ഇതാണോ ബൈഡെൻറ പ്രകാശഗോപുരം!
text_fieldsജൂൺ 13ന് ഇസ്രാേയൽ പ്രധാനമന്ത്രി പദമേറിയ അതിതീവ്ര വലതുപക്ഷവാദി നഫ്താലി ബെന്നറ്റ് തെൻറ മുൻഗാമികളെ മറികടക്കുംവിധം ഫലസ്തീനികളെ ശിക്ഷിച്ചുകൊണ്ടിരിക്കുന്നു. ബെന്നറ്റിെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഓർമയുള്ളവർക്കറിയാം ഇതു സ്വാഭാവികം മാത്രമാണെന്ന്. ഫലസ്തീനി ഭവനങ്ങൾ ഇടിച്ചുതകര്ക്കുന്നതിനെയും ഭൂമി അന്യായമായി കൈയേറുന്നതിനെയും നിരന്തരം ന്യായീകരിച്ച വ്യക്തി, കാലഹരണപ്പെട്ട നിയമങ്ങളും സൂത്രങ്ങളും തന്ത്രങ്ങളുമെല്ലാം തരപ്പെടുത്തി ഫലസ്തീനിനെ മനുഷ്യത്വവിരുദ്ധമായ വിവേചന നിയമങ്ങളിലൂടെ കീഴ്പ്പെടുത്തി വംശീയ നശീകരണത്തിന് ശ്രമിക്കുന്നതിൽ അത്ഭുതമില്ല. ഇതുകൊണ്ടുതന്നെയാണ് ഇസ്രായേലിെൻറ വംശവെറിയും വർണവിവേചനവും കൂടുതൽ തുറന്നുകാട്ടപ്പെടേണ്ടതാണെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
ഐക്യരാഷ്ട്രസഭയുടെ കീഴിൽ 1973ൽ നടത്തിയ 'വർണ വിവേചന കൺവെൻഷൻ' (Apartheid Convention) വിവേചനത്തെ നിർവചിക്കുകയുണ്ടായി. ഒരു വംശീയ വിഭാഗം മറ്റു വംശീയരുടെ മേൽ ആധിപത്യം സ്ഥാപിക്കുന്നതിനായി നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തനങ്ങളും നടപടികളുമാണവയെന്നു നിർവചിക്കപ്പെട്ടു. അതിനുശേഷം, അക്കാദമിഷ്യരും രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും സ്ഥാപനങ്ങളും ഇസ്രായേൽ-ഫലസ്തീനികളോട് കൈക്കൊള്ളുന്ന നടപടികളെ വിശേഷിപ്പിക്കാനായി 'അപാർതിഡ്' എന്ന പദം ഉപയോഗിച്ചു തുടങ്ങി. ഉദാഹരണത്തിനു 2017ൽ ഐക്യരാഷ്ട്രസഭയുടെ കീഴിൽ പശ്ചിമേഷ്യക്കായുള്ള സാമ്പത്തിക-സാമൂഹിക സമിതി ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പഠനം നടത്തുകയുണ്ടായി. ഇതിന് 'Israeli Practices towards the Palestinian People and The Question of Apartheid' എന്നായിരുന്നു പേരിട്ടത്. ആ റിപ്പോർട്ട് ഉപസംഹരിക്കുന്നത് ഇസ്രായേൽ ഫലസ്തീനിനെ ഒന്നടങ്കം അടക്കിവാഴുന്ന ഒരു വർണ വിവേചന (Apartheid) ഭരണകൂടം സ്ഥാപിച്ചിരിക്കുന്നതായി പരിതപിച്ചുകൊണ്ടാണ്.
മിഡിലീസ്റ്റിലെ ജനത ജോ ബൈഡനിൽ വലിയ പ്രതീക്ഷയർപ്പിച്ചിരുന്നു. ഏറെ നിലനില്ക്കുന്നതും പക്വവുമായ ഒരു നയം രൂപവത്കരിക്കപ്പെടുമെന്നാണവർ പ്രതീക്ഷിച്ചത്. എന്നാൽ, ജറൂസലമിൽ, സ്വന്തം ഭവനങ്ങളിൽനിന്നും ഫലസ്തീനികൾ കുടിയൊഴിപ്പിക്കപ്പെടുന്നതിനെക്കുറിച്ചുപോലും ബൈഡൻ ഒന്നും ഉരിയാടിയില്ല എന്നതാണ് സത്യം. പ്രസിഡൻറായി പ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വേളയിൽ ഞാൻ 'ലോകത്തിനൊരു ദീപസ്തംഭം' (a beacon for the globe) ആയിരിക്കുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ, ഇസ്രായേലിെൻറ ബോംബാക്രമണത്തിനു മുന്നിൽ ബൈഡൻ നിശ്ചലനാവുന്നതാണ് നാം കാണുന്നത്. ബോംബാക്രമണം ഇരുന്നൂറിലേറെപേരെ വകവരുത്തി. ഇതിൽ, കുഞ്ഞുങ്ങളും സ്ത്രീകളും ഉണ്ടായിരുന്നു. അസോസിയേറ്റഡ് പ്രസിേൻറതുൾപ്പെടെ ഒട്ടനവധി കെട്ടിടങ്ങൾ തകര്‍ക്കപ്പെട്ടു. അപ്പോഴെല്ലാം ബൈഡൻ ഇസ്രായേലിനൊപ്പം പാറപോലുറച്ചുനിന്നു.
