അരുത് ടീച്ചർ, കുട്ടികളെ വെറുപ്പ് പഠിപ്പിക്കരുത്
text_fieldsഒരു സ്കൂൾ വിദ്യാർഥിനി അയച്ച സന്ദേശം കണ്ട് ഞാൻ നാണംകെട്ടുപോയി. ക്ലാസ് ഗ്രൂപ്പിൽ ഒരു ടീച്ചർ പങ്കുവെച്ച വർഗീയസന്ദേശത്തെക്കുറിച്ചാണ് ആ കുട്ടി എനിക്കെഴുതിയത്. മറ്റുള്ളവരുടെ ചെയ്തികളുടെ പേരിൽ ഇത്രയേറെ നാണക്കേട് തോന്നിയ മറ്റൊരു സന്ദർഭം എന്റെ ഓർമയിലില്ല. നമുക്കിടയിലെ വെറുപ്പിന്റെ വ്യാപാരികളെ തിരിച്ചറിയാനും അവർ പടർത്തുന്ന വിദ്വേഷത്തെ തടയാനും പ്രാപ്തിയില്ലെങ്കിൽ നമുക്ക് നമ്മുടെ കുഞ്ഞുങ്ങളുടെ കൺകളിലേക്ക് നോക്കാൻപോലുമാവില്ല. ചെറിയ ക്ലാസിലെ ഹിന്ദുക്കളും മുസ്‍ലിംകളും ഉൾപ്പെടെയുള്ള കുട്ടികൾക്കാണ് അസ്വസ്ഥപ്പെടുത്തുന്ന ഒരു വിഡിയോ വർഗീയത പരത്തുന്ന അടിക്കുറിപ്പ് സഹിതം അധ്യാപിക അയച്ചു കൊടുത്തിരിക്കുന്നത്.
ഒരു പയ്യൻ ഒരു പെൺകുട്ടിയുടെ കഴുത്തിനുനേരെ കത്തിയോങ്ങി നിൽക്കുന്നതാണ് വിഡിയോ. മതംമാറ്റത്തിന് വിസമ്മതിച്ചതിന് ആ പെൺകുട്ടിയെ അവൻ കൊല്ലാൻ ശ്രമിക്കുകയാണെന്നും ഹിന്ദു ഉണർന്നെണീറ്റ് ഒരുമിച്ച് നിൽക്കേണ്ട സമയമാണെന്നും അധ്യാപിക അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുമുണ്ട്. ''ഞാനത് പരിശോധിച്ചു, അത് മുസ്‍ലിം പയ്യനുമേൽ വ്യാജമായി ആരോപണം ചുമത്തുകയാണ് എന്ന് വ്യക്തമാണ്. എന്നിട്ടും ആ വ്യാജവാർത്ത പ്രചരിപ്പിച്ച് വിദ്യാർഥികൾക്കിടയിൽ വർഗീയ വേർതിരിവ് സൃഷ്ടിക്കുകയാണ് ടീച്ചർ, ഈ വിഷയത്തിൽ താങ്കളുടെ ഇടപെടൽ പ്രതീക്ഷിക്കുന്നു'' -ഇതായിരുന്നു പെൺകുട്ടി എനിക്കയച്ചത്.
അധ്യാപകരെ ബഹുമാനപുരസ്സരം ആദരിക്കുകയും എല്ലാ വർഷവും അധ്യാപകദിനം ആചരിക്കുകയും ചെയ്യുന്ന ഒരു രാജ്യത്ത് ഒരു ടീച്ചർ വിദ്യാർഥികൾക്കിടയിൽ മതത്തിന്റെ പേരിൽ വേർതിരിവ് പടർത്തുന്നു.
ഡൽഹിയിലെ സ്കൂളിൽ പ്രചരിപ്പിക്കപ്പെട്ട ഗുജറാത്തിൽ നിന്നുള്ള വിഡിയോയുടെ സത്യാവസ്ഥ ആ ചെറിയ പെൺകുട്ടി പരിശോധിച്ചുനോക്കിയെന്ന് പറയുമ്പോൾ അത് അവളുടെ മനസ്സിലുണ്ടാക്കിയ ആഘാതം ഒന്നാലോചിച്ചുനോക്കൂ. കുട്ടികളിലേക്ക് കൈമാറുംമുമ്പ് വിഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചുനോക്കാൻ ആ ടീച്ചർക്ക് തോന്നിയില്ലല്ലോ. ഏതു ഭയാനകപ്രവൃത്തിയിലും രണ്ടു സമുദായങ്ങളിൽനിന്നുള്ള ആളുകൾ ഉൾപ്പെട്ടേക്കാം. അതിനർഥം കുട്ടികളെ സ്വാധീനിക്കാൻ അത് ഇവ്വിധത്തിൽ ഉപയോഗിക്കാമെന്നാണോ?
