ആത്മാർപ്പണത്തിെൻറ സായുജ്യം
text_fieldsമാനവസംസ്കൃതിയുടെ പിതാമഹനായ ഇബ്രാഹീം നബിയുടെ ത്യാഗനിർഭരവും ആത്മസമർപ്പണ ധന്യവുമായ ജീവിതത്തിെൻറ ഓർമയാണ് ബലിപെരുന്നാളിെൻറയും ഹജ്ജിെൻറയും മുഹൂർത്തങ്ങൾ ഉണർത്തുന്നത്. ലോകത്തിെൻറ സാമൂഹിക സാമ്പത്തികമേഖലകളിലെല്ലാം കടുത്ത ആഘാതങ്ങൾ സൃഷ്ടിച്ച മഹാമാരിയുടെ ദുരിത കാലത്ത് ഇബ്രാഹീം എന്ന അചഞ്ചലമാനസനായ പ്രവാചകൻ ഓർക്കപ്പെടുന്നത് പ്രസക്തമാണ്. തീക്ഷ്ണമായ അഗ്നിപരീക്ഷാ കാലങ്ങൾ ജയിച്ച പ്രവാചകൻ അനവദ്യസുന്ദരമായ ഒരു സംസ്കൃതിയുടെ ആദ്യ നാമധേയമായി മാറാനുള്ള പ്രധാനകാരണം തന്നെ ആ മഹദ് ജീവിതത്തിെൻറ നിശ്ചയദാർഢ്യവും ആത്മസമർപ്പണവുമായിരുന്നു. മുഹമ്മദ് നബിയുടെ പ്രബോധനം തന്നെ ഇബ്രാഹിമീ പന്ഥാവിനെ അനുധാവനം ചെയ്തുകൊണ്ടായിരുന്നു. ഖുർആൻ മുഹമ്മദ് നബിയോട് ആഹ്വാനം ചെയ്യുന്നത്, പിതാവായ ഇബ്രാഹീമിെൻറ ജീവിതചര്യ പിന്തുടരാനാണ് (അധ്യായം അൽഹജ്ജ്: 78).
മെസപ്പൊട്ടോമിയയിൽ സുമേറിയൻ സംസ്കൃതിയുടെ പ്രതാപം കെട്ടുതുടങ്ങുേമ്പാഴാണ് ഇബ്രാഹീം നബി, ഇറാഖിലെ ഊർ നഗരത്തിൽ ജനിക്കുന്നത്. യുക്തിഭദ്രമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന, ചോദ്യങ്ങൾ ചോദിക്കുന്ന പ്രവാചകനായിരുന്നു അദ്ദേഹം. ഇബ്രാഹീംനബിയുടെ ബോധനരീതിയിലെ സാർവലൗകികസമ്മതിയെ ഒരു പൊതുസംസ്കാരമായി കാണാം. ഇന്ത്യൻ തത്ത്വചിന്തയിലും ഏകദൈവത്തെ, പരമസത്യത്തെ അേന്വഷിച്ചുപോകുന്ന മുനിമാരുടെ ബോധനരീതികളെല്ലാം ഇതു കാണാനാവും. ഉപനിഷത്തുകളിലെ നേതി നേതി (ഇതല്ല, ഇതല്ല) എന്ന രീതിയിൽ പ്രാപഞ്ചികപ്രതിഭാസങ്ങളെ മുഴുവൻ തൊട്ടുകാണിച്ച് അവയൊന്നും ബ്രഹ്മ(പരമയാഥാർഥ്യം)മാവാൻ സാധ്യമല്ല എന്നു സ്ഥാപിക്കുന്നത് ഇബ്രാഹീം നബിയുടെ പ്രമാണ സ്ഥാപനശൈലിയിലൂടെയാണ്. ആഴമുള്ള തത്ത്വചിന്തയും ജീവിതത്തിെൻറ തീക്ഷ്ണ പരീക്ഷണങ്ങൾക്ക് മുന്നിലുള്ള അചഞ്ചലമായ വിശ്വാസദാർഢ്യവും മനോധൈര്യവും കൊണ്ട് അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമായി ചരിത്രം ഇബ്രാഹീമിനെ അടയാളപ്പെടുത്തുന്നു.
