‘നുസുക്’: തീർഥാടക ലക്ഷ്യങ്ങൾ വിപുലപ്പെടുത്തി സൗദി
text_fieldsതീർഥാടന സൗകര്യങ്ങളിൽ വമ്പിച്ച വർധന വരുത്തുന്നതോടെ 2030 എത്തുമ്പോൾ 12 ദശലക്ഷം യാത്രികർ ഇന്ത്യയിൽ നിന്നുണ്ടാവുമെന്നാണ് സൗദിയുടെ പ്രതീക്ഷ
ദൈവഭവനവും പുണ്യനഗരികളും സന്ദർശിക്കാനെത്തുന്ന വിശ്വാസികൾക്ക് സുഗമവും വൈവിധ്യപൂർണവുമായ യാത്രാവഴികളൊരുങ്ങുകയാണ് സൗദി അറേബ്യയിൽ. ജീവിതസ്വപ്നമായ ഹജ്ജിനും ഉംറക്കുമായി കഅ്ബയെന്ന അല്ലാഹുവിന്റെ ഭൂമിയിലെ ആദ്യഭവനത്തിലണയാൻ കൊതിക്കുന്നവർക്കുമുന്നിലെ കടമ്പകൾ ലളിതമാക്കി തീർഥാടനവും സൗദി സന്ദർശനവും അത്യാകർഷകമാക്കാനുള്ള വിവിധ പദ്ധതികളാണ് നടപ്പാക്കിവരുന്നത്.
ഇസ്ലാമിക ചരിത്രവും നാഗരികതയും അറബി സംസ്കാരവുമായി ഇഴചേർന്നു കിടക്കുന്ന സൗദിയിലേക്കു കൂടുതൽ സന്ദർശകശ്രദ്ധയും സാന്നിധ്യവും നേടിയെടുക്കാനുള്ള വിപുലമായ പരിപാടികൾ സൗദി വിഷൻ 2030ന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുണ്ട്.
ഇടനിലക്കാരുടെയും സൗകര്യദാതാക്കളുടെയും സഹായമില്ലാതെതന്നെ തീർഥാടനത്തിന് ഒരുങ്ങുന്നവർക്ക് വിസ നടപടിക്രമങ്ങൾ മുതൽ മക്ക, മദീന സന്ദർശനവും പുറമെ സൗദിയിലെ വിവിധ ചരിത്ര, പൈതൃകസ്ഥലങ്ങൾ കാണാനും മരൂഭൂമിയുടെയും അറബകങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാനുമുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് ഭരണകൂടം. സൗദിയിലുടനീളം പതിനായിരത്തിലേറെ പൗരാണിക ഇടങ്ങളും യുനെസ്കോയുടെ ആഗോള പൈതൃകപ്പട്ടികയിൽപെട്ട ഏഴു കേന്ദ്രങ്ങളുമുണ്ട്.
ഉംറ ചെയ്യാം അറബിനാടും കാണാം
ഉംറ വിസയിൽ തീർഥാടനത്തിനു പോയിരുന്നവർക്ക് ഇരു ഹറമുകളിൽ യാത്ര പരിമിതപ്പെടുത്തിയിരുന്ന രീതി മാറ്റി സൗദി അറേബ്യയിലുടനീളം സന്ദർശനത്തിനുകൂടി ഇനിമുതൽ സൗകര്യമുണ്ടാവും. ഉംറയും മദീന സന്ദർശനവും ഉദ്ദേശിക്കുന്നവർക്ക് ഓൺലൈൻ പ്രവേശന വിസ, വിശുദ്ധ നഗരങ്ങളിലെ താമസം, ഭക്ഷണം, വിവിധയിടങ്ങളിലേക്കുള്ള വിമാനം, ടാക്സി, ടൂറിസ്റ്റ് യാത്രാസൗകര്യങ്ങൾ, ഗൈഡുമാരുടെ സഹായം എന്നിവയെല്ലാം അനായാസം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
ഇതിനായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം സൗദി ടൂറിസം അതോറിറ്റിയുമായി ചേർന്ന് 2022 നവംബറിൽ ‘നുസുക്’ എന്ന പേരിൽ ഔദ്യോഗിക സൗദി പ്ലാറ്റ്ഫോം സജ്ജമാക്കി. തീർഥാടകർക്ക് ത്വവാഫ് ട്രാക്കിങ്, മദീനയിലെ പ്രവാചകന്റെ പള്ളിയിൽ റൗദ സന്ദർശനത്തിനുള്ള ബുക്കിങ്, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനം, യാത്രാറൂട്ട് ക്രമീകരണം തുടങ്ങിയ സൗകര്യങ്ങൾ കൂടി വൈകാതെ ‘നുസുകി’ൽ ലഭ്യമാകും.
