Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
wild elephant
cancel
  • ഭാഗം - 1
കോവിഡ്​ ലോക്​ഡൗണാണോ കോരിച്ചൊരിഞ്ഞ മഴയാണോ കാരണമെന്നറിയില്ല. നാട്ടിലും കാട്ടിലും കുറച്ചു വർഷമായി പ്രജകളുടെ എണ്ണം വല്ലാതങ്ങ്​ കൂടുന്നുണ്ട്​. നാട്ടിലുള്ളവർ മറുനാടുകളിലേക്ക്​ കുടിയേറിപ്പോവുന്നതുകൊണ്ട്​ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല. അതേസമയം കാട്ടിലെ ​പെരുപ്പം കാടതിരുകൾ ലംഘിച്ചുകൊണ്ട്​ നാട്ടിലേക്ക്​ പടരുകയാണ്​. ഒറ്റക്കുഞ്ഞിനെ വളർത്താൻ പാടുപെടുന്ന മനുഷ്യർ ഒറ്റപ്പേറിൽ പതിനാറു കുഞ്ഞുങ്ങൾ വരെയുണ്ടാകുന്ന കാട്ടുപന്നികളുടെയും മറ്റും മാനസികാവസ്ഥ മനസിലാക്കണമെന്നാണ്​ പരിസ്ഥിതി പ്രവർത്തകരുടെ അഭിപ്രായം. കുറച്ചു തടികൂടിയവർക്കൊപ്പം ബസിലെ ഇരട്ട സീറ്റിൽ ഇരുന്നു യാത്രചെയ്തവരെങ്കിലും കാട്ടിൽ പെരുകുന്ന ആനകളുടെ വിമ്മിഷ്ടം മനസിലാക്കണമെന്ന്​ മറ്റൊരു കൂട്ടർ പറയുന്നു. തമാശകൾക്കപ്പുറം കേരളത്തിൽ ആളുകളുടെയും ആനകളുടെയും എണ്ണം പെരുകുന്നു എന്നത്​ യാഥാർഥ്യമാണ്​. ആനക്കു വേണ്ടി ആളുകളാണോ ആളുകൾക്ക്​ വേണ്ടി ആനകളാണോ മാറേണ്ടത്​ എന്നതാണ്​ നിലവിലെ ചോദ്യം. അതിന്​ ചില കണക്കുകളും കാര്യങ്ങളും മനസിലാക്കണം.

ആനകളെക്കുറിച്ച്​ നിലവിൽ ലഭ്യമായ റിപ്പോർട്ടുകളിൽ പ്രമുഖമായത്​ കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ നിയമിച്ച എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോര്‍ട്ടായ 'ഗജ'യാണ്​. മനുഷ്യനും വന്യമൃഗങ്ങളും തമ്മിലെ സംഘർഷം പഠിക്കാൻ കേരള ഹൈകോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതിയിലെ ഒരംഗമാണ് ഡോ. വി.എസ്. ഈസാ. 2010ല്‍ അദ്ദേഹം കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്ന നിലയില്‍ അതേവർഷത്തെ കേന്ദ്ര സര്‍ക്കാരിന്റെ എലിഫന്റ് ടാസ്‌ക് ഫോഴ്‌സിലും അംഗമായിരുന്നു. അദ്ദേഹം കൂടി ചേർന്നുനൽകിയ ഗജ റിപ്പോർട്ടനുസരിച്ച്​ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആനകളുള്ള സംസ്ഥാനം കര്‍ണ്ണാടകയാണ്. അവിടെ 4452 ആനകളുണ്ട്​. തൊട്ടടുത്ത് തമിഴ്‌നാട് (4008), മൂന്നാമത്​ അസം (3780). ആനയും ആനവണ്ടിയും വികാരമായ കേരളം 3743 ആനകളുമായി നാലാം സ്ഥാനത്താണ്​.

