ഇഴപിരിയാത്ത സൗഹൃദത്തിന്റെ ഓർമ
text_fieldsപ്രായഭേദമില്ലാതെ പ്രവർത്തകരെല്ലാം ഓസി എന്നു സ്നേഹത്തോടെ വിളിച്ചിരുന്ന ഉമ്മൻ ചാണ്ടി ഇല്ലാതായിട്ട് ഒരു വർഷം തികയുന്നു. കേരളീയ പൊതുസമൂഹത്തിനിടയിൽ ആഴത്തിൽ പതിഞ്ഞ പേരാണ് അദ്ദേഹത്തിന്റേത്. ജനങ്ങളുമായി ഇത്രയധികം ഇടപഴകി പ്രവർത്തിക്കുകയും 24 മണിക്കൂറും അവർക്കു വേണ്ടി ജീവിക്കുകയും ചെയ്ത മറ്റൊരു നേതാവിനെ കാണുക പ്രയാസമാണ്.
പതിനെട്ടു വർഷക്കാലം ഞാനും ഉമ്മൻ ചാണ്ടിയും കൂടി കേരളത്തിലെ കോൺഗ്രസ് പ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തു. ഈ കാലത്ത് ഞങ്ങൾ തമ്മിൽ ഇണങ്ങിയിട്ടുണ്ട്, പിണങ്ങിയിട്ടുണ്ട്. പരിഭവം പറഞ്ഞിട്ടുണ്ട്, സന്തോഷിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ഇഴപിരിയാത്ത വലിയൊരു സൗഹൃദവും ആഴത്തിലുള്ള വ്യക്തിബന്ധവും തമ്മിലുണ്ടായിരുന്നു.
എത്ര വലിയ പ്രശ്നമാണെങ്കിലും ഉമ്മൻ ചാണ്ടിക്കു പരിഹാരമുണ്ടായിരുന്നു. വിമർശനങ്ങളെ വീറോടെ നേരിടാനുള്ള അനിതര സാധാരണമായൊരു കഴിവ് അദ്ദേഹം പുലർത്തിയിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ അഞ്ചു വർഷം അദ്ദേഹം സഞ്ചരിച്ചത് നൂൽപ്പാലത്തിലൂടെ ആയിരുന്നു. 72 അംഗങ്ങളുടെ മാത്രം നിലനിന്ന സർക്കാരിനെ മുന്നോട്ടു കൊണ്ടുപോവുക എന്നതു വലിയ പ്രയാസമുള്ള കാര്യമായിരുന്നു. പക്ഷേ, ഈ സർക്കാരിനു കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞത് ഉമ്മൻ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിന്റെ അനിതര സാധാരണമായ വ്യക്തിപ്രഭാവവും രാഷ്ട്രീയ തന്ത്രജ്ഞതയും കൊണ്ടാണെന്നു പറയാം. അദ്ദേഹത്തിനെതിരേ ഉയർന്ന ആരോപണങ്ങളെല്ലാം പിന്നീട് ആവിയായി പോവുകയും ചെയ്തു.
മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം പാവപ്പെട്ട ജനങ്ങൾക്കു വേണ്ടി അക്ഷീണം പ്രയത്നിച്ചു. അദ്ദേഹം സ്വീകരിച്ച പല നടപടികളും നടപ്പാക്കിയ വൻകിട പദ്ധതികളും മാത്രം മതി, കേരളത്തിന്റെ വികസന ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർക്കാൻ. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവർത്തന മികവ് തെളിയിക്കുന്ന പദ്ധതികളാണ്.
വേഗത്തിൽ തീരുമാനമെടുക്കാനും എടുത്ത തീരുമാനം നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. അതിവേഗം, ബഹുദൂരം എന്ന മുദ്രാവാക്യം തന്നെ അദ്ദേഹം പ്രവർത്തന ശൈലിയാക്കി. സാധാരണക്കാർക്കിടയിലേക്ക് ഭരണയന്ത്രത്തെ വഴിതിരിച്ചു വിട്ട ജനസമ്പർക്ക പരിപാടി അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. ഉമ്മൻ ചാണ്ടി തുറന്നു കാണിച്ച മാതൃകകൾ പിന്തുടർന്ന് നമുക്ക് അദ്ദേഹത്തെ ഓർമിക്കാം, അതിലൂടെ അദ്ദേഹത്തെ അനശ്വരനാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.