ഫാഷിസത്തിനും ഏകാധിപത്യത്തിനും ഒരേയൊരു ബദല്‍
text_fieldsഅസത്യ കഥകള്‍ മെനഞ്ഞ് കോണ്‍ഗ്രസ് മുക്ത രാജ്യത്തിനായി കൈകോര്‍ത്തിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് സംഘ്പരിവാറും കേരളത്തിലെ ഇടതുപക്ഷവും
1928 നവംബര്‍ 17, സൈമണ്‍ കമീഷനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിക്കുനേരെ ബ്രിട്ടീഷ് പൊലീസ് അഴിച്ചുവിട്ട കിരാത മര്‍ദനത്തിൽ തലക്കടിയേറ്റ് ചോരവാര്‍ന്ന് തെരുവില്‍ വീണ പഞ്ചാബിന്റെ സിംഹം ലാലാ ലജ്പത് റായ് 18 ദിവസം നീണ്ട യാതനകൾക്കൊടുവിൽ കണ്ണടച്ചു.
ബ്രിട്ടീഷ് പൊലീസ് തലക്കടിച്ച് കൊന്നുവെന്നതാണ് യാഥാർഥ്യം. പക്ഷേ, ധീരനായ ആ പോരാളിയുടെ സമരചരിത്രം അവിടെ അവസാനിക്കുകയായിരുന്നില്ല, തുടങ്ങുകയായിരുന്നു; അനേകായിരം സ്വാതന്ത്ര്യസമര ഭടന്മാരിലൂടെ. ഇങ്ങൊടുവില്‍ ഫാഷിസ്റ്റ് ഭരണത്തിനെതിരായ ഇന്നത്തെ പോരാട്ടത്തിലും ഓരോ കോണ്‍ഗ്രസുകാരന്റെ മനസ്സിലും ചിന്തയിലും ലജ്പത് റായിയുണ്ട്. നെറ്റിപൊട്ടി ഒഴുകിയ ആ ചോരയുണ്ട്.
എതിര്‍പ്പുകളെ, വിമര്‍ശനത്തെ, പ്രതിഷേധ സമരങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടങ്ങള്‍ യഥാര്‍ഥത്തില്‍ ആരാണ്? തെറ്റുകള്‍ മാത്രം ആവര്ത്തിക്കുന്നവര്, സ്വന്തം നിഴലിനെപ്പോലും ഭയക്കുന്നവര്‍, മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍, ഭിന്നാഭിപ്രായങ്ങളെ അപരാധമായി കാണുന്നവര്‍, വ്യത്യസ്ത ശബ്ദത്തെ വെറുക്കുന്നവര്‍. നിര്‍ഭാഗ്യവശാല്‍ ഇവരുടെ അംഗബലം കൂടിക്കൂടിവരുകയാണ്.
എന്തും ചെയ്യാം, എന്തും പറയാം. ആരും ചോദ്യം ചെയ്യരുത്. ആരും വിമര്‍ശിക്കരുത്. എതിര്‍പ്പേ പാടില്ല. ഇവരും ബ്രിട്ടീഷ് സാമ്രാജ്യത്വ കാലത്തെ ക്രൂരന്മാരുമായി എന്ത് വ്യത്യാസമാണുള്ളത്? അധികാര ഭ്രമത്തില്‍ സ്വബോധം പോലും നഷ്ടപ്പെട്ടവര്‍, ജാതിമത ചിന്തകള്‍ വലകെട്ടിയ മസ്തിഷ്കങ്ങള്‍, കായികബലം ഉപയോഗിച്ച് ആരുടെ തലയും അടിച്ചുപൊട്ടിച്ച്, അതിന് സ്വയം ഗുഡ് സര്‍വിസ് എന്‍ട്രി നല്കുന്നവര്.
ബാരിസ്റ്റര്‍ വേഷം അഴിച്ചുവെച്ച്, ഖദറിന്റെ പരുക്കന്‍ സ്പര്‍ശം സ്വീകരിച്ച ഒരാളുണ്ടായിരുന്നു. അവധൂതന്, ഫക്കീര്‍, പോരാളി, രാഷ്ട്രീയ ചിന്തകന്‍, സത്യം തേടി നടന്ന മഹാത്മാവ്. അങ്ങനെ ഒരാള്‍ ചരിത്ര സന്ധികളില്‍ വല്ലപ്പോഴും മാത്രമേ ജനിക്കാറുള്ളൂ. മുന്നില്‍ നിന്നുനയിച്ച സമര ഭടൻ മാത്രമായിരുന്നില്ല ആ മനുഷ്യന്. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിന്റെ ചങ്ങലകളില്‍നിന്ന് ഒരു ജനതയെ മോചിപ്പിച്ച വിമോചകനാണ് മഹാത്മാഗാന്ധി.
ക്ഷേത്ര മതിലുകള്‍ക്കുള്ളിലല്ല അദ്ദേഹം രാമനെ തേടിയത്, ദരിദ്ര നാരായണന്മാര്ക്കിടയിലാണ്. അദ്ദേഹത്തിന്റെ രാമരാജ്യം നീതിയുടേതായിരുന്നു. ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചില്‍ വെടിയുതിര്‍ത്തവര്‍ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവര്‍ക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കില്‍, ബിര്‍ളാ മന്ദിറിലെ ആ നടവഴിയില്‍ 75 വര്‍ഷമായി കണ്ണില്‍ ചോരയും തീയുമായി രാമന് നില്‍ക്കുന്നുണ്ട്. ഓരോ ഇന്ത്യക്കാരന്റെ മനസ്സും അവിടെയാണ് ശിരസ്സ് കുനിക്കേണ്ടത്.
കാലമെത്ര കഴിഞ്ഞാലും കൊലയാളികള്‍ക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ. ഗാന്ധിയെ കൊന്നവരും അദ്ദേഹത്തെ അവഹേളിച്ച് ബ്രിട്ടീഷുകാരുടെ കാലുനക്കാന്‍ പോയവരും ഒന്നിക്കുന്നതില്‍ അത്ഭുതമില്ല. വലത്-ഇടത് മേലങ്കിയണിഞ്ഞ അത്തരക്കാരോട് കോണ്‍ഗ്രസിന് സന്ധിയില്ല.
ആധുനിക ഇന്ത്യയുടെ മഹാക്ഷേത്രങ്ങളെല്ലാം പണിതുയര്‍ത്തിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ്. ഭക്രാനംഗല്‍ അണക്കെട്ട്, ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍, ഫാക്ടറികള്‍, ഐ.എസ്.ആര്.ഒ, ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍, ദേശീയ മ്യൂസിയങ്ങള്‍. ഇന്ദിരാജിയും രാജീവ് ഗാന്ധിയും മുതല്‍ മന്മോഹന് സിങ് വരെ ഈ രാജ്യത്തിനായി ചെയ്ത സത്കർമങ്ങളുടെ പട്ടിക അവസാനിക്കുന്നില്ല.
യു.പി.എ സര്‍ക്കാറിന്റെ കാലത്ത് സോണിയ ഗാന്ധി മുന്നിട്ടിറങ്ങി രൂപം നല്കിയ ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാര നിയമം ഈ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ഈ നേട്ടങ്ങളെയൊക്കെ തമസ്കരിച്ച്, അസത്യങ്ങളുടെ കറുത്ത കഥകള്‍ മെനഞ്ഞ് കോണ്‍ഗ്രസ് മുക്ത രാജ്യത്തിനായി കൈകോര്‍ത്തിരിക്കുന്ന ഇരട്ട സഹോദരങ്ങളാണ് സംഘ്പരിവാറും കേരളത്തിലെ ഇടതുപക്ഷവും.
ലോകത്തെ മാറ്റിമറിച്ച സമര പോരാട്ടങ്ങളുടെ ഉറവിടവും സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുത്ത ശക്തിയും ജയപരാജയങ്ങളെ സ്ഥൈര്യത്തോടെ നേരിട്ട രാഷ്ട്രീയ നേതൃത്വവും അചഞ്ചലമായ മതനിരപേക്ഷതയുമാണ് കോണ്‍ഗ്രസ്. ലോകത്തിനുമുന്നില്‍ ആധുനികവും ചേരിചേരാതെയുമുള്ള നിലപാടുകളുമായി ഇന്ത്യയെന്ന ശക്തിയെ ഉറപ്പിച്ചതും കോണ്‍ഗ്രസ് തന്നെ.
രാജ്യത്തെ അപകടകരമായ മതരാഷ്ട്ര സങ്കല്പത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന സംഘ്പരിവാര്‍ ശക്തികളുടെ ഏകശിലാ ബോധ്യങ്ങളാകട്ടെ, ഏകാധിപത്യ അഹന്തയുടെ കറതീര്‍ന്ന കേരളത്തിലെ പ്രതിരൂപമാകട്ടെ ഇവയെല്ലാം കോണ്‍ഗ്രസ് എതിര്‍ക്കും. എതിര്‍ക്കാന്‍ കോണ്ഗ്രസേയുള്ളൂ എന്നതാണ് സത്യം. ആ ബോധ്യമാണ് കടുത്ത പരീക്ഷണങ്ങള്‍ക്കു നടുവിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നയിക്കുന്ന ശക്തി.
ഏകാധിപത്യത്തിനും മതവത്കരണത്തിനും ഭിന്നിപ്പിക്കലിനും എതിരെയുള്ള സന്ധിയില്ലാസമരമാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയവും നിലപാടും പ്രവര്‍ത്തനവും. ഭാരത് ജോഡോ യാത്രയോളം വ്യക്തമായി ഈ രാഷ്ട്രീയ നിലപാട് മുന്നോട്ടുവെച്ച മറ്റൊരു മുന്നേറ്റം സമീപകാല ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. വര്‍ഗീയതക്കും വെറുപ്പിനുമെതിരെയുള്ള ഈ യാത്രയെ കേരളത്തിലെ ഇടതുപക്ഷം എങ്ങനെയാണ് കണ്ടത്? പ്രതീക്ഷിച്ചപോലെ തന്നെ, ചുവപ്പിന് കൂട്ട് കാവി, കാവിക്ക് കൂട്ട് ചുവപ്പ്.
ജെ.എൻ എന്ന ഒപ്പും ആ പുഞ്ചിരിക്കുന്ന മുഖവും മായ്ച്ചുകളയാൻ സംഘ്പരിവാർ രാപ്പകൽ ശ്രമിക്കുന്നതിന്റെ കാരണം വ്യക്തമാണ്. നാളെയുടെ രാഷ്ട്രീയത്തിൽ നെഹ്റൂവിയൻ സോഷ്യലിസത്തിനുള്ള പ്രാധാന്യം അവർക്കറിയാം. ആ ധിഷണയെ അവർക്ക് ഭയമാണ്. രാജ്യം നിലനിൽക്കുവോളം അവിടെ ഗാന്ധിയുണ്ട് എന്നത് അവരെ അലോസരപ്പെടുത്തുന്നു.
ഫാഷിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടത്തിൽ തെരഞ്ഞെടുപ്പ് വിജയങ്ങൾ കൊണ്ടുമാത്രം ജയപരാജയങ്ങൾ അളക്കാനാകില്ല. രാജസ്ഥാൻ, മധ്യപ്രദേശ്, ചത്തിസ്ഗഢ് തെരഞ്ഞെടുപ്പുകൾ തരുന്ന പാഠങ്ങൾ നിശിതവും വലുതുമാണ്. തെലങ്കാന ആവേശമാണ്. കോൺഗ്രസില്ലാതെ ബി.ജെ.പി വിരുദ്ധ പോരാട്ടം സാധ്യമാകുമെന്ന് പറയുന്നവർ എതിർപ്പുകളെ വെറുക്കുന്നവരും ‘ഭയം’ ഭരിക്കുന്നവരുമാണ്.
കോണ്‍ഗ്രസിനുമുന്നിലെ മുന്‍ഗണനകളെന്താണ്? വര്‍ഗീയതക്കും ഏകാധിപത്യത്തിനും ഫാഷിസത്തിനും എതിരായ അക്ഷീണ പോരാട്ടം തന്നെയാണ് ആദ്യം. ജനങ്ങളുടെ പ്രത്യേകിച്ച് സാമ്പത്തികവും സാമൂഹികമായും പിന്നാക്കം നില്ക്കുന്നവരുടെ ഒപ്പം നില്ക്കുക. അവരുടെ ക്ഷേമത്തിനും മുന്നേറ്റത്തിനുമായി എന്തെല്ലാം ചെയ്യാമോ അതെല്ലാം നിരന്തരം ചെയ്തുകൊണ്ടിരിക്കുക.
പ്രവര്‍ത്തിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനും അനുവദിക്കാതെ അടിച്ചമര്‍ത്തല്‍ തുടര്‍ന്നാല്‍, വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുക, പോരാടുക. ഈ പോരാട്ടത്തില്‍ ലാലാ ലജ്പത്റായിയും മഹാത്മജിയും ഉള്‍പ്പെടെ അനേകായിരങ്ങളുടെ ശരീരത്തില്‍നിന്ന് ഈ മണ്ണിലേക്കിറ്റുവീണ ചുടുചോരയുടെ വീര്യം കെടാതെ നെഞ്ചേറ്റുക. ഈ പ്രസ്ഥാനത്തിന്റെ ജന്മദിനം ഓർമപ്പെടുത്തുന്നതും ഇതുതന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.