ഉള്ളിൽ ഒതുങ്ങട്ടെ ആഘോഷം
text_fieldsനിലമ്പൂരിലെ തറവാട്ടുവീട്ടിലെ ഓണമാണ്എെൻറ ഓർമകളിൽ ഏറ്റവും ഭംഗിയുള്ളത്. ഞങ്ങൾക്ക് ഓണത്തിെൻറ മുഴുവൻ ആഘോഷവും അച്ഛനുണ്ടായിരുന്ന കാലത്തായിരുന്നു. ഉമ്മറമുറ്റത്ത് ചാണകം മെഴുകി അതിൽ അരിമാവുകൊണ്ട് കളംവരക്കും. ഉത്രാടം സുഖം, തിരുവോണം സുഖം എന്നൊക്കെ എഴുതിവെക്കും.
മക്കളെല്ലാവരും ഒരുമിച്ചുണ്ടാകുന്നതിെൻറ സുഖമാണ് ഓണം എന്നാണ് അച്ഛൻ അതേക്കുറിച്ച് പറയാറുള്ളത്. ഓണത്തിെൻറ അർഥം ഒരുമ എന്നാണെന്ന് അച്ഛൻ മക്കൾക്ക് പറഞ്ഞുതന്നു. പൂപറിച്ചും ഊഞ്ഞാലിട്ടും കളമെഴുതിയും മണ്ണിൽ കളിച്ചുമൊക്കെയായിരുന്നു ഞങ്ങളുടെ കുട്ടിക്കാലത്തെ ഓണാഘോഷം. അതിന് ഒരുപാട് നന്മയും നൈർമല്യവുമുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു എന്നതാണ് ഇന്നത്തെ ദുരവസ്ഥ.
അമ്മ പണ്ടുമുതലേ ഞങ്ങൾ, മക്കളോട് ആവശ്യപ്പെട്ടിട്ടുള്ളത് ഒരു കാര്യമാണ്. എത്ര തിരക്കുണ്ടെങ്കിലും ഓണത്തിനും വിഷുവിനും ഒപ്പമുണ്ടാകണം. അമ്മക്ക് ഇപ്പോൾ 89 വയസ്സായി. അമ്മ അടുത്തില്ലാത്ത എെൻറ രണ്ടാമത്തെ ഓണമാണിത്. മുമ്പ് ഒരു തവണ പരിപാടിയുമായി ബന്ധപ്പെട്ട് അമേരിക്കയിലായിരുന്നു. ഇത്തവണ അമ്മ നിലമ്പൂരിലും ഞാൻ തിരുവനന്തപുരത്തുമാണ്. കോവിഡ് നാടാകെ പടരുന്ന സാഹചര്യത്തിൽ യാത്ര വേണ്ടെന്ന് അവസാന നിമിഷം തീരുമാനിച്ചു. അമ്മയുടെ അടുത്ത് പോകാൻ കഴിയാത്തതിൽ സങ്കടമുണ്ട്. പക്ഷേ, ഓണം ഇനിയും വരും. അന്നും നമ്മൾ ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. അങ്ങേയറ്റം ജാഗ്രത പാലിക്കേണ്ട ഘട്ടമാണിത്. അതുകൊണ്ടാണ് യാത്ര ഒഴിവാക്കിയത്.
എല്ലാവരും ചേർന്നുനിൽക്കുക എന്നതാണ് ഓണത്തിെൻറ സന്ദേശം. എന്നാൽ, ഇത്തവണ എല്ലാവരും അകലംപാലിക്കുകയാണ്. അടുത്തു നിൽക്കാൻ നമുക്ക് കഴിയുന്നില്ല. പക്ഷേ, ജനങ്ങൾ വളരെ ലാഘവത്തോടെയാണ് കാര്യങ്ങളെ കാണുന്നത്. ഇഷ്ടംപോലെ പുറത്തിറങ്ങുകയും കൂട്ടംകൂടുകയും ചെയ്യുന്നു. ഇത് വലിയ ദുരന്തത്തിലേക്കുള്ള പോക്കാകും. ഇത്തവണ ഓണം നമുക്ക് മനസ്സിെൻറ ഉള്ളിലും വീടുകൾക്കുള്ളിലും ആഘോഷിക്കാം. അതിനപ്പുറത്തേക്കുള്ള ആഘോഷങ്ങളെല്ലാം മാറ്റിവെക്കുന്നതാണ് ബുദ്ധി.
കാലം കടന്നുപോകുന്തോറും കാര്യങ്ങൾ വഷളായിക്കൊണ്ടിരിക്കുന്ന, വളരെ കലുഷിതമായ ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത്. എല്ലാം കുഴഞ്ഞുമറിഞ്ഞുകിടക്കുന്നു. പത്രവും ചാനലും തുറന്നാൽ നെഗറ്റിവ് വാർത്തകൾ മാത്രം. എങ്ങുമില്ല പോസിറ്റിവിറ്റി. കേൾക്കുന്ന വാർത്തകൾ സുഖകരമല്ല. കാണുന്ന കാഴ്ചകൾ ശുഭകരമല്ല. ഈ ദുരവസ്ഥ നമ്മളെ ആത്മാർഥമായി ചിരിക്കാൻപോലും അനുവദിക്കുന്നില്ല.
ആഘോഷങ്ങൾ യാന്ത്രികവും കച്ചവടവുമായി മാറുന്നു. ഓണത്തെ വിറ്റ് എങ്ങനെ പണമുണ്ടാക്കാം എന്നാണ് ഓരോരുത്തരും ചിന്തിക്കുന്നത്. കാര്യങ്ങൾ ഏറ്റവും ലാഘവത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ഒരു സമൂഹമായി നമ്മൾ മാറി. എല്ലാവരും ഒരുമിച്ചിരിക്കേണ്ട, മനസ്സും ശരീരവും ചേർത്തുവെക്കേണ്ട ആഘോഷമാണ് ഓണം. പക്ഷേ, വർത്തമാനകാലത്ത് എല്ലാവരും ശരീരംകൊണ്ട് മാത്രമല്ല, മനസ്സുകൊണ്ടും വല്ലാതെ അകന്നിരിക്കുന്നു.
മതവും രാഷ്ട്രീയവും വർഗീയതയും തീർത്ത അതിർവരമ്പുകൾ ശക്തിപ്പെട്ടുവരുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രജാലം യഥാർഥ സ്നേഹമാണ്. അതിനപ്പുറം ഒരു അത്ഭുതവുമില്ല. സ്നേഹംകൊണ്ട് ഉണ്ടാക്കിയെടുക്കാൻ പറ്റാത്തത് ഒന്നുമില്ല. പക്ഷേ, സ്നേഹവും ബന്ധവുമെല്ലാം നഷ്ടപ്പെടുത്തി നമ്മൾ എവിടേക്കോ സഞ്ചരിക്കുന്നു. സ്നേഹത്തിെൻറ ആ കാലത്തിലേക്ക് മനുഷ്യർ തിരിച്ചെത്തണം. അതിനായി ഈ ഓണനാളിൽ നമുക്ക് പ്രാർഥിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.