ഓണവും വാമനനും ഖാൻ സാഹിബും
text_fieldsഓണത്തെ സംബന്ധിച്ച് നമുക്കെല്ലാം അറിയാവുന്ന കഥയാണ് വാമനൻ വന്നതും മൂന്നടി മണ്ണ് ചോദിച്ചതും മഹാബലിയെ പാതാളത്തിലേക്കു താഴ്ത്തിയതും. എന്നാൽ, ആധികാരികമായ കഥ അങ്ങനെയല്ലെന്ന ഒരു ശുദ്ധതാവാദത്തിന് കുറച്ചുകാലമായി പ്രചാരവും സ്വീകാര്യതയും വർധിച്ചിട്ടുണ്ട്. അതിധർമിഷ്ഠനാണ് താനെന്ന ചിന്ത മഹാബലിയെ അഹങ്കാരിയാക്കിയത്രെ! അതിനാൽ ധർമിഷ്ഠനായ, ഉത്തമ ഭരണം കാഴ്ചവെച്ചിരുന്ന, സർവരെയും ഒരുപോലെ കണ്ടിരുന്ന, ദാനശാലിയായിരുന്ന മഹാരാജാവിനെ ഒരു പാഠം പഠിപ്പിക്കാൻ ദേവന്മാർ തീരുമാനിച്ചു. അങ്ങനെയാണ് വാമനൻ വന്നതും ബാക്കിയുള്ള കഥ തുടരുന്നതും. നര്‍മദ നദീതീരത്തെ രാജാവായിരുന്ന മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായി തെളിവില്ലെന്നും അദ്ദേഹവും ഓണവും തമ്മിലെ ബന്ധം തനിക്ക് മനസ്സിലാകുന്നില്ലെന്നുമാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം സംസാരിക്കുന്ന ഒരു മന്ത്രി മറുനാട്ടിൽ പോയി പ്രസംഗിച്ചുനടക്കുന്നത്.
ഇത് ഇപ്പോൾ പറയാൻ കാര്യം, കുറെ നാളായി കേരള രാജ്ഭവനിൽനിന്ന് വരുന്ന വാർത്തകളാണ്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം ഏറ്റെടുത്തിട്ട് ഈ സെപ്റ്റംബറിൽ മൂന്ന് വർഷം ആകുന്നു. ആരിഫ് സാഹിബ് വന്നുചേർന്ന നാളുകളേക്കാൾ, ഇന്ന് കൂടുതൽ ഉണർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ട്. കേരളം എന്താണ് എന്ന് ഉത്തരേന്ത്യയിൽ ഉള്ളവർ അറിയാൻ ഇത് ഇടവരുത്തും എന്നത് കൊണ്ടാണ് സന്തോഷം!
കേരളത്തിലെ ഗവർണർമാരെ തീരുമാനിക്കുമ്പോൾ കാലാകാലങ്ങളിലായി കേന്ദ്രത്തിൽ ഉള്ള സർക്കാറുകൾ സ്വീകരിക്കുന്ന ചില കീഴ്വഴക്കങ്ങൾ ഖാന്റെ കാര്യത്തിലും ഉണ്ടായി എന്ന കാര്യത്തിൽ നമ്മൾ കേരളീയർ സംതൃപ്തരായിരുന്നു. ഏതാണ്ട് നൂറുശതമാനം സാക്ഷരതയുള്ള കേരളത്തിലേക്ക് എല്ലാകാലവും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തന പരിചയവുമുള്ള ആളുകളെയാണ് ഗവർണർമാരായി അയക്കാറ്. ആരിഫ് മുഹമ്മദ് ഖാന്റെ സുദീർഘമായ രാഷ്ട്രീയ ജീവിതവും സാമൂഹിക ഇടപെടലുകളും ചിന്താഗതികളും ദിനവും പത്രം വായിക്കുന്ന നമ്മൾ മലയാളികൾക്ക് പണ്ടേ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ആരാണ് വരുന്നതെന്നും എന്തിനാണ് വരുന്നതെന്നും നമുക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ എടുത്ത നിലപാടുകളിൽ കേരള ജനത താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്നുപറയുമ്പോൾതന്നെ, ഇന്ന് അദ്ദേഹം എത്തി നിൽക്കുന്ന രാഷ്ട്രീയ ചേരിയിൽ എങ്ങനെ എത്തിയെന്നും, അതിനായി നിലപാടുകളിൽ എത്രമാത്രം വെള്ളം ചേർത്തിട്ടുണ്ടെന്നും കേരളത്തിലെ ജനങ്ങൾ തിരിച്ചറിഞ്ഞിരുന്നു. കോൺഗ്രസിൽ തുടങ്ങി, ജനത ദളിൽ കൂടി പ്രശസ്തനായി, ബി.എസ്.പിയിലൂടെ ജനമനസ്സുകളിൽനിന്ന് മറഞ്ഞുപോയ ആരിഫ് മുഹമ്മദ് ഖാൻ, തീവ്ര വലതുപക്ഷത്ത് എത്താൻ ജനങ്ങൾക്ക് അറിയാത്തതായ എന്തെങ്കിലും വ്യക്തിപരമായ കാരണങ്ങൾ ഉണ്ടാകും എന്ന് മലയാളികൾ മനസ്സിലാക്കിയിരുന്നു. ആദർശപരമായി അവരോടൊപ്പം നിൽക്കുമ്പോഴും സാധാരണമായുള്ള അവരുടെ ഫ്രിഞ്ച് നേതാക്കളിൽ അദ്ദേഹം പെടില്ല എന്ന ഒരു തോന്നൽ ഉണ്ടായിരുന്നു.
