ഇനി കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി
text_fieldsസ്വകാര്യവത്കരണ നയത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൈയൊഴിയാൻ തീരുമാനിച്ച വെള്ളൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പുനഃസംഘടിപ്പിച്ച് പുതുതായി രൂപം നൽകിയ വെള്ളൂർ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് ഇന്ന് പ്രവർത്തനമാരംഭിക്കുകയാണ്. കേരളത്തിന്റെ സ്വന്തം പേപ്പർ കമ്പനി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമ്പോൾ പൊതുമേഖല സംരക്ഷണ നയത്തിൽ രാജ്യത്തിന് മുന്നിൽ നാം വീണ്ടും മാതൃക സൃഷ്ടിക്കുകയാണ്.
സംസ്ഥാനം നൽകിയ വലിയ പിന്തുണയുടെ പിൻബലത്തിലാണ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് വെള്ളൂരിൽ പ്രവർത്തനം തുടങ്ങിയത്. തടി ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ, വെള്ളം, വൈദ്യുതി തുടങ്ങിയ സൗകര്യങ്ങൾ എല്ലാം ഒരുക്കി കേരളം നട്ടുനനച്ച് വളർത്തിയ എച്ച്.എൻ.എൽ വിൽക്കാൻ തീരുമാനിച്ച സന്ദർഭത്തിലും, സ്ഥാപനം കൈമാറണമെന്ന സംസ്ഥാനത്തിന്റെ അഭ്യർഥന പരിഗണിക്കാൻ കേന്ദ്ര സർക്കാർ തയാറായില്ല. തുടർന്ന് നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ മുമ്പാകെ ലേല പ്രക്രിയയിൽ പങ്കെടുത്താണ് സംസ്ഥാനം വെള്ളൂർ പേപ്പർ കമ്പനി ഏറ്റെടുത്തത്. ട്രൈബ്യൂണൽ അവാർഡ് പ്രകാരമുള്ള എല്ലാ ബാധ്യതകളും പൂർണമായും അടച്ചു തീർത്തു.
ഈ വർഷം ജനുവരി ഒന്നിനാരംഭിച്ച പുനരുദ്ധാരണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയാണ് കമ്പനിയുടെ പ്രവർത്തനാരംഭം കുറിക്കുന്നത്. 3000 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി വികസിപ്പിക്കുകയാണ് നിലവിലെ ലക്ഷ്യം. മൂവായിരത്തോളം പേർക്ക് തൊഴിൽ നൽകാൻ സാധിക്കുന്ന, പ്രതിവർഷം അഞ്ച് ലക്ഷം മെട്രിക് ടൺ ഉൽപാദനശേഷിയുള്ള സ്ഥാപനമായി കെ.പി.പി.എൽ മാറും. നാലുഘട്ടങ്ങളിലായി വിഭാവനം ചെയ്തിട്ടുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിൽ എത്തുമ്പോൾ പേപ്പർ വ്യവസായത്തിലെ മറ്റേതൊരു സ്ഥാപനത്തോടും കിടപിടിക്കുന്ന വിധത്തിൽ ലാഭകരമായ സ്ഥാപനമാക്കി കെ.പി.പി.എല്ലിനെ മാറ്റാൻ കഴിയുമെന്നാണ് പ്രതീക്ഷ.
മൂന്ന് വർഷത്തിലേറെ അടച്ചുപൂട്ടിയ ഒരു സ്ഥാപനം ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതി തയാറാക്കി തുറന്നു പ്രവർത്തിപ്പിക്കുന്നത് രാജ്യത്തിന്റെ വ്യാവസായിക ചരിത്രത്തിൽ ആദ്യമായാണ്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന്റെ കൈവശമുണ്ടായിരുന്ന തോട്ടത്തിൽ നിന്നും സംസ്ഥാന വനം വകുപ്പിന്റെ തോട്ടത്തിൽ നിന്നും വ്യത്യസ്ത ഇനത്തിലുള്ള തടി സാമഗ്രികൾ അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കും.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 42,45 ജി.എസ്.എം ന്യൂസ് പ്രിന്റും 52-70 ജി.എസ്.എം പ്രിന്റിങ് പേപ്പറും ഉൽപാദിപ്പിക്കാൻ കഴിയും. പാക്കേജിങ്, പേപ്പർ ബോർഡ് വ്യവസായം ലോകത്താകെ വളർച്ച നേടുന്ന സന്ദർഭമാണിത്. ഇ- കോമേഴ്സ്, റീട്ടെയ്ൽ, എഫ്.എം.സി.ജി, ഫാർമസ്യൂട്ടിക്കൽസ്, ഫുഡ് ആൻഡ് ബിവറേജ് തുടങ്ങിയ മേഖലകളിലെല്ലാം ദൃശ്യമാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ ഒറ്റത്തവണ ഉപയോഗം നിയന്ത്രിക്കപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഉൽപന്ന വൈവിധ്യവത്കരണത്തിലൂടെയും ശേഷി വർധനവിലൂടെയും ഈ സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് കെ.പി.പി.എൽ ശ്രമിക്കുക.
കേവലം പൊതുമേഖല സംരക്ഷണം എന്നതിനപ്പുറത്തേക്കാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. മത്സരക്ഷമവും ലാഭകരവുമായി പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായിരിക്കും കെ.പി.പി.എൽ. അതിനാൽ എച്ച്.എൻ.എല്ലിന്റെ രീതികളുടെ തനിയാവർത്തനമല്ല കെ.പി.പി. എല്ലിലുണ്ടാവുക. തൊഴിലാളികളുടെ ജീവിത ചെലവിനൊപ്പം സ്ഥാപനത്തിന്റെ സാമ്പത്തിക സ്ഥിതിയും ഉൽപാദനക്ഷമതയും കൂടി പരിഗണിച്ചായിരിക്കും സേവന വേതന വ്യവസ്ഥകൾ നിർണയിക്കുക. ഉൽപാദന ചെലവ് ആഗോള നിലവാരത്തിനൊപ്പം നിർത്താൻ ആവശ്യമായ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ മാനേജ്മെന്റിന് പൂർണ സ്വാതന്ത്ര്യമുണ്ടായിരിക്കും. സർക്കാർ നയപരമായ കാര്യങ്ങളിൽ മാത്രമായിരിക്കും ഇടപെടുക.
അടിമുടി പ്രഫഷനലായ മാനേജ്മെന്റായിരിക്കും ബോർഡ് മുതൽ താഴോട്ട് ഉണ്ടാവുക. ഉൽപാദന തടസ്സങ്ങളില്ലാതെ ,മത്സരക്ഷമവും ലാഭകരമായ പൊതുമേഖലയായി കെ.പി.പി. എല്ലിനെ മാറ്റി തീർത്താൽ മാത്രമെ ഇതാണ് ബദൽ എന്ന് നമുക്ക് അവകാശപ്പെടാൻ കഴിയുകയുള്ളൂ.
അസ്തമിച്ചെന്ന് കരുതിയ ഒരു വ്യവസായ സ്ഥാപനം വലിയ സ്വപ്നങ്ങളോടെ കുതിച്ചുയരുന്നത് രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ പ്രധാന നേട്ടമായി വിലയിരുത്തപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.