6.8 മില്യൻ ഇസ്രായേലിയരും അത്ര തന്നെ ഫലസ്തീനികളും മധ്യധരണ്യാഴിക്കും ജോർഡൻ നദിക്കുമിടയിലെ ഭൂപ്രദേശത്ത് താമസിക്കുന്നുണ്ട്. ഇസ്രായേലിലും അധിനിവിഷ്ട പ്രദേശങ്ങളായ ജറൂസലമും വെസ്റ്റ്ബാങ്കും ഗസ്സാമുനമ്പും ഉൾപ്പെടുന്നതാണ് ഈ സ്ഥലം. 70 വർഷത്തിലേറെയായി ഈ പ്രദേശത്ത് ഇസ്രായേൽ പുറംരാജ്യങ്ങളിൽ നിന്ന് ജൂതരെ കൊണ്ടുവന്ന് താമസിപ്പിക്കുകയാണ്.
ഫലസ്തീനികൾക്ക് അധിനിവിഷ്ട പ്രദേശങ്ങളിൽ പരിമിതമായ സ്വാതന്ത്ര്യം മാത്രം ലഭ്യമാകുമ്പോൾ, അവിടെ അതിർത്തിപ്രദേശങ്ങളിലും വിമാനത്താവളങ്ങളിലും വ്യാപാര കേന്ദ്രങ്ങളിലും ഓഫിസുകളിലുമെല്ലാം ഇസ്രായേലിയർ ആധിപത്യം പുലര്‍ത്തുന്നു. ഇസ്രായേലിയരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതും അവർക്കുവേണ്ടി പാർപ്പിടങ്ങൾ പണിയുന്നതും തെൽഅവീവ് ഭരണകൂടത്തിെൻറ ഉത്തരവാദിത്തമായാണ് പരിഗണിക്കുന്നത്. അതായത്, ഇസ്രായേൽ യുദ്ധത്തിലൂടെ അന്യായമായി കൈയേറിയ ഭൂപ്രദേശം ഐക്യരാഷ്ട്രസഭയുടെ നിർദേശങ്ങൾ അവഗണിച്ചുകൊണ്ട് അവർ സ്വന്തമാക്കുന്നുവെന്നർഥം. 2017ലെ ഐക്യരാഷ്ട്ര സഭയുടെ ഡോക്യുമെൻറിൽ ഇസ്രായേൽ പിടിച്ചെടുത്തതെന്നു വ്യക്തമാക്കിയ സ്ഥലങ്ങളാണിവ.
തുടക്കത്തിൽ, ജോ ബൈഡനെ മിഡിലീസ്റ്റിലെ രാഷ്ട്രീയ നിരീക്ഷകർ പ്രതീക്ഷയോടെ സ്വാഗതം ചെയ്യുകയായിരുന്നു. ഡോണൾഡ് ട്രംപിെൻറ നിലപാടുകൾ ഉപേക്ഷിക്കുമെന്ന പ്രതീക്ഷ അവർക്ക് ആത്മവിശ്വാസം പകർന്നു. ഫലസ്തീനുമായി നയതന്ത്രബന്ധങ്ങൾ പുനഃസ്ഥാപിക്കാനും അവർക്ക് അമേരിക്ക വാഗ്ദത്തം ചെയ്തിരുന്ന സാമ്പത്തിക സഹായം തുടരുവാനും ജോ ബൈഡൻ തീരുമാനിച്ചതോടെ അന്താരാഷ്ട്ര നിരീക്ഷകർ ആശ്വാസത്തിലായി. എന്നാൽ, ഏപ്രിൽ മാസാവസാനം യുദ്ധം തുടങ്ങുകയും ഇസ്രായേലും ഹമാസും മുഖാമുഖം നില്‍ക്കുകയും ചെയ്തതോടെ ബൈഡെൻറ യഥാർഥമുഖം വെളിവായെന്നു പറയാം. ജറൂസലമിലെ സ്വന്തം ഗേഹങ്ങളിൽനിന്ന് ഫലസ്തീനികളെ സൈനികശക്തി ഉപയോഗിച്ച് നെതന്യാഹു പിടിച്ചിറക്കാൻ തുടങ്ങി. ഇത് അന്താരാഷ്ട്ര രാഷ്ട്ര നിയമങ്ങളും മനുഷ്യാവകാശങ്ങളും ലംഘിക്കുന്ന പ്രവര്ത്തനമാണെന്നറിഞ്ഞിട്ടും ഇതിനെതിരെ വിരലനക്കാൻ ബൈഡൻ മുന്നോട്ടുവന്നില്ല. അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിക്കുപോലും ഈ നിലപാട് സ്വീകാര്യമായില്ല. ഡെമോക്രാറ്റുകളും ഉൽപതിഷ്ണുക്കളും ഇസ്രായേലിെൻറ കോളനിവത്കരണത്തിനെതിരെ ശബ്ദമുയർത്തി.
