Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസംസ്​ഥാനം കടത്തിൽ...

സംസ്​ഥാനം കടത്തിൽ മുങ്ങുമ്പോഴും എന്തിനാണിത്ര പെൻഷൻ​?

text_fields
bookmark_border
pension
cancel

മൂന്നരക്കോടിയുടെ കാറിൽ പോകുന്നവനും പഴയ സ്കൂട്ടറിൽ ലോട്ടറി വിറ്റു ജീവിക്കുന്നവനും ഒരു ലിറ്റർ പെട്രോളിന്​ ഒരേ വില നൽകണം. കലക്ടറായി വിരമിച്ചവനും കാലിവളർത്തി ജീവിക്കുന്നവനും പൊതുവിപണിയിൽ നിന്നും സാധനങ്ങൾ കിട്ടുന്നത്​ ഒരേനിരക്കിലാണ്​. അമേരിക്കൻ പ്രസിഡന്‍റും അഗതി മന്ദിരത്തിലെ അന്തേവാസിയുമടക്കമുള്ള മനുഷ്യരുടെയൊക്കെ അടിസ്ഥാന ആവശ്യങ്ങൾ മൂന്നുനേരം ഭക്ഷണവും അൽപം വസ്ത്രവും തലചായ്ക്കാൻ ഒരിടവുമായിരിക്കെ ആയുസും ആരോഗ്യവും മുഴുവൻ കൃഷിപ്പണിക്കും മറ്റുമായി തീർത്തുകളഞ്ഞവർക്ക്​ സാമൂഹിക സുരക്ഷ പെൻഷൻ എന്ന പേരിൽ പ്രതിമാസം നൽകുന്നത്​ വെറും 1600 രൂപയാണ്. അതാകട്ടെ, മാസാമാസം കൃത്യമായി വിതരണം ചെയ്യാറുമില്ല. തെരഞ്ഞെടുപ്പോ മറ്റോ വരുമ്പോൾ മൂന്ന് മുതൽ ആറുമാസത്തെ വരെ കുടിശ്ശിക ഒറ്റത്തവണയായി നൽകുമെന്നു മാത്രം.

എന്നാൽ, ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥിതി ഇതല്ല. മൂന്നു പതിറ്റാണ്ട്​ സേവനം ചെയ്ത് പടിയിറങ്ങുന്ന സർക്കാർ ജീവനക്കാരനു കിട്ടുന്നത്​ അവസാനം വാങ്ങിയ ശമ്പളത്തിന്‍റെ നേർ പകുതി തുകയുടെ പെൻഷനാണ്​. ശമ്പളം ഒരു ലക്ഷമാണെങ്കിൽ പെൻഷൻ അരലക്ഷം രൂപയുണ്ടാകും. മിക്ക വകുപ്പുകളുടെയും തലപ്പത്തു ഒന്നരലക്ഷമൊക്കെ ശമ്പളം വാങ്ങുന്നവർ നിരവധിയുണ്ടെന്ന്​ ഓർക്കണം. ഭാര്യയും ഭർത്താവും സർക്കാർ ഉദ്യോഗസ്ഥർ ആണെങ്കിൽ ഒരാളുടെ കാലശേഷം അടുത്ത ആൾക്ക് ഫാമിലി പെൻഷൻ എന്ന പേരിൽ പെൻഷന്‍റെ പകുതി കൂടി നൽകുകയും ചെയ്യും. സർക്കാർ സർവിസിൽ നിന്നും വിരമിച്ച ഒരു പൗരനെ സംരക്ഷിക്കാൻ എത്ര രൂപ പെൻഷൻ നൽകണമെന്നതാണ്​ ചോദ്യം.


