ഇക്കുറി ‘പച്ചക്കൊടി’ ഇല്ല; ‘തീവ്രവാദ പിന്തുണ’ രാഹുലിനെതിരെ സംഘ്പരിവാർ തുറുപ്പുചീട്ട്
text_fieldsതിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരെ ‘തീവ്രവാദി പിന്തുണ’ ഒരിക്കൽക്കൂടി ദേശീയതലത്തിൽ ആയുധമാക്കാൻ സംഘ്പരിവാർ. വയനാടുൾപ്പെടെ മണ്ഡലങ്ങളിൽ യു.ഡി.എഫിനുള്ള എസ്.ഡി.പി.ഐ പിന്തുണയാണ് സംഘ്പരിവാറിന്റെ തുറുപ്പുചീട്ട്.
കഴിഞ്ഞതവണ, രാഹുലിന്റെ പ്രചാരണ റാലിയിലെ മുസ്ലിം ലീഗിന്റെ പച്ചക്കൊടിയായിരുന്നു ആയുധം. മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിൽ രാഹുലിനുവേണ്ടി വിഘടനവാദികൾ പാകിസ്താൻ പതാകയുമേന്തി റാലി നടത്തിയെന്നായിരുന്നു ഉത്തരേന്ത്യയിൽ സംഘ്പരിവാർ പ്രചാരണം.
വയനാട്ടിൽ രാഹുലിനെ അഭിവാദ്യം ചെയ്ത് മുസ്ലിം ലീഗ് അണികൾ പച്ചക്കൊടി വീശുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് അമേത്തിയിൽ രാഹുലിന്റെ പരാജയത്തിനും ഉത്തരേന്ത്യയിൽ പൊതുവിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്കും കാരണങ്ങളിലൊന്നായി. ബുധനാഴ്ച വയനാട്ടിൽ പത്രിക നൽകിയ രാഹുലിന്റെ റോഡ് ഷോയിൽ പതാക ഒഴിവാക്കിയത് ഈ പശ്ചാത്തലത്തിലാണ്. സംഘ്പരിവാറിന് ആയുധം നൽകാതിരിക്കാൻ പച്ചക്കൊടി ഒഴിവാക്കിയത് കേരളത്തിൽ സി.പി.എം ആയുധമാക്കി.
രാഹുൽ ഗാന്ധിയുടെ റാലിയിൽ മുസ്ലിം ലീഗുകാർക്ക് സ്വന്തം കൊടിപിടിക്കാൻപോലും അനുമതിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിമർശിച്ചു. പച്ചക്കൊടി ഒഴിവാക്കിയെങ്കിലും രാഹുൽ ഗാന്ധിയെ എസ്.ഡി.പി.ഐ പിന്തുണയിൽ കുരുക്കാനാണ് ബി.ജെ.പി നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർണാടകയിലെ പ്രചാരണ റാലിയിലും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവ്ദേക്കർ തിരുവനന്തപുരത്തും ഇക്കാര്യം ഉന്നയിച്ചു.
എസ്.ഡി.പി.ഐയുടെ പിന്തുണ സ്വീകരിക്കുന്ന കോൺഗ്രസ് പാകിസ്താന്റെ ശബ്ദമായി മാറിയെന്നാണ് ഇരുവരുടെയും ആക്ഷേപം. രാഹുൽ ഗാന്ധിക്ക് തീവ്രവാദി പിന്തുണയെന്ന നിലയിൽ സമൂഹമാധ്യമങ്ങളിലും സംഘ്പരിവാർ പ്രചാരണം തകൃതിയായി. ഹിന്ദി മേഖലയിലാണ് ഇത് വ്യാപകമായി പ്രചരിക്കുന്നത്. എസ്.ഡി.പി.ഐയുമായി ധാരണയില്ലെന്ന് കെ.പി.സി.സി വിശദീകരിച്ചതിനപ്പുറം തൽക്കാലം പ്രതികരണം വേണ്ടെന്നാണ് എ.ഐ.സി.സി തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.