ഇല്ല, ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നില്ല
text_fieldsമിസ്റ്റർ ധനമന്ത്രീ, നിങ്ങൾ പരാജയമാണെന്ന് കണ്ണിൽചോരയില്ലാതെയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥത. പഞ്ചായത്തുകൾ പുല്ല് വെട്ടിയാൽ കൊടുക്കാൻ കാശില്ല. ഓട പണിയാനുള്ള പണം പോലും കൈയിലില്ല
ഒക്സിജൻ കുറയുമ്പോഴുണ്ടാകുന്ന വെറുമൊരു ശ്വാസം മുട്ടൽ. അത്രയേയുള്ളൂ കേരളത്തിന്റെ ധനപ്രതിസന്ധി. പക്ഷേ, കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ളത് കിട്ടിയേ തീരൂ. അതാണ് ധനമന്ത്രി ബാലഗോപാലിന്റെ ലൈൻ. ട്രഷറി പൂട്ടി താക്കോൽ മന്ത്രി പോക്കറ്റിലിട്ട് നടക്കുകയാണെന്ന് പരിഹസിക്കുമ്പോൾ അത് സമ്മതിച്ചുകൊടുക്കാൻ ഒരു ധനമന്ത്രിയും തയാറാകില്ല.
ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയൊന്നുമല്ലെന്ന് അദ്ദേഹത്തിന് പറയേണ്ടിവന്നു. ഒന്നിനും പണം കൊടുക്കാനില്ലെന്ന പ്രചാരണമേ തെറ്റ്. സാമ്പത്തിക പ്രതിസന്ധി ഇല്ലേയില്ല. ഇവിടെ എല്ലാം ഓക്കേ. ധൂർത്ത് ഇല്ലേയില്ല. എവിടെ നിയമന നിരോധം? കേന്ദ്രത്തിന്റെ കടുംവെട്ടാണ് വില്ലൻ.
മിസ്റ്റർ ധനമന്ത്രീ, നിങ്ങൾ പരാജയമാണെന്ന് കണ്ണിൽചോരയില്ലാതെയാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥത. പഞ്ചായത്തുകൾ പുല്ല് വെട്ടിയാൽ കൊടുക്കാൻ കാശില്ല. ഓട പണിയാനുള്ള പണം പോലും കൈയിലില്ല.
ബാധ്യതകളുടെ ലിസ്റ്റ് തന്നെയാണ് പ്രതിപക്ഷ നേതാവ് നിരത്തിയത്. പ്രതിസന്ധിയുടെ മുഴുവൻ കുറ്റവും കേന്ദ്ര സർക്കാറിന് മേലാണ് ഭരണപക്ഷം വെച്ചത്. 57,000 കോടി ഇക്കൊല്ലം വെട്ടിക്കുറച്ചു. അത് കിട്ടിയാൽ എല്ലാ ബാധ്യതയും കൊടുത്തുതീർക്കുമായിരുന്നു. അത് നേടാൻ ഡൽഹി സമരത്തിൽ അണിചേരാൻ വിമർശനം കൊണ്ട് മൂടുമ്പോഴും ഭരണപക്ഷത്തുനിന്ന് ക്ഷണം.
കണക്കുകൾ വലിച്ചും നീട്ടിയും തങ്ങൾക്കനുകൂലമായി ഇരുപക്ഷവും അവതരിപ്പിച്ച അടിയന്തര പ്രമേയ ചർച്ച സമവായം കണ്ടില്ലെങ്കിലും സാമ്പത്തിക സ്ഥിതിയുടെ ഗുരുതരാവസ്ഥ വെളിപ്പെടുത്തുന്നതായി. വാദിച്ച് ജയിച്ചെന്ന് ഇരുപക്ഷവും സമാധാനം കണ്ടെത്തുമ്പോൾ തെരഞ്ഞെടുപ്പിൽ പണപ്പോര് തുറുപ്പുചീട്ടാക്കുകയാണ് ലക്ഷ്യം.
ഭരണപക്ഷം സമരത്തിന് ക്ഷണിച്ച സമയം ശരിയല്ലെന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. നമ്മൾ മത്സരിക്കാൻ പോകുന്ന ഘട്ടമാണെന്നും പ്രക്ഷോഭത്തിന് കുറെ നേരത്തെ വിളിക്കാമായിരുന്നെന്നും അദ്ദേഹം വിശദീകരിച്ചപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിലപാടെടുത്താൻ മതിയെന്നായി ധനമന്ത്രി.
നിങ്ങൾ ചിലത് തീരുമാനിച്ചശേഷം ഞങ്ങൾ ഒപ്പം ചെല്ലണമെന്ന ആവശ്യം രാഷ്ട്രീയ മര്യാദയല്ലെന്ന് കെ.കെ. രമയും. ജി.എസ്.ടി വരുമ്പോൾ വർഷം 27 ശതമാനം കണ്ട് നികുതി വർധിക്കും. തോമസ് ഐസക് സ്വപ്നം കണ്ട കിണാശ്ശേരി ഇതായിരുന്നെന്ന് റോജി എം. ജോണിന്റെ പരിഹാസം. ജി.എസ്.ടി നഷ്ടപരിഹാരം, റവന്യൂ കമ്മി ഗ്രാന്റ് പോലെ സർക്കാർ കണക്കുകൾ മാത്യു കുഴൽനാടൻ ചോദ്യം ചെയ്തു.
ഇവിടെ ഇല്ലാത്ത കക്ഷിയുടെ വക്കാലത്ത് ഇവിടെ വേണ്ടായിരുന്നെന്നും മരം കാണാതെ കാടുകാണുന്ന സമീപനമാണിതെന്നും ഇ.ടി. ടൈസൺ തിരിച്ചടിച്ചു. നയപ്രഖ്യാപന ചർച്ചയുടെ രണ്ടാം ദിനത്തിൽ ഗവർണർക്ക് ഭരണപ്രതിപക്ഷങ്ങളുടെ വിമർശനം ഒരു പോലെ കിട്ടി. സർക്കാർ പ്രതിസന്ധിയിലാകുമ്പോൾ ആപത്ബാന്ധവനെപ്പോലെ ഗവർണർ അവതരിക്കുമെന്നായി പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.