അപകീ(മൂ)ർത്തി
text_fields‘‘ക്ഷത്രിയനാണു ഞാൻ. ഇവിടെ പൊരുതിനിൽക്കാൻ തന്നെയാണ് വന്നിട്ടുള്ളത്’’ -ഇൻഫോസിസിെൻറ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ വിശാൽ സിക്ക ഇതു പറഞ്ഞത് കഴിഞ്ഞ ഫെബ്രുവരിയിൽ. എന്നാൽ, ആ വീരസ്യത്തിന് ആയുസ്സ് ആറുമാസമേ ഉണ്ടായുള്ളൂ. കഴിഞ്ഞ നാൾ എല്ലാം ഇെട്ടറിഞ്ഞ് അദ്ദേഹം അമേരിക്കയിലേക്ക് വലിഞ്ഞിരിക്കുന്നു. ‘ദ്രോഹിച്ച് പുറത്തുചാടിച്ചവർ’ അകത്തുതന്നെയുെണ്ടന്നു പറഞ്ഞ സിക്ക ചൂണ്ടുന്നത് മർമത്തിലേക്കാണ്- 30 വർഷം മുമ്പ് ഇൻഫോസിസ് എന്ന െഎ.ടി സംരംഭത്തിന് തുടക്കമിട്ട് അതിനെ ഇന്ത്യയുടെ അഭിമാനസ്തംഭമാക്കി വളർത്തിയെടുത്ത സാക്ഷാൽ എൻ.ആർ. നാരായണ മൂർത്തിയുടെ നേർക്ക്. പത്മശ്രീയും പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ച, ‘ഇന്ത്യൻ െഎ.ടി മേഖലയുടെ പിതാവി’നെതിരെയാണ് സ്ഥാപകാംഗങ്ങൾക്കു പുറത്തുനിന്ന് ആദ്യമായി സി.ഇ.ഒ ആയി എത്തിയ സിക്ക വെടിയുതിർത്തിരിക്കുന്നത്. മാനേജ്െമൻറ്, സംരംഭകത്വമേഖലകളിൽ ന്യൂജനറേഷെൻറയടക്കം മാതൃകാപുരുഷനാണ് തനിക്കു പുകയിട്ടതെന്നാണ് ആരോപണം. ക്രിയാത്മകതയുടെ മൂർത്തീമദ്ഭാവത്തെ നിഷേധാത്മകതയുടെ ഉദാഹരണമായി ഉയർത്തിക്കാട്ടുേമ്പാൾ ആര് ആരെ വിശ്വസിക്കണം? പാലം കുലുങ്ങിയാലും താൻ കുലുങ്ങേണ്ട കാര്യമില്ലെന്നാണ് മൂർത്തിയുടെ മട്ട്. പയ്യെ തിന്നാൽ പനയും തിന്നാം എന്നത് ഇൻഫോസിസിലൂടെതന്നെ തെളിയിച്ച തത്ത്വം. അതുകൊണ്ട് കാറ്റും കോളുമടങ്ങെട്ട, എന്നിട്ടാവാം കഥയിറക്കുന്നത് എന്ന് അർധോക്തിയിൽ നിർത്തിയിരിക്കുന്നു അദ്ദേഹം.
യോഗ്യതയിൽ മൂർത്തിയെ കവച്ചുവെക്കാനാളില്ല എന്നതിൽ ആർക്കുമില്ല രണ്ടുപക്ഷം. 1946 ആഗസ്റ്റ് 20ന് കർണാടകയിലെ സിദ്ലാഘട്ടയിൽ ഇടത്തരം കുടുംബത്തിൽ ജനിച്ച നാരായണന് പിതാവ് ചെറുപ്പത്തിലേ ഒരു റോൾമോഡലിനെ നിശ്ചയിച്ചു. സിവിൽ സർവിസ് ഉദ്യോഗസ്ഥനായ അമ്മാവൻതന്നെയായിരുന്നു അത്. എന്നാൽ, പുതുതലമുറയുടെ എൻജിനീയറിങ് മോഹമായിരുന്നു കൊച്ചു നാരായണെൻറ ഉള്ളിൽ. സ്കൂൾപഠനത്തിനുശേഷം െഎ.െഎ.ടിയിൽ പ്രവേശനപരീക്ഷ എഴുതി. സ്കോളർഷിപ്പും റാങ്കും ചേർന്നുള്ള വിജയവുമായി തിരിച്ചെത്തുേമ്പാൾ പിതാവ് സങ്കടത്തിലായി. സ്കോളർഷിപ് തുകകൊണ്ടും ഉന്നതരുടെ െഎ.െഎ.ടിയിൽ കോഴ്സ് അറ്റംമുട്ടിക്കാനാവില്ല. അതിലപ്പുറം സഹായിക്കാൻതക്ക കീശയും അച്ഛെൻറ കൈയിലില്ല. എങ്കിലും മകെൻറ എൻജിനീയറിങ് സ്വപ്നം വാടാതെ നോക്കാൻ തീരുമാനിച്ച അദ്ദേഹം അവന് സ്വന്തം നാട്ടിലെ എൻജിനീയറിങ് കോളജിലേക്ക് വഴികാട്ടി. അങ്ങനെ 1967ൽ എൻ.െഎ.ടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. തുടർന്ന് മാസ്റ്റേഴ്സ് ബിരുദത്തിന് കാൺപുർ െഎ.െഎ.ടി തിരഞ്ഞെടുത്ത് പഴയ മോഹം സഫലമാക്കി. അക്കാലത്താണ് കാമ്പസിലെത്തിയ അമേരിക്കയിൽനിന്നുള്ള പ്രമുഖ െഎ.ടി വിദഗ്ധെൻറ ക്ലാസിൽ പങ്കുകൊണ്ടത്. അയാളിൽനിന്നു പകർന്നുകിട്ടിയ ആവേശമാണ് വിവരസാേങ്കതികവിദ്യയിലേക്ക് മേച്ചിൽപുറം മാറ്റാൻ നാരായണന് പ്രേരണയായത്.
