Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ്റ്റാലിൻ...

സ്റ്റാലിൻ സർക്കാറിന്‍റെ ഒരു വർഷം; ഭരണതന്ത്രത്തിന്‍റെയും

text_fields
bookmark_border
mk stalin
cancel

കേരളത്തിലെ രണ്ടാം പിണറായി സർക്കാറിനൊപ്പം തമിഴ്നാട്ടിൽ എം.കെ. സ്റ്റാലിൻ നേതൃത്വം നൽകുന്ന ഡി.എം.കെ മുന്നണി സർക്കാറിനുമിത് ഒന്നാം വാർഷികാഘോഷ വേളയാണ്. സ്റ്റാലിൻ സർക്കാർ 100 ദിനം പിന്നിട്ട വേളയിൽ നാമൊരു വിശകലനം നടത്തിയിരുന്നു. മുഖ്യമന്ത്രിക്കസേരയിലെ പുതുക്കക്കാരന്റെ പതർച്ചകളൊന്നുമില്ലാതെ തുടക്കം കുറിച്ച സ്റ്റാലിൻ, ഇമേജിന് ഇടിവുതട്ടാത്ത രീതിയിൽ തന്നെയാണ് വർഷം തികക്കുന്നതും. ഒരു വർഷം പൂർത്തിയാക്കിയ മുഖ്യമന്ത്രിമാരിൽ ഏറ്റവും ജനപ്രിയനാരെന്ന് വിവിധ ഏജൻസികൾ നടത്തിയ സർവേകളിലും ഒന്നാം സ്ഥാനം മറ്റാർക്കുമല്ല.

രാജ്യം ഭരിക്കുന്ന സർക്കാറിന്റെയും അവരുടെ സർവവിധ പ്രോത്സാഹനങ്ങളോടെ വർഗീയ അതിക്രമങ്ങളും അജണ്ടകളും മുന്നോട്ടുകൊണ്ടുപോകുന്ന ഹിന്ദുത്വ ശക്തികളുടെയും പ്രത്യക്ഷ ശത്രുപ്പട്ടികയിൽ തമിഴ്നാട് സർക്കാറും അവരെ തെരഞ്ഞെടുത്തയച്ച ജനതയുമുണ്ട്. കേന്ദ്ര സർക്കാറിന്റെ ആജ്ഞാനുവർത്തികളെപ്പോലെ പ്രവർത്തിച്ചിരുന്ന അണ്ണാ ഡി.എം.കെ തകർച്ചയിലേക്ക് നീങ്ങവേ ഹൈന്ദവ വികാരം ആവുംവിധത്തിലെല്ലാം ആളിക്കത്തിച്ച് പാർട്ടിയിലേക്ക് ആളെക്കൂട്ടാനുള്ള തന്ത്രങ്ങളെല്ലാം പയറ്റുന്നുണ്ട് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. അണ്ണാമലൈ നേതൃത്വം നൽകുന്ന സംസ്ഥാന ബി.ജെ.പി ഘടകം. ഹിന്ദുവിരുദ്ധ സംഘടനയാണ് ഡി.എം.കെയെന്നും സ്റ്റാലിൻ നിരീശ്വരവാദിയാണെന്നും അവർ ആരോപിക്കുന്നു.

സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴിയും യൂട്യൂബ് ചാനലുകളെയും വ്ലോഗർമാരെയുമുപയോഗിച്ചും വ്യാപക അസത്യപ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഹിന്ദുവിരുദ്ധ സർക്കാർ എന്ന അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ ബാധ്യതയേൽക്കാൻ സ്റ്റാലിൻ ഇഷ്ടപ്പെടുന്നില്ല. സർക്കാർ മതവിരുദ്ധമോ ആത്മീയതക്കെതിരോ അല്ലെന്ന് ബോധ്യപ്പെടുത്താൻ കിട്ടുന്ന അവസരങ്ങളൊന്നും അദ്ദേഹം പാഴാക്കുന്നുമില്ല. ഡി.എം.കെ പ്രാരംഭകാലം മുതൽ പുലർത്തിപ്പോരുന്ന യുക്തിവാദത്തിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെ മയപ്പെടുത്തുന്നതായി നിരീക്ഷകർക്ക് അഭിപ്രായമുണ്ട്. എന്നാൽ, വർഗീയ ശക്തികളെ പ്രതിരോധിക്കുന്നതിന് ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും വഴികൾക്കൊപ്പം പ്രയോഗിക്കുന്ന രാഷ്ട്രീയ തന്ത്രമാണിത് എന്നാണ് മറ്റൊരു വിലയിരുത്തൽ.