അല്ലാഹുവിെൻറ നിർദേശപ്രകാരം വിജനമായ മരുപ്രദേശത്ത് കഅ്ബയുടെ സമീപത്ത് മകനെയും ഭാര്യ ഹാജറിനേയും (ഹാഗാർ) താമസിപ്പിച്ച് തിരിച്ചുനടക്കാൻ നിൽക്കുന്ന ആ യോഗിയുടെ സന്യസ്തമായ മനോദാർഢ്യം അനുപമമാണ്. മകനെ അല്ലാഹുവിെൻറ പ്രീതിക്കായി ബലിയറുക്കണമെന്ന കൽപന ശിരസ്സാവഹിക്കാൻ സന്നദ്ധനാവുന്ന ആ പിതാവിെൻറ അചഞ്ചലതക്ക് സമാനതകളില്ലെന്നുപറയാം. മകന് പകരമായി ആടിനെ ബലിയറുക്കാനുള്ള ദൈവികനിർദേശം വന്നതിെൻറ ഓർമക്കായാണ് ലോകമാകെയുള്ള വിശ്വാസികൾ മൃഗബലിയർപ്പിക്കുന്നത്.
പൂർണമായ സമർപ്പണമാണ് ബലി. ബലിമൃഗത്തിെൻറ രക്തമോ മാംസമോ അല്ലാഹുവിന് സമർപ്പിക്കപ്പെടുന്നില്ല, അതിനു തയാറാകുന്നവരുടെ ദൈവഭക്തിയാണ് പ്രധാനം. ബലിമാംസം ദരിദ്രെൻറ വിശപ്പകറ്റാനുള്ള ഭക്ഷണമായി വിതരണം ചെയ്യപ്പെടുകയാണ്. അതിശ്രേഷ്ഠമായ കർമമായിട്ടാണ് ഇസ്ലാം ബലിയെ കാണുന്നത്.
ബലിപെരുന്നാൾ ദിനത്തോടെ ഏകദേശം പൂർണമാകുന്ന ഹജ്ജും ഇബ്രാഹീം കുടുംബത്തിെൻറ ആത്മാർപ്പണത്തെ പുനരാവിഷ്കരിക്കുന്ന വിധത്തിലാണ് സംവിധാനിക്കപ്പെട്ടത്. ലോകത്തെ വിവിധ ഭാഷകൾ, വർഗങ്ങൾ, വംശങ്ങൾ എന്നിവയുടെ വ്യത്യാസങ്ങൾ മറികടക്കുന്ന കാഴ്ചയാണ് ഹജ്ജിൽ സമഗ്രമായി കാണാനാവുക. മാനവ സാമൂഹിക സമത്വത്തിന്റെ വിളംബരമാണ് ഓരോ ഹജ്ജും. ഇൗ സമത്വത്തിനുള്ള ആഹ്വാനമാണ് മുഹമ്മദ് നബിയുടെ വിടവാങ്ങൽ പ്രസംഗത്തിൽ നിരന്തരം കേട്ടത്.
പുതിയകാലത്തിെൻറ ആകുലതകൾക്കുമുന്നിൽ എത്രമേൽ പ്രസക്തമാണ് ആ വിടവാങ്ങൽ പ്രസംഗം! മനുഷ്യാഭിമാനത്തിനും രക്തത്തിനുമുള്ള പവിത്രത പറഞ്ഞാണ് പ്രവാചകൻ തുടങ്ങിയത്. പലിശയെന്ന ചൂഷണോപാധിക്കെതിരെ ആഞ്ഞടിച്ചു. പിതൃവ്യൻ അബ്ബാസിെൻറ പലിശ റദ്ദു ചെയ്താണ് മുഹമ്മദ് നബി തീരുമാനം പ്രഖ്യാപിച്ചത്. തലമുറകളിലേക്ക് നീണ്ടുപോയ ഗോത്രവൈരവും തിരുദൂതർ അവസാനിപ്പിച്ചു.
മാനവസമൂഹത്തിെൻറ ഏകതയെക്കുറിച്ചാണ് പ്രവാചകൻ ശക്തമായി സംസാരിച്ചത്. മാനവകുലം വർണഭേദങ്ങൾക്കതീതമായി ഒരേ പിതാവിെൻറ മക്കളായി, ഒരു കുടുംബമായി നിൽക്കാനുള്ള ആഹ്വാനം തിരുദൂതർ നൽകി. സ്ത്രീത്വത്തിെൻറ പവിത്രത ഉയർത്തിപ്പിടിക്കാനും അവരെ ആദരിക്കാനും ആ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിെൻറ (Universal Diclaration of human rights ) അന്തഃസത്ത തന്നെ പ്രവാചകപ്രസംഗത്തിെൻറ ഉള്ളടക്കമായി കാണാം.
