ട്രാജഡിയല്ല; വാഗൺ നരഹത്യ
text_fieldsബ്രിട്ടീഷ് ഭരണകാലത്തെ കൽക്കരിയിൽ ഓടുന്ന ഒരു പഴയ ഗുഡ്സ് വാഗൺ -സൗത്ത് മറാത്ത കമ്പനിയുടെ എം.എസ്.എം.എൽ.വി 1711 പോത്തന്നൂരിൽനിന്ന് തിരിച്ചുവരുകയാണ്. അതിെൻറ ഒരു ബോഗിയിൽനിന്ന് അസഹനീയ ദുർഗന്ധം ഉയരുന്നു. വണ്ടി ഞരങ്ങി മൂളി തിരൂർ സ്റ്റേഷനിൽ വന്നു കിതച്ചുനിന്നു. ബോഗി തുറന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥരൊന്നടങ്കം മൂക്ക് പൊത്തി. ചിലർക്ക് തല കറങ്ങി. അട്ടിയായി കിടന്ന ജഡങ്ങൾ താഴേക്ക് വീണു.
1921 നവംബർ 20
തലേ ദിവസം പട്ടാളനിയമം നിലവിൽ ഇല്ലാത്ത പോത്തന്നൂരിൽവെച്ചു ബോഗി തുറന്നതിനാൽ മാത്രം പുറംലോകം അറിയാൻ ഇടയായ ലോകചരിത്രത്തിലെ വലിയ കൂട്ടക്കുരുതികളിലൊന്ന് -അതായിരുന്നു വാഗൺ ട്രാജഡി എന്ന് പേര് വിളിക്കുന്ന നരഹത്യ.
ഇതിനു സമാനം ഇന്ത്യാചരിത്രത്തിൽ ജാലിയൻ വാലാ ബാഗ് മാത്രമേ കാണു. 96 മാപ്പിളമാരും നാല് ഹിന്ദുക്കളും അടക്കം 100 പേരെയായിരുന്നു ബോഗിക്കുള്ളിൽ കുത്തിനിറച്ചത് (ആളുകളുടെ എണ്ണം സംബന്ധിച്ചു ചെറിയ വ്യത്യാസങ്ങൾ ചരിത്രത്തിൽ കാണാം). 70 പേർ ശ്വാസം മുട്ടി മരിച്ചു, അല്ല കൊന്നു.
ഇതിൽനിന്ന് രക്ഷപ്പെട്ടവരിൽ രണ്ടുപേർ വാഗണിെൻറ ഇളകിയ ആണിദ്വാരത്തിൽ മാറിമാറി മൂക്ക് അമർത്തിപ്പിടിച്ചു ശ്വാസം നിലനിർത്തിയ മലപ്പുറം മൈലപ്പുറം സ്വദേശികളായ കൊന്നോല അഹ്മദ് ഹാജിയും സഹോദരൻ യൂസുഫുമായിരുന്നു. കൊന്നോല യൂസുഫ് തന്നെ പിന്നീട് ആ കരാള നിമിഷങ്ങളെ പറ്റി പറഞ്ഞിട്ടുണ്ട്:
''1921 നവംബർ 19ന് രാത്രി ഏഴുമണിക്ക് പടിഞ്ഞാറുനിന്ന് ഒരു വണ്ടി വന്നുനിന്നു. അതിൽ ഞങ്ങളെ പഞ്ഞി നിറക്കുന്ന പോലെ കുത്തിക്കയറ്റി. 100 പേർ കയറിയപ്പോൾ വാതിൽ അടച്ചു. ചരക്കു കൊണ്ടുപോകാനുള്ള ബോഗിയിൽ 25 പേർക്ക് പോലും ഇടമുണ്ടായിരുന്നില്ല. ഒറ്റ കാലിൽ മേൽക്കുമേൽ നിലം തൊടാതെ ഞങ്ങൾ നിന്നു.