വെർമോണ്ടിൽനിന്നുള്ള സെനറ്റർ ബർണീ സാൻറേഴ്സ് പ്രസ്താവിച്ചു, 'നാം യുദ്ധം നിർത്തുവാനായി ഉടനടി വെടിനിർത്തണമെന്ന് ആവശ്യപ്പെടണം. നിയമവിരുദ്ധവും പ്രകോപനപരവുമായ ഇസ്രായേലിെൻറ നിര്‍മാണ പ്രവര്‍ത്തനങ്ങൾ നിർത്തിവെക്കണം. ഇസ്രായേലിനും ഫലസ്തീനിനുമിടയിൽ പ്രശ്നപരിഹാരത്തിനായി നാം മുന്നിട്ടിറങ്ങണം.' എന്നാൽ, ബൈഡൻ ഇസ്രായേലിെൻറ നരമേധത്തെ ന്യായീകരിക്കുകയായിരുന്നു. യു.എസ് നിലപാടനുസരിച്ചു ഫലസ്തീനിന് ലോകകോടതിയെ സമീപിക്കാനും സാധ്യമല്ലത്രെ! കാരണം, ഫലസ്തീനിനെ ഒരു രാഷ്ട്രമായി അംഗീകരിക്കാനാവില്ലത്രെ!
പ്രസിഡെൻറന്ന നിലക്ക് ബൈഡെൻറ വിശ്വാസ്യത നഷ്ടപ്പെടുന്നത് പ്രശ്നത്തിെൻറ ഒരു വശം മാത്രമേ വെളിവാക്കുന്നുള്ളൂ. യഥാർഥത്തിൽ, ഫലസ്തീനിനെതിരെ ഇസ്രായേലിനെ നിലനിർത്തുന്നതും യുദ്ധ സജ്ജമാക്കുന്നതും അമേരിക്കയാണ്. ഫലസ്തീനിെൻറ ഭൂമി അന്യായമായി കൈവശപ്പെടുത്തുന്നതിനെതിരെയും നിഷ്ഠുരമായ യുദ്ധക്കുറ്റങ്ങൾക്കെതിരെയും ഐക്യരാഷ്ട്ര സഭ ശബ്ദമുയർത്തുന്ന സന്ദർഭങ്ങളിലൊക്കെയും അതിനെ തടയുകയും വീറ്റോ ചെയ്യുകയും ചെയ്യുന്നതിലൂടെ അമേരിക്ക അക്രമത്തിനു അരുനിൽക്കുന്നു. ജോ ബൈഡൻ തനിക്കു ലഭിച്ച അപൂര്‍വ പിന്തുണയും സ്വാധീനവും താൻ വിശ്വാസമർപ്പിക്കുന്നതെന്നു വീമ്പുപറയുന്ന ആദർശങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ സന്നദ്ധനല്ലെങ്കിൽ പിന്നെ എങ്ങനെയാണദ്ദേഹത്തിന് ലോകത്ത് 'ഒരു പ്രകാശ ഗോപുരം' തീർക്കാനാവുക?
അമേരിക്കൻ ജനതയെ സാമൂഹികചലനങ്ങൾ സ്വാധീനിക്കുന്നതിെൻറ തെളിവാണ് അടുത്തകാലത്ത് നടന്ന അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ. അമേരിക്ക ഇസ്രായേലിെൻറ മേൽ കൂടുതൽ സമ്മർദം ചെലുത്തി അവരെ ജറൂസലമിലെ കോളനി നിര്‍മാണത്തിൽനിന്ന് പിൻവലിയാൻ നിർബന്ധിക്കണമെന്ന് 53 ശതമാനം വോട്ടർമാർ ആവശ്യപ്പെട്ടു. ഇങ്ങനെയെല്ലാമായിട്ടും ബൈഡൻ ജറൂസലമിെൻറ കാര്യത്തിൽ ട്രംപിെൻറ നിലപാട് തുടരുന്നതിൽ നിരീക്ഷകർ അത്ഭുതം കൂറുകയാണ്. പ്രശ്നം കൂടുതൽ കലുഷിതമാകുമോ എന്നാണവർ ശങ്കിക്കുന്നത്. പ്രത്യേകിച്ചും, ഇന്നത്തെ സാഹചര്യത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.