വൃദ്ധസദനമല്ല, മാണിമന്ദിരം
text_fieldsമണ്ണുംചാരി നിന്നവൻ പെണ്ണുംകൊണ്ടു പോയി എന്നൊക്കെ പറഞ്ഞാൽ ഇതാണ്. കോൺഗ്രസുകാർ പിടിവലി നടത്തുന്നതിനിടയിൽ രാജ്യസഭ സീറ്റ് കേരള കോൺഗ്രസ് അടിച്ചുമാറ്റി. മിക്കവാറും അത് കെ.എം. മാണിക്കു തന്നെ. കോൺഗ്രസിലെ യുവാക്കൾക്ക് ആശ്വസിക്കാം. കോൺഗ്രസുകാരുടെ വൃദ്ധസദനമായി മാറിപ്പോയ രാജ്യസഭയിൽനിന്ന് ഒരാളെ കലാപത്തിനൊടുവിൽ അന്തസ്സായി കുടിയൊഴിപ്പിച്ചു. അങ്ങനെ കോൺഗ്രസുകാരുടെ വൃദ്ധസദനം മാണിസദനമാക്കാനും കഴിഞ്ഞു. ഇനി കോൺഗ്രസിന് രാജ്യസഭയിൽ കേരളത്തിൽനിന്ന് രണ്ടുപേർ ബാക്കിയുണ്ട്. പക്ഷേ, രണ്ടുമൂന്നു വർഷം കാത്തിരിക്കാതെ വയ്യ. അപ്പോൾ മാത്രമാണ് അവരുടെ കാലാവധി പൂർത്തിയാകുന്നത്. യുവകലാപത്തിന് അന്നേരംമാത്രമാണ് ഇനി സ്കോപ്. ഇങ്ങനെെയാക്കെ സംഭവിക്കുന്നതിനെയാണ് വൃദ്ധജനങ്ങൾ ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന് പറയുന്നത്.
ചോക്ലറ്റ് ബോയ്സ്
രാജ്യസഭ സീറ്റിെൻറ കാര്യമെടുത്താൽ, കോൺഗ്രസിൽ നടന്നത് യുവകലാപമല്ല; വെറും ചോക്ലറ്റ് കലാപം. ഉമ്മൻ ചാണ്ടിയെ പോലുള്ളവരുടെ അതിബുദ്ധിക്കു മുന്നിൽ വിളറുന്ന ചോക്ലറ്റ് ബോയ്സ് മാത്രമാണ് തങ്ങളെന്ന് തെളിയിക്കാൻ അവർക്ക് കഴിഞ്ഞു. കോൺഗ്രസിൽ തലമുറമാറ്റം വേണമെന്ന് ശക്തമായി വാദിക്കുന്നവരെപ്പോലും, അവരുെട അതിരുവിട്ട വായ്ത്താരികൾ നിശ്ശബ്ദരാക്കി എന്നതാണ് യാഥാർഥ്യം. ഇനി യുവാക്കൾക്ക് കെ.പി.സി.സി പ്രസിഡൻറ്, യു.ഡി.എഫ് കൺവീനർ സ്ഥാനങ്ങൾ ഉന്നമിട്ടു നീങ്ങാം. കോൺഗ്രസിൽ യുവന്യായങ്ങളല്ല, അതിബുദ്ധിയാണ് ജയിക്കുന്നതെന്ന് ഒരിക്കൽക്കൂടി തിരിച്ചറിഞ്ഞ് മടങ്ങാൻ അവസരം കിട്ടാതിരിക്കില്ല. കോൺഗ്രസിലെ പടവലങ്ങാവളർച്ച എം.എ. കുട്ടപ്പൻ എന്നൊരാൾ പണ്ടേ കണ്ടെത്തിയതാണ്.
ഒത്തുകളിച്ച് തയാറാക്കിയ തിരക്കഥ
രാജ്യസഭ സീറ്റ് മാണിക്ക് ദാനം നൽകിയതിൽ ഒത്തുകളി നടന്നിട്ടുണ്ടോ? മിഴിച്ചിരിക്കുന്നതിനിടയിലും കോൺഗ്രസുകാർ പരസ്പരം ചോദിച്ച് തല പുകക്കുന്നു. ഒത്തുകളി നടന്നിട്ടുണ്ടെന്ന് തുറന്നടിച്ച് രാഹുൽ ഗാന്ധിക്ക് കത്തെഴുതിയത് പി.ജെ. കുര്യനാണ്. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും ഒത്തുകളിച്ചുവെന്നാണ് അദ്ദേഹത്തിെൻറ ആരോപണം. 2012ലും തെൻറ പേരു വെട്ടാൻ ഉമ്മൻ ചാണ്ടി കളിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഒരിക്കൽകൂടി രാജ്യസഭയിലെത്താനുള്ള കുര്യെൻറ മോഹം അതിമോഹം തന്നെ. പക്ഷേ, ഒത്തുകളി ആേരാപണം വെറുതെ തള്ളിക്കളയാൻ പറ്റുന്നതല്ല. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർബന്ധത്തിനു വഴങ്ങി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും എം.എം. ഹസനും ഡൽഹിയിൽ വട്ടംകൂടിയിരുന്ന് ഞൊടിയിടക്ക് തീരുമാനമെടുത്ത് രാഹുൽ ഗാന്ധിയുടെ അടുത്തേക്ക് അനുമതിക്ക് ഒാടുകയായിരുന്നുവെന്ന് പറഞ്ഞു ഫലിപ്പിക്കാൻ കഴിഞ്ഞിരിക്കാം. എന്നാൽ, ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പു നേരത്ത് കെ.എം. മാണിയുടെ പാലായിലെ വീട്ടിലേക്ക് കുഞ്ഞാലിക്കുട്ടിയും ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഹസനും ചേർന്നു നടത്തിയ യാത്രയിൽ കൊടുത്ത വാക്ക് ഡൽഹിയിലെത്തി ഹൈകമാൻഡിനെക്കൊണ്ട് അംഗീകരിപ്പിച്ചു എന്നതാണ് യാഥാർഥ്യത്തോട് ചേർന്നു നിൽക്കുന്നത്. വാക്കുകൊടുക്കുന്നത് ചെന്നിത്തലയും ഹസനും കേട്ടിരുന്നോ എന്നേ സംശയിക്കേണ്ടൂ. ലീഗിനെ വേണ്ട സന്ദർഭത്തിൽ ഇടപെടുവിക്കാൻ ഉമ്മൻ ചാണ്ടിക്ക് മിടുക്കുണ്ട്. രമേശ് ചെന്നിത്തലക്ക് ഉപമുഖ്യമന്ത്രി സ്ഥാനമെന്ന ആശയം ലീഗിനെക്കൊണ്ട് ഹൈകമാൻഡിൽ സമ്മർദം ചെലുത്തി വെട്ടിച്ച കഥക്ക് അധികം പഴക്കമില്ല. അന്ന് ചെന്നിത്തലക്ക് വെട്ടുകൊണ്ടെങ്കിൽ, ഇന്ന് രാജ്യസഭ സീറ്റുകൊണ്ട് മാണി അടങ്ങി. വിജിലൻസ് കേസിൽ കുടുങ്ങിയപ്പോൾ മുതൽ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് ചെന്നിത്തലയെ മാറ്റണമെന്ന വാശി മാണിക്കുണ്ടായിരുന്നു. രാജ്യസഭ സീറ്റിനു മുന്നിൽ മാണി അടങ്ങിയതുകൊണ്ട് ചെന്നിത്തലക്ക് പദവി രക്ഷപ്പെട്ടു കിട്ടിയെന്ന നേട്ടംകൂടി ഇതിനിടയിൽ സംഭവിച്ചു. ചെങ്ങന്നൂരിലെ തോൽവിക്ക് ഉത്തരവാദിത്തം പറയാൻ ബാധ്യതപ്പെട്ട കോൺഗ്രസ് നേതാക്കൾക്ക് കോൺഗ്രസ്, യു.ഡി.എഫ് രാഷ്ട്രീയ ചർച്ചയെ മാണിയുടെ രാജ്യസഭ സീറ്റ് എന്നതിലേക്ക് വഴിതിരിച്ചുവിടാനും സാധിച്ചു.
കോൺഗ്രസിനെ എങ്ങനെയൊക്കെ ബാധിക്കും?
ആത്മാഭിമാനത്തിന് മുറിവേറ്റ് പൊട്ടിത്തെറിച്ചു നിൽക്കുകയാണ് കോൺഗ്രസുകാർ. മാണിക്ക് കീഴടങ്ങി, അറിഞ്ഞു കൊണ്ട് തോറ്റുകൊടുത്തു എന്ന വികാരമാണ് അവർ പേറുന്നത്. വി.എം. സുധീരനും പി.ജെ. കുര്യനും യുവനേതാക്കളുമെല്ലാം വിളിച്ചുപറയുന്നത് ആ രോഷമാണ്. അമർഷം സഹിക്കാതെ ചിലർ രാജിവെച്ചിരിക്കുന്നു. കോൺഗ്രസിൽ സീറ്റ് ആർക്കെന്ന് ചിന്തിച്ചുനിന്ന നേരത്ത് ലീഗും മാണിയും കുറുമുന്നണിയുണ്ടാക്കി കോൺഗ്രസിലെ ഗ്രൂപ് നേതാക്കളുടെ ഒത്താശയോടെ സീറ്റുംകൊണ്ടു പോയി എന്നതാണ് നെഞ്ചിൽ കുത്തുന്നത്. ഇൗ കുറുമുന്നണിയുടെ സമ്മർദതന്ത്രം ജയിച്ചതിലേക്കു വിരൽചൂണ്ടിയാണ് വി.എം. സുധീരൻ ആശങ്ക പറയുന്നത്. രാജ്യസഭ സീറ്റ് വിട്ടുകൊടുത്ത തീരുമാനം ബി.ജെ.പിയെ വളർത്തുമെന്നാണ് അദ്ദേഹം ആശങ്കിക്കുന്നത്. മുന്നിൽനിൽക്കുന്ന കോൺഗ്രസ് നേതാക്കൾ പിന്നിൽനിൽക്കുന്ന തങ്ങളെ വഞ്ചിക്കുന്നുവെന്നു പ്രവർത്തകർക്കും മറ്റു നേതാക്കൾക്കും തോന്നിത്തുടങ്ങിയാൽ പിന്നെ, കോൺഗ്രസിൽ തുടരുന്നതിൽ എന്തർഥമെന്ന സന്ദേഹം രൂപപ്പെടും. ഭൂരിപക്ഷ വർഗീയത ബി.ജെ.പി മുതലെടുക്കും. ഘടകകക്ഷികൾ വാദിച്ചുനേടുകയും കോൺഗ്രസ് ദുർബലമായി മാറുകയും ചെയ്താൽ അതു സംഭവിക്കുമെന്നാണ് സുധീരെൻറയും മറ്റും കാഴ്ചപ്പാട്. ബി.ജെ.പി മുതലെടുത്താലും ഇല്ലെങ്കിലും മറ്റൊന്ന് സംഭവിക്കാൻ സാധ്യതയേറെയാണ്. മലബാറിൽ ലീഗും കോൺഗ്രസും, മധ്യതിരുവിതാംകൂറിൽ കോൺഗ്രസും കേരള കോൺഗ്രസും തെരഞ്ഞെടുപ്പുകളിൽ പരസ്പരം കാലുവാരിയെന്നിരിക്കും.
രാജ്യസഭ സീറ്റിെൻറ ഗതി, നാലുവർഷത്തിനു ശേഷം
മാണിക്കു വിട്ടുകൊടുത്ത രാജ്യസഭ സീറ്റ് കോൺഗ്രസിനു നാലുവർഷം കഴിഞ്ഞ് തിരിച്ചുകിട്ടുമെന്നാണ് ഉമ്മൻ ചാണ്ടി സമാശ്വസിപ്പിക്കുന്നത്. മാണി അക്കാലമത്രയും യു.ഡി.എഫിൽ തുടരുമെന്ന് എന്താണ് ഉറപ്പെന്ന ചോദ്യത്തോടെ പി.ജെ. കുര്യൻ നേരിടുന്നു. മാണി യു.ഡി.എഫിൽ തുടരുകയും 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരം തിരിച്ചുപിടിക്കുകയും ചെയ്താൽ മാത്രമാണ്, മാണിയിൽനിന്ന് സീറ്റ് തിരിച്ചുപിടിക്കാവുന്ന സാഹചര്യം രൂപപ്പെടുന്നത്. പി.ജെ. കുര്യൻ ഒഴിയുന്ന രാജ്യസഭ സീറ്റിലേക്ക് കണ്ണുവെച്ചുനിന്ന പി.സി. ചാക്കോ, ഷാനിമോൾ ഉസ്മാൻ, എം.എം. ഹസൻ തുടങ്ങി ഒരുകൂട്ടം നേതാക്കളെയും, കുര്യനെത്തന്നെയും സമാശ്വസിപ്പിക്കാനും പകരം ലാവണങ്ങൾ നൽകാനും കോൺഗ്രസ് നേതൃത്വം തലപുകക്കേണ്ടിവരുമെന്ന കാര്യം പുറമെ. രാജ്യസഭ സീറ്റ് മാണിക്ക് കൊടുക്കാനുള്ള തീരുമാനം അണികൾക്കു ബോധ്യപ്പെടുന്ന വിധം വിശദീകരിച്ചുകൊടുക്കുക നേതാക്കൾക്ക് ഒട്ടും എളുപ്പമായിരിക്കില്ല.
യു.ഡി.എഫിെൻറ കെട്ടുറപ്പ്
യു.ഡി.എഫിെൻറ കെട്ടുറപ്പിന് കേരള കോൺഗ്രസ് ആ മുന്നണിയിൽ ഉണ്ടാകണമെന്ന നേതൃനിരയുടെ കാഴ്ചപ്പാട് യുക്തിഭദ്രം. ചെങ്ങന്നൂരിൽ മാണി തുണച്ചിട്ടും ക്രൈസ്തവ വോട്ട് കിട്ടിയില്ല എന്നത് യാഥാർഥ്യം. എന്നാൽ, മധ്യതിരുവിതാംകൂറിലെ പല മണ്ഡലങ്ങളിലും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ കേരള കോൺഗ്രസിന് പങ്കുണ്ടാവും. ലോക്സഭ തെരഞ്ഞെടുപ്പിൽ 17 സീറ്റിൽ മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികൾക്ക് പലയിടത്തും കേരള കോൺഗ്രസിെൻറ കൈത്താങ്ങ് കിട്ടും. കോൺഗ്രസും ലീഗും ഘടകകക്ഷികളായ മറ്റു ചില്വാനങ്ങളുമായി തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ സമീപിക്കാനാവില്ല. ബി.ജെ.പിക്കെതിരായ ദേശീയ പോരാട്ടത്തിൽ എല്ലാവരെയും ഒരുമിപ്പിച്ചു നിർത്താൻ കർണാടകയിലും കൈരാനയിലുമെന്ന പോലെ കോൺഗ്രസ് കേരളത്തിലും ഒരു വിട്ടുവീഴ്ച ചെയ്യുന്നുവെന്ന വിചിത്ര വിശദീകരണവും ഒപ്പമുണ്ട്. കേരളത്തിൽ രണ്ടു മുന്നണികളും ബി.ജെ.പിക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന കാര്യം നിൽക്കെട്ട. രാജ്യസഭ സീറ്റ് കിട്ടിയാൽ മതേതര-ജനാധിപത്യ ചേരി ശക്തിപ്പെടുത്താം, അതല്ലെങ്കിൽ ബി.ജെ.പി വരെട്ട എന്നതാണോ കേരള കോൺഗ്രസ് ലൈൻ? അതുകൊണ്ടുതന്നെ അത്തരം വിശദീകരണങ്ങൾ കണ്ണിൽ പൊടിയിടുന്ന ന്യായവാദങ്ങൾ മാത്രം.
രാജ്യസഭ സീറ്റിെൻറ ലക്ഷ്യങ്ങൾ
അേപ്പാൾ, കേരള കോൺഗ്രസിനെ യു.ഡി.എഫിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് രാജ്യസഭ സീറ്റ് എന്ന േഫാർമുല രൂപപ്പെട്ടത് എങ്ങനെയാണ്? പിതാവിനെയും പുത്രനെയും മാറ്റിനിർത്തിയാൽ സകലമാന കേരള കോൺഗ്രസുകാർപോലും വാ പൊളിച്ചു നിന്നുപോയ പ്രഖ്യാപനമാണ് ഡൽഹിയിൽ നടന്നത്. രാജ്യസഭ സീറ്റ് കേരള കോൺഗ്രസുകാർ സ്വപ്നം കണ്ടതല്ല. അതു കിട്ടിയിട്ട് ദേശീയ താൽപര്യമോ പാർട്ടി, കർഷക താൽപര്യമോ അവർ നിർവഹിച്ചതായി ചരിത്രത്തിൽ രേഖപ്പെടുത്തിക്കാണുന്നില്ല. അവിടെയാണ് പിടിച്ചു വാങ്ങുന്ന രാജ്യസഭ സീറ്റിെൻറ ലക്ഷ്യങ്ങൾ തെളിഞ്ഞുവരുന്നത്. കേന്ദ്രമന്ത്രിയാകാൻ പണ്ട് തയ്പിച്ച കുപ്പായം പാലായിലെ വീട്ടിൽ ആർക്കുവേണ്ടിയാണ് ഇപ്പോഴും സൂക്ഷിച്ചുവെച്ചിരിക്കുന്നത്? ബി.ജെ.പി വിരുദ്ധ ചിന്താഗതി ശക്തിപ്പെട്ടുവരുന്ന ഇക്കാലത്ത് വീണ്ടും യു.പി.എ അധികാരത്തിൽ വരുന്നതിനെക്കുറിച്ച്, അതുമല്ലെങ്കിൽ മൂന്നാംചേരി ഭരണം ൈകയടക്കുന്നതിനെക്കുറിച്ച് പാർട്ടികൾ ഗാഢമായി ചിന്തിക്കുന്ന കാലമാണ്. സംസ്ഥാന മന്ത്രിസഭകളിൽ പലതിലും ഒന്നിച്ചിരുന്ന ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമാണിയും കേന്ദ്രമന്ത്രിസഭയിൽ ഒന്നിച്ച് അണിനിരക്കുന്നത് സ്വപ്നം കാണാൻ അതിലെ കഥാപാത്രങ്ങൾക്ക് അവകാശമുണ്ട്; പ്രായോഗികതയുമുണ്ട്.
സങ്കടം പങ്കുവെക്കാൻ ഒരുപാട് പേർ
ഇതിനെല്ലാമിടയിൽ ഒരു ഗദ്ഗദം എവിടെയും കേൾക്കാതെ പോകുന്നുണ്ട്. അത് കേരള കോൺഗ്രസിൽനിന്നാണ്. രാജ്യസഭ സീറ്റ് ചോദിച്ചു വാങ്ങിയതിൽ അഭിമാനിക്കുേമ്പാൾതന്നെ, അത് തങ്ങൾക്കാർക്കുമല്ല എന്ന നിരാശയുടെ ഗദ്ഗദമാണത്. അവർ ആരോടു സങ്കടം പങ്കുവെക്കണം? യു.ഡി.എഫിൽനിന്നുള്ള മുരൾച്ച പിന്നെയും കേൾക്കാൻ കഴിയുന്നുണ്ട്. രാജ്യസഭ സീറ്റ് ചോദിക്കാൻ പോകുന്നതോ മാണിഗ്രൂപ്പിന് കൊടുക്കാൻ പോകുന്നതോ ഒന്നും അറിയാതെ യു.ഡി.എഫ് ഘടകകക്ഷികളായി തുടരുന്നതിെൻറ അമർഷമാണ് ആർ.എസ്.പിയും ജേക്കബ് ഗ്രൂപ് കേരള കോൺഗ്രസുമൊക്കെ അപശബ്ദങ്ങളായി പുറത്തേക്കുവിടുന്നത്. അവർക്കുമുന്നിൽ മറ്റെന്തു വഴി? മാണി ഗ്രൂപ്പിൽ, കോൺഗ്രസിൽ, യു.ഡി.എഫിൽ, ഒന്നിലും ചർച്ചചെയ്യാതെ നൂലിൽ കെട്ടിയിറക്കി കൊടുത്തതാണ് രാജ്യസഭ സീറ്റ് എന്ന യാഥാർഥ്യത്തിനാണ് ഇതത്രയും അടിവരയിടുന്നത്. സാേങ്കതികമായി നോക്കിയാൽ, ഘടകകക്ഷിയായി തീരുന്നതിനുമുേമ്പയാണ് മാണിഗ്രൂപ്പിന് രാജ്യസഭ സീറ്റു നൽകിയത്; കോട്ടയം സീറ്റ് മാറില്ലെന്ന് ഉറപ്പുനൽകിയത്.