ശ്വാസം മുട്ടാൻ തുടങ്ങി. ദാഹം സഹിക്കവയ്യാതെ തൊണ്ട പൊട്ടുമാറ് ഞങ്ങൾ ആർത്തുവിളിച്ചു. വാഗൺ ഭിത്തിയിൽ ആഞ്ഞിടിച്ചു. കൈയിൽ മൂത്രമൊഴിച്ചു കുടിച്ചു ദാഹം മാറ്റി. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചു പറിക്കാനും തുടങ്ങി.
ഞാനും ഇക്കാക്കയും ചെന്നു വീണത് വാഗണിെൻറ ഇളകിപ്പോയ ഒരാണിയുടെ പഴുതുള്ള ഭാഗത്തായിരുന്നു. ഈ ദ്വാരത്തിൽ മാറിമാറി മൂക്ക് െവച്ചു ഞങ്ങൾ പ്രാണൻ പോകാതെ പിടിച്ചുനിന്നു. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ ബോധം പോയി. 20ന് രാവിലെ നാലുമണിക്കാണ് വണ്ടി പോത്തന്നൂരിൽ എത്തിയത് (ഔദ്യോഗിക രേഖകളിൽ 12.30 ആണ് കാണിക്കുന്നത്). ബെല്ലാരി ജയിലിൽ കൊണ്ടു പോവുകയായിരുന്നു ഞങ്ങളെ. പോത്തന്നൂരിൽനിന്നു ആ പാപികൾ വാതിൽ തുറന്നപ്പോൾ ബ്രിട്ടീഷ് പിശാചുക്കൾ വരെ ഞെട്ടി. 64 പേരാണ് കണ്ണ് തുറിച്ചു നാക്ക് നീട്ടി മരിച്ചു കിടന്നത്.''
കൊന്നോല അഹ്മദ് ഹാജിയും സഹോദരൻ യൂസുഫും ബാക്കിയായിരുന്നില്ലെങ്കിൽ ഈ വിവരണംപോലും ലോകത്തിന് കിട്ടുകയില്ലായിരുന്നു. കൊന്നോല അഹ്മദ് ഹാജിയുമായി നടത്തിയ ചില അഭിമുഖങ്ങൾ 80കളിൽ പുറത്തുവരുകയുണ്ടായി. മൂത്ത സഹോദരൻ മൊയ്തീൻ കുട്ടി ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആയിരുന്നതിനാലാണ് ഇവരെ പിടികൂടിയത്. പുലാമന്തോൾ പാലം പൊളിച്ചു എന്നതായിരുന്നു അധിക പേരിലും ചുമത്തപ്പെട്ട കുറ്റം. ഇവർ ആ പാലം കണ്ടിട്ടു തന്നെയില്ല.
കേണൽ സർജൻറ് ആൻഡ്രൂസിെൻറ നേതൃത്വത്തിൽ 7.15ന് തിരൂരിൽനിന്ന് പുറപ്പെട്ട വണ്ടിയുടെ ബ്രേക്ക് വാന് തൊട്ടുപിറകെ മൂന്നാം ക്ലാസിൽ കയറിയ പൊലീസ് മേധാവികൾ തിരിഞ്ഞു നോക്കിയില്ല. 8.40ന് വണ്ടി ഷൊർണൂരിൽ എത്തിയപ്പോൾ അലമുറയും ദീനരോദനങ്ങളും സ്റ്റേഷൻ പരിസരങ്ങളിലെമ്പാടും കേൾക്കാമായിരുന്നിട്ടും കണ്ണിൽ ചോരയില്ലാത്ത അധികാരികൾ ഇത്തിരി വായു കടത്തിവിടാനോ വെള്ളം കൊടുക്കാനോ തയാറായില്ല. പോത്തന്നൂരിൽ െവച്ചു ബോഗി തുറന്നപ്പോൾ കണ്ട കാഴ്ച അതിഭീകരമായിരുന്നു.