നന്നേ കുറച്ച് കമ്പ്യൂട്ടർ സയൻസ് ബിരുദക്കാർ മാത്രമുള്ള അക്കാലത്ത് പഠിക്കുേമ്പാൾതന്നെ ഒാഫറുകളുടെ പ്രളയമായിരുന്നു. എഴുപതുകളിൽ എച്ച്.എം.ടി, െടൽകോ, എയർ ഇന്ത്യ എന്നിവിടങ്ങളിൽനിന്നൊക്കെയുള്ള ഒാഫറുകൾ തട്ടിമാറ്റി അദ്ദേഹം തിരഞ്ഞെടുത്തത് അഹ്മദാബാദ് െഎ.െഎ.എമ്മിലെ ജോലി. അവിടെ ചീഫ് സിസ്റ്റംസ് പ്രോഗ്രാമർ ആയി ജോലി ഏറ്റെടുത്ത നാരായണൻ സ്റ്റാൻഫോഡിനും ഹാർവഡിനും ശേഷം അഹ്മദാബാദ് െഎ.െഎ.എമ്മിനെ മികച്ച ബിസിനസ് സ്കൂളുകളിലൊന്നാക്കി മാറ്റി. 20 മണിക്കൂർ വരെ പ്രതിദിനം വിയർത്ത് അധ്വാനിക്കേണ്ടിവന്നെങ്കിലും ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായി അദ്ദേഹം ഇന്നും കാണുന്നത് അഹ്മദാബാദ് െഎ.െഎ.എമ്മിൽ ചേരാനുള്ള തീരുമാനമായിരുന്നു. ആ മികവിലായിരുന്നു പാരിസിലേക്കുള്ള കയറ്റം. എഴുപതുകളിലെ വിപ്ലവവസന്തകാലത്ത് ഫ്രാൻസിലേക്ക് കയറിയ അദ്ദേഹം കമ്യൂണിസം അഴിച്ചുവെച്ച് മുതലാളിത്തത്തിെൻറ കുപ്പായമണിഞ്ഞാണ് തിരിച്ചുവന്നത് എന്ന് പറയുന്നവരുണ്ട്. അതെന്തായാലും ദാരിദ്ര്യനിർമാർജനത്തിന് ഏറ്റവും ഉചിതം തൊഴിലവസരങ്ങൾ തുറക്കുകയാണ് എന്ന ഉറച്ച നിലപാടിലെത്തുകയായിരുന്നു അദ്ദേഹം. അതിന് പ്രവാസമല്ല നല്ലതെന്നും ബോധിച്ചു. അങ്ങനെ സ്വദേശത്തുവന്ന് ഒരു സംരംഭം തുടങ്ങാനായി തീരുമാനം. ‘സോഫ്േട്രാണിക്സ്’ എന്ന ആദ്യ സംരംഭം ഒന്നര കൊല്ലം പിടിച്ചുനിന്നില്ല. പിഴകളിൽനിന്ന് പഠിച്ചു മുന്നോട്ട് എന്നാണ് മൂർത്തിവാക്യം. അതിനാൽ പുണെയിലെ സ്വകാര്യ കമ്പ്യൂട്ടർ സ്ഥാപനത്തിൽ ഇടേജാലിക്കു കയറിയപ്പോഴും സംരംഭകത്വമോഹം കൈവിട്ടില്ല.
