അരുത്, കോടതി അതനുവദിക്കരുത്
text_fieldsമീഡിയാവണിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ പറഞ്ഞത്
മാധ്യമ സ്വാതന്ത്ര്യം ഇന്ത്യയിൽ കടുത്ത ഭീഷണി നേരിടുന്ന കാലമാണ്. മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ആഗോള സൂചികയിൽ ഇന്ത്യയുടെ സ്ഥാനം ഈ സർക്കാറിന് കീഴിൽ കൂടുതൽ താഴെയായി. മാധ്യമ സ്വാതന്ത്ര്യം പലവിധത്തിൽ തുടർച്ചയായി അവമതിക്കപ്പെടുന്നതു വഴിയാണ് ഇങ്ങനെ സംഭവിച്ചത്. മാധ്യമ സ്വാതന്ത്ര്യം പലവിധത്തിലാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കുറെ മാധ്യമ സ്ഥാപനങ്ങളെ പ്രലോഭനത്തിന് വശംവദരാക്കി.
അത് പല വിധത്തിലാണ്. അടിപ്പെടാത്തവർക്ക് സർക്കാർ പരസ്യങ്ങൾ കൊടുക്കാത്തതാണ് ഒരു രീതി. ഇഷ്ടമാധ്യമങ്ങൾക്ക് ഭരണത്തിലുള്ളവർ വാർത്താ എക്സ് ക്ല്യൂസിവും അഭിമുഖങ്ങളും പ്രത്യേകമായി നൽകി. മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റർമാർക്കും ചാനൽ ആങ്കർമാർക്കുമൊക്കെ പാക്കറ്റുകൾ അയച്ചും 'ഗോദി മീഡിയ' സൃഷ്ടിച്ചു. വഴിക്കുവരാത്തവർക്കു നേരെ പിന്നെ പലവിധ ഭീഷണികളായി. കേന്ദ്ര അന്വേഷണ ഏജൻസികളായ സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പു മുതൽ എൻ.ഐ.എ വരെ അത്തരക്കാരെ വളഞ്ഞു. അതുകൊണ്ടും നിയന്ത്രണത്തിൽ വരാത്തവരെയാണ് ഇപ്പോൾ മീഡിയവണിനോട് ചെയ്തപോലുള്ള രീതികൾ കൊണ്ട് മുറുക്കുന്നത്.
മീഡിയവൺ ലൈസൻസ് പിൻവലിച്ച് അടച്ചു പൂട്ടാൻ പറഞ്ഞതിന്റെ കാരണം ഇനിയും സർക്കാർ വ്യക്തമാക്കിയിട്ടില്ല. 10 വർഷമായി പ്രവർത്തിച്ചു വന്ന, നല്ല നിലയിൽ പേരെടുത്ത ഒരു മാധ്യമ സ്ഥാപനമാണത്. ദേശസുരക്ഷ ലംഘിക്കുന്ന വിധത്തിൽ ഒരു പ്രവർത്തനവും അവർ നടത്തിയിട്ടില്ല. എന്നിട്ടും സുരക്ഷപരമായ ക്ലിയറൻസ് നിഷേധിച്ച് പൂട്ടാൻ നിർദേശിക്കുകയാണുണ്ടായത്. അതിനെതിരെ മീഡിയവൺ നിയമനടപടി സ്വീകരിക്കാൻ നിർബന്ധിതമായി. ഭരണഘടനപരമായ അവകാശങ്ങൾ ലംഘിച്ചതിനെതിരെ സ്ഥാപനം ഹൈകോടതിയിൽ എത്തി. ചില ഇന്റലിജൻസ് ഇൻപുട്ട് മുൻനിർത്തിയാണ് വിലക്കെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. അതെന്താണെന്ന് വെളിപ്പെടുത്തിയാൽ മാത്രമാണ് നിജഃസ്ഥിതി കോടതിയെയും സമൂഹത്തെയും സർക്കാറിനെയും ബോധ്യപ്പെടുത്താൻ കഴിയുക.
വിലക്കിന്റെ അടിസ്ഥാന കാരണം വെളിപ്പെടുത്താൻ കഴിയില്ലെന്നായിരുന്നു നിലപാട്. കോടതിക്ക് മുദ്രവെച്ച കവറിൽ പോലും പൂർണവിവരം നൽകിയില്ല. എതിർകക്ഷിക്ക് വിശദീകരിക്കാൻ അവസരമില്ലാത്ത വിധം കോടതിയെ മുദ്രവെച്ച കവറിലൂടെ ചില കാര്യങ്ങൾ അറിയിക്കുന്ന നിയമശാസ്ത്ര രീതി സ്വാഭാവികനീതിയുടെ അടിസ്ഥാന തത്ത്വംതന്നെ അപ്പാടെ ലംഘിക്കുന്നതാണ്. ഇതൊക്കെ നീതിന്യായ ലോകത്ത് കേട്ടുകേൾവിതന്നെ ഇല്ലാത്ത രീതിയായിരുന്നു. 10 വർഷമായി പ്രവർത്തിച്ചു വന്ന ഒരു മാധ്യമ സ്ഥാപനത്തിനെതിരെയാണ് ഇത്തരത്തിൽ സുരക്ഷകാര്യ ലംഘനം ആരോപിക്കുന്നത്. മറ്റൊരു വശത്ത്, സമൂഹ മാധ്യമങ്ങൾക്കും ഇന്റർനെറ്റ് മാധ്യമങ്ങൾക്കും കടിഞ്ഞാൺ ഇട്ടുകൊണ്ടിരിക്കുകയാണ്. വളരെ അപകടകരമായ സാഹചര്യത്തിലാണ് നമ്മൾ. മാധ്യമ സ്വാതന്ത്ര്യത്തിന് അവസാനമാകുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.
എല്ലാറ്റിലും ദേശസുരക്ഷ മറയാക്കി സർക്കാറിന് നീതിന്യായ പരിശോധനയിൽനിന്ന് ഒഴിഞ്ഞു നിൽക്കാൻ പറ്റില്ലെന്ന് പെഗസസ് കേസിൽ സുപ്രീംകോടതിതന്നെ പറഞ്ഞതാണ്. മൗലികാവകാശം പരമമാണ്. സർക്കാർ ദേശസുരക്ഷ പറയുമ്പോൾ പല കോടതികളും കൈ അയക്കുന്നു. മീഡിയവണിന്റെ കാര്യത്തിൽ ഇന്റലിജൻസ് ഇൻപുട്ട് എന്ന് പറയുന്നതല്ലാതെ, ദേശസുരക്ഷ ലംഘിച്ചതായി സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. മാധ്യമങ്ങൾക്കു കൂച്ചുവിലങ്ങിടാൻ 'ദേശസുരക്ഷ' എടുത്തിടുന്ന പരീക്ഷണ പ്രയോഗമാണ് മീഡിയവണിന്റെ കാര്യത്തിൽ നടന്നിരിക്കുന്നത്. ഇതു കോടതി അനുവദിച്ചുകൊടുത്താൽ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അവസാനമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.