തുടർന്ന് ബോഗിക്കുള്ളിലേക്ക് വെള്ളമടിച്ചപ്പോൾ പ്രാണൻ പോകാതെ പിടിച്ചുനിന്നവർ എഴുന്നേറ്റു. കൊല്ലപ്പെട്ട 56 മൃതദേഹങ്ങളുമായി അവർ ബോഗി തിരൂരിലേക്ക് തന്നെ തിരിച്ചയച്ചു. ജീവെൻറ ലക്ഷണങ്ങൾ അവശേഷിക്കുന്നവരെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി. അവിടെ എത്തുമ്പോഴേക്കും ആറുപേർ കൂടി മരണം ഏറ്റുവാങ്ങിയിരുന്നു. 13 പേരെ കോയമ്പത്തൂർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 72 മരണങ്ങളാണ് കൂടുതൽ രേഖകളും കാണിക്കുന്നത്. വാഗണിൽ 122 പേരെ കുത്തിനിറച്ചിരുന്നുവെന്നാണ് അന്വേഷണ കമീഷൻ റിപ്പോർട്ടിലുള്ളത്.
പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന മയ്യിത്തുകൾ വേർപെടുത്താൻ കഴിഞ്ഞില്ല. മൂർധാവ് പൊട്ടി തൊലിയുരിഞ്ഞു നാക്ക് നീട്ടി കണ്ണ് തുറിച്ചു കെട്ടിപ്പിണഞ്ഞു കിടക്കുന്ന രക്തസാക്ഷികളുടെ അവസ്ഥ അന്ന് 11 വയസ്സ് മാത്രം ഉണ്ടായിരുന്ന ദൃക്സാക്ഷി വി.പി. ഉമ്മർ മാസ്റ്റർ പറഞ്ഞത് പലേടത്തും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
മയ്യിത്തുകളിൽ 44 എണ്ണം കോരങ്ങാത്ത് പള്ളിയിലും എട്ടെണ്ണം കോട്ട് ജുമുഅത്ത് പള്ളിയിലും ഹിന്ദു സമുദായത്തിൽ പെട്ട നാലുപേരുടെ മൃതദേഹങ്ങൾ മുത്തൂർകുന്നിലെ കല്ലുവെട്ട് കുഴിയിലും സംസ്കരിച്ചു. തൃക്കലങ്ങോട്ടെ കർഷകൻ അക്കരെ വീട്ടിൽ പുന്നപ്പള്ളി അച്യുതൻ നായർ, ഇയ്യാക്കിൽ പാലത്തിൽ ഉണ്ണിപ്പുറയാൻ തട്ടാൻ, ചേലക്കരമ്പയിൽ ചേട്ടിച്ചിപ്പു, മേലേടത്ത് ശങ്കരൻ നായർ എന്നിവരാണ് കൊല്ലപ്പെട്ട ഹിന്ദുക്കൾ.
മൂടിവെക്കാനുള്ള എല്ലാ ശ്രമങ്ങളെയും മറികടന്നു കൂട്ടക്കൊല വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചു. ഗ്രേറ്റ് ബ്രിട്ടനിലെ മനുഷ്യരുടെ സംസ്കാരത്തെ ലോകത്തിനു മുന്നിൽ ഇടിച്ചുതാഴ്ത്തിയ സംഭവമെന്ന് ലണ്ടൻ ടൈംസ് എഴുതി. ഹിച്ച്കോക്കിനെ പേരെടുത്തു പറഞ്ഞ് ഇയാളെ വിചാരണ ചെയ്തു വധിക്കേണ്ട കേസാണിതെന്ന് പത്രത്തിെൻറ ബോംബെ ലേഖകൻ എഴുതി. പക്ഷേ, അന്നും മലയാള- ഇന്ത്യൻ പത്രങ്ങൾ ബ്രിട്ടീഷ് ഭരണകൂടം നൽകിയ വ്യാജ ഭാഷ്യങ്ങൾ തന്നെ പകർത്തി എഴുതുകയായിരുന്നു. മാപ്പിള പ്രിസനേഴ്സ് ട്രാജഡി, പോത്തന്നൂർ ട്രെയിൻ ട്രാജഡി, മലബാർ ട്രെയിൻ ട്രാജഡി എന്നൊെക്കയാണ് ബ്രിട്ടീഷുകാർ ഈ സംഭവത്തെ വിളിച്ചിരുന്നത്.