വെറുപ്പുൽപാദനത്തിെൻറ പുതിയ കാലത്ത് പെരുന്നാൾ സ്നേഹത്തിെൻറ പ്രഭ പരത്താനുള്ള അവസരമാവണം. മതത്തിെൻറയും രാഷ്ട്രീയത്തിെൻറയും പേരിൽ വലിയ ഊഹങ്ങൾ പ്രചരിപ്പിക്കപ്പെടുകയാണ്. ഈ ദുഃസ്ഥിതിക്ക് മാറ്റമുണ്ടാവണം. അവനവനാചരിക്കുന്നവയപരന്നു ഗുണത്തിലായി വരേണമെന്നാഗ്രഹിക്കുന്നിടത്താണ് ആത്മസായുജ്യത്തിനായി സ്വയം ഉരുകിത്തീരുന്ന വിശ്വാസിയുടെ ആത്മാർപ്പണം കാണാനാവുക. വെറുപ്പും വിദ്വേഷവും നിരന്തരം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾക്കെതിരായി സൗഹൃദത്തിെൻറ കരുതലും സ്നേഹസ്പർശവും ആവാൻ പെരുന്നാൾ പ്രേരണയാകണം.
കാരുണ്യവും സ്നേഹവും നിറഞ്ഞുനിൽക്കുന്ന, ഭേദാതീതമായി സൗഹൃദം പൂക്കുന്ന പുണ്യദിനമാകണം പെരുന്നാൾ. കോവിഡ് കെടുതികൾകൊണ്ട് ദുരിതമനുഭവിക്കുന്നവരെ തിരിച്ചറിയാനും സഹായമെത്തിക്കാനും സാധിക്കുന്നവനു മാത്രമേ യഥാർഥത്തിൽ ബലിപെരുന്നാൾ ആസ്വദിക്കാനാവൂ. വിശ്വാസത്തിന് കാരുണ്യത്തിെൻറ ആർദ്രഭാവമുണ്ടാവണം. അപ്പോൾ മാത്രമേ വിശ്വാസിക്ക് പൂർണത കൈവരുന്നുള്ളൂ-കേവല ആചാരങ്ങൾക്കപ്പുറത്ത് വിശ്വാസത്തിെൻറ പൂർണതലം കാരുണ്യംകൊണ്ടു മാത്രമാണ് പൂരിപ്പിക്കാനാവുക. ആ കാരുണ്യമാവട്ടെ, ഭേദാതീതവുമാണ്. നിങ്ങൾ കരുണ ചെയ്യുന്നതുവരെ വിശ്വാസികളാവില്ല എന്നു പ്രവാചകൻ അനുയായികളോട് പറയുന്നുണ്ട്. ഞങ്ങളെല്ലാം കരുണയുള്ളവരാണല്ലോ എന്ന അവരുടെ പ്രത്യുത്തരത്തിന്, നിങ്ങൾ സുഹൃത്തുക്കളോട് പുലർത്തുന്ന കാരുണ്യാതിരേകമല്ല, സർവജീവജാലങ്ങളോടും അനുവർത്തിക്കുന്ന കാരുണ്യപ്രവർത്തനങ്ങളാണ് വിശ്വാസപൂർണതക്ക് ആവശ്യം എന്ന് ഉത്തരം നൽകുകയാണ് മുഹമ്മദ് നബി. ഈ ദുരിതകാലത്തെ പെരുന്നാൾ ദിനത്തിൽ ഏറ്റവും അനിവാര്യമായ കാഴ്ചപ്പാട് തന്നെ കാരുണ്യമാവണം. സഹജീവികൾ പട്ടിണി കിടക്കുന്നില്ലായെന്ന് ഉറപ്പുവരുത്തി അവർക്ക് സ്നേഹസാന്ത്വനം നൽകാനാവണം.
ഇബ്രാഹീമിെൻറ ത്യാഗവും സഹനവും ആത്മാർപ്പണവും സ്വാംശീകരിക്കാനാവണം പെരുന്നാൾ. പ്രതിസന്ധികളിൽ ആടിയുലയാതെ, അതിജീവനത്തിെൻറ ഇബ്രാഹിമീ വ്യക്തിത്വം ആർജിക്കാൻ വിശ്വാസിക്കാവണം. ഇബ്രാഹീം ഒരു വൃക്തിയെന്ന വൃത്തത്തിന് അപ്പുറത്ത് ഒരു പ്രസ്ഥാനം (ഉമ്മത്ത്) ആയിരുന്നുവെന്ന ഖുർആൻ വാക്യത്തിെൻറ പൊരുളറിഞ്ഞാൽ വ്യക്തിയുടെ പരിമിതിയിൽനിന്നു വളർന്ന് ഒരു പ്രസ്ഥാനത്തിെൻറ വലുപ്പത്തിലെത്താൻ ഓരോ വിശ്വാസിക്കും സാധിക്കും. അങ്ങനെ ജീവിക്കുന്ന ഇബ്രാഹീമുകളായാൽ അഭിനവ നംറൂദുമാരുടെ അഗ്നികുണ്ഠങ്ങൾ താനേ കെട്ടടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.