പെരുന്നശാപം
text_fieldsഅരിയും തിന്ന് ആശാരിച്ചിയെയും കടിച്ചിട്ടും മുറുമുറുപ്പ് മാറുന്നില്ലെങ്കിൽ പിന്നെന്ത് ചെയ്യാനാണ്? മിണ്ടാപ്രാണികളുടെ കാര്യത്തിൽ പോെട്ടയെന്നുവെച്ച് വിട്ടുകളയാം; അനിവാര്യമായ പ്രകൃതിനിയമമെന്ന് കരുതി ആശ്വസിക്കുകയുമാകാം. പക്ഷേ, തെരഞ്ഞെടുപ്പുചൂടിൽ സംസ്ഥാന രാഷ്ട്രീയം തിളച്ചുമറിയുന്ന സമയത്ത്, ഇൗ സമീപനം 'പടനായരി'ൽനിന്നാകുേമ്പാൾ അതത്ര നിസ്സാരമായി കാണാനാവില്ല. അല്ലെങ്കിലും, കുളിച്ച് കുറിയിട്ടു വന്ന് ഗോപുരത്തിങ്കൽ സുകുമാരൻ നായർ രണ്ടുവാക്കുപറഞ്ഞാൽത്തന്നെ അത് വലിയ സംസാര വിഷയമാകും.
ഇങ്ങനെയൊരു സ്വീകാര്യതയുള്ള നായർക്ക് വോട്ടിങ് മെഷീനിൽ വിരലമർത്തി മടങ്ങുംനേരം വാ തുറക്കുേമ്പാൾ അൽപമൊന്ന് ശ്രദ്ധിക്കാമായിരുന്നു. ഭരണത്തുടർച്ച ഉറപ്പാക്കാൻ ക്യാപ്റ്റനും സംഘവും സർവ അടവും പയറ്റി വോട്ടർമാരുടെ വരികളിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുേമ്പാഴാണ്, ടിയാൻ വെടിപൊട്ടിച്ചത്. അപ്പോൾ കൈവിരലിലെ മഷിയുണങ്ങിയിട്ടുപോലുമുണ്ടാവില്ല. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുവത്രെ. പിണറായിയെയും കൂട്ടരെയും വിറളിപിടിപ്പിക്കാൻ ഇതിലും വലുതെന്തെങ്കിലും വേണോ? രണ്ടുപക്ഷവും മോശമാക്കിയില്ല. പറയാനുള്ളത് പരസ്പരം പറഞ്ഞുതീർക്കുകയാണ്.
സുകുമാരൻ നായർ നന്ദികേട് കാണിച്ചു എന്നേ പറയാനൊക്കു. നോക്കൂ, ആവശ്യപ്പെട്ടതെല്ലാം താലത്തിൽവെച്ചുകൊടുത്തിട്ടുണ്ട് പിണറായിയുടെ നവോത്ഥാന സർക്കാർ. ഉമ്മൻ ചാണ്ടിയുടെ കാലത്തെ അഞ്ചാം മന്ത്രി വിവാദം ഒാർമയില്ലെ? മന്ത്രിമാരുടെ എണ്ണത്തിലെ 'സമുദായ സന്തുലനം' മാത്രമായിരുന്നില്ല അന്നത്തെ എൻ.എസ്.എസിെൻറ ആവശ്യം. മുന്നാക്ക സമുദായം എന്നൊക്കെ സ്വയം വിശേഷിപ്പിക്കുമെങ്കിലും ഇക്കൂട്ടത്തിലൂം പട്ടിണിപ്പാവങ്ങളുണ്ടെന്നാണ് വാദം. അവർക്ക് ഇത്തിരി സംവരണം വേണം എന്നും ആ പട്ടികയിലുണ്ടായിരുന്നു. അതിനുവേണ്ടി, വെള്ളാപ്പള്ളിയുമായിവരെ വീണ്ടും സന്ധിചെയ്തിട്ടുണ്ട്. പക്ഷേ, കുഞ്ഞൂഞ്ഞ് അതൊന്നും ചെവിക്കൊണ്ടില്ല. ആ സ്വപ്നം താത്വികമായി മോദിയും പ്രയോഗത്തിൽ പിണറായിയും നിറവേറ്റി. ആദ്യം ദേവസ്വം ബോർഡിൽ പത്തു ശതമാനം. പിന്നെ, അത് വ്യാപകമാക്കി. അതിെൻറ പേരിൽ മോദിക്ക് നന്ദി അറിയിച്ച് കത്തെഴുതിയ പെരുന്നയിലെ നാഥൻ പക്ഷേ, പിണറായിയെ മറന്നു. അതിെൻറ കാരണം ശബരിമലയും വനിത മതിലുെമാക്കെയാണ്. ഇൗ 'ജാതി' നവോത്ഥാനത്തോട് നായർക്ക് പണ്ടേ താൽപര്യമില്ല.
