ലോക കേരള സഭയിൽ നിന്ന് പ്രതീക്ഷിക്കുന്നത്
text_fieldsജനുവരി 12, 13 തീയതികളിൽ കേരള നിയമസഭാ മന്ദിരം ഒരു അപൂർവ സമ്മേളനത്തിന് സാക്ഷ്യംവഹിക്കാൻ പോവുകയാണ്. പ്രവാസിലോകത്തെ പ്രഗല്ഭരെ ക്ഷണിച്ചുകൊണ്ടുവന്ന് ആഗോള കേരളസഭ നടത്തുേമ്പാൾ അതിലേക്ക് പ്രതിനിധികളായെത്തുന്ന വിവിധ രാഷ്ട്രീയകക്ഷികളുടെ ഗൾഫ് ഘടക നേതാക്കൾക്ക് തീർച്ചയായും പ്രത്യേക അനുഭൂതി നുകരാൻ കഴിയും -തങ്ങൾക്ക് ഒരിക്കലും പ്രതീക്ഷിക്കാൻ കഴിയാത്ത എം.എൽ.എ പദവി ഇതാ കരഗതമായിരിക്കുന്നു എന്ന്. എന്നാൽ, കൂട്ട തിരിച്ചൊഴുക്കിെൻറ അശാന്തമായ ഇൗ പ്രതിസന്ധിഘട്ടത്തിൽ ഇതെത്രമാത്രം ഉപകാരപ്പെടുമെന്ന് ആലോചിക്കേണ്ടതുണ്ട്.
പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാനാണ് ലോക കേരളസഭ രൂപവത്കരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന കരട് രേഖ വ്യക്തമാക്കുന്നു. കേരളത്തിെൻറ സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുതകുംവിധം പ്രവാസികളെ എങ്ങനെ വികസന മുന്നേറ്റത്തിൽ പങ്കാളികളാക്കാം എന്നതാണ് പ്രവാസി പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിനോടൊപ്പം സഭ കൂടുന്നതിെൻറ താൽപര്യമെന്നും കരട്രേഖ പറയുന്നു. 2015ൽ ഇന്ത്യ കൈപ്പറ്റിയ 68910 മില്യൻ ഡോളർ പ്രവാസി പണം (worker's remittances) ആഗോള പ്രവാസി പണത്തിെൻറ 12.45 ശതമാനമാണ്. പദ്ധതികൾ നടപ്പാക്കാൻ ഡോളർ നിരക്കിൽ പലിശക്ക് വിദേശ വായ്പ എടുക്കുന്നതിനേക്കാൾ ബാധ്യത സൃഷ്ടിക്കാത്ത, ഇന്ത്യൻ രൂപയിൽ പലിശ നൽകിയാൽ മതിയാവുന്ന വിദേശനാണയ സ്രോതസ്സാണ് പ്രവാസികൾ അയക്കുന്ന ധനം. ഇത് വർധിപ്പിക്കുകയും സമഗ്രവികസനത്തിന് ഉപയോഗിക്കുകയും ചെയ്യേണ്ടതുണ്ട്. കൂടാതെ, ഗൾഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ ശരിയായ കണക്ക് ഇപ്പോഴുമില്ല.
സി.ഡി.എസിെൻറ സാമ്പിൾ സർവേയെ ആശ്രയിച്ചാണ് ഇപ്പോഴും കാര്യങ്ങൾ നടന്നുവരുന്നത്. 2014ൽ നടന്ന കേരള മൈഗ്രേഷൻ സർവേയുടെ കണക്കനുസരിച്ച് 24ലക്ഷം മലയാളികൾ വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 12.52 ലക്ഷം പേർ തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. 86 ശതമാനം പ്രവാസി മലയാളികളും ഗൾഫ് രാജ്യങ്ങളിലാണുള്ളത്. മൊത്തം മലയാളി കുടിയേറ്റത്തിെൻറ 3.4 ശതമാനമാണ് അമേരിക്കൻ െഎക്യനാടുകളിലേക്ക് പോയിട്ടുള്ളത്. യൂറോപ്പിലേക്ക് 2.4 ശതമാനം മാത്രവും. സിംഗപ്പൂർ, മലേഷ്യ, ആഫ്രിക്ക എന്നിവിടങ്ങിൽ 1.4 ശതമാനം മലയാളികൾ മാത്രമാണുള്ളത്. വിദേശ പ്രവാസികളെ മാത്രമല്ല, ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറിയവരെയും ലോക കേരളസഭയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ഏഴു ലക്ഷം പേരിൽ 33 ശതമാനം കർണാടകയിലും 17 ശതമാനം തമിഴ്നാട്ടിലും 14 ശതമാനം മഹാരാഷ്ട്രയിലും എട്ടു ശതമാനം ഡൽഹിയിലും ബാക്കി 27 ശതമാനം മറ്റു സംസ്ഥാനങ്ങളിലുമാണെന്നാണ് സർക്കാറിെൻറ ഒൗദ്യോഗിക നിഗമനം. ഇതെല്ലാം 2014ലെ കണക്കുകളാണ്. അതിനുശേഷം കേരള സർക്കാർ മറ്റൊരു കണക്കെടുപ്പ് നടത്തിയിട്ടില്ല.