സംസ്ഥാന സർക്കാരിന്‍റെ സാമ്പത്തിക സ്ഥിതി തകിടംമറിക്കുന്നതിൽ അശാസ്​ത്രീയമായ പെൻഷൻ വിതരണത്തിന്​ വലിയ പങ്കുണ്ട്​. കേരളത്തിൽ ധന പ്രതിസന്ധി മറികടക്കുന്നതിനെക്കുറിച്ച്​ വിശദീകരിക്കവെ സംസ്ഥാന കൃഷി വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് പെൻഷൻ നൽകുന്നതിലെ അപാകത തുറന്നുകാട്ടിയിരുന്നു. അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ സാമൂഹിക സുരക്ഷാ പെൻഷൻ, സർവിസ് പെൻഷൻ, ക്ഷേമനിധി പെൻഷൻ എന്നിവയിൽ കുറച്ചെങ്കിലും തുല്യത വേണം. സേവനം ചെയ്യുന്ന മന്ത്രിമാരുടെ പേഴ്സനൽ സ്റ്റാഫിനു പോലും പെൻഷൻ നൽകുന്നതുപോലുള്ള പല രീതികളും കേരളത്തിൽ മാത്രമേ കാണാൻ കഴിയൂ. ഒരു മന്ത്രിയുടെ പേഴ്‌സനൽ സ്റ്റാഫായി രണ്ടര വർഷം സേവനം ചെയ്‌താൽ അയാൾക്ക് ആജീവനാന്തം പെൻഷൻ അർഹതയുണ്ടായിരിക്കും, തുടർന്ന് വരുന്ന രണ്ടര വർഷം അടുത്തയാൾക്കും ഇതുപോലെ തന്നെ പെൻഷന് അർഹതയുണ്ടായിരിക്കും. ഈ സംവിധാനം നമ്മുടെ സംസ്ഥാനത്തു മാത്രമേയുള്ളൂ. ഒരു പെൻഷനറുടെ യഥാർഥ ആവശ്യങ്ങൾ കൃത്യമായി അറിയാതെ, മെച്ചപ്പെട്ട ധനസ്ഥിതി ഉണ്ടായിരുന്നപ്പോൾ സൃഷ്ടിച്ച നീക്കുപോക്കുകളാണ് ഇവയെല്ലാം. 60 വയസ്സിൽ എത്തിയ ശരാശരി പെൻഷൻകാരുടെ യഥാർഥ ആവശ്യങ്ങൾ നിലവിൽ 50,000 രൂപയിൽ ഒട്ടും കൂടുന്നില്ല . കുറഞ്ഞ ക്ഷേമപെൻഷൻ 1600 രൂപ ഏറെ അപര്യാപ്‌തമായതിനാൽ അതിൽ ശാസ്ത്രീയമായ താരതമ്യ പഠനം നടത്തുകയും പെൻഷനുകൾ അടിയന്തിരമായി പുനർനിർണയിക്കുകയും ചെയ്യണമെന്നും ഡോ. അശോക്​ ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ജീവനക്കാർക്ക് വേതനമായി നൽകുന്നതിൽ കൂടുതൽ തുക പെൻഷൻ ഇനത്തിൽ നീക്കിവെക്കേണ്ട അവസ്ഥയാണ്​. സംസ്ഥാനത്ത്​ 5,25,000 സർക്കാർ പെൻഷൻകാരുണ്ട്​. ഇവർക്ക്​ പെൻഷൻ നൽകാൻ 2024-25 സാമ്പത്തിക വർഷം 28,609 കോടി രൂപ വേണം. ഇതിനുപകരം ആദ്യഘട്ടത്തിൽ ഓരോ പെൻഷനർക്കും പരമാവധി പെൻഷൻ 25,000 രൂപയായി നിജപ്പെടുത്തണമെന്ന നിർദേശം സർക്കാരിനു മുന്നിലുണ്ട്​. രണ്ടാം ഘട്ടത്തിൽ ഒരു കുടുംബത്തിനു നൽകുന്ന പരമാവധി പെൻഷൻ 25,000 രൂപയാക്കണമെന്നും നിർദേശമുണ്ട്​. ഇതു നടപ്പാക്കിയാൽ ഒരു പെൻഷനർക്ക്​ വർഷം മൂന്നുലക്ഷം രൂപ പെൻഷൻ നൽകിയാൽ മതിയാകും. അങ്ങനെ അഞ്ചുലക്ഷത്തി ഇരുപത്തിയയ്യായിരം സർക്കാർ പെൻഷൻകാർക്ക്​ പ്രതിവർഷം പെൻഷൻ നൽകാൻ ആവശ്യമായി വരുന്ന തുക 15,750 കോടി രൂപ മാ​ത്രമാണ്​. നിലവിലെ പെൻഷൻ തുകയിൽ 12,859 കോടി രൂപയുടെ മിച്ചം പ്രതിവർഷം സൃഷ്ടിക്കാം. ഈ തുക ഉപയോഗിച്ച് 21,43,167 സാധാരണ കുടുംബങ്ങൾക്ക് പ്രതിമാസം അയ്യായിരം രൂപ പ്രകാരം പെൻഷൻ നൽകാനാവും.