വിമാനയാത്ര, സൗദിയിലെ ആഭ്യന്തര ഗതാഗതം, താമസ സൗകര്യങ്ങൾ, സേവനവിന്യാസം (Logistics Services) എന്നീ വിഭാഗങ്ങളിലായി 300 സ്ഥാപനങ്ങൾ സർക്കാറുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.
വിദേശികളുടെ സൗദി സന്ദർശനം അവിസ്മരണീയമാക്കുകയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഉംറ വിസക്ക് മൂന്നുമാസത്തെ കാലാവധി നൽകിയതും നാലുദിവസത്തെ ട്രാൻസിറ്റ് വിസയിൽ ഉംറ സൗകര്യമേർപ്പെടുത്തിയതും. കോവിഡ് കാലത്ത് ഉംറ തീർഥാടനവും മദീന സന്ദർശനവും ചിട്ടപ്പെടുത്താനായി ആവിഷ്കരിച്ച ‘ഇഅ്തമർനാ’ എന്ന ആപ് ആണ് കൂടുതൽ വിപുലമായ സൗകര്യങ്ങളുമായി നുസുക് ആപ് ആയി മാറുന്നത്.
ഇതോടെ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നുമെത്തുന്നവർക്ക് തീർഥാടനം അയത്നലളിതമാവും. രാജ്യത്തേക്കുള്ള പ്രവേശന നടപടിക്രമം ലളിതമാക്കുകയും അത്യാവശ്യ വിവരങ്ങളും ആത്മീയവും സാംസ്കാരികവുമായ ഉൾക്കാഴ്ചകളും പ്രദാനം ചെയ്ത് ഉംറ അനുഭവത്തെ സമ്പന്നമാക്കുകയുമാണ് ‘നുസുകി’ന്റെ ലക്ഷ്യമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് റബീഅ പറയുന്നു.
അമേരിക്ക, യൂറോപ്, ആസ്ട്രേലിയ തുടങ്ങി അറുപതോളം രാജ്യങ്ങളിലെ ഹജ്ജ് തീർഥാടകർക്ക് ഈ ആപ് വഴി നടപടിക്രമങ്ങൾ എളുപ്പമാക്കാനുളള അവസരം കഴിഞ്ഞ വർഷം സൗദി ഭരണകൂടം ഒരുക്കിയിരുന്നു.
ഇന്ത്യൻ തീർഥാടകർ മുഖ്യ ഉന്നം
കഴിഞ്ഞ വർഷം 18 ലക്ഷം തീർഥാടകരാണ് ഇന്ത്യയിൽനിന്ന് ഉംറക്കായി സൗദിയിലെത്തിയത്. സന്ദർശകരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തായിരുന്നു രാജ്യം. അടുത്ത വർഷത്തോടെ ഇതു ഇരട്ടിയാക്കാനുള്ള യത്നത്തിലാണ് സൗദി അധികൃതർ. സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അർറബീഅയും മന്ത്രാലയ സംഘവും ഇന്ത്യ സന്ദർശിച്ചതും സൗദി ടൂറിസം അതോറിറ്റിയുടെ സഹകരണത്തോടു കൂടി കഴിഞ്ഞ മാസം മുംബൈയിൽ ‘നുസുക്’ റോഡ് ഷോ സംഘടിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു.