ലോക വ്യാപാര സംഘടനയുടെ ഭാഗമായ സേവന വ്യാപാര ഉടമ്പടി (General agreement on Trade in Service --GATS) ഗൾഫിലേക്കും മറ്റുമുള്ള ഹ്രസ്വകാല കുടിയേറ്റത്തെ സേവന വ്യാപാരമായാണ് നിരീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ഗഹനമായ ചർച്ചയും ലോക കേരളസഭയിൽ നടക്കും. ഇന്ത്യക്ക് ഒരു പ്രഖ്യാപിത കുടിയേറ്റ പ്രവാസ നയമില്ലാത്തതിെൻറ ന്യൂനത പരിഹരിച്ച് സുതാര്യവും പ്രഖ്യാപിതവുമായ നയരൂപവത്കരണമുണ്ടാവണം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുകൂടി വിദേശരാജ്യങ്ങളിലെ തൊഴിൽസാധ്യത ലഭ്യമാകണമെന്ന് മുഖ്യമന്ത്രിയുടെ രേഖ പറയുന്നുണ്ട്. എന്നാൽ, സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും അധഃസ്ഥിത ജനവിഭാഗങ്ങൾക്കും കൂടി അത് സാധ്യമാക്കേണ്ടതുണ്ട്. പ്രവാസികൾ തൊഴിലെടുക്കുന്ന രാജ്യങ്ങളിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ ഉഭയകക്ഷി ചർച്ചകളിലൂടെ പരിഹാരമുണ്ടാക്കണം. അന്താരാഷ്ട്ര കരാറുകൾ ഉപയോഗിച്ച് അവരുടെ ആഭ്യന്തരപ്രശ്നങ്ങളിൽ ഇടപെടാതെതന്നെ ഇത് സാധ്യമാക്കണം. നഴ്സുമാരും ഗാർഹിക തൊഴിലെടുക്കുന്ന സ്ത്രീകളും അനുഭവിക്കുന്ന പ്രയാസങ്ങളും പരിഹരിക്കപ്പെടണം. കേരളത്തിലെത്തുന്ന പ്രവാസ പണം സംസ്ഥാനത്തെ മൊത്തം ആഭ്യന്തര ഉൽപാദനത്തിെൻറ 36 ശതമാനം വരും. പ്രവാസ പണത്തിെൻറ വൻ നേട്ടം കൊയ്തത് ബാങ്കിങ്, ഇൻഷുറൻസ്, വ്യാപാരം, വാണിജ്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളാണ്. പ്രവാസ പണം മൂലം ഒരുഭാഗത്ത് കാർഷിക വ്യവസായ ഉൽപന്നങ്ങൾക്കുള്ള ഡിമാൻറ് വർധിച്ചപ്പോൾ മാർക്കറ്റിൽ ഉൽപാദന വർധന ഉണ്ടായതുമില്ല. എന്നാൽ, കേരളത്തിലെ കാർഷിക-വ്യവസായ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും പ്രവാസി സമൂഹം വൻ വിപണി സൃഷ്ടിച്ചെടുത്തു. കേരളത്തിെൻറ സംസ്കാരത്തെയും ഭക്ഷണരീതി, വസ്ത്രധാരണം, ഫാഷൻ, ആഭരണങ്ങൾ, വീടുകൾ, വീട്ടുപകരണങ്ങൾ, വാഹനങ്ങൾ, കുടുംബബന്ധങ്ങൾ, സാഹിത്യം, സിനിമ എന്നിങ്ങനെ സർവതുറകളിലും പ്രവാസ സ്വാധീനം പ്രകടനമാണ്. കയറ്റുമതിയും ഇറക്കുമതിയും വർധിച്ചു.