ഒരു ആനയ്ക്ക് എത്ര ചതുരശ്ര കിലോമീറ്റർ വനം എന്ന കണക്ക് നോക്കുമ്പോൾ കേരളത്തിലെ ഒരാനയ്ക്ക് 2.58 ചതുരശ്ര കിലോമീറ്റർ വനം മാത്രമാണ് ജീവിക്കാനുള്ളത്. തമിഴ്‌നാട്ടില്‍ അത് 4.37 ചതുരശ്ര കിലോമീറ്റർ ആണെങ്കില്‍ കര്‍ണ്ണാടകത്തില്‍ 5.06 ചതുരശ്ര കിലോമീറ്ററാണ്.

2010ലെ കേന്ദ്രസര്‍ക്കാരിന്‍റെ ഗജ റിപ്പോര്‍ട്ട്​ പ്രകാരം കേരളത്തില്‍ 2010ല്‍ 3743 ആനകളാണുള്ളതെങ്കില്‍ സംസ്ഥാന വനംവകുപ്പിന്റെ ആന കണക്കു പ്രകാരം 1993ൽ 4286 ആന, 1997 ൽ 5737 ആന, 2002ൽ 6965 ആന, 2011ൽ 7490 ആന എന്നിങ്ങനെയാണ്​ കേരളത്തിന്‍റെ സ്ഥിതി. സംസ്ഥാന വനംവകുപ്പിന്റെ കണക്കാണ് ശരിയെങ്കില്‍ കേരളത്തില്‍ ഒരാനയ്ക്ക് ജീവിക്കാന്‍ കിട്ടുന്ന വനം 1.29 ചതുരശ്ര കിലോമീറ്റർ മാത്രമാണ്. ഏറെ അപകടകരമാണീ കണ്ടെത്തല്‍. ആനയുടെ കാര്യത്തിൽ മാത്രമല്ല സംസ്ഥാന വനംവകുപ്പിന് കണക്കുതെറ്റുന്നത്​. കേരളത്തിലെ സര്‍ക്കാര്‍ വനം 9679 ചതുരശ്ര കിലോമീറ്റര്‍ ആണെന്ന് 2021ലെ കേരള ഫോറസ്റ്റ് സര്‍വ്വേ വ്യക്തമാക്കുമ്പോള്‍ 2021ലെ കേരള ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്‌സില്‍ അത് 11,525 ചതുരശ്ര കിലോമീറ്ററാണ്.