സ്വകാര്യ മേഖലയുമായി പങ്കുചേർന്ന് തീർഥാടകർക്കുള്ള സേവനസൗകര്യങ്ങൾ വർധിപ്പിക്കാനും പുതിയ നടപടിക്രമങ്ങളെക്കുറിച്ച് ഇന്ത്യൻ അധികൃതരെയും സ്വകാര്യ മേഖലയിലെ ഹജ്ജ്-ഉംറ സേവനദാതാക്കളെയും ബോധ്യപ്പെടുത്തുകയും അവരുമായി സഹകരണ കരാറിലെത്തുകയുമായിരുന്നു മന്ത്രിയുടെ സന്ദർശനത്തിന്റെയും റോഡ് ഷോയുടെയും ലക്ഷ്യം.
ന്യൂഡൽഹിയിൽ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ, സഹമന്ത്രി വി.മുരളീധരൻ എന്നിവരുമായി നടത്തിയ ചർച്ചയിൽ, സൗദി സന്ദർശനത്തിനുള്ള വഴി ലളിതമാക്കുന്നതിന് ഗവൺമെന്റ് ഏർപ്പെടുത്തിയ പുതിയ സംവിധാനങ്ങൾ സൗദി മന്ത്രി ഡോ. റബീഅ ഇന്ത്യൻ അധികൃതരെ ബോധ്യപ്പെടുത്തി.
ഇന്ത്യൻ തീർഥാടകരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും തമ്മിൽ സഹകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ചയിൽ ഇരുപക്ഷവും എടുത്തുപറഞ്ഞു. അതിനുപുറമെ ഇന്ത്യയിലെ ഉംറ, ട്രാവൽ ടൂറിസം രംഗത്തെ നിക്ഷേപകരുമായും ഏജൻസികളുമായും മന്ത്രിയും പ്രതിനിധിസംഘവും ചർച്ച നടത്തി.
സൗദി സർക്കാർ നിയന്ത്രണത്തിലുള്ള സൗദിയ, ഫ്ലൈ നാസ് എയർലൈനുകളും അഞ്ച് ഇന്ത്യൻ വിമാനക്കമ്പനികളുമായി ആഴ്ചയിൽ ജിദ്ദയിലേക്ക് 285 നേരിട്ടുള്ള സർവിസുകൾ നടത്തുന്നുണ്ട്. തീർഥാടകരുടെ എണ്ണം വർധിക്കുന്ന മുറക്ക് വിമാന യാത്രാനിരക്കിൽ കുറവ് വരുത്താനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
തീർഥാടന സൗകര്യങ്ങളിൽ വമ്പിച്ച വർധന വരുത്തുന്നതോടെ 2030 എത്തുമ്പോൾ 12 ദശലക്ഷം യാത്രികർ ഇന്ത്യയിൽ നിന്നുണ്ടാവുമെന്നാണ് സൗദിയുടെ പ്രതീക്ഷ. മുംബൈ റോഡ്ഷോയുടെ ഭാഗമായി വിവിധ ട്രാവൽ, ഉംറ ഏജൻസികളുമായി ധാരണപത്രങ്ങൾ ഒപ്പുവെച്ചതായി സൗദി ടൂറിസം അതോറിറ്റിയുടെ ഏഷ്യ-പസഫിക് മേഖല പ്രസിഡന്റ് ഹസൻ അലി ദബ്ബാഗ് അറിയിച്ചു.
തീർഥാടനമെന്ന വിശ്വാസികളുടെ സ്വപ്നസാക്ഷാത്കാരത്തിന് സുതാര്യവും സുഗമവുമായ സജ്ജീകരണങ്ങളൊരുക്കാനും 2030 ഓടെ ലോകസഞ്ചാര ഭൂപടത്തിൽ സൗദി അറേബ്യയെ മുന്നിലെത്തിക്കാനുമുള്ള ബൃഹത്തായ യജ്ഞത്തിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.