പക്ഷേ, നിയമ നിർമാണവും നീതിയും സംരക്ഷിക്കാൻ എന്ന നലയിൽ ആരിഫ് ഖാൻ ഭരണഘടന എടുത്ത് സംസാരിച്ചു തുടങ്ങിയപ്പോൾ കേരളീയർക്ക് സംശയമായിത്തുടങ്ങി. ഭാരതത്തിന്റെ ഭരണഘടന കേരള സംസ്ഥാനത്ത് മാത്രം നടപ്പാക്കിയാൽ മതിയോ? അവസാനമായി ചരിത്രകാരൻ ഇർഫാൻ ഹബീബിനെ ഗുണ്ടയെന്നും കണ്ണൂർ വൈസ് ചാൻസലറെ പ്രശ്നക്കാരനെന്നും വിശേഷിപ്പിച്ചപ്പോൾ കാര്യങ്ങൾക്ക് മുഴുവനായും വ്യക്തത വന്നു.
ഭാരതത്തിലെ സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ, വിദ്യാഭ്യാസ, സാംസ്കാരിക, സാമൂഹിക തലങ്ങളിൽ എന്നും ഒരു പടി ഉയർന്നുകേൾക്കുന്ന പേരാണ് കേരളത്തിന്റേത്. ഇത് നമ്മൾ പറയുന്നതല്ല, കേന്ദ്ര സർക്കാറിന്റെതന്നെ കണക്കുകളിൽ എന്നും കാണുന്നതാണ്. അതിൽതന്നെ ഏറ്റവും താഴെയുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് ആരിഫ് ഖാന്റെ സ്വന്തം ദേശമായ ഉത്തർപ്രദേശ്. അങ്ങനെയുള്ള സ്ഥിതിക്ക് കേരളത്തിൽ വന്ന് ഉത്തർപ്രദേശിനെയും യോഗിയെയും മുന്നിൽവെച്ച് നമ്മളോട് സംസാരിക്കണമെങ്കിൽ കുറച്ചൊന്നും ധൈര്യം പോരാ. ചിലപ്പോൾ ആ ധൈര്യമാകും ആരിഫ് ഖാൻ അവർക്കു കൊടുത്ത വാക്ക്.
ഖാൻ സാഹിബിനെ ഇങ്ങോട്ട് അയച്ചവരുടെ പിണിയാളുകൾ ആവശ്യത്തിന് കേരളത്തിൽ ഇല്ലാത്തതുകൊണ്ടല്ല ഇതെല്ലാം ഇദ്ദേഹത്തെ കൊണ്ട് വിളിച്ചു പറയിപ്പിക്കുന്നത്. അവർക്ക് കേരളത്തിൽ വേണ്ടത്ര വിശ്വാസ്യത ഇല്ലാത്തതുകൊണ്ടാണ്. പക്ഷേ, ഇന്നിപ്പോൾ സാഹിബും അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെന്നിരിക്കുന്നു. സാരമില്ല, സാഹിബ് വാമനൻ ഒന്നും അല്ലല്ലോ, ആളുകൾ കാലാകാലങ്ങളായി ഓർത്തിരിക്കാൻ. രണ്ടോണം കൂടി ഉണ്ടിട്ട് നല്ല ഓർമകളുമായി തിരികെ പോകണം, ഇവിടത്തെപോലെ അവിടെയും ആക്കാൻ പറയണം, വാമനനേക്കാൾ മഹാബലിയുടെ വരവ് കാത്തിരിക്കുന്ന നാട്ടുകാരുടെ കഥകൾ പറഞ്ഞുകൊടുക്കണം. ദൈവങ്ങളുടെ നാട്ടിലെ ആശുപത്രികളെക്കുറിച്ചും ചെറുപ്പക്കാരുടെ വിദ്യാഭ്യാസത്തെക്കുറിച്ചും ജനങ്ങളുടെ സാഹോദര്യത്തെക്കുറിച്ചും വിസ്തരിക്കണം. നമ്മുടെ രാജ്യക്കാരല്ലേ, അവരും നന്നാകട്ടെ, അവരുടെ ഉള്ളിലെ മഹാബലിയും പുറത്തേക്ക് എഴുന്നള്ളട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.