അവർ തിരിച്ചുവരുമ്പോൾ
text_fieldsജന്മനാടിെൻറ മണ്ണിൽ പാദങ്ങൾ സ്പർശിച്ചപ്പോൾ ചതിക്കപ്പെട്ടു നാടുവിടേണ്ടി വന്ന ശ്രീനിവാസെൻറ കഥാപാത്രം മഴ നനയുന്ന ഷോട്ടിലാണ് ‘അറബിക്കഥ’ സിനിമ അവസാനിക്കുന്നത്. ശരീരം മാത്രമല്ല മനസ്സും കുളിർമഴയിൽ നനയുന്നത് ഓരോ സിനിമാസ്വാദകനും ഹൃദയംകൊണ്ട് തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്. ഓരോ പ്രവാസിയുെടയും ജനിതകത്തിൽ രേഖപ്പെടുത്തിയ മുഹൂർത്തം. തൊണ്ണൂറു ശതമാനം പേരും കുടുംബത്തിെൻറ അതിജീവനത്തിനു വേണ്ടിയാണ് മണൽപരപ്പിെൻറ ഊഷരതകളിലേക്ക് സ്വന്തം ജീവിതം പറിച്ചുനടുന്നത്. ‘തിരികെ ഞാൻ വരുമെന്ന’ സ്വപ്നം സ്വയവും പ്രിയപ്പെട്ടവർക്കുവേണ്ടിയും പങ്കുവെച്ചുകൊണ്ടുതന്നെ.
കോവിഡ് പശ്ചാത്തലത്തിൽ ഈ സ്വപ്നം, വിദ്യാർഥിയും ഗുരുനാഥനും തമ്മിലുള്ള ഗുരുദക്ഷിണ സംബന്ധിച്ച ഗ്രീക്ക് പ്രോട്ടഗോറാസ് പാരഡോക്സ് പോലെ ഒരു പരിധിവരെ രൂപാന്തരംകൊള്ളുന്നുണ്ട്.
പശ്ചിമേഷ്യയിൽ ഏകദേശം 20 ലക്ഷത്തിലധികം മലയാളികളുണ്ടെന്നാണ് കണക്ക്. ഇവരിൽ നല്ലൊരു പങ്കും അന്തർദേശീയ വിമാന സർവിസുകൾ ആരംഭിക്കുമ്പോൾതന്നെ നാട്ടിൽ വരണമെന്ന് ആഗ്രഹിക്കുന്നവരാണ്. മിനിമം നാല്-അഞ്ചു ലക്ഷത്തെയെങ്കിലും കേരളസർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. 24 മണിക്കൂർകൊണ്ട് രണ്ടു ലക്ഷത്തിലധികം പേർ നോർക്കയിൽ രജിസ്റ്റർ ചെയ്തത് അധികാരികളെ നിശ്ചയമായും അമ്പരപ്പിച്ചിട്ടുമുണ്ട്.
കോഴിക്കോട് 15000 , മലപ്പുറത്ത് 15000, പത്തനംതിട്ട 8500 എന്നിങ്ങനെ കേരളം മുഴുവനായി ഒന്നേകാൽ ലക്ഷത്തോളം മുറികൾ പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്. ചില മുൻഗണനക്രമങ്ങൾ ചികിത്സക്കും പഠനത്തിനും ഇൻറർവ്യൂവിനും പോയവർ, റിട്ടയർ ചെയ്തവർ, ജോലി നഷ്ടപ്പെട്ടവർ എന്നിങ്ങനെ സർക്കാർ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഏകദേശം ഒരു ലക്ഷം പേരെ ഒരു തവണ കൊണ്ടുവരുകയാണെങ്കിൽ വലിയ ബുദ്ധിമുട്ടില്ലാതെ സമ്പർക്കവിലക്ക് ശാസ്ത്രീയമായിത്തന്നെ നിർവഹിക്കാൻ കഴിയും. ഓരോ ടീമിനും 22 ദിവസത്തെ സമ്പർക്കവിലക്ക് മതിയാവും. 14 ദിവസം ഇൻക്യുബേഷൻ പിരിയഡും എട്ടു ദിവസത്തെ പകർച്ച സാധ്യത കാലയളവും ചേർത്തതാണിത്. പ്രവാസികളെ ടെസ്റ്റ് ചെയ്ത് കോവിഡ് നെഗറ്റിവാണ് എന്നു വന്നാലും അവരെ വീടുകളിലേക്ക് പറഞ്ഞയക്കുന്നത് ആത്മഹത്യാപരമാണ്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ 25 പേരുടെയെങ്കിലും രോഗവ്യാപനം എങ്ങനെ സംഭവിച്ചു എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യത്തിൽ പ്രത്യേകിച്ചും. വർഷങ്ങൾക്കുശേഷം വീടുകളിലേക്ക് അക്ഷരാർഥത്തിൽ ജീവൻ കൈയിലെടുത്ത് തിരിച്ചെത്തുന്ന പ്രവാസിക്ക് സാമൂഹിക അകലം പാലിക്കുന്നത് മിക്കവാറും അസാധ്യമായിരിക്കുമെന്നുറപ്പാണ്. അതിൽ പത്തോ ഇരുപതോ പേരെങ്കിലും രോഗസംക്രമണം നടത്താൻ കഴിവുള്ളവരാണെങ്കിൽ കേരളം കണ്ണടച്ചു തുറക്കും മുമ്പ് മറ്റൊരു ലൊംബാർഡിയായി രൂപാന്തരം കൊണ്ടേക്കും. നാളിതുവരെ നടത്തിയ സർവ കരുതലുകളും ധൂളിയായി കാറ്റിൽ പറന്നുപോവും. ഒരു ചതുരശ്ര കിലോമീറ്ററിൽ 200 പേർ മാത്രമുള്ള ഇറ്റലിയിലെ സ്ഥിതി അതാണെങ്കിൽ 800 പേരിലധികമുള്ള നമ്മുടെ സ്ഥിതി സങ്കൽപിക്കാനേ കഴിയില്ല. അതുകൊണ്ടുതന്നെ നിശ്ചയമായും 22 ദിവസങ്ങൾ സർക്കാർ സമ്പർക്കവിലക്ക്ക്യാമ്പുകളിൽ അവർ കഴിയുന്നതു മാത്രമാണ് കേരളത്തിെൻറ ആരോഗ്യം ഉറപ്പു വരുത്തുക. പ്രവാസികളുടെ വരവനുസരിച്ച് 2-3 മാസങ്ങൾകൊണ്ട് മുഴുവൻ ആളുകൾക്കും സമൂഹത്തിെൻറ ആരോഗ്യത്തിന് ഒരു വെല്ലുവിളിയുമുയർത്താതെ സ്വന്തം വീടുകളിൽ തിരിച്ചെത്താൻ കഴിയുക എന്നതിനപ്പുറം മലയാളിക്ക് ഈ കോവിഡ് കാലത്ത് മറ്റേതൊരു സ്വപ്നമാണ് സാക്ഷാത്കരിക്കാനുള്ളത്?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.