സ്വയം പാഠപുസ്തകമായ ഒരാൾ
text_fieldsഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് റിപ്പോർട്ട് ചെയ്ത ചുരുക്കം ചില മലയാള മാധ്യമപ്രവർത്തകരിലൊരാളായിരുന്നു ഓംചേരി. 1971ൽ കോൺഗ്രസിനെയും ഇന്ദിര ഗാന്ധിയെയും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ‘ഗരീബി ഹഠാവോ’ എന്ന മുദ്രാവാക്യമുണ്ടാക്കിയത് ഓംചേരിയാണ്.
മലയാള സാഹിത്യത്തിനും ആധുനിക മലയാള നാടക പ്രസ്ഥാനത്തിനും വലിയ സംഭാവനകള് നല്കിയ എഴുത്തുകാരനാണ് പ്രഫ. ഓംചേരി എന്.എന് പിള്ള. ഒരു പക്ഷേ, പിൻതലമുറക്ക് സ്വയം പാഠപുസ്തകമായ ഒരു മനുഷ്യനാണ് കടന്നുപോകുന്നത്. ഒട്ടനവധി രംഗങ്ങളിൽ മലയാളിയുടെ ഗുരുവാണ് ഓംചേരിയെന്ന് നിസ്സംശയം പറയാം.
സാമ്പത്തിക പ്രതിസന്ധിയേറെയുള്ള പശ്ചാത്തലത്തിൽ നിന്ന് ഏറെ കഷ്ടപ്പെട്ടായിരുന്നു വിദ്യാഭ്യാസം. എങ്കിലും നല്ല മാർക്ക് കരസ്ഥമാക്കിയ മിടുക്കനായാണ് ഓംചേരിയെ എല്ലാവരും ഓർത്തെടുത്തിരുന്നത്. പഠനകാലത്ത് തന്നെ ദീപികയിൽ അദ്ദേഹം എഴുത്ത് തുടങ്ങിയിരുന്നു. അദ്ദേഹത്തിന്റെ പത്രപ്രവർത്തനം ആരംഭിക്കുന്നതും അവിടെ നിന്നാണെന്ന് പറയാം. പിന്നീട്, കേരള സർവകലാശാലയിൽ പഠനത്തിനൊപ്പം കൊല്ലത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളരാജ്യം’ എന്ന ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായി. ഏറെ കൗതുകകരമായ കാര്യം, ഉപരിപഠനത്തിനായി കേരള സർവകലാശാലയിൽ ചെന്നപ്പോൾ ആ വർഷം ആരംഭിച്ച ബി.എ ഇസ്ലാമിക് ഹിസ്റ്ററി കോഴ്സിനെ കുറിച്ച് അറിഞ്ഞ അദ്ദേഹം ആ വിഷയം പഠിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. ബി.എ പാസായതിന് പിന്നാലെ, കേരളം വിട്ട അദ്ദേഹം ഡൽഹിയെ പ്രവർത്തനമണ്ഡലമായി തെരഞ്ഞെടുത്തു. തുടർന്ന്, ഓള് ഇന്ത്യ റേഡിയോ, ഡി.എ.വി.പി, സെന്സേഴ്സ് ഓഫിസ്, ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ എന്നിവിടങ്ങളില് ഉദ്യോഗസ്ഥനായി.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് റിപ്പോർട്ട് ചെയ്ത ചുരുക്കം ചില മലയാള മാധ്യമപ്രവർത്തകരിലൊരാളായിരുന്നു ഓംചേരി. മലയാള രാജ്യത്തിന് വേണ്ടിയായിരുന്നു അന്ന് അദ്ദേഹം വാർത്ത തയാറാക്കിയത്. രാജ്യത്ത് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദമെടുത്ത ആദ്യ വ്യക്തികളിൽ ഒരാളാണ് അദ്ദേഹമെന്നതും പ്രത്യേകതയാണ്. അമേരിക്കയിൽ പോയി മാസ് കമ്യൂണിക്കേഷനിൽ വിദഗ്ധ പഠനം നേടിയ അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. 1971ൽ കോൺഗ്രസിനെയും ഇന്ദിര ഗാന്ധിയെയും അധികാരത്തിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ‘ഗരീബി ഹഠാവോ’ എന്ന ചരിത്രപ്രസിദ്ധ മുദ്രാവാക്യമുണ്ടാക്കിയത് ഓംചേരിയാണ്.
രാജ്യത്തെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കന്മാരെല്ലാവരുമായും അദ്ദേഹത്തിന് ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കാനായിരുന്നു. ആലപ്പുഴയിൽ കയർ തൊഴിലാളി സമരം ശക്തിപ്രാപിക്കുന്നതിനിടെ, തൊഴിലാളികൾക്കിടയിൽ അവതരിപ്പിക്കാൻ എ.കെ.ജി ആവശ്യപ്പെട്ടതനുസരിച്ച് ‘ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു’ എന്ന നാടകം എഴുതി നൽകി. ഇത് ഡൽഹിയിൽ അരങ്ങേറിയപ്പോൾ അന്നത്തെ എം.പിമാരായിരുന്ന കമ്യൂണിസ്റ്റ് നേതാക്കളടക്കമുള്ളവർ വേഷമിട്ടു. നാടക പ്രദർശനത്തിലൂടെ സമാഹരിച്ച പണം തൊഴിലാളികളുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനുമായി. ശ്രീരാമകൃഷ്ണ മിഷനിൽ അന്തേവാസിയായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം ഭാരതീയ വിചാരകേന്ദ്രം അധിപനായിരുന്ന പി. പരമേശ്വരനുമുണ്ടായിരുന്നു. ആ ബന്ധം പിന്നീടും ഊഷ്മളമായി തുടർന്നു.