മലബാർ സമരത്തിൽ പലയിടത്തായി നേരിട്ട പരാജയങ്ങൾക്ക് പ്രതികാരമായാണ് ഹിച്ച്കോക്ക് വാഗൺ നരഹത്യയെ കണ്ടത്.
ക്രൂരതകൾക്ക് പുകൾപെറ്റ ബ്രിട്ടിഷ് സൈന്യവും പൈശാചികതകൾ അറപ്പില്ലാതെ ചെയ്തുകൂട്ടുന്ന ചിൻകചിനുകളും ഗൂർഖകളും ചേർന്ന് മലബാറിനെ ചവിട്ടി അരക്കുകയായിരുന്നു. ബ്രിട്ടീഷ് സൈന്യം മാപ്പിളമാരുടെ ശാന്തമായ ജീവിതാന്തരീക്ഷം കലുഷിതമാക്കിയതാണ് മലബാർ സമരം സായുധ പോരാട്ടവഴിയേ തിരിയാൻ പ്രധാന കാരണം.
വിവാദങ്ങൾക്ക് ചൂട് പിടിച്ചപ്പോൾ വാഗൺ നരഹത്യ അന്വേഷിക്കാൻ എ.എൻ. നാപ്പ് നിയോഗിക്കപ്പെട്ടു. പെയിൻറ് അടിച്ചതിനാൽ വാഗണിെൻറ ദ്വാരങ്ങൾ അടഞ്ഞു പോയതാണെന്നു പട്ടാളം മൊഴി കൊടുത്തു. റെയിൽവേ നല്ല വാഗൺ കൊടുക്കാത്തതുകൊണ്ടാണ് സംഭവം നടന്നതെന്നാണ് കമീഷൻ കണ്ടെത്തിയ കാരണം. സംഭവത്തിെൻറ ഉത്തരവാദികൾ വാഗൺ നിർമിച്ച കമ്പനി ആണെന്ന നിഗമനത്തിൽ കമീഷൻ അന്വേഷണം അവസാനിപ്പിച്ചു. വാഗൺ ഏൽപ്പിച്ചുകൊടുത്ത ട്രാഫിക് ഇൻസ്പെക്ടറുടെ തലയിൽ കുറ്റം ചുമത്തി ഹിച്ച്കോക്ക് തടിയൂരി. 'ഡയർ ഓഫ് മലബാർ' എന്ന് വിളിക്കപ്പെട്ടിരുന്ന റെയിൽവേ സർജൻറ് ആൻഡ്രൂസും മറ്റൊരു സാദാ പൊലീസുകാരനും മാത്രം ഉത്തരവാദികളായി.
വാഗൺ നരഹത്യയുടെ പേരിൽ ആരും ശിക്ഷിക്കപ്പെട്ടില്ല. എന്നാൽ, കേണൽ ആൻഡ്രൂസ് ഭ്രാന്തനായി മാറി. 32 തവണയായി 2000 പേരെ ഇതിനു മുമ്പും ഇങ്ങനെ വാഗണുകളിൽ കയറ്റി അയച്ചിട്ടുണ്ടെന്ന് ഹിച്ച്കോക്ക് തന്നെ വെളിപ്പെടുത്തുകയുണ്ടായി. എന്നാൽ, അവ വായു കടക്കാത്ത ബോഗികൾ അല്ലായിരുന്നു.
