ആണവ കൂടിയാലോചനയും ഇസ്രായേലി തന്ത്രങ്ങളും
text_fieldsഔദ്യോഗിക മാധ്യമങ്ങളും നയതന്ത്ര ഉറവിടങ്ങളും വ്യക്തമാക്കിയപോലെ, വൻശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മിലെ ആണവ അനുരഞ്ജന ചര്‍ച്ച ഡിസംബർ മൂന്നിന് താൽക്കാലികമായി അവസാനിച്ചു. ഇറാനും അമേരിക്കയും സമര്‍പ്പിച്ച നിർദേശങ്ങൾ വിശദമായി പഠിച്ചശേഷം ചര്‍ച്ച തുടരുമെന്നാണ് മനസ്സിലാകുന്നത്.
ഇറാൻ രണ്ടു നിർദേശങ്ങൾ മുന്നോട്ടുെവച്ചിട്ടുണ്ടത്രേ; ഒന്നാമത്തേത് ഇറാെൻറമേൽ ചുമത്തിയ ഉപരോധം പൂര്‍ണമായും പിൻവലിക്കണമെന്നതാണ്. രണ്ടാമത്തേത് ഇറാൻ പിന്തുടരാനുദ്ദേശിക്കുന്ന ആണവ പരീക്ഷണ പരിപാടികളെ സംബന്ധിച്ചും. ഇവ രണ്ടിലും വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്നമില്ലെന്ന് ഇറാൻ തീർത്തുപറയുന്നു. കരാറുകൾ പാലിക്കുന്നതിൽ അമേരിക്കയുടെ ഉത്തരവാദിത്തം ഉറപ്പുവരുത്തേണ്ടതിെൻറ ആവശ്യകതയും അവർ ഊന്നി പറയുന്നു.
ഇറാെൻറ മുഖ്യ വക്താവായ അലി ബഗേരി അന്താരാഷ്ട്ര ആണവ ഏജന്‍സിയായ ഐ.എ.ഇ.എയുടെ ഡയറക്ടർ റാഫേൽ ഗ്രോസിയുമായി സംസാരിച്ച ശേഷം പ്രസ്താവിച്ചത് സംഭാഷണം ഫലപ്രദമായിരുന്നുവെന്നും ആണവ ഏജന്‍സിയുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്നുമാണ്.
തങ്ങളുടെ നിർദേശങ്ങൾ ഗൗരവമായി വിശകലനം ചെയ്യപ്പെടണമെന്നും അതിലൂടെ അനുരഞ്ജനത്തിനും സമാധാനത്തിനും സാധ്യത തെളിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം, പുറത്തുനിന്നുള്ളവരുടെ ഇടപെടലുകളിലൂടെ അനുരഞ്ജന ശ്രമങ്ങൾ തകര്‍ന്നുപോകാനുള്ള സാധ്യത കൂടി അദ്ദേഹം എടുത്തുപറഞ്ഞു. സ്വാഭാവികമായും ബഗേരി വിരൽ ചൂണ്ടിയത് ഇസ്രായേലി തന്ത്രങ്ങളിലേക്കാണെന്നത് വ്യക്തമാണ്. ഈ ചര്‍ച്ചകൾക്കെല്ലാം ശേഷമാണ്, 2015ലെ കരാർ പുനഃസ്ഥാപിക്കുന്നതിലുള്ള പ്രമേയങ്ങളുടെ പ്രായോഗികസാധ്യതകളെക്കുറിച്ചു ഭരണകൂടങ്ങളുമായി ആലോചിക്കേണ്ടതുണ്ടെന്ന ന്യായേന അംഗങ്ങൾ സ്ഥലംവിട്ടത്.
പാശ്ചാത്യ ശക്തികളുടെ സന്മനസ്സിലാണ് കാര്യങ്ങളുടെ കിടപ്പെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈന് അമീർ അബ്ദുല്ലാഹിയൻ മുൻകൂട്ടി പ്രസ്താവിച്ചിരുന്നു. വിയനയിൽ ആണവചര്‍ച്ചകൾ പുരോഗമിക്കുന്നതായും ആത്മാർഥമായ ശ്രമങ്ങളുണ്ടെങ്കിൽ വിജയസാധ്യതയുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നാൽ, വളരെ താമസിയാതെതന്നെ അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ആത്മാർഥതയിൽ അദ്ദേഹം സംശയം രേഖപ്പെടുത്തി.
നിഷ്പക്ഷവും ഗൗരവപൂർണവുമായ ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. അനുരഞ്ജന ചര്‍ച്ചയിൽ ഇറാെൻറ ഉപദേശകനായ മുഹമ്മദ് മറാണ്ടി 'അൽ ജസീറ'യോടുപറഞ്ഞത് അമേരിക്കയുടെ ഉള്ളിലിരിപ്പ് ഇറാെൻറ മേലുള്ള ഉപരോധം തുടരണമെന്നാണെന്നും അതിനായി ഇസ്രായേൽ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നുമാണ്. ഇറാെൻറ യുറേനിയം സമ്പുഷ്ടീകരണം തൊണ്ണൂറു ശതമാനമായെന്നും ഒരു ബോംബു നിര്‍മാണത്തിന് കാലതാമസമില്ലെന്നും നാഫ്തലി ബെന്നറ്റ് ആരോപിക്കുന്നു. എന്നാൽ, ബോംബു നിര്‍മാണം ഇറാെൻറ ഉദ്ദേശ്യമല്ലെന്നും ആണവോജം സമാധാന ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും ഇറാൻ സാക്ഷ്യപ്പെടുത്തുന്നു.
'സംയുക്ത സംഗ്രഹ ആണവ കരാർ'(JCPOA) 2015ൽ നിലവിൽ വന്നത് ഐക്യരാഷ്ട്ര രക്ഷാസമിതിയിലെ അംഗങ്ങളും കൂടെ ജർമനിയും ചേര്‍ന്ന് ഇറാനുമായി നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ്. ഇതു പാലിക്കുന്നതിൽ ഇറാൻ ശുഷ്കാന്തി പുലര്‍ത്തിയതായാണ് അന്താരാഷ്ട്ര ആണവ ഏജന്‍സിയായ ഐ.എ.ഇ.എയുടെ നിരീക്ഷണ സംഘം റിപ്പോർട്ട് ചെയ്തത്.
തങ്ങളെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക ഉപരോധത്തിൽനിന്ന് രക്ഷനേടാൻ അതവർക്കാവശ്യവുമായിരുന്നു. പിന്നെ, എന്തിനാണിത് പിൻവലിച്ചത് എന്നു ചോദിക്കുന്നവരുണ്ട്. ഡോണൾഡ് ട്രംപിനെ അതിനു പ്രേരിപ്പിച്ചത് മരുമകനും നെതന്യാഹുവിെൻറ സ്വന്തക്കാരനുമായ ജാരിദ് കുശ്നർ ആയിരുന്നു. എന്നാൽ, ഇതിെൻറ പെട്ടെന്നുണ്ടായ ഫലം അത് ഇറാനിലെ മിതവാദികളെ തളർത്തുകയും വലതുപക്ഷ സ്ഥാനാർഥി ഇബ്രാഹിം റയീസിന് വിജയം എളുപ്പമാവുകയും ചെയ്തുവെന്നതാണ്.
ജോ ബൈഡൻ ഭരണമേറ്റെടുത്തതോടെ, അമേരിക്ക വീണ്ടും ആണവ കരാർ അംഗീകരിക്കാൻ സന്നദ്ധമായി. ഇറാനും അവരുടെ ബാധ്യതകൾ നിറവേറ്റാൻ സന്നദ്ധമാവേണ്ടതുണ്ട്. അഞ്ചുമാസത്തെ ഇടവേളക്കുശേഷം, കഴിഞ്ഞ 2021 ആഗസ്റ്റ് മാസത്തിൽ ഇബ്രാഹിം റെയീസ് അധികാരത്തിലേറിയശേഷം ആദ്യമായി നടക്കുന്ന അനുരഞ്ജന ശ്രമമാണിത്. രണ്ടു ദിവസത്തെ അനൗപചാരിക ചര്‍ച്ചകൾ കഴിഞ്ഞപ്പോൾ റഷ്യൻ പ്രതിനിധി മിഖായേൽ ഉല്യനോവ് വിശ്വാസം പ്രകടിപ്പിച്ചത് അമേരിക്ക കരാർ പുനഃസ്ഥാപിക്കുന്നതിന് സന്നദ്ധമാകുമെന്നാണ്.