ആറ് സോഫ്റ്റ്വെയർ പ്രഫഷനലുകളെയും കൂട്ടി 1981ൽ പുണെ ആസ്ഥാനമാക്കി ഇൻഫോസിസ് കൺസൽട്ടൻറ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചു. 10,000 രൂപ മൂലധനവുമായി തുടങ്ങിയ ആ സ്ഥാപനമാണ് പിന്നീട് ലോക െഎ.ടി വ്യവസായ ഭൂപടത്തിൽ പ്രമുഖസ്ഥാനം പിടിച്ചെടുത്ത ഇൻഫോസിസ് ലിമിറ്റഡ് ആയി മാറിയത്. 1983ൽ സ്ഥാപനം ഇന്ത്യയുടെ സിലിക്കൺ വാലിയായ ബംഗളൂരുവിലേക്കു മാറി. തുടക്കംതൊേട്ട സി.ഇ.ഒ ആയിരുന്ന അദ്ദേഹം 2002ൽ കമ്പനി ബോർഡിെൻറ അധ്യക്ഷനായി. 2006ൽ ഇൻഫോസിസിെൻറ മെൻററായി മാറി. 2011ൽ വിരമിച്ച അദ്ദേഹം കമ്പനി ആവശ്യപ്പെട്ടതനുസരിച്ച് ഒാണററി ചെയർമാനായി തുടർന്നു. സ്വദേശത്തെയും വിദേശത്തെയും നിരവധി സ്വകാര്യബാങ്കുകളുടെയും വ്യവസായ, സാമ്പത്തികസ്ഥാപനങ്ങളുടെയും ഡയറക്ടറായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇൻഫോസിസിൽനിന്നുള്ള മാറ്റം ക്ഷീണമായി എന്നു കണ്ടപ്പോൾ 2013ൽ എക്സിക്യൂട്ടിവ് ചെയർമാനും അഡീഷനൽ ഡയറക്ടറുമായി കമ്പനി അേദ്ദഹത്തെ തിരിച്ചുവിളിച്ചു. ആ സ്നേഹാദരങ്ങൾക്കു പുറത്താണിപ്പോൾ മൂർത്തിക്കു പിറകിൽ കുത്തി സിക്ക എല്ലാം കുഴപ്പത്തിലാക്കിയിരിക്കുന്നത്.
വിഷയങ്ങളിലെല്ലാം നേരെ വാ, നേരെ പോ ശൈലിയാണ്. ലാളിത്യമാണ് ജീവിതത്തിെൻറ മുഖമുദ്ര. ടിഫിൻ ഭക്ഷണം കൊണ്ടുവന്നു കഴിച്ചും കമ്പനിവക സ്ഥലത്ത് താമസിച്ചും അവധിയും നേരവുമൊക്കെ പുസ്തകങ്ങളിലൊളിപ്പിച്ചും അടങ്ങിയൊതുങ്ങിക്കഴിയുകയാണ് ഇന്നോളമുള്ള രീതി. എന്നു കരുതി അനീതിയോട് അനുകമ്പയില്ലാതെ അങ്കംവെട്ടാനുള്ള വാശിക്കൊട്ടും കുറവില്ല. ഇൻഫോസിസ് ആരംഭിച്ച കാലത്ത് കമ്പ്യൂട്ടറുകൾ കൈക്കൂലി കാത്ത് കസ്റ്റംസിൽ കെട്ടിക്കിടന്നിട്ടും വിട്ടുകൊടുക്കാതെ അവരെക്കൊണ്ട് ‘ക്ഷ’ വരപ്പിച്ചതാണ്. അത് പിന്നെയും വിട്ടുകൊടുത്തില്ല എന്നതും ഇൻഫോസിസിെൻറ ജയഗാഥകളിലൊന്ന്. എങ്കിലും കമ്പനിയിൽ മകനെ ചേർത്തതുപോലുള്ള ആശ്രിതവാത്സല്യം പിൽക്കാലത്ത് ദൗർബല്യമായില്ലേ എന്നു മുഖം ചുളിക്കുന്നവരും ഇല്ലാതില്ല.
പുത്തൻകൂറ്റുകാർ സ്ഥാനമേറ്റപ്പോൾ ചെലവ് കൂടുേമ്പാൾ മൂർത്തിയുടെ ഗൃഹാതുരതയെ അത് കുത്തിനോവിക്കും. ഉന്നതസ്ഥാനീയനാകേണ്ടത് വരുമാനത്തിെൻറ അക്കപ്പെരുക്കം കൊണ്ടല്ല, ജോലിയിെല മിടുക്കുകൊണ്ടാകണമെന്നാണ് മൂർത്തിയുടെ പക്ഷം. പ്രമുഖ നോവലിസ്റ്റും ജീവകാരുണ്യപ്രവർത്തകയുമായ ഭാര്യ സുധ കുൽകർണിയോടടക്കം ഇതുതന്നെയാണ് നൽകുന്ന ഉപദേശം. അത് ചെവിക്കൊള്ളാതിരുന്നാൽ സിക്കയായാലും പൊറുക്കില്ല എന്ന മൂർത്തിയുടെ വാശിയാണ് ഇൻഫോസിസിനെ ചക്രവ്യൂഹത്തിലാക്കിയതെന്നാണ് ശ്രുതി. നേരറിയാൻ മൂർത്തി തന്നെ കനിയണം, ഇൻഫോസിസിനെ നേരെയാക്കാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.