രാജ്യസഭ വൃദ്ധസദനമോ?
പി.ജെ. കുര്യെൻറ വിടവാങ്ങലുമായി ബന്ധപ്പെട്ട് ഉയർന്ന ‘യുവകലാപം’ രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയതോടെ യു.ഡി.എഫിൽ കെട്ടടങ്ങി. കുര്യനു പകരം പുതിയ മുഖങ്ങൾക്ക് അവസരം നൽകണമെന്നായിരുന്നു കോൺഗ്രസിലെ യുവതുർക്കികളുടെ ആവശ്യം. പരിചയസമ്പന്നർക്കും പ്രായമുള്ളവർക്കുമുള്ള ഇടമാണ് രാജ്യസഭയെന്ന വാദമായിരുന്നു വയലാർ രവി അടക്കമുള്ള ചുരുക്കം സീനിയർ നേതാക്കൾക്ക്. ഇൗ സാഹചര്യത്തിൽ രാജ്യസഭയിലെ അംഗങ്ങളുടെ പ്രായവിശേഷത്തിലേക്ക്.
പ്രായം | അംഗസംഖ്യ |
90–99 | 2 |
80–89 | 5 |
70–79 | 42 |
60–69 | 82 |
50–59 | 40 |
40–49 | 17 |
30–39 | 4 |
ലഭ്യമായ 192 അംഗങ്ങളിൽനിന്ന്
- ഏറ്റവും മുതിർന്ന അംഗങ്ങൾ രണ്ടുപേർ; രാം ജത്മലാനി (94), കെ. പരാശരൻ(90)
- സഭയിലെ ‘ബേബി’ മേരി കോം (35)
- 60 വയസ്സിന് മുകളിൽ 131 പേർ
- ഏറ്റവും കൂടുതൽ പേർ 60നും 69നും ഇടയിൽ -82
- 70നും 79നും ഇടയിൽ -42
- എ.കെ. ആൻറണി, അംബികാ സോണി, ദ്വിഗ്വിജയ് സിങ്, ജയാബച്ചൻ, പി. ചിദംബരം, ശരത് പവാർ, ഡോ. സുബ്രമണ്യം സ്വാമി തുടങ്ങിയവർ 70-79 ഗ്രൂപ്പിൽ
- ഡോ. മൻമോഹൻ സിങ്, മോതിലാൽ വോറ, വയലാർ രവി, എം.പി. വീരേന്ദ്രകുമാർ എന്നിവരുൾപ്പെടെ അഞ്ചു പേർ 80നും 89നുമിടയിൽ
- 40ന് താഴെ നാലു പേർ
- 192 പേരുടെ പ്രായപ്പട്ടികയിൽ സ്ഥാനമൊഴിയാനുള്ള സി.പി. നാരായണൻ, പി.ജെ. കുര്യൻ ഉൾപ്പെടെ 60ന് മുകളിൽ 131പേർ
- കേരളത്തിൽനിന്ന് കെ.കെ. രാഗേഷ് ഒഴികെ എട്ടു പേരും മുതിർന്ന പൗരന്മാർ
ലഭിക്കുന്ന ആനുകൂല്യങ്ങൾ (2018 ഏപ്രിൽ മുതൽ)
- മാസശമ്പളം ലക്ഷം രൂപ
- ഡി.എ 2000 രൂപ (സഭ ചേരുന്ന ദിവസം)
- മൂന്ന് ഫോൺ,രണ്ട് മൊബൈൽ ഫോൺ
- മണ്ഡലം അലവൻസ്–70,000 രൂപ പ്രതിമാസം
- ഒാഫിസ് ചെലവുകൾ–60,000 രൂപ പ്രതിമാസം
- ഫർണിച്ചർ അലവൻസ്-1,00,000 രൂപ
- പെൻഷൻ 20,000 പ്രതിമാസം(അഞ്ചു വർഷത്തിൽ കൂടുതൽ വരുന്ന ഒാരോ വർഷത്തിനും 1500 രൂപ അധികം ലഭിക്കും)
- കുടുംബ സമേതമുള്ള ഒന്നാം ക്ലാസ് വിമാനം,ട്രെയിൻ സൗജന്യ യാത്ര ആനുകൂല്യം പുറമെ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.