ഇറാനും തങ്ങളുടെ ബാധ്യതകൾ നിറവേറ്റുമെന്നദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇസ്രായേൽ ചരടുവലികൾ തുടരുകയായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, 'അൽ അറേബ്യ ന്യൂസി'നോട് വിശദാംശങ്ങളിൽ 'പിശാച്' ഒളിഞ്ഞിരിക്കുന്നതായി അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്. എങ്കിലും, കരാർ പുനഃസ്ഥാപിക്കുകയെന്ന ലക്ഷ്യമിട്ടുകൊണ്ടാണ് ഞങ്ങൾ ഒത്തുകൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുരഞ്ജനം പരാജയപ്പെടുന്നതിെൻറ ഭവിഷ്യത്ത് കൂടുതൽ ദുഃഖകരമായിരിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
നിരീക്ഷകരുടെ അഭിപ്രായത്തിൽ ഇപ്പോൾ പന്ത് ഇറാെൻറ കളത്തിലാണ്. അനുരഞ്ജനം വിജയിച്ചാലും പരാജയപ്പെട്ടാലും അവർക്ക് നേട്ടങ്ങളാണ്. കരാറിൽനിന്ന് ക്രമേണ പിൻവാങ്ങിയ അവസ്ഥയിൽ അവരുടെ എണ്ണ കയറ്റുമതിയും, ബാലിസ്റ്റിക് മിസൈൽ പ്രോഗ്രാമും ഡ്രോൺ നിര്‍മാണവും എല്ലാം നടന്നുവരുന്നുണ്ട്. അനുരഞ്ജനം വഴിമുട്ടിയാൽ, ഇറാൻ യുേറനിയം സമ്പുഷ്ടീകരണം ത്വരിതപ്പെടുത്താനും ബോംബു നിര്‍മാണത്തിന് ഒരുമ്പെടാനും തുനിഞ്ഞെങ്കിൽ അത് ഇസ്രായേലിനെ കൂടുതൽ അങ്കലാപ്പിലാക്കും. സയണിസ്റ്റ് ഭീഷണി വർധിച്ച പശ്ചാത്തലത്തിൽ ഇറാൻ ബോംബ് നിര്‍മാണത്തിനെതിരെ സ്വീകരിച്ച 'ഫത്വ' റദ്ദു ചെയ്യണമെന്ന അഭിപ്രായം ശക്തമാവുകയാണ്.
ഈയിടെയായി ഇസ്രായേൽ ഇറാനെ ആക്രമിക്കാനുള്ള തയാറെടുപ്പിലാണെന്നു തോന്നുന്നു. അതിനവർക്ക് അമേരിക്കയെ മുന്നിൽ നിർത്തണം. വിദേശകാര്യമന്ത്രി ആൻറണി ബ്ലിങ്കൻ പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റിനോടാവശ്യപ്പെടുന്നത് ആണവ ചര്‍ച്ച അവസാനിപ്പിക്കാനാണ്. അടുത്ത ആഴ്ച ഇസ്രായേൽ പ്രതിരോധമന്ത്രി ഗാൻറ്സ് വാഷിങ്ടൺ സന്ദർശിക്കാനിരിക്കയാണ്. ഇറാനെ നിലക്കുനിർത്തുന്നതിനുള്ള പദ്ധതി വാഷിങ്ടണിനെ ബോധ്യപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ, പുതിയൊരു സാഹസത്തിന് ബൈഡൻ തൽക്കാലം സന്നദ്ധമാകുമെന്ന് തോന്നുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.