ഗജ റിപ്പോര്‍ട്ടിൽ രാജ്യത്ത് 10 ആന ആവാസകേന്ദ്രങ്ങള്‍ ഘട്ടംഘട്ടമായി സ്ഥാപിക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​. ഇതില്‍ രണ്ടാംഘട്ടത്തിലെ ഒമ്പതാമത്തെ കേന്ദ്രമാണ് ആനമല നെല്ലിയാമ്പതി ഹൈറേഞ്ച് മേഖല. ഇത്​ തമിഴ്‌നാട്ടിലും കേരളത്തിലുമായി 4500 ചതുരശ്ര കിലോമീറ്ററിൽ പടര്‍ന്നു കിടക്കുന്നു​. 50,000ല്‍ അധികം പട്ടികവര്‍ഗ്ഗക്കാര്‍ (Scheduled Tribe) ഈ ആനമേഖലയിലുണ്ടെന്ന്​ 2010ലെ ഗജ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പറമ്പിക്കുളം കടുവാ സങ്കേതം, ചിന്നാര്‍, തട്ടേക്കാട്, പീച്ചി, ചിമ്മിനി വന്യജീവി സങ്കേതങ്ങള്‍, ഇരവികുളം, ആനമുടിഷോല, മതികെട്ടാന്‍ഷോല, പാമ്പാടുംഷോല ദേശീയ ഉദ്യാനങ്ങള്‍, ചാലക്കുടി, നെന്‍മാറ, വാഴച്ചാല്‍, മലയാറ്റൂര്‍, മൂന്നാര്‍, മാങ്കുളം ഫോറസ്റ്റ് ഡിവിഷനുകള്‍ എന്നിവ അടങ്ങുന്നതാണ് ആനമല നെല്ലിയാമ്പതി ഹൈറേഞ്ച് ആന സങ്കേതമെന്ന്​ 2010ലെ ഗജ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ആനയിറങ്കലില്‍ ഭൂരഹിതര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതും, മൂന്നാര്‍, ശാന്തന്‍പാറ ഹൈറേഞ്ച് മേഖലയിലെ ടൂറിസം വികസനവും നിർദിഷ്ട ആന സങ്കേതത്തിന് ഏറെ ഹാനികരമെന്നും 2010 ലെ ഗജ റിപ്പോര്‍ട്ട് മുന്നറിയിപ്പ്​ നൽകുന്നു. ‘ഗജ’ നിർദേശിക്കുന്ന ആന സങ്കേതങ്ങളില്‍ പത്താമത്തേതു പെരിയാര്‍ അഗസ്ത്യമല സങ്കേതമാണ്​. പെരിയാര്‍ ടൈഗര്‍ റിസര്‍വ്, റാന്നി, കോന്നി, അച്ചന്‍കോവില്‍, പുനലൂര്‍, തെന്‍മല വനം ഡിവിഷനുകളും തമിഴ്‌നാട്ടിലെ തേനി, മധുര, തിരുനെല്‍വേലി ഫോറസ്റ്റ് ഡിവിഷനുകളും മേഘമല വന്യജീവി സങ്കേതവും ശ്രീവില്ലിപുത്തൂര്‍ വന്യജീവി സങ്കേതവും ഉള്‍പ്പെടുന്നതാണ് പെരിയാര്‍ അഗസ്ത്യമല ആന സങ്കേതം. അധികം ആള്‍പാര്‍പ്പില്ലാത്ത മനുഷ്യവാസമില്ലാത്ത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ആനസങ്കേതമാക്കാന്‍ ഏറ്റവും യോഗ്യമായ മേഖലയാണ് പെരിയാര്‍ അഗസ്ത്യമല എന്ന് ഗജ ടാസ്‌ക് ഫോഴ്‌സ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അഗസ്ത്യമലയുടെ ഭാഗമായ കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതം (KMTR), നെയ്യാര്‍ പേപ്പാറ ശെന്തുരുണി വന്യജീവി സങ്കേതം, തിരുവനന്തപുരം ഫോറസ്റ്റ് ഡിവിഷന്‍ എന്നിവയാണ് അഗസ്ത്യമല ആനസങ്കേതമാക്കാന്‍ അനുയോജ്യമായത്. കോട്ടവാസല്‍ വഴി ഒരു ആനത്താര ഉണ്ടാക്കണമെന്നും പശ്ചിമഘട്ടത്തിലെ ഈ മേഖലയിലെ കാപ്പി, തേയില തോട്ടങ്ങള്‍ വനമാക്കണമെന്നും ഗജ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം കുളത്തൂപ്പുഴ കണ്‍സര്‍വേഷന്‍ റിസര്‍വും മേഘമല വന്യജീവി സങ്കേതവും സൃഷ്ടിക്കണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. 2010ല്‍ തയ്യാറാക്കിയ ഗജ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2023ല്‍ ആന സങ്കേതങ്ങളും ആനത്താരകളും സ്ഥാപിക്കാനിറങ്ങിയാൽ ആയിരക്കണക്കിന് പട്ടികവര്‍ഗ്ഗക്കാരെയും കര്‍ഷകരെയും സാധാരണക്കാരെയും കുടിയിറക്കേണ്ടി വരുമെന്നതാണ്​ കർഷക സംഘടനകളുടെ വാദം.

(തുടരും...)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ElephantWild Elephant AttackWild ElephantWild Animal Attack
News Summary - number of people and elephants in Kerala is increasing Some facts and figures to understand
Next Story