പിന്നീട് സ്‌കൂളിന്റെ പ്രിൻസിപ്പൽ തെറ്റ് സംഭവിച്ചു, അത് ആവർത്തിക്കില്ലെന്ന് അധ്യാപിക വരുത്തിയ അപരാധത്തിന് ക്ഷമചോദിച്ചു; ടീച്ചറും ക്ഷമാപണം നടത്തിയിട്ടുണ്ട്. അവർക്ക് ഒരു അവസരം നൽകാമെന്ന് ഞാൻ കരുതുന്നു.
ടീച്ചർ കുട്ടികളോട് ക്ഷമാപണം നടത്തിയ സ്ഥിതിക്ക് അവരെ വിശ്വസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. നമ്മളെല്ലാവരും ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങൾ തെറ്റി അയക്കാറുണ്ട്. എന്നാൽ, അവ പരിശോധിക്കപ്പെടണം. ആ ടീച്ചറോ മറ്റ് അധ്യാപകരോ കുട്ടികളോട് വർഗീയ കമന്റുകളോ നിർദേശങ്ങളോ മുമ്പ് നടത്തിയിട്ടുണ്ടോ എന്ന്, സ്കൂൾ ഗ്രൂപ്പിൽ ഇത്തരം സന്ദേശങ്ങൾ അയക്കുന്നുണ്ടോ എന്ന് പ്രിൻസിപ്പൽ അന്വേഷിക്കണം. ഇത്തരം കാര്യങ്ങളിൽ അധ്യാപകരുടെ മനോഗതിയെക്കുറിച്ച് ഒരു റിപ്പോർട്ട് കാർഡ് തന്നെ തയാറാക്കണം.
കുട്ടികൾക്ക് സന്ദേശമയച്ച അധ്യാപികയുടെയോ കുട്ടിയുടെയോ അവളുടെ സ്കൂളിന്റെയോ പേര് ഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ, ആ മകൾ അയച്ച സന്ദേശത്തിലെ 'ഞാൻ താങ്കളുടെ ഇടപെടൽ പ്രതീക്ഷിക്കുന്നു' എന്ന അവസാന വരി മറച്ചുപിടിക്കാൻ സാധിക്കില്ല.
പ്രിയപ്പെട്ട മാഡം, നിങ്ങൾക്ക് അത്തരം വിദ്വേഷ സന്ദേശങ്ങൾ അയച്ചുതരുന്ന ആളുകളിൽനിന്ന് അകലം പാലിക്കുക, അത് സ്വന്തം ഭർത്താവാണെങ്കിൽപോലും. മറ്റുള്ള ആളുകളെ ഇത്രമാത്രം വെറുക്കുന്ന ഒരാൾക്ക് നിങ്ങളെയും സ്നേഹിക്കാനാവില്ല. ഈ വിദ്യാർഥികൾ അവർ ഹിന്ദുക്കളോ മുസ്‍ലിംകളോ ആരുമായിക്കോട്ടെ, നിങ്ങളുടെ മക്കളാണ്. അവരെ ഹൃദയത്തോട് ചേർത്തുപിടിക്കുക. ഒരു വിദ്യാർഥിക്ക് അധ്യാപകരോടുള്ള സ്നേഹം ജീവിതകാലം മുഴുവൻ നിലനിൽക്കും.
പട്നയിൽ ഞങ്ങളുടെ സ്കൂളിൽ പഠിപ്പിച്ചിരുന്ന ഉദയ്പുരിൽ നിന്നുള്ള ഒരു ടീച്ചർ പഴയ അധ്യാപകരുടെ ഒരു ചിത്രം എനിക്കയച്ചുതന്നു. എന്നെ അഞ്ചാം ക്ലാസിൽ പഠിപ്പിച്ച ഗ്രേസി മൈക്കൾ ടീച്ചറുമുണ്ടായിരുന്നു അതിൽ. ടീച്ചറുടെ മുഖം കണ്ട മാത്രയിൽതന്നെ എന്റെ പുഞ്ചിരി തിരികെയെത്തി. അതാണ് അധ്യാപകരും വിദ്യാർഥികളും തമ്മിലെ ബന്ധത്തിന്റെ ആഴം. എന്നോട് പരുക്കരായി പെരുമാറിയിരുന്നവരെ കാണുമ്പോൾ പോലും ഞാൻ വികാരാധീതനാവുന്നു. അതുകൊണ്ടുകൂടിയാണ് ഞാൻ താങ്കളോട് അപേക്ഷിക്കുന്നത്, ഇത്തരം ചെയ്തികളിൽനിന്ന് വിട്ടുനിൽക്കണമെന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.