കോവിഡ് പോരാട്ടം ഒരുവര്‍ഷം പിന്നിടുമ്പോള്‍
text_fieldsജനുവരി 30 കേരളത്തിെൻറ ആരോഗ്യ മേഖലയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനമാണ്. ഇന്ത്യയിൽ ആദ്യത്തെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് അന്നാണ്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് മുന്നില്‍ പ്രധാനപ്പെട്ട മൂന്ന് വെല്ലുവിളികള്‍ നേരിടുന്നു കേരളം. ഒന്ന് നമ്മുടെ വളരെ ഉയര്‍ന്ന ജനസാന്ദ്രത.
ഒരു ചതുരശ്ര കിലോമീറ്ററില്‍ 860 ആണ് കേരളത്തില്‍. അതേസമയം, ഇന്ത്യയുടെ ശരാശരി 430 ആണ്. രണ്ടാമതായി പ്രായം ചെന്നവരുടെ ജനസംഖ്യ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. ആകെ ജനസംഖ്യയുടെ 14 ശതമാനം. കേരളത്തിെൻറ ജീവിതശൈലീ രോഗവ്യാപനമാണ് മറ്റൊന്ന്. ഇന്ത്യയുടെ പ്രമേഹ തലസ്ഥാനമെന്നാണ് കേരളം അറിയപ്പെടുന്നത്. ഏറെ വ്യാപനശേഷിയുള്ള ഒരു വൈറസിെൻറ പകര്‍ച്ച ഉണ്ടാകുമ്പോള്‍ മരണനിരക്ക് വര്‍ധിക്കാന്‍ ഇത് കാരണമാകുന്നു.
അതിനാല്‍, കോവിഡ് -19 വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ മരണനിരക്ക് കേരളത്തിലാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. സര്‍ക്കാറിെൻറ ശ്രദ്ധേയമായ ഇടപെടലിെൻറ ഫലമായി മരണനിരക്ക് വളരെ കുറക്കാന്‍ സാധിച്ചു. ലോകാരോഗ്യ സംഘടനയും മറ്റ് ഏജന്‍സികളും മരണനിരക്ക് ഒരു ശതമാനത്തിന് താഴെയാക്കാന്‍ കഴിഞ്ഞാല്‍ നേട്ടമാകുമെന്ന് സൂചിപ്പിച്ചപ്പോള്‍ നമുക്ക് മരണനിരക്ക് 0.4 ആയി കുറക്കാന്‍ സാധിച്ചു. ഇതാണ് ലോകരാഷ്ട്രങ്ങളുടേയും അന്താരാഷ്ട്ര സംഘടനകളുടേയും അഭിനന്ദനത്തിന് സഹായിച്ചത്.
ലോക്ഡൗണ്‍ എടുത്തുകളഞ്ഞപ്പോള്‍ യാത്രവിലക്ക് നീങ്ങുകയും ആളുകളുടെ സഞ്ചാരവും കൂട്ടായ്മയുമെല്ലാം വര്‍ധിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ അകലം പാലിച്ചും മാസ്ക് ധരിച്ചും സാനിറ്റൈസര്‍ ഉപയോഗിച്ചും ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് തടയാന്‍ ഓരോ വ്യക്തിയും തയാറായാല്‍ മാത്രമേ രോഗപ്പകര്‍ച്ച തടയാന്‍ കഴിയുമായിരുന്നുള്ളൂ. അത് വേണ്ടത്ര പാലിക്കാത്തതിനാൽ രോഗപ്പകര്‍ച്ച കൂടി. എന്നാല്‍, സര്‍ക്കാറിെൻറ സമയോചിതവും സാഹസികവുമായ ഇടപെടലിലൂടെയാണ് കേസുകള്‍ ഇത്രയേറെ വര്‍ധിച്ചിട്ടും മരണനിരക്ക് ആദ്യഘട്ടത്തിലെ 0.5 ശതമാനത്തില്‍നിന്ന് 0.4 ശതമാനമായി കുറക്കാന്‍ സാധിച്ചത്.
ലോകത്തിെൻറ വിവിധ ഭാഗങ്ങളില്‍ വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ആകെ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കേരളത്തിെൻറ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകശ്രദ്ധ നേടി. ഏറ്റവും ശരിയായ പരിശോധനരീതിയും നിയന്ത്രണ രീതിയുമാണ് കേരളം അവലംബിച്ചത്.
ട്രെയിസ്, ക്വാറൻറീന്, ടെസ്റ്റ്, ഐസൊലേറ്റ്, ട്രീറ്റ് എന്ന കേരളത്തിെൻറ രീതി ശരിയെന്ന് ലോകം അംഗീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും വളരെയധികം കുറക്കാന്‍ നമുക്ക് സാധിച്ചു. മറ്റു പലയിടത്തും മരണനിരക്ക് നാലു മുതല്‍ 10 ശതമാനമായപ്പോള്‍ നമ്മുടെ സംസ്ഥാനത്തെ മരണനിരക്ക് എപ്പോഴും 0.4 ശതമാനത്തിന് താഴെയാക്കാന്‍ സാധിച്ചു.
ഇന്ത്യയില്‍ ഏറ്റവുമാദ്യം കേസ് റിപ്പോര്‍ട്ട് ചെയ്ത കേരളത്തിലാണ് ഇപ്പോള്‍ അവസാനം ഉച്ചസ്ഥായിയിലെത്തുന്നത്. ഇതിലൂടെ രോഗവ്യാപനവേഗം, നമ്മുടെ ആരോഗ്യസംവിധാനങ്ങളുടെ വളര്‍ച്ചയുടെ വേഗത്തെക്കാള്‍ താഴെ നിര്‍ത്താന്‍ സാധിച്ചു. അതുകൊണ്ടുതന്നെ ആരോഗ്യ മേഖലയുടെ കപ്പാസിറ്റി മറികടക്കാതെ എല്ലാവര്ക്കും മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാറിന് സാധിച്ചു.
ഒരുഘട്ടത്തില്‍ പോലും നമ്മുടെ 50 ശതമാനത്തില്‍ കൂടുതല്‍ ഐ.സി.യുകളും 25 ശതമാനത്തിലധികം വെൻറിലേറ്ററുകളും ഉപയോഗിക്കേണ്ടിവന്നിട്ടില്ല. അതേസമയം, സമൂഹത്തിെൻറ രോഗം ബാധിക്കാന്‍ ബാക്കിയുള്ളവരുടെ ശതമാനം കൂടുതലായതിനാല്‍ ഇളവുകള്‍ കൊടുക്കുമ്പോള്‍ കേസുകള്‍ സ്വാഭാവികമായും വര്‍ധിക്കുകതന്നെ ചെയ്യും. ആ സാഹചര്യത്തില്‍ വാക്സിന് ലഭ്യമാകുന്നതുവരെ ജാഗ്രത വര്‍ധിപ്പിക്കുകയാണ് മുന്നിലുള്ള പരിഹാരം.
ഓണം മുതല്‍ ഇതുവരെ
മൂന്നാം ഘട്ടത്തില്‍ ലോക്ഡൗണ്‍ മാറിയതോടെ രോഗികളുടെ എണ്ണം ഉയര്‍ന്നപ്പോള്‍ കൃത്യമായ ആസൂത്രണത്തോടെ രോഗം നിയന്ത്രിച്ചു. പിന്നീട് ഓണം കഴിഞ്ഞുള്ള ആഴ്ചകളില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടി 10,000 കഴിഞ്ഞു. ഒരു ഘട്ടത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000വും കടന്നു.
ഒക്ടോബര്‍ മാസത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 95,000ത്തിന് മുകളിലായെങ്കിലും ഡിസംബര്‍ 14ഓടെ ചികിത്സയിലുള്ളവരുടെ എണ്ണം 57,000 ആക്കി കുറക്കാന്‍ സാധിച്ചു. കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച പ്രവര്‍ത്തനങ്ങളില്‍ വലിയ ആള്‍ക്കൂട്ടമാണ് ഉണ്ടായത്. തുടര്‍ന്നിങ്ങോട്ട് പല നിയന്ത്രണങ്ങളും ഒഴിവാക്കി. അതിെൻറ പ്രതിഫലനമാണ് ഇപ്പോള്‍ കാണുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കൂടിയെങ്കിലും നമുക്ക് നിയന്ത്രിക്കാന്‍ പറ്റുന്ന അവസ്ഥയാണുള്ളത്.
തുടരണം ജീവെൻറ വിലയുള്ള ജാഗ്രത
പതിയെപ്പതിയെ കോവിഡിനോടൊപ്പം ജാഗ്രതയോടെ ജീവിക്കാന്‍ നമ്മള് പഠിച്ചു കഴിഞ്ഞു. എങ്കിലും ആരും ജാഗ്രത വെടിയരുത്. എല്ലാവരും മാസ്ക് ധരിക്കുകയും ഇടക്കിടക്ക് കൈ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുകയോ ചെയ്യണം. ഇതോടൊപ്പം സാമൂഹിക അകലവും പാലിക്കണം.
പ്രതീക്ഷയേറി കോവിഡ് വാക്സിന്
കോവിഡ് വാക്സിന് അനുമതി ലഭിച്ചതോടെ ഈ വര്‍ഷം പ്രതീക്ഷ നല്കുന്നു. കേന്ദ്രം വാക്സിന് എത്തിക്കുന്ന മുറക്ക് മുന്‍ഗണനക്രമമനുസരിച്ച് എല്ലാവര്ക്കും വാക്സിന് എത്തിക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. അതിനായുള്ള എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഒരു വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു വിവിധ വിഭാഗങ്ങളിലെ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നു. എല്ലാവരിലും വാക്സിന് എത്തുന്നതുവരെ ഇനിയും ഈ പോരാട്ടം കുറച്ചുകാലംകൂടി തുടരേണ്ടതുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.