കമീഷൻ അംഗമായിരുന്ന കല്ലടി മൊയ്തീൻ കുട്ടി സാഹിബ് റിപ്പോർട്ടിൽ എഴുതിയ വിയോജന കുറിപ്പ് അന്നത്തെ കുപ്രസിദ്ധനായ ബ്രിട്ടീഷ് പൊലീസ് ഇൻസ്പെക്ടർ ആമു സൂപ്രണ്ട് മാറ്റി എഴുതി ഒപ്പിടുവിച്ചതായി എ.കെ കോഡൂർ തെൻറ ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒടുവിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 300 രൂപ വീതം നഷ്ടപരിഹാരം നൽകാൻ മദിരാശി സർക്കാർ ഉത്തരവിട്ടു. എന്നാൽ, രക്തസാക്ഷികളുടെ ബന്ധുക്കൾ ആ പണം വാങ്ങാൻ പോയില്ല. പക്ഷേ, സമരവിരുദ്ധരായ ഒറ്റുകാർ തന്നെ ഈ തുകയും കൈക്കലാക്കി ഏറനാട്ടിലെ പ്രമാണികളായിത്തീർന്നു.
കുരുവമ്പലത്തിെൻറ മക്കൾ
പെരിന്തൽമണ്ണ താലൂക്കിലെ പുലാമന്തോൾ പഞ്ചായത്തിലെ കൊച്ചു ഗ്രാമമായ കുരുവമ്പലം ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത് വാഗൺ നരഹത്യയിൽ കൊല്ലപ്പെട്ട 72 പേരിലുൾപ്പെട്ട 41 രക്തസാക്ഷികളുടെ പേരിലാണ്. തങ്ങളുടെ പ്രിയങ്കരനായ കുഞ്ഞുണ്ണീൻ മുസ്ലിയാരെ അന്യായമായി അറസ്റ്റ് ചെയ്തപ്പോൾ ചോദിക്കാൻ ചെന്ന 41 ചെറുപ്പക്കാരെയും അറസ്റ്റ് ചെയ്തു തടവിലിടുകയായിരുന്നു. വാഗണിൽ കുത്തി നിറക്കപ്പെട്ടവരിൽ ഭൂരിപക്ഷവും ഈ നാട്ടുകാരായത് അങ്ങനെയാണ്.
മലബാർ സമരത്തെ വർഗീയലഹളയും ഹിന്ദുവിരുദ്ധവും ഒക്കെയാക്കി ചിത്രീകരിക്കുന്നവർ തോറ്റുപോകുന്നത് വാഗൺ നരഹത്യക്ക് മുന്നിലാണ്. ഈ കൂട്ടക്കൊലക്ക് മുന്നിൽ കണ്ണടച്ച് കടന്നുകളയാറാണ് ബ്രിട്ടീഷ് അനുകൂല എഴുത്തുകാരും നാടൻ സായിപ്പുമാരും ചെയ്യുന്നത്. മലബാർ സമരത്തെ ഭീകരവത്കരിച്ചതുപോലെ ഈ നരഹത്യ നടന്നിട്ടേയില്ല എന്ന സിദ്ധാന്തവുമായി നാഗ്പൂർ വിലാസം ചരിത്രകാരന്മാർ രംഗത്തിറങ്ങുന്ന കാലവും വിദൂരമല്ല.
(അവലംബം: വാഗൺ ട്രാജഡി സ്മരണിക 1981, അബ്ദു ചെറുവാടി, ആർമി ക്വാർട്ടർലി റിവ്യൂ, എ.കെ കോഡൂരിെൻറ ആംഗ്ലോ മാപ്പിള യുദ്ധം, 1923 ഏപ്രിൽ ജി ഒ നമ്പർ 290ൽ നിന്നുള്ള വിവരങ്ങൾ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.