Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകള്ളപ്പണമല്ല, മുഖ്യ...

കള്ളപ്പണമല്ല, മുഖ്യ ഉന്നം മോദിയുടെ താല്‍പര്യ സാക്ഷാത്കാരം

text_fields
bookmark_border
കള്ളപ്പണമല്ല, മുഖ്യ ഉന്നം മോദിയുടെ താല്‍പര്യ സാക്ഷാത്കാരം
cancel

കറന്‍സി മരവിപ്പിക്കല്‍ നടപടി ഇതിന് മുമ്പും ഇന്ത്യയില്‍ നടപ്പാക്കപ്പെടുകയുണ്ടായി. എന്നാല്‍, അവയൊന്നും ഇപ്പോഴത്തെ അളവില്‍ സാധാരണ ജനജീവിതത്തെ ക്ളേശപൂര്‍ണമാക്കിയിരുന്നില്ല. ഇത്രയൊന്നും പ്രയാസം സൃഷ്ടിക്കാതെ ഈ പരിഷ്കാരം നടപ്പാക്കാമായിരുന്നില്ളേ എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. അതേ, നടപ്പാക്കാന്‍ സാധിക്കുമായിരുന്നു. പക്ഷേ, എന്തുകൊണ്ട് ആ സുഗമമായ രീതി അവലംബിക്കപ്പെട്ടില്ല? ഈ ചോദ്യത്തിന് സര്‍ക്കാര്‍ സ്പഷ്ടമായൊരു മറുപടി നല്‍കുന്നില്ല. വേണ്ടത്ര ആസൂത്രണം ഉണ്ടായില്ളെന്ന് ചിലര്‍ വേവലാതിപ്പെടുമ്പോള്‍ തീരുമാനം ചോര്‍ന്നുപോകാതിരിക്കുക എന്ന ലക്ഷ്യമായിരുന്നു മിന്നല്‍ പ്രഖ്യാപനത്തിന് കാരണമെന്ന് മറ്റ് ചിലര്‍ ന്യായീകരണം നിരത്തുന്നു. എന്നാല്‍, ഈ തീരുമാനത്തിന് പിന്നില്‍ സാമ്പത്തികമോ സൈനികമോ ആയ ലക്ഷ്യങ്ങളല്ല പ്രവര്‍ത്തിച്ചിരുന്നത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രമാണ് തീരുമാനത്തിന് പിന്നിലെ യഥാര്‍ഥ പ്രേരണ.

കള്ളപ്പണക്കാരെ വേട്ടയാടുകയായിരുന്നു ഉന്നമെന്ന് വേണമെങ്കില്‍ നിങ്ങള്‍ക്ക് വാദിക്കാം. പൊടുന്നനെയുള്ള തീരുമാനത്തിന്‍െറ നേട്ടകോട്ടങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിക്കുന്നതിന്‍െറ മേന്മകള്‍ എല്ലാം ചര്‍ച്ചാവിഷയങ്ങളാക്കാം. പുതിയ നോട്ടിന്‍െറ വിനിമയക്ഷമത ഇല്ലായ്മയെ സംബന്ധിച്ചോ എ.ടി.എം സൗകര്യങ്ങള്‍ വേണ്ടത്ര ലഭ്യമാകുന്നില്ല എന്ന പ്രശ്നത്തെ സംബന്ധിച്ചോ നമുക്ക് സംവാദം നടത്താം. പ്രചാരത്തിലിരുന്ന നോട്ടുകളില്‍ 86 ശതമാനം വരുന്ന 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് ജനങ്ങളില്‍ സൃഷ്ടിച്ച പ്രയാസങ്ങളെ സംബന്ധിച്ച ചര്‍ച്ചകളും ആവാം. ജപ്പാന്‍-ചൈന പര്യടനങ്ങള്‍ കഴിഞ്ഞ് തിരിച്ചത്തെുമ്പോള്‍ ഈ പ്രശ്നങ്ങള്‍ക്ക് നരേന്ദ്ര മോദി പോംവഴികള്‍ നിര്‍ദേശിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷ പുലര്‍ത്തുകയുണ്ടായി.

ഞാന്‍, ഞാന്‍ മാത്രം
വിദേശപര്യടനം കഴിഞ്ഞ് മടങ്ങിയത്തെിയ ഉടന്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണങ്ങള്‍ ആശ്ചര്യമുളവാക്കുന്നതായിരുന്നു. ഗോവ, ബെല്‍ഗാവി, പുണെ എന്നിവിടങ്ങളില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത മോദി ജനങ്ങളുടെ ആവലാതികള്‍ക്ക് പരിഹാരം നിര്‍ദേശിക്കുന്നതിന് പകരം എല്ലാം തന്നിലേക്ക് കേന്ദ്രീകരിക്കുന്ന ആഖ്യാന കസര്‍ത്തുകളാണ് നടത്തിയത്. തന്‍െറ രാഷ്ട്രീയജീവിതം, കരുത്തരായ ശത്രുക്കള്‍ തന്നെ ഉന്മൂലനം ചെയ്തേക്കുമെന്ന ആശങ്ക തുടങ്ങിയ സ്വാത്മകേന്ദ്രിതമായ വാചാടോപങ്ങള്‍. അദ്ദേഹത്തിന്‍െറ വാക്കുകള്‍ നോക്കുക. ‘‘ഏതുതരം ആള്‍ക്കാരാണ് ഇപ്പോള്‍ എന്നെ എതിര്‍ക്കുന്നത് എന്ന് എനിക്കറിയാം. അവര്‍ എന്നെ ജീവനോടെ വിടില്ല. എന്നെ നശിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.’’

കറന്‍സി മാറ്റം മൂലം കടുത്ത ക്ളേശങ്ങള്‍ ഏറ്റുവാങ്ങിയ സാധാരണ ജനങ്ങളല്ല സഹതാപാര്‍ഹര്‍. താന്‍ മാത്രമാണ് സര്‍വരുടെയും സഹതാപം അര്‍ഹിക്കുന്നത് എന്ന അന്തര്‍ഗതമായിരുന്നു ഓരോ വാക്കിലും പ്രകടമായത്.

സര്‍ക്കാറിന്‍െറ നീക്കങ്ങളെ ചോദ്യം ചെയ്യുന്നവരുടെ കുടില ചിത്രമാണ് അദ്ദേഹത്തിന്‍െറ വാക്കുകള്‍ നമുക്ക് സമ്മാനിക്കുന്നത്. അദ്ദേഹത്തിന്‍െറ പ്രഭാഷണങ്ങള്‍ പിന്തുടരുന്നവര്‍ക്ക് ഈ തന്ത്രം അനായാസം വ്യക്തമാകും. ‘ഏഴ് ദശകം ഭരണം നടത്തി രാജ്യം കൊള്ളയടിച്ചവര്‍’ തുടങ്ങിയ പ്രയോഗങ്ങളിലൂടെ മോദി നേരത്തേതന്നെ ജനഹൃദയങ്ങളില്‍ മുന്‍ധാരണകള്‍ പ്രതിഷ്ഠിക്കുകയുണ്ടായി. കോണ്‍ഗ്രസ് = അഴിമതിക്കാര്‍ = കള്ളപ്പണക്കാര്‍ = വരേണ്യവിഭാഗം = ഉദാര ചിന്താഗതിക്കാര്‍ = മോദി വിമര്‍ശകര്‍ = ദേശവിരുദ്ധര്‍ = രാജ്യം തകര്‍ക്കുന്ന ദുഷ്ടവിഭാഗങ്ങള്‍ എന്നതാണ് അദ്ദേഹം അവതരിപ്പിച്ചുവരുന്ന സമവാക്യം. ഒപ്പം നല്ല ജനങ്ങള്‍ = യഥാര്‍ഥ ദേശസ്നേഹികള്‍ = മോദിയും മോദിയുടെ അനുകൂലികളും = കോണ്‍ഗ്രസ് വിരുദ്ധര്‍ = അഭിമാനികളായ ഹിന്ദുക്കള്‍ എന്ന സമവാക്യവും അദ്ദേഹം രചിക്കുന്നു.

ഈ സമവാക്യത്തിലേക്ക് ആവശ്യാനുസരണം ഇതര ശത്രുവിഭാഗങ്ങളെ ചേര്‍ക്കാം. ഈറന്‍മിഴികളോടെ മോദി നടത്തിയ പ്രഭാഷണം അദ്ദേഹത്തിന്‍െറ മറ്റ് തന്ത്രങ്ങള്‍ ഒന്നുകൂടി വ്യക്തമാക്കുന്നു. രാഷ്ട്രീയത്തിന്‍െറ ധാര്‍മികവത്കരണത്തിനാണ് തന്‍െറ ശ്രമമെന്ന അവകാശവാദം, വൈകാരികതയെ രാഷ്ട്രീയത്തില്‍ പ്രതിഷ്ഠിക്കല്‍, നിങ്ങള്‍ മോദിയെ പിന്തുണക്കുന്നുവോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിലേക്ക് വിഷയങ്ങളെ ന്യൂനീകരിക്കുന്ന രീതി.

ദേശത്തിന് വേണ്ടിയുള്ള ത്യാഗം
മോദിയുടെ ആഖ്യാന സാമര്‍ഥ്യങ്ങള്‍ ലക്ഷ്യം നേടുന്നു എന്നാണ് എന്‍െറ അനുമാനം. ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ ക്യൂവില്‍ നില്‍ക്കുമ്പോള്‍ അക്കാര്യം വെളിപ്പെടും. രാജ്യനന്മക്കുവേണ്ടി മോദി നടത്തിയ ധീരമായ ചുവടുവെപ്പായാണ് ക്യൂവിലെ പല സാധാരണക്കാരും കറന്‍സി മാറ്റത്തെ പ്രശംസിക്കുന്നത്.

വലിയൊരു വിഭാഗം ജനങ്ങള്‍ മോദിയുടെ വാക്കുകളില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്ന് മാത്രമല്ല രാജ്യത്തിന്‍െറ പൊതുക്ഷേമത്തിനായി തങ്ങള്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ച് ത്യാഗം ചെയ്യുന്നതായും അവര്‍ കരുതുന്നു. 50 ദിവസത്തെ ക്ളേശങ്ങള്‍ വഴി കള്ളപ്പണത്തില്‍നിന്ന് വിമുക്തി നേടി രാജ്യം പവിത്രീകരിക്കപ്പെടാനിരിക്കെ ചെറിയ പ്രയാസങ്ങളെ സംബന്ധിച്ച് ആവലാതികള്‍ എന്തിനെന്ന് ചിന്തിക്കുകയാണ് അത്തരക്കാര്‍.

കറന്‍സി അസാധുവാക്കിയ നടപടിക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും അഭ്യര്‍ഥിക്കുന്നതില്‍ അവസാനിപ്പിക്കുന്നില്ല അദ്ദേഹത്തിന്‍െറ കൗശലപൂര്‍ണമായ ആഖ്യാനങ്ങള്‍. ശത്രുക്കളില്‍നിന്ന് തന്നെ സംരക്ഷിച്ചുകൊണ്ട് രാജ്യത്തെ സംരക്ഷിക്കാന്‍ തയാറാവുക എന്ന ആഹ്വാനമാണ് പ്രധാനമന്ത്രി മുഴക്കുന്നത്. ഇത്തരം തീരുമാനങ്ങളില്‍നിന്ന് ശത്രുക്കള്‍ക്ക് തന്നെ പിന്തിരിപ്പിക്കാന്‍ സാധ്യമല്ളെന്നും തന്നെ ജീവനോടെ ചാമ്പലാക്കാന്‍ അവര്‍ ശ്രമിച്ചാലും പിന്മാറുന്ന പ്രശ്നമില്ളെന്നുമുള്ള വൈകാരിക ഉദ്ദീപനരീതികള്‍ പരിശോധിക്കുക. രാജ്യത്തിന്‍െറ പരമോന്നത പദവിയില്‍ വാഴുന്ന, പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുള്ള ഒരു പാര്‍ട്ടിയുടെ സമുന്നത നേതാവില്‍നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍!

പ്രതിച്ഛായ നിര്‍മിതി
ഗോസംരക്ഷാവാദികള്‍ ആക്രമണ പരമ്പരകള്‍ അഴിച്ചുവിട്ട ഘട്ടത്തില്‍ മോദി നടത്തിയ മറ്റൊരു പ്രസ്താവന ഇപ്രകാരമായിരുന്നു. ‘‘ആവശ്യമാണെങ്കില്‍ നിങ്ങള്‍ എനിക്കുനേരെ വെടിവെച്ചോളൂ, ദലിതുകള്‍ക്കുനേരെ അത് വേണ്ട.’’ ജനാധിപത്യ വ്യവസ്ഥയില്‍ ആരും ആര്‍ക്കുനേരെയും നിറയൊഴിക്കേണ്ടതില്ല. ദലിതുകള്‍ക്ക് നേരെയുള്ള ഹിംസകളെ അപലപിക്കാന്‍ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നില്ളേ? അപലപിച്ചിരുന്നെങ്കില്‍ തന്‍െറ ഭരണത്തിന് കീഴില്‍ ദലിത് പീഡനങ്ങള്‍ നടക്കുന്നു എന്ന കുറ്റസമ്മതമായി അത് വ്യാഖ്യാനിക്കപ്പെടാം. അപ്പോള്‍ പ്രശ്നത്തെ പ്രച്ഛന്നമാക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് ദലിതുകളെ വിട്ട് എന്നെ വേട്ടയാടുക എന്ന പുതിയ ആഖ്യാനത്തെ കൂട്ടുപിടിക്കുകയായിരുന്നു പ്രധാനമന്ത്രി.

പ്രശ്നത്തെ സ്വന്തത്തിലേക്ക് കേന്ദ്രീകരിക്കുന്ന ഈ രീതിയാണ് കറന്‍സി റദ്ദാക്കല്‍ നടപടിയിലും അവലംബിക്കപ്പെട്ടത്. ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട് നാടകീയമായായിരുന്നു ആ പ്രഖ്യാപനം. ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് മീതെ മറ്റാരുമില്ളെന്നരീതിയില്‍ വന്‍ സാമ്പത്തിക പ്രത്യാഘാത പരമ്പരകള്‍ക്ക് തിരികൊളുത്തുന്ന മര്‍മപ്രധാനമായ തീരുമാനം ഏകപക്ഷീയമായി പ്രഖ്യാപിക്കപ്പെട്ടു. രാഷ്ട്രീയനേതാക്കളുമായും മാധ്യമപ്രവര്‍ത്തകരുമാരും സംവാദങ്ങള്‍ നടത്താനുള്ള വിമുഖതയുടെ കാരണങ്ങളും ഈ ശൈലികളില്‍ നിന്ന് ഊഹിക്കാനാകും.

തുല്യനില ഇല്ലാത്തവരുമായി നടത്തുന്ന ചര്‍ച്ച തന്‍െറ ഒൗന്നത്യത്തില്‍ ഇടിവുണ്ടാക്കുമെന്ന ധാരണയാണ് പ്രധാനമന്ത്രിയെ നയിക്കുന്നത്. തന്‍െറ വിദേശപര്യടനങ്ങളിലും ഇത്തരം സ്വാത്മ കേന്ദ്രീകരണരീതികള്‍ അവലംബിക്കപ്പെടുന്നു. തനിക്ക് ആശയവിനിമയം നടത്താന്‍ യോഗ്യതയുള്ളവര്‍ ബറാക് ഒബാമ, ഫ്രാങ്സ്വാ ഓലന്‍ഡ്, ടോണി അബോട്ട് തുടങ്ങിയ ലോകനേതാക്കള്‍ മാത്രമാണെന്ന പ്രതീതി സൃഷ്ടിക്കുന്നതില്‍ അദ്ദേഹം സായൂജ്യം കണ്ടത്തെുന്നു. ചോദ്യങ്ങളുന്നയിക്കാത്ത വിനീതവിധേയരായ ആജ്ഞാനുവര്‍ത്തികളാണ് അദ്ദേഹത്തിന് ഇന്ത്യയില്‍ വേണ്ടത്.

ഇന്ത്യന്‍ ജനാധിപത്യം കരുത്തുറ്റതായി നിലനില്‍ക്കണമെങ്കില്‍ പ്രധാനമന്ത്രിയെ പോലും തുല്യനിലയില്‍നിന്ന് ചോദ്യം ചെയ്യാന്‍ ത്രാണിയുള്ള രാഷ്ട്രീയ നേതാക്കള്‍ അനിവാര്യമാണ്. പ്രധാനമന്ത്രി പദവിയില്‍ അവരോധിക്കപ്പെട്ട ദിവസം മുതല്‍ മാധ്യമങ്ങളുടെ സഹായം കൂടാതെതന്നെ ദേശീയരാഷ്ട്രീയത്തിന്‍െറ ആഖ്യാനഭാഷയെ നരേന്ദ്രമോദി സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരികയുണ്ടായി. രാജ്യത്തിന്‍െറ ഭാഗധേയ നിര്‍മിതിയില്‍ തനിക്കുള്ള നിയന്ത്രണാധികാരത്തിനെതിരെ ഉയരുന്ന ഏത് ബദലുകളെയും നിരാകരിക്കുന്നതിന് തന്‍െറ ആഖ്യാനരീതികള്‍ കൂടുതല്‍ ശക്തമായി പ്രയോജനപ്പെടുത്തുമെന്ന സന്ദേശം കറന്‍സി പിന്‍വലിക്കല്‍ തീരുമാനം പുറത്തുവിട്ട ഘട്ടത്തില്‍ അദ്ദേഹം തെളിയിക്കുകയും ചെയ്തു.

മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി വന്‍കിട ബിസിനസ് ലോബികള്‍ കാര്യമായ മുതല്‍മുടക്ക് നടത്തിയതായി പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു. അതേസമയം മോദിയുടെ വിജയത്തിനുവേണ്ടി എണ്ണമറ്റ സാധാരണക്കാര്‍ വൈകാരികനിക്ഷേപം നടത്തുകയുണ്ടായി എന്ന വസ്തുത അവഗണിക്കുകയാണ് മോദിയുടെ പ്രതിയോഗികള്‍. തങ്ങളുടെ നേതാവിന് സദ്ഫലം സിദ്ധിക്കുമെങ്കില്‍ ഇപ്പോഴത്തെ ക്ളേശങ്ങളെ ക്ഷമാപൂര്‍വം അഭിമുഖീകരിക്കാന്‍ സന്നദ്ധരുമാണവര്‍.

ഓരോ പ്രതിസന്ധിയും മോദിക്ക് അനുകൂലമായി രൂപാന്തരപ്പെടുത്തുന്ന തന്ത്രങ്ങള്‍ ഇനിയും നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍, ജനാധിപത്യ വിശ്വാസികളെ ആശങ്കാകുലരാക്കുന്ന സുപ്രധാനവിഷയം മറ്റൊന്നാണ്. പ്രതിപക്ഷം അനുഭവിക്കുന്ന ആശയദാരിദ്ര്യവും ഭാവനയില്ലായ്മയുമാണത്. ജനാഭിലാഷം തുടിച്ചുനില്‍ക്കുന്ന ശക്തമായൊരു ബദല്‍ ആഖ്യാനം രൂപപ്പെടുത്തുന്നതില്‍ പ്രതിപക്ഷം പരാജയപ്പെടുന്നപക്ഷം 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയെ വെല്ലുന്നതില്‍ വീണ്ടും അവര്‍ക്ക് തോല്‍വി സംഭവിക്കും.
കടപ്പാട്: ദ ഹിന്ദു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fake currencycurrency demonetization
News Summary - not about fake currency; the main aim is to fulfil modi's personal interest
Next Story