മാറ്റം സാധ്യമോ?

ആനുകൂല്യങ്ങളിൽ തൊട്ടുകളിച്ചാൽ സംഘടിത ശക്തിയായ സർക്കാർ ജീവനക്കാർ പ്രതികാരം ചെയ്യുമെന്ന ഭീതിയാണ്​ രാഷ്ട്രീയ നേതൃത്വത്തിനുള്ളത്​. സ്റ്റാറ്റ്യൂട്ടറി പെൻഷൻ മാറ്റി പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പാക്കാൻ പോലും സർക്കാരുകൾ ഏറെ പാടുപെട്ടു. 1920 മുതൽ കൊടുത്തിരുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷൻ അതു നൽകുന്ന സ്ഥാപനങ്ങളുടെ ദൈനംദിന ചിലവുകളുടെ ഭാഗമാണ്​. എന്നാൽ, 2003 ഡിസംബർ 22ന്​ ൽ കേന്ദ്രസർക്കാർ പങ്കാളിത്ത പെൻഷൻ പദ്ധതി വിജ്ഞാപനം ചെയ്തതോടെ സ്ഥിതി മാറി. ജീവനക്കാരന്റെ സർവീസ് കാലയളവിൽ ശമ്പളത്തിൽ നിന്നും മാസാമാസം നിക്ഷേപമായി കുറയ്ക്കുന്ന തുക, പെൻഷൻ ഇൻഷുറൻസ് കമ്പനിയിൽ നിക്ഷേപിച്ച് അതിൽ നിന്നും നിശ്ചിത തുക പെൻഷനായി പെൻഷൻ ഇൻഷുറൻസ് കമ്പനി നൽകുന്നതാണ് പങ്കാളിത്ത പെൻഷൻ പദ്ധതി. കേരളത്തിൽ 2013 ഏപ്രിൽ ഒന്നു മുതൽ സർക്കാർ സർവീസിൽ പ്രവേശിച്ചവർക്ക്​ പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരമാണ്​ പെൻഷൻ നൽകുന്നത്​. വൻ പ്രതിഷേധമൊക്കെ ഉയർന്നുവെങ്കിലും അനിവാ​ര്യമായ വിധിക്ക്​ സർക്കാർ ജീവനക്കാർക്ക്​ കീഴടങ്ങേണ്ടിവന്നു.

ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പെൻഷൻ നൽകുന്നതിന്​ പിരിച്ചെടുക്കുന്ന തുക ഓഹരി വിപണി വഴി വൻകിട വ്യവസായികൾക്ക്​ അനർഹമായി എത്തിച്ചേരുന്നുവെന്നതാണ്​ പങ്കാളിത്ത പെൻഷന്‍റെ ഇരുണ്ട വശമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്​. ഭാവിയിൽ ഓഹരി വിപണിയിലെ തകർച്ച പെൻഷനേയും ബാധിച്ചേക്കാമെന്നും ആശങ്കയുണ്ട്​. ഇതൊക്കെയാണെങ്കിലും നിശ്ചിത തുക മാത്രം പെൻഷൻ നൽകുന്ന രീതിയും​ സർക്കാർ ജീവനക്കാർക്കിടയിലുണ്ട്​. സാധാരണ ജനങ്ങൾ നേരിട്ടിടപെടുന്ന സഹകരണ ബാങ്ക്​ ജീവനക്കാർക്കിടയിലാണ്​​ ഇതു നിലനിൽക്കുന്നത്​. മൂന്നുപതിറ്റാണ്ടിലേറെക്കാലം സേവനം ചെയ്ത്​ സെക്രട്ടറി തസ്തികയിൽ നിന്നും മറ്റും വിരമിക്കുന്നവർക്കുപോലും പരമാവധി കിട്ടുന്ന പെൻഷൻ 15,000 രൂപയാണ്​. സേവന കാലാവധി അനുസരിച്ച്​ കുറഞ്ഞു കുറഞ്ഞു പതിനായിരത്തിൽ താഴെ തുക മാത്രം പെൻഷൻ വാങ്ങുന്നവരും ഈ കൂട്ടത്തിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PensionPension Schemecontributory pension
News Summary - off beat why so much pension when the state is drowning in debt
Next Story