അത് കണക്കാക്കാതെയാണ്, പിണറായി 'നാല് വോട്ട് സിദ്ധാന്തം' അവതരിപ്പിച്ചത്. സംഗതി ശരിയാണ്. ആ സമയത്ത് അൽപം ആവേശംകൂടിപ്പോയിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പോടെ അത് തിരിച്ചറിഞ്ഞ നിമിഷം മുതൽ തിരുത്താനും തുടങ്ങിയിട്ടുണ്ട്. അതിനുശേഷം, ഒരൊറ്റ നവോത്ഥാന പ്രഭാഷകരെയും അടുപ്പിച്ചിട്ടില്ല. ശബരിമലയിൽ ആചാരലംഘനം പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നു മാത്രമല്ല, സ്വയം ഉത്സാഹിച്ച് പുറപ്പെട്ടവരെ തടഞ്ഞിട്ടുമുണ്ട്. വകുപ്പ് മന്ത്രി നിരന്തരമായി 'അയ്യപ്പകോപ'ത്തെക്കുറിച്ച് ക്ലാസെടുപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഗോദയിലും മന്ത്രി അതാവർത്തിച്ചതാണ്. അേപ്പാഴും അതൊരു വിപ്ലവ പാർട്ടിയാണല്ലൊ. സ്വാഭാവികമായും ചില വിപ്ലവകാരികളൊക്കെ അവിടെ കാണും, നേതാക്കളായും വോട്ടർമാരായും. അവരെയും തൃപ്തിപ്പെടുത്താൻവേണ്ടി മാത്രമാണ് ദേശീയ നേതാക്കൾ നിലപാട് കടുപ്പിക്കുന്നതായി ഭാവിച്ചത്. അതിനെയൊക്കെ, വൈരുധ്യാത്മക ഭൗതിക/ ആശയവാദത്തിെൻറ സ്പിരിറ്റിലെടുക്കാവുന്നതേയുള്ളൂ. എന്തായാലും, വിഷയത്തിെൻറ പ്രയോഗതലത്തിൽ പാർട്ടിയും ഭരണകൂടവുമെല്ലാം എൻ.എസ്.എസ് പറയുന്നിടത്താണല്ലൊ. എന്നിട്ടും, ഇങ്ങനെ പരസ്യമായി ഇൗ സർക്കാറിനെ അധിക്ഷേപിച്ചത് നന്ദികേടല്ലാതെ മറ്റെന്താണ്?
പാട്ടുപാടിയാണ് നായർ സർവിസ് സൊസൈറ്റിയുടെ ഭാഗമായതെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. മന്നത്ത് പത്മനാഭൻ, സംഘടനക്കുവേണ്ടി 'ജന്മനക്ഷത്രപ്പിരിവ്' എന്ന പേരിൽ ഫണ്ട് റൈസിങ് കാമ്പയിൻ നടത്തുന്ന കാലം. തുടക്കത്തിൽ എല്ലാ താലൂക്കുകളിലും മന്നം നേരിെട്ടത്തി. ഒാരോ സ്ഥലത്തും മന്നവും കൂട്ടരും എത്തുന്നതിനു മുമ്പായി ഒരു ഗായകസംഘത്തിെൻറ സംഗീതപരിപാടിയുണ്ടാകും. കേരളം മൊത്തം കറങ്ങിയ ഇൗ ഗായക സംഘത്തിൽ സുകുമാരൻ നായരുമുണ്ടായിരുന്നു. അന്ന് പെരുന്ന എൻ.എസ്.എസ് സ്കൂളിൽ വിദ്യാർഥിയായിരുന്നു. സുകുമാരെൻറ ശബ്ദമാധുര്യം ആസ്വാദിച്ച മന്നം ഒരു വെള്ളിരൂപ സമ്മാനിച്ചുവത്രെ. കാലംകുറെ മുന്നോട്ടുപോയപ്പോൾ ആ ശബ്ദമാധുര്യം പലവിധ കാർക്കശ്യങ്ങൾക്കും വഴിമാറി. കരുത്തുറ്റ നിലപാട് എന്നും 14 ശതമാനത്തോളം വരുന്ന ഒരു സമുദായം പിന്നിലുണ്ടെന്ന ധാർഷ്ഠ്യമെന്നുമൊക്കെ അതിനെ വിളിക്കാം. പക്ഷേ, ആ സ്വഭാവത്തെ സ്വയം വിശേഷിപ്പിക്കാറുള്ളത് 'ശരിദൂരം' എന്നാണ്. പറഞ്ഞല്ലൊ, രണ്ട് വാക്ക് സംസാരിച്ചാൽ അതുമതി പിന്നീടുള്ള കൂട്ടപ്പൊരിച്ചിലുകൾക്ക്. ജനറൽ സെക്രട്ടറി പദത്തിലിരുന്ന പത്തു വർഷത്തിനിടെത്തന്നെ അത്തരത്തിൽ എന്തെല്ലാം കണ്ടു.
യു.ഡി.എഫ് ഭരണകാലത്ത് ലീഗിെൻറ അഞ്ചാം മന്ത്രിയെ ഉയർത്തിക്കാട്ടി തുടങ്ങിവെച്ച രണ്ടുവാക്ക് എവിടെവരെ എത്തി എന്ന് എല്ലാവർക്കുമറിയാം. രമേശ് ചെന്നിത്തലക്ക് കിട്ടാതെ പോയ ഉപമുഖ്യമന്ത്രിപദം അടക്കമുള്ള കോൺഗ്രസിലെ അരമന രഹസ്യങ്ങളെല്ലാം പുറത്തുവന്നത് പെരുന്നവഴിയായിരുന്നല്ലൊ. വി.എം. സുധീരൻ പെരുന്നയിലെത്തിയപ്പോൾ മുഖം തിരിച്ചുകളഞ്ഞതും നടൻ സുരേഷ് ഗോപിയെ മന്നം സമാധിയിൽനിന്ന് ഇറക്കിവിട്ടതുമെല്ലാം 'ശരിദൂര'ത്തിെൻറ മറ്റു കാഴ്ചകളായിരുന്നു. എല്ലാത്തിനും അതിേൻറതായ ന്യായങ്ങൾ നിരത്തും. പക്ഷേ, ചില കരേയാഗങ്ങളിലെ എല്ലാവർക്കും അതു ബോധിച്ചുകൊള്ളണമെന്നില്ല. അതുകൊണ്ടാണ്, സുരേഷ് ഗോപിയെ അപമാനിച്ചുവിട്ടതിനെതിരെ പല കരയോഗങ്ങളും ജനറൽ സെക്രട്ടറിയുടെ രാജി ആവശ്യപ്പെട്ടത്. എന്നിട്ടും അടുത്ത ജനറൽ ബോഡിയിൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വെറുതെയാണോ, യുവ എം.എൽ.എ 'പെരുന്നയിലെ പോപ്' എന്നു വിശേഷിപ്പിച്ചത്!
1941 എപ്രിൽ 18നാണ് ജനനം. മന്നത്തിനൊപ്പം എൻ.എസ്.എസിന് രൂപം നൽകിയ വാൽപറമ്പിൽ വേലായുധൻ പിള്ളയുടെ സഹോദര പുത്രനാണ്. പെരുന്നയിലെ വിദ്യാഭ്യാസത്തിനുശേഷം കേരള സർവിസ് കമ്പനിയിൽ പ്യൂൺ ആയി ഒൗദ്യോഗിക ജീവിതം ആരംഭിച്ചു. കുറച്ചുനാളുകൾക്കുശേഷം, ബോംബെയിലേക്ക് തിരിച്ചു. അവിടെ എയർ ഇന്ത്യയിൽ പ്രവർത്തിച്ചു. 1962ൽ, ജോലി രാജിവെച്ച് നാട്ടിലേക്ക് തിരിച്ചെത്തി എൻ.എസ്.എസിെൻറ മുഴുവൻ സമയ പ്രവർത്തകനായി. എൻ.എസ്.എസ് ആസ്ഥാനത്ത് അക്കൗണ്ടൻറായി തുടങ്ങിയാണ് സമുദായ സേവനം ആരംഭിച്ചത്. പിന്നീട് നാരായണ പണിക്കരുടെ പേഴ്സനൽ അസിസ്റ്റൻറായും മറ്റും പ്രവർത്തിച്ചു. സംഘടനയുടെ അസിസ്റ്റൻറ് സെക്രട്ടറിയായിട്ടുണ്ട് ഏറെക്കാലം. അന്നേ നാരായണ പണിക്കർക്ക് പിന്നിൽ ചാണക്യനായിട്ടുണ്ടായിരുന്നു. പിന്നീട്, പണിക്കരുടെ കീഴിൽ ജനറൽ സെക്രട്ടറിയുമായി. എൻ.എസ്.എസ് അതിെൻറ ശതാബ്ദി ആഘോഷിക്കുേമ്പാൾ ജനറൽ സെക്രട്ടറിയായിരുന്നു. സംഘടനയുടെ പത്താമത്തെ സെക്രട്ടറി.
പലപ്പോഴൂം സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കുംവിധമുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുമെങ്കിലും, മതേതരൻ എന്ന പേര് ബാക്കിയാണ്. വിശാല ഹിന്ദു െഎക്യം സാധ്യമല്ല എന്നാണ് സുചിന്തിതമായ നിലപാട്. അതേസമയം, ഒാരോരുത്തരിലും സമ്മർദം ചെലുത്തി കിട്ടാനുള്ളത് പിടിച്ചുവാങ്ങണമെന്ന കാര്യത്തിൽ സംശയമില്ല. അപ്പോഴും സാമുദായിക സന്തുലനം കൃത്യമായിരിക്കണമെന്നുമാത്രം. ശബരിമലയിൽ ആചാരസംരക്ഷണം ആവശ്യപ്പെട്ട് നടത്തിയ നാമജപ ഘോഷയാത്രയുടെ മുന്നിലുണ്ടായിരുന്നു. വിഷയത്തിൽ സുപ്രീംകോടതിയിൽവരെ പോയിട്ടുമുണ്ട്. അന്നേ ഇടതുപക്ഷത്തെ നോക്കിവെച്ചിട്ടുണ്ട്. അതിെൻറ കലിപ്പിലാണ് ഇൗ പടപ്പുറപ്പാട്. ഭാര്യ കുമാരിദേവി രണ്ടു വർഷം മുമ്പ് മരിച്ചു. നാലു മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.