സംഗീതജ്ഞന് കമുകറ പുരുഷോത്തമന്റെ സഹോദരിയും എഴുത്തുകാരിയുമായ പരേതയായ ലീലാ ഓംചേരിയെ ആകാശവാണിയിൽ വെച്ചാണ് അദ്ദേഹം കണ്ടുമുട്ടുന്നത്. തുടർന്ന്, അവർ വിവാഹിതരായി. പിന്നീട് ലീല ഡൽഹി യൂനിവേഴ്സിറ്റിയിൽ സംഗീതവിഭാഗത്തിന്റെ മേധാവിയായി.
ഡൽഹിയുടെ കലാ-സാംസ്കാരിക രംഗങ്ങളിലെല്ലാം അതുല്യമായ സംഭാവനകൾ നൽകിയ വ്യക്തിയാണ് അദ്ദേഹം. ഏകദേശം 60 ഓളം നാടകങ്ങൾ എഴുതിയിട്ടുണ്ട്, അവയെല്ലാം തന്നെ കലാതൽപരർ സ്വീകരിക്കുകയും ചെയ്തു. ഓംചേരിയുടെ നാടകങ്ങളെ ആസ്പദമാക്കി 2013ൽ തിരുവനന്തപുരം വി.ജെ.ടി ഹാളിൽ ഒരാഴ്ച നീളുന്ന ‘ഓംചേരി അരങ്ങ്’ എന്ന പരിപാടി സംഘടിപ്പിച്ചിരുന്നു. അന്ന് സംസ്ഥാനത്തും പുറത്തുനിന്നുമുള്ള നിരവധി ഗവേഷകരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഏതാനും വർഷങ്ങൾക്കുമുമ്പ് അദ്ദേഹത്തിന്റെ ഒരുനാടകം ഡൽഹിയിൽ അരങ്ങേറിയതും അന്നത്തെ സജീവമായ സദസ്സും ഓർമയിൽ വരുന്നു.
ഡൽഹിയിൽ കേരള സ്കൂളുകൾ, അയ്യപ്പക്ഷേത്രം, ഗുരുവായൂരപ്പൻ ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം നിർണായകമായി. ‘മാനവസേവ, മാധവസേവ’ എന്ന കാഴ്ചപ്പാടിലൂന്നിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഡൽഹി ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അന്നദാനമടക്കം ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 1939ൽ സ്ഥാപിച്ച കേരള ക്ലബിന്റെ നേതൃത്വത്തിൽ ഏറെക്കാലം അദ്ദേഹമുണ്ടായിരുന്നു. ഒരിക്കൽ സാമ്പത്തിക പരിമിതികളിൽ പ്രവർത്തനം നിന്നുപോകുമോ എന്ന് ഭയന്ന സമയത്ത് ആ കുടിശ്ശിക തീർത്ത് പ്രവർത്തനം പഴയ പടിയാക്കാനും ഓംചേരി മുന്നിട്ടിറങ്ങി. മരിക്കുമ്പോഴും അദ്ദേഹം ക്ലബ്ബിന്റെ എമരിറ്റസ് പ്രസിഡന്റ് ആയിരുന്നു.
മലയാള ഭാഷയുടെ പ്രചാരണത്തിനും വളർച്ചക്കുമായി എക്കാലവും പ്രവർത്തനനിരതനായിരുന്നു അദ്ദേഹം. മലയാളം മിഷന്റെ ഉപജ്ഞാതാവ് അദ്ദേഹമാണെന്ന് വേണമെങ്കിൽ പറയാം. മതജാതി ചിന്തകൾക്കും വംശ, വർണവെറികൾക്കുമെല്ലാം അപ്പുറമായിരുന്നു എക്കാലവും ഓംചേരിയുടെ പ്രവർത്തനമണ്ഡലം. ഗവൺമെന്റ് ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഭാരതീയ വിദ്യാഭവന്റെ നേതൃ തലത്തിൽ ദീർഘകാലം പ്രവർത്തിച്ചു.
അദ്ദേഹത്തിന്റെ ആത്മകഥ ‘ആകസ്മികം’ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയിരുന്നു. ഈ പുസ്തകം ഇംഗ്ലീഷിലേക്ക് 'It so happened' എന്ന തലക്കെട്ടിൽ പരിഭാഷ നടത്താനുള്ള അവസരം എനിക്ക് ലഭിച്ചു. നല്ല വാഗ്മിയും ചിന്തകനും സാമൂഹിക പരിഷ്കർത്താവും ഇതിനെല്ലാമപ്പുറം ഒരു നല്ല ഹൃദയത്തിനുടമയുമായിരുന്നു ഞാൻ കണ്ട ഓംചേരി.
(ഡൽഹിയിലെ മുതിർന്ന ദേശീയ മാധ്യമപ്രവർത്തകനാണ് ലേഖകൻ) കേട്ടെഴുത്ത്: ബിനോയ് തോമസ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.