പഴയകാല പ്രവാസം അകലവും വിരഹവും സൃഷ്ടിച്ചിരുന്നുവെങ്കിൽ ഇന്ന് അടുപ്പവും ഒരുമയും സ്നേഹവുമാണ് ഉണ്ടാക്കുന്നത്. പുതിയ സാേങ്കതിക സൗകര്യങ്ങൾ അതിന് കാരണമാണ്. മലയാളികളുടെ മൂലധന വർധന ഉചിതമായി ഉപയോഗപ്പെടുത്തണം. െഎ.ടി, ടൂറിസം മേഖലകൾ പുഷ്ടിപ്പെടുത്തണം. പ്രമുഖ വ്യക്തികളെ ഉൾപ്പെടുത്തി ഒരു ഹൈപവർ െഎ.ടി കമ്മിറ്റിയും ഒരു ഡിജിറ്റൽ അഡ്വൈസറി ബോർഡും നിലവിലുണ്ട്. വൈജ്ഞാനിക മേഖലക്കും ഗവേഷണ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും വിദേശ വിദഗ്ധ സഹായം ലഭ്യമാക്കണം. റോഡുകൾ, എയർപോർട്ടുകൾ, ദേശീയ ജലപാത, വാർത്താ വിനിമയം എന്നിങ്ങനെ പൊതുമേഖലയിൽ മാന്യമായ ലാഭവിഹിതം നൽകി പ്രവാസി നിക്ഷേപം ഉറപ്പാക്കാൻ ക്രൗഡ് ഫണ്ടിങ് മാതൃക സ്വീകരിക്കും. കേരളത്തിൽ സ്വന്തമായി വീടില്ലാത്ത 5.75 ലക്ഷം കുടുംബങ്ങൾക്ക് വീടുനൽകാനുള്ള ലൈഫ് മിഷനിൽ മുതൽമുടക്കാൻ പ്രേരിപ്പിക്കും. പ്രവാസി നിക്ഷേപങ്ങൾ സുരക്ഷിതമാക്കാൻ സിയാൽ പോലുള്ള സമ്പ്രദായങ്ങൾ കൂടുതലുണ്ടാക്കും -ഇങ്ങനെ തുടങ്ങി 26 പേജ് വരുന്ന കരട് രേഖ പ്രവാസത്തെക്കുറിച്ച് സമഗ്രമായി പ്രതിപാദിച്ചു കടന്നുപോകുേമ്പാഴും സൗദിയിലെയും യു.എ.ഇയിലെയും ഖത്തറിലേയും പ്രവാസികൾ അനുഭവിക്കുന്ന സങ്കീർണമായ കൂട്ട തിരിച്ചൊഴുക്കിെൻറ ആപത്കരമായ സാഹചര്യത്തെക്കുറിച്ച് കരട്രേഖ പരാമർശിക്കുന്നുപോലുമില്ല.
2018ൽ മാത്രം 25 ലക്ഷം വിദേശികൾ സൗദി വിടേണ്ടിവരുമെന്ന് പറയുേമ്പാൾ അതിൽ പകുതിയും മലയാളികളായിരിക്കും. സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുക എന്ന സൽക്കാര്യം സൗദി നടപ്പാക്കുേമ്പാൾ 40,000 മലയാളി ഹൗസ് ഡ്രൈവർമാർ നാടുവിടേണ്ടിവരുമെന്നത് പരിഗണിക്കപ്പെടുന്നില്ല. നേരത്തേ മൊബൈൽ മേഖല സ്വകാര്യവത്കരിച്ചപ്പോൾ തൊഴിൽരഹിതരായവരും ഇപ്പോൾ ജ്വല്ലറി മേഖല സ്വകാര്യവത്കരിക്കുേമ്പാൾ തൊഴിൽരഹിതരാകുന്നവരും കുറച്ചൊന്നുമല്ല. ഇന്ത്യയിൽ ക്ലിയറിങ് തടസ്സപ്പെട്ടപ്പോൾ തകർന്ന ഗൾഫിലെ മൊത്തം കാർഗോ ബിസിനസ് രംഗം, സാമ്പത്തിക പ്രശ്നങ്ങൾമൂലം ആളുകൾ സാധനങ്ങൾ വാങ്ങി അയക്കാത്തതിനാലും ഇന്ത്യയിലെ ജി.എസ്.ടി മൂലവും പൂർണമായും തകരുകയാണ്. ഇവിടെ തൊഴിൽരഹിതരാകുന്നവരോടൊപ്പം ഇൗ മൂന്നു വാണിജ്യങ്ങളുടെ തകർച്ച കാരണം പാപ്പരാകുന്ന ഇടത്തരം സംരംഭകരും കടുത്ത നിരാശയിലാണ്. ഗൾഫ് പ്രവാസികൾ അടിയന്തരമായ ഒരു സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. അതിനെക്കുറിച്ച് കരട്രേഖ പരാമർശിക്കുന്നില്ലെങ്കിലും സഭയിൽ പെങ്കടുക്കുന്ന പ്രവാസ പ്രതിനിധികൾ വേണ്ടതുപോലെ ചർച്ചചെയ്യുമെന്ന് പ്രത്യാശിക്കാം. കാരണം, ഇൗ കൂട്ട തിരിച്ചൊഴുക്ക് താങ്ങാനുള്ള ശേഷി കേരളത്തിനില്ല എന്നതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.