പിടയുന്നതും പിഴയൊടുക്കുന്നതും ജനങ്ങളാണ്
text_fieldsