തിന്മയല്ല; നീതിയാണുയിർക്കുക
text_fieldsതന്നെ അനുധാവനം ചെയ്യാൻ സൃഷ്ടിച്ചവൻ സൃഷ്ടിയുടെ ഉള്ളത്തിൽ ചെറിയൊരു സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. നിർവചനത്തിനതീതമായ ഇതിനെ മനസ്സ്, ആത്മാവ് എന്നിങ്ങനെ മനുഷ്യർ പറയുന്നു. എന്തായാലും ഇതു നിഷേധിക്കാനാവാത്ത ഒരു അനുഭവമാണെന്ന് പ്രത്യക്ഷത്തിൽ ഈശ്വരനിൽ വിശ്വസിക്കാത്തവരായ സത്യസന്ധത കൈവിടാത്തവർ രഹസ്യമായെങ്കിലും പറയും. ക്രിസ്തുമതാനുയായികൾ തങ്ങളുടെ വിശ്വാസത്തെ ബോധ്യത്തിന്റെ തലത്തിലേക്ക് ഉയർത്തുന്നത് മുഖ്യമായും തപസ്സിന്റെ മാർഗത്തിലൂടെയാണ്.
വലിയ നോമ്പ് നാൽപതു ദിവസവും ചെറിയ നോമ്പ് ഇരുപത്തിയഞ്ച് ദിവസവുമാണ്. ആദ്യത്തേത് ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിക്കുന്ന ദുഃഖവെള്ളിയാഴ്ച ഉൾപ്പെടെയുള്ള പ്രാർഥന - ഉപവാസദിനങ്ങളാണ്. മനുഷ്യനിലെ ദുർവാസനകളെ ഹനിക്കുന്ന വർജനങ്ങളാണ് ഇക്കാലത്തിന്റെ സവിശേഷത. .
നാല്പതു ദിവസം നീണ്ടുനിൽക്കുന്ന വലിയനോമ്പിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാർഥനയാണ് ‘കുരിശിന്റെ വഴി’ അഥവ സ്ലീവാപാത. (WAY OF THE CROSS). നോമ്പിലെ എല്ലാ ദിവസവും പ്രത്യേകമായി വെള്ളിയാഴ്ചകളിലും ക്രൈസ്തവദേവാലയങ്ങളിൽ ഇത് ആചരിക്കുന്നു.
ദിവംഗതനായ പ്രശസ്ത സംഗീത സംവിധായകൻ ഫാദർ ആബേൽ സി.എം.ഐ രചിച്ച് സംഗീതം നൽകിയ ഭക്തിഗാനത്തിന്റെ അകമ്പടിയോടെ നടത്തപ്പെടുന്ന കാൽവരിമലയിലേക്കുള്ള തീർഥാടനത്തിൽ യേശുക്രിസ്തു അനുഭവിച്ച അതിദാരുണമായ അനുഭവങ്ങൾ പതിനാല് ഘട്ടങ്ങളിലായി വിഭജിച്ച് പാടി പ്രാർഥിക്കുമ്പോൾ പലപ്പോഴും കണ്ണുനീർതുള്ളികൾ ഇറ്റിറ്റായി വീണുപോകും.
റോമൻ ചക്രവർത്തിയായിരുന്ന പീലാത്തോസിന്റെ അരമനയിൽവെച്ച് വിചാരണയില്ലാതെ കുരിശിലെ മരണത്തിന് വിധിക്കപ്പെടുന്നതാണ് ഒന്നാംസ്ഥലം എന്നപേരിൽ അറിയപ്പെടുന്നത്. കാൽവരി എന്ന ചെറിയൊരു മലയിലാണ് യേശുവിനെ ജീവനോടെ മരംകൊണ്ട് നിർമിച്ച കുരിശിൽതറച്ചത്.
ഭാരമേറിയ മരക്കുരിശ് പേറിപ്പിച്ചുകൊണ്ട്, ചാട്ടവാറടി തുടങ്ങിയ പീഡനമുറകളുടെ അകമ്പടിയോടെ കുരിശിന്റെ വഴിയിലൂടെ പടയാളികൾ യേശുവിനെ വലിച്ചിഴച്ചുകൊണ്ടുപോകുന്നു. അധികാരികളോടുള്ള ഭയംമൂലം യേശുവിന്റെ പ്രിയശിഷ്യന്മാർപോലും രംഗത്തുവന്നില്ല.
എങ്കിലും സ്വന്തം അമ്മ മറിയവും ചുരുക്കം ഭക്തസ്ത്രീകളും അദ്ദേഹത്തിന്റെ സഹനയാത്രയിലുണ്ടായിരുന്നു. കടുത്ത ചൂടിൽ അനുഭവപ്പെട്ട ദാഹം, വിയർപ്പിലൂടെ നഷ്ടപ്പെട്ട ധാതുലവണങ്ങൾ, ചമ്മട്ടിയടി സൃഷ്ടിച്ച മുറിവുകളിൽനിന്നുള്ള രക്തനഷ്ടം എന്നിവമൂലം മൂന്നുപ്രാവശ്യം കുരിശോടുകൂടെ യേശു നിലത്തുവീഴുന്നുണ്ട്.
ജീവനോടെ വധിക്കണമെന്നുള്ള രാജകല്പന നിറവേറ്റാൻ പടയാളികൾ വലിച്ചും ഉന്തിയും തള്ളിയും യേശുവിനെ കാൽവരിമലയിലെ മുകൾപ്പരപ്പിൽ എത്തിച്ച് വിവസ്ത്രനാക്കി. കുരിശിന്റെ രണ്ടുഭാഗങ്ങളിലായി നേരത്തേ തയാറാക്കിയിരുന്ന ആണിപ്പഴുതുകളിലേക്ക് കൈകൾ ശക്തമായി വലിച്ച് ആണികൾ അടിച്ചിറക്കി.
കുരിശിൽ തൂങ്ങിക്കിടന്നപ്പോൾ സ്വതന്ത്രമായി ശ്വസിക്കാനും സാധിക്കാതിരുന്നതിനാൽ ശരീരത്തിൽ പ്രാണവായുവിന്റെ അളവുകുറയുകയും കാർബൺ ഡൈയോക്സൈഡിന്റെ തോത് വർധിക്കുകയും ചെയ്തപ്പോൾ ‘ലാക്റ്റിക് എസിഡോസിസ്’ (LACTIC ACIDOSIS) എന്ന രാസപ്രതിഭാസത്താൽ പിടഞ്ഞുമരിക്കേണ്ടിവന്നു (അവലംബം: A DOCTOR AT CALVARY എന്ന ഗവേഷണഗ്രന്ഥം).
യേശുവിനെ ദൈവമായി കണ്ട നിക്കോദേമോസ്, യൗസേപ്പ് എന്നീ അനുയായികൾ മൃതദേഹം കുരിശിൽനിന്നിറക്കി സ്വന്തം അമ്മയുടെ മടിയിൽ അല്പസമയം കിടത്തിയശേഷം (മൈക്കിൾ ആഞ്ജലോയുടെ പ്രശസ്തമായ ‘പിയത്ത’ ഈ രംഗത്തിന്റെ ശിൽപാവിഷ്കാരമാണ്) കല്ലറയിൽ ആചാരപ്രകാരം സംസ്കരിച്ചു. ഇതു കുരിശിന്റെ വഴിയിലെ അവസാനത്തേതും പതിനാലാമത്തേതുമായ പ്രധാന ധ്യാനമുഹൂർത്തമാണ്.
പതിനഞ്ചാം നൂറ്റാണ്ടുമുതൽ ‘വിയ സാക്ര’ എന്ന ആദ്യപേരിൽ ഈ ഭക്തകൃത്യം ആരംഭിച്ചത് ‘രണ്ടാം ക്രിസ്തു’ എന്ന പേരിൽ അറിയപ്പെടുന്ന ഫ്രാൻസിസ് അസ്സീസി എന്ന വിശുദ്ധന്റെ അനുയായികളായ കപ്പൂച്ചിൻ സന്യാസികളാണ്. ലോകത്തിലെ എല്ലാ ഭാഗത്തുള്ളവർക്കും കാൽവരി തീർഥാടനം സാധ്യമല്ലാത്തതുകൊണ്ട് ആത്മീയമായി പ്രാദേശികമായ ഈ കർമം അനുഷ്ഠിക്കാനുള്ള ഒരു മാർഗമായിരുന്നു ഇത്.
രക്തസാക്ഷികളുടെ പൂങ്കാവനമായ റോമിലെ കൊളോസിയം എന്ന തുറന്നവേദിയിൽ ദുഃഖവെള്ളിയാഴ്ചകളിൽ നടത്തിവരുന്ന കുരിശിന്റെ വഴിക്ക് മാർപാപ്പമാർ തന്നെയാണ് ഇന്നും നേതൃത്വം നൽകുന്നത്. നടക്കുവാൻ ബുദ്ധിമുട്ടുള്ളതിനാൽ ഫ്രാൻസിസ് പാപ്പ വീൽചെയറിൽ ഇരുന്ന് ഈ പ്രാർഥനയിൽ പങ്കെടുത്ത് യേശുക്രിസ്തുവെന്ന രക്തസാക്ഷി മുതൽ നീതിക്കുവേണ്ടി സ്വയം ബലിയായിത്തീരുന്നവരെ വരെ ഓർത്തുപ്രാർഥിക്കുന്നു.
ഇന്ത്യയിൽനിന്നുള്ള ദേവസഹായം, റാണിമരിയ, സ്റ്റാൻ ലൂർദ് സ്വാമി എന്നിവരെല്ലാം സവിശേഷമായി അനുസ്മരിക്കപ്പെടും. സമാധാനത്തിനും സ്വാതന്ത്ര്യത്തിനുംവേണ്ടി ജീവൻ സമർപ്പിച്ച മഹാത്മജി, മാർട്ടിൻ ലൂഥർ കിങ്, ഓസ്കാർ റൊമെയ്റോ എന്നിവരെല്ലാം രക്തസാക്ഷികളുടെ ഗണത്തിലാണല്ലോ ഉൾപ്പെടുന്നത്.
സാധാരണയായി കുരിശിന്റെ വഴി യേശുക്രിസ്തുവിന്റെ മൃതസംസ്കാര അനുസ്മരണത്തോടെയാണ് സമാപിക്കുക. എന്നാൽ, അത്യപൂർവമായി യേശുവിന്റെ മഹത്ത്വപൂർണമായ ഉത്ഥാനം (ഈസ്റ്റർ) വിചിന്തനത്തോടെയാണ് പൂർണമാകുന്നത്. വേദനകൾക്കപ്പുറം സന്തോഷത്തിന്റെ ഒരു ഉയിർത്തെഴുന്നേൽപ് ഉണ്ട് എന്ന പ്രത്യാശ മനുഷ്യനിലനില്പിന് അനിവാര്യതയാണ്.
സഹനം അതിൽത്തന്നെ അവസാനിക്കുന്നില്ലെന്നും തിന്മക്കുമേൽ നന്മയുടെ സൂര്യോദയം കാത്തിരിക്കുന്നുണ്ടെന്നുമുള്ള ബോധ്യം, സമൂഹത്തിനെ പ്രശോഭിതമാക്കും. അതിനാൽ, യേശുവിന്റെ മഹത്ത്വപൂർണമായ ഉത്ഥാനസ്മരണ കുരിശിന്റെ വഴിയിലെ പതിനഞ്ചാം ധ്യാനചിന്തയാക്കി ധ്യാനിക്കുന്നത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറുന്നു.
ലേഖകൻ തൃശൂർ അതിരൂപതയുടെ മുൻ വികാരി ജനറൽ ആണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.