മതപരമായ വിഷയങ്ങളിൽ കടുത്ത നിലപാട് സ്വീകരിക്കാതെ മൃദുസമീപനം കൈക്കൊള്ളുകയും സാധാരണക്കാരായ വിശ്വാസികൾക്ക് സൗകര്യങ്ങളെല്ലാം ഒരുക്കിനൽകുകയും ബി.ജെ.പി, ഹിന്ദുമുന്നണി തുടങ്ങിയ സംഘടനകൾ ഉന്നയിക്കുന്ന വിഷയങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഇടംനൽകാത്ത വിധത്തിൽ പ്രശ്നങ്ങളെ മുളയിലേ നുള്ളുകയും ചെയ്യുന്ന തീരുമാനങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നത്.

അണ്ണാ ഡി.എം.കെയെ മറികടന്ന് തമിഴക രാഷ്ട്രീയത്തിൽ രണ്ടാം സ്ഥാനത്തേക്ക് എത്തണമെന്ന ബി.ജെ.പിയുടെ വ്യഗ്രത സ്റ്റാലിൻ കൃത്യമായും മനസ്സിലാക്കിയിട്ടുണ്ട്. ഇത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ അണ്ണാ ഡി.എം.കെ തകരരുതെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഒരുപക്ഷേ സ്റ്റാലിനും കൂട്ടരുമായിരിക്കും. ഭിന്നിച്ചുനിന്നാൽ സംസ്ഥാനത്ത് മേൽവിലാസം പോലും അവശേഷിക്കാത്ത വിധത്തിൽ തകർന്നുപോകുമായിരുന്ന കോൺഗ്രസിനെയും ഇടതു പാർട്ടികളെയുമെല്ലാം ചേർത്തുപിടിച്ച് തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിലും വിജയം ആവർത്തിച്ച സ്റ്റാലിൻ തന്റെ പുസ്തക പ്രകാശന ചടങ്ങുപോലും വർഗീയ ഫാഷിസത്തിനെതിരായ ശക്തിപ്രകടനമാക്കി മാറ്റുന്നതിലും ശ്രദ്ധവെച്ചു. ഈയിടെ തമിഴകത്തുണ്ടായ ചില സംഭവങ്ങൾ വിശകലനം ചെയ്താൽ സംഘ്പരിവാർ കേന്ദ്രങ്ങളുടെ അജണ്ടയെ സ്റ്റാലിൻ 'നൂതന നയ സമീപനത്തിലൂടെ നേരിട്ടതെങ്ങനെയെന്ന്' വ്യക്തമാവും.

ഡോക്ടർമാരുടെ സത്യപ്രതിജ്ഞ

മെഡിക്കൽ കോളജുകളിൽ വിദ്യാർഥികൾ പുതുതായി ചേരുന്ന വേളയിലും കോഴ്സ് പൂർത്തിയാക്കി ഡോക്ടർമാരായി പുറത്തിറങ്ങുമ്പോഴും ഇംഗ്ലീഷിൽ ഹിപ്പോക്രാറ്റിക് പ്രതിജ്ഞയെടുക്കുന്നതാണ് പതിവ്. എന്നാൽ, മധുര ഗവ. മെഡിക്കൽ കോളജിന്റെ 250ഓളം ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥികളുടെ പ്രവേശന ചടങ്ങിൽ പരമ്പരാഗത ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞക്കു പകരം പരിഷ്കരിച്ച 'മഹർഷി ചരക് ശപഥ്' ആണ് ചൊല്ലിയത്. സംഭവം വിവാദമായി. പുരുഷ ഡോക്ടർ സ്ത്രീ രോഗിയെ ഭർത്താവിന്‍റെയോ അടുത്ത ബന്ധുവിന്‍റെയോ സാന്നിധ്യമില്ലാതെ ചികിത്സിക്കില്ലെന്നും മറ്റുമുള്ള പ്രയോഗങ്ങളും ഈ സംസ്കൃത പ്രതിജ്ഞയിലുണ്ട്. ചടങ്ങിൽ സംബന്ധിച്ച മന്ത്രിമാരായ പി.ടി.ആർ. പളനിവേൽ ത്യാഗരാജൻ, പി. മൂർത്തി എന്നിവർ കടുത്ത അതൃപ്തി തന്നെ അറിയിച്ചു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ രത്നവേലിനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് തമിഴ്നാട് മെഡിക്കൽ ഡയറക്ടറേറ്റ് ഉത്തരവിട്ടു. എന്നാൽ, പ്രിൻസിപ്പലിനെതിരായ ശിക്ഷണ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഉൾപ്പെടെ രാഷ്ട്രീയകക്ഷികൾ രംഗത്തെത്തി. വിഷയം ആളിക്കത്തിച്ച് അവർ മുതലെടുത്തേക്കുമെന്ന് തിരിച്ചറിഞ്ഞ് അധികം താമസിയാതെ സ്റ്റാലിനിടപെട്ട് ശിക്ഷണ നടപടി പിൻവലിച്ചു. ഒപ്പം സത്യപ്രതിജ്ഞ നടത്തുമ്പോൾ ഭാവിയിൽ സ്വീകരിക്കേണ്ട മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു.

'പട്ടണപ്രവേശം' വിവാദം

മയിലാടുതുറൈ ജില്ലയിലെ ശൈവമഠമായ തിരുവവാടുതുറൈയിലെ സന്ന്യാസിയെ ഭക്തജനങ്ങൾ പല്ലക്കിലേറ്റി ചുമന്നുകൊണ്ടുപോകുന്ന 'പട്ടണപ്രവേശം' ചടങ്ങിന് ജില്ല ഭരണകൂടം വിലക്കേർപ്പെടുത്തിയതാണ് മറ്റൊരു വിവാദം. ആചാരം മനുഷ്യാവകാശ ലംഘനമാണെന്നും ക്രമസമാധാന പ്രശ്നങ്ങൾക്കിടയാക്കുമെന്നുമാണ് റവന്യൂ ഡിവിഷനൽ ഓഫിസർ ജെ. ബാലാജി പുറത്തിറക്കിയ നിരോധന ഉത്തരവിൽ ചൂണ്ടിക്കാട്ടിയത്. മേയ് 22ന് നടത്താനിരുന്ന പരിപാടിക്കെതിരെ ദ്രാവിഡർ കഴകം ഉൾപ്പെടെ ചില സംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു.

എന്നാൽ, നൂറ്റാണ്ടുകളായി പ്രചാരത്തിലുള്ള ആചാരമാണിതെന്നും ചടങ്ങ് നിരോധിച്ച നടപടി പിൻവലിക്കണമെന്നും ബി.ജെ.പി-അണ്ണാ ഡി.എം.കെ നേതാക്കൾ ആവശ്യപ്പെട്ടു. നിരോധനം പിൻവലിക്കാത്തപക്ഷം സന്ന്യാസി ആദീനത്തെ താൻ ചുമലിലേറ്റിക്കൊണ്ടുപോകുമെന്നുവരെ ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ പ്രസ്താവിച്ചു. സ്റ്റാലിൻ സമയം കളയാതെ മഠത്തിലെ സന്ന്യാസിമാരെ സെക്രട്ടേറിയറ്റ് ചേംബറിലേക്ക് വിളിച്ച് ചർച്ച നടത്തി. നിരോധനം പിൻവലിക്കാനുള്ള സന്ന്യാസിമാരുടെ അഭ്യർഥന അംഗീകരിച്ചതിനൊപ്പം 'മനുഷ്യാവകാശങ്ങളും മൂല്യങ്ങളും' സംരക്ഷിക്കപ്പെടണമെന്ന് ഊന്നിപ്പറയുകയും ചെയ്തു മുഖ്യമന്ത്രി. തന്‍റെ സർക്കാർ ഈശ്വരവാദികളെയും നിരീശ്വരവാദികളെയും പ്രതിനിധാനംചെയ്യുന്നു. ദൈവവിശ്വാസികളെയും അവിശ്വാസികളെയും വേദനിപ്പിക്കുന്ന വിമർശനങ്ങളൊന്നും തങ്ങൾ അംഗീകരിക്കുന്നില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി. യോഗശേഷം പുറത്തിറങ്ങിയ ധർമപുരം ആദീനം മാസിലാമണി ദേശിക ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികൾ പ്രഖ്യാപിച്ചത്, സംസ്ഥാനത്തെ ഡി.എം.കെ സർക്കാർ 'ആത്മീയ'മാണ് എന്നായിരുന്നു.

ആമ്പൂർ ബിരിയാണി മേള

പ്രശസ്തമായ ആമ്പൂര്‍ ബിരിയാണി ഫെസ്റ്റിവലിനെ ചൊല്ലിയായിരുന്നു മറ്റൊരു വിവാദം. ഒരു വിഭാഗമാളുകൾ, പന്നിയിറച്ചി ബിരിയാണിയും മറ്റൊരുകൂട്ടർ, ബീഫ് ബിരിയാണിയും വിളമ്പുന്നതിനെ എതിർത്ത് രംഗത്തെത്തി. ഇതോടെ മേളയിൽ ബീഫ്, പോർക്ക് ബിരിയാണികൾ വിളമ്പരുതെന്ന് തിരുപ്പത്തൂർ ജില്ല ഭരണകൂടം അറിയിച്ചു. ഉത്തരവിനെതിരെ രാഷ്ട്രീയകക്ഷികളുടെയും മത സംഘടനകളുടെയും ഭാഗത്തുനിന്ന് പ്രതിഷേധങ്ങളുയർന്നു. മേളക്കുപുറത്ത് സ്റ്റാളുകളൊരുക്കി ബീഫ് ബിരിയാണി സൗജന്യമായി വിതരണം ചെയ്യുമെന്ന് വിടുതലൈ ശിറുതൈകൾ കക്ഷിയുടെ നേതൃത്വത്തിൽ വിവിധ സംഘടനകൾ പ്രഖ്യാപിച്ചു. ബീഫ് വിളമ്പിയാലും വിളമ്പിയില്ലെങ്കിലും വിവാദം ഉറപ്പാകുന്ന സ്ഥിതിവന്നു. അതോടെ കാലാവസ്ഥ മോശമാണെന്ന കാരണംപറഞ്ഞ് മേളതന്നെ തൽക്കാലം മാറ്റിവെച്ച് സർക്കാർ തടിയൂരി.

അയോധ്യ മണ്ഡപം ഏറ്റെടുക്കൽ

ചെന്നൈ നഗരത്തിലെ വെസ്റ്റ് മാമ്പലത്ത് സ്ഥിതി ചെയ്യുന്ന അയോധ്യ മണ്ഡപം ദേവസ്വം വകുപ്പ് ഏറ്റെടുത്തതായിരുന്നു മറ്റൊരു വിഷയം. മണ്ഡപത്തിന്‍റെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ശ്രീരാമസമാജം സമർപ്പിച്ച ഹരജി മദ്രാസ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയതോടെയാണ് ദേവസ്വം വകുപ്പ് നടപടി സ്വീകരിച്ചത്. അയോധ്യ മണ്ഡപം ക്ഷേത്രമല്ലെന്നും ഭജനമഠം മാത്രമാണെന്നും ഇവിടെ വിഗ്രഹം സ്ഥാപിച്ചിട്ടില്ലെന്നും ശ്രീരാമൻ, സീത, ഹനുമാൻ തുടങ്ങിയ ഛായാചിത്രങ്ങൾ മാത്രമാണുണ്ടായിരുന്നതെന്നും ശ്രീരാമസമാജം ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇത് ഒരു പൊതു ക്ഷേത്രമാണെന്നും ഹുണ്ടിക സ്ഥാപിച്ചിരുന്നതായും പൊതുജനങ്ങൾ വഴിപാടുകൾ നടത്തിയിരുന്നതായുമാണ് ദേവസ്വം വകുപ്പിന്‍റെ നിലപാട്.

ബി.ജെ.പി-സംഘ് പരിവാർ പ്രവർത്തകർ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിലും അധികൃതർ പൊലീസിന്‍റെ സഹായത്തോടെ ക്ഷേത്രത്തിന്‍റെ പൂട്ടുതകർത്ത് അകത്തേക്ക് കടക്കുകയായിരുന്നു. ബി.ജെ.പി നേതാവ് കെ.ആർ. നാഗരാജൻ ഉൾപ്പെടെ നിരവധി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ക്ഷേത്രമല്ലാത്തതിനാൽ അയോധ്യ മണ്ഡപം ഏറ്റെടുക്കാൻ സംസ്ഥാനത്തിന് അവകാശമില്ലെന്നായിരുന്നു ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ കെ. അണ്ണാമലൈയുടെ നിലപാട്. ദേവസ്വം വകുപ്പിന് എതിരായാണ് മദ്രാസ് ഹൈകോടതി തീർപ്പുണ്ടായത്.

ഓരോ ചുവടും വർഗീയ ശക്തികൾക്കെതിരെ

ഓരോ തവണയും ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം പാർട്ടി അണികൾ അസ്വസ്ഥരാകുന്നുണ്ടെങ്കിലും സംഘ്പരിവാർ ശക്തികളുടെ, ദ്രാവിഡ മണ്ണിലെ വളർച്ച തടയുകയെന്ന ലക്ഷ്യമാണ് സ്റ്റാലിന്‍റെ ഉടനടിയുള്ള ഇടപെടലുകൾക്ക് പിന്നിലുള്ളത്. ഡി.എം.കെ സർക്കാറിന്‍റെയും മുഖ്യമന്ത്രിയുടെയും മതനിരപേക്ഷ നിലപാടാണ് ഈ നടപടികളിലൂടെ വ്യക്തമാവുന്നതെന്ന് ഡി.എം.കെ പാർലമെന്‍ററി പാർട്ടി നേതാവും പാർട്ടി ട്രഷററുമായ ടി.ആർ. ബാലു പറയുന്നു.

സർക്കാറിന്‍റെ ധിറുതിപിടിച്ചുള്ള നടപടികൾ പലതും ഡി.എം.കെയുടെ നയങ്ങളിലധിഷ്ഠിതമാണെങ്കിലും മുഖ്യമന്ത്രിക്ക് ശക്തമായ ഒരു രാഷ്ട്രീയ ഉപദേശക സംഘം ആവശ്യമാണെന്നും ഉന്നത ഉദ്യോഗസ്ഥർ രാഷ്ട്രീയത്തിലും സർക്കാറിന്‍റെ നയപരിപാടികളിലും സൂക്ഷ്മത പുലർത്തുന്നവരായിരിക്കണമെന്നുമാണ് മുതിർന്ന പത്രപ്രവർത്തകനായ തരാസു ശ്യാമിന്റെ നിലപാട്.

സ്റ്റാലിൻ കൈക്കൊള്ളുന്നത് മൃദു ഹിന്ദുത്വ സമീപനമാണെന്ന് വിമർശിക്കുന്നവരുണ്ട്. ഇത് പാർട്ടിയെ ദീർഘകാല ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽനിന്ന് വ്യതിചലിപ്പിച്ചേക്കുമെന്നും ചില രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ, വിദ്വേഷ പ്രസംഗവും ചെയ്തികളും വഴി സമാധാനം കെടുത്താൻ ശ്രമിക്കുന്ന വർഗീയകക്ഷി നേതാക്കളെ മതമോ ജാതിയോ ജനപിന്തുണയോ പരിഗണിക്കാതെ അറസ്റ്റു ചെയ്യാൻ ധൈര്യം കാണിക്കുന്നുണ്ട് സ്റ്റാലിൻ സർക്കാർ. വയോധികയുടെ വീടിനുമുന്നിൽ മൂത്രമൊഴിച്ചു മലിനമാക്കിയതിന് രണ്ടുവർഷം മുമ്പെടുത്ത കേസിൽ വൈകിയാണെങ്കിലും എ.ബി.വി.പി മുൻ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ഷൺമുഖത്തിന് ജയിലിലേക്ക് പോകേണ്ടിവന്നത് തമിഴ്നാട്ടിൽ ഇത്തരമൊരു ഭരണകൂടം ഉള്ളതുകൊണ്ടു മാത്രമാണെന്നതും കാണാതിരുന്നുകൂടാ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnadu govtMK Stalindmk govt
News Summary - One year of MK Stalin's government; And governance
Next Story