കുകയും ചെയ്തു. 60 രൂപയെന്നാൽ അന്നത്തെ ജില്ല കലക്ടറുടെ ശമ്പളമാണ്. കാലാകാലങ്ങളിൽ അത് വർധിപ്പിച്ചുകൊടുക്കാൻ ബ്രിട്ടീഷുകാരോട് അഭ്യർഥനയും തുടർന്നിരുന്നു സവർക്കർ.
ഗാന്ധി വധക്കേസിലെ കുറ്റാരോപിതർ ചെങ്കോട്ടയിലെ കോടതിയിൽ. മുൻ നിര (ഇടത്തു നിന്ന്) നാഥുറാം ഗോഡ്സേ, നാരായൺ ആപ്തേ, വിഷ്ണു കർകറേ, രണ്ടാം നിര: ദിഗംബർ രാമചന്ദ്ര ബാഡ്ഗേ, ശങ്കർ കിസ്തയ്യ, ഗോപാൽ ഗോഡ്സേ, മൂന്നാം നിരയിൽ രണ്ടാമത് വി.ഡി സവർക്കർ, ഡോ. ദത്താത്രേയ സദാശിവ് പർച്ചുരേ.
ഗാന്ധിയാവട്ടെ, തടവുശിക്ഷ കുറച്ചുകിട്ടുന്നതിന് അത്തരം മാർഗങ്ങളൊന്നും ഒരിക്കലും സ്വീകരിച്ചില്ല. ദക്ഷിണാഫ്രിക്കയിൽ നടന്ന ഒരു സംഭവത്തിൽനിന്ന് തന്നെ അത് സുവ്യക്തമാണ്. 1908ൽ അദ്ദേഹം അവിടെ ജയിലിലായിരിക്കെ ഭാര്യ കസ്തൂർബ രോഗബാധിതയായി. രോഗം കലശലായതോടെ എല്ലാവരും ഭയപ്പെട്ടു. ഇന്ത്യൻ ഒപ്പീനിയൻ പത്രാധിപരും പ്രസാധകനുമായ ആർബർട്ട് വെസ്റ്റ് കസ്തൂർബയുടെ രോഗാവസ്ഥ അറിയിച്ച് ഗാന്ധിജിക്കെഴുതി. കൊളോണിയൽ അധികാരികളോട് മാപ്പ് പറഞ്ഞ് ജയിലിൽനിന്ന് വിടുതൽ വാങ്ങാനും അദ്ദേഹം നിർദേശിച്ചു. വിവരമറിഞ്ഞ് വിഷമിച്ച ഗാന്ധി തെൻറ നിസ്സഹായാവസ്ഥ വിവരിച്ചാണ് കസ്തൂർബക്ക് കത്തെഴുതിയത്. എെൻറ മാതാപിതാക്കളായ സുഗന്ധ ഗാന്ധിയും അരുണും ചേർന്നെഴുതിയ 'ഫോർഗോട്ടൺ വുമൺ ദ അൺടോൾഡ് സ്റ്റോറി ഒാഫ് കസ്തൂർ ഗാന്ധി' എന്ന കസ്തൂർബയുടെ ജീവചരിത്ര പുസ്തകത്തിൽ പ്രസിദ്ധീകരിച്ച ആ കത്ത് ഇങ്ങനെയായിരുന്നു.
എെൻറ പ്രിയപ്പെട്ട കസ്തൂർ,
നിങ്ങൾക്ക് സുഖമില്ലാത്ത വിവരം മി. വെസ്റ്റിൽനിന്ന് അറിയാൻ കഴിഞ്ഞു. ആരോഗ്യാവസ്ഥയിൽ അതീവ ഉത്കണ്ഠയുണ്ടെങ്കിലും അവിടെ വന്ന് പരിചരിക്കാൻ കഴിയുന്ന ഒരു അവസ്ഥയിൽ അല്ലാതായി ഞാൻ. ജീവിതത്തിലെ എല്ലാകാര്യങ്ങളും പോരാട്ടത്തിനായി മാറ്റിവെച്ചിരിക്കുന്ന എെൻറ അവസ്ഥ മനസ്സിലാകുമല്ലോ. ജയിലിൽനിന്ന് പുറത്തുവരണമെങ്കിൽ ഞാൻ നിയമലംഘനം നടത്തിയെന്ന് കുറ്റസമ്മതം നടത്തി പിഴയടക്കണം. എനിക്കത് ചെയ്യാനാവില്ല എന്നറിയാമല്ലോ. അങ്ങനെ ചെയ്താൽ നമ്മുടെ പോരാട്ടം വെറും പ്രഹസനമായി മാറും. ധൈര്യമായിരിക്കുക, നന്നായി ഭക്ഷണവും കഴിക്കുക -അസുഖം ഭേദമാകുമെന്ന് എനിക്കുറപ്പുണ്ട്. ഇനി മരണമാണ് വിധിച്ചിരിക്കുന്നതെങ്കിൽ എനിക്ക് മുേമ്പ സംഭവിക്കുന്നതാവും നല്ലതെന്ന് തോന്നുന്നു. ഞാൻ എത്രമാത്രം സ്നേഹിക്കുന്നു എന്നറിയാമോ, വിടപറഞ്ഞാലും ആത്മാവ് എനിക്കായി അമരമായി നിൽക്കും.
എന്തു സംഭവിച്ചാലും മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ എനിക്ക് യാതൊരുദ്ദേശ്യവുമില്ല. ഞാനിക്കാര്യം പലവുരു പറഞ്ഞിട്ടുള്ളതുമാണല്ലോ. എല്ലാം ദൈവത്തിലർപ്പിക്കുക. നിങ്ങളുടെ മരണംപോലും സത്യഗ്രഹത്തിനു വേണ്ടി നടത്തുന്ന മറ്റൊരു മഹാത്യാഗമായിത്തീരും.
എെൻറ പോരാട്ടം കേവലം അധികാരികളോട് മാത്രമല്ല, മറിച്ച് വ്യവസ്ഥിതിയോട് തന്നെയാണ്. ഇക്കാര്യം മനസ്സിലാക്കുമെന്നും എന്നോട് അപ്രിയം തോന്നില്ലെന്നും കരുതുന്നു, അതു മാത്രമാണ് എനിക്ക് ആവശ്യപ്പെടാനുള്ളതും.
സ്വന്തം
മോഹൻദാസ്
കത്തിെൻറ അടിയിൽ മകൻ മണിലാലിനെയും മറ്റൊരു മകനായ ഹരിലാലിെൻറ ഭാര്യ ഗുലാബിനെയും സംബോധന ചെയ്ത് ഒരു പിൻകുറി കൂടി ചേർത്തിട്ടുണ്ട് അദ്ദേഹം.
നിങ്ങൾ ഇത് വായിക്കുകയും ബാ (കസ്തൂർ)ക്ക് വായിച്ചു കൊടുക്കുകയും വേണം. നിങ്ങൾ വല്ലാത്ത വിഷമത്തിലാണെന്ന് എനിക്കറിയാം, പക്ഷേ, ഞാൻ നിസ്സഹായനാണ്. നിങ്ങൾ ബായുടെ ആരോഗ്യവിവരങ്ങൾ കൃത്യമായി അറിയിച്ചുകൊണ്ടിരിക്കണം. രാംദാസിനെയും ദേവദാസിനെയും നന്നായി നോക്കണം. ബാ വേഗം സുഖംപ്രാപിക്കുന്നതിനായി ഞാൻ പ്രാർഥിക്കാം.
ആശിസ്സുകളോടെ
ബാപ്പു
ഇത് കരുതലില്ലാത്ത പെരുമാറ്റമായിരുന്നില്ല, മറിച്ച് താൻ ഏർപ്പെടുന്ന വിഷയത്തോടുള്ള പൂർണമായ സമർപ്പണമായിരുന്നു. അതിന് ആത്മീയവും നൈതികവുമായ ധൈര്യം വേണം, അതായിരുന്നു ഗാന്ധി. ഇത്രമാത്രം സ്വയം സമർപ്പിതനായ ഒരാൾ സവർക്കറിനെപ്പോലെ അടിയറവുപറയാൻ ഉപദേശിക്കുമെന്ന് കരുതുന്നത് പരമ വിഡ്ഢിത്തമല്ലേ.
1931ൽ യങ് ഇന്ത്യയുടെ പത്രാധിപക്കുറിപ്പിൽ ഗാന്ധി സത്യഗ്രഹികളെ ഇങ്ങനെ ഉപദേശിക്കുന്നു: സത്യഗ്രഹിയുടെ സംഹിതയിൽ മർദകശക്തിയോട് കീഴടങ്ങൽ എന്നൊരു സംഭവമേയില്ല. കീഴടങ്ങൽ ക്ലേശങ്ങളോടും വേദനകളോടുമായിരിക്കും. അല്ലാതെ, കുത്തുവാളേന്തിയവെൻറ തീട്ടൂരങ്ങളോടല്ല. സത്യഗ്രഹിയുടെ കീഴടങ്ങൽ അയാളുടെ ശക്തിയിൽനിന്നാണ്, ദൗർബല്യത്തിൽനിന്നല്ല സംഭവിക്കുക.
വിപ്ലവകാരികളെ മറ്റൊരുരീതിയിൽ ഗാന്ധിജി ഉപദേശിച്ചിരിക്കാൻ ഒരു കാരണവും കാൺമാനില്ല.
അഹ്മദാബാദ് നഗരഹൃദയത്തിൽനിന്ന് അകലെയായി ആശ്രമം സ്ഥാപിക്കാൻ സ്ഥലം കണ്ടെത്തുേമ്പാഴും ഗാന്ധി തിരഞ്ഞെടുത്തത് സബർമതി നദിക്കും ജയിലിനും ശ്മശാനത്തിനും അടുത്തായി ഒരു ഭൂമിയാണ്. തങ്ങളുടെ ലക്ഷ്യസ്ഥാനം ജയിലോ ശ്മശാനമോ ആണെന്നത് സദാ ഒാർമപ്പെടുത്തിക്കൊണ്ടിരിക്കുമെന്നതിനാൽ സത്യഗ്രഹത്തിെൻറ പോരാളികൾക്ക് ഇത് ഏറ്റവും ഉചിതമായ ഇടമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. അങ്ങനെയൊരു മനുഷ്യൻ ഒരിക്കലും ക്ഷമ യാചിക്കുകയുമില്ല, അങ്ങനെ ചെയ്യാൻ മറ്റുള്ളവരോട് നിർദേശിക്കുകയുമില്ല.
ചരിത്രസംബന്ധിയായ ഇത്തരം ചർച്ചകളിൽ കുരുക്കി ഇന്നിെൻറ യാഥാർഥ്യങ്ങളിൽനിന്ന് നമ്മുടെ ശ്രദ്ധ അകറ്റിനിർത്തുക എന്നത് ഈ സർക്കാർ വിദഗ്ധമായി പയറ്റിവരുന്ന ഒരു കുടിലതന്ത്രമാണ്. അവരുടെ രൂക്ഷമായ പരാജയങ്ങളിൽനിന്ന് ശ്രദ്ധതെറ്റിക്കുകയാണ് ലക്ഷ്യം. എത്രകാലം നമ്മളീ ചതിക്കെണിയിൽ കുരുങ്ങിക്കിടക്കും? കഴിഞ്ഞുപോയ കാലം പ്രസക്തം തന്നെയാണ്. പക്ഷേ, നമ്മൾ നിലകൊള്ളുന്ന ഈ കാലമാണ് കൂടുതൽ പ്രധാനപ്പെട്ടത്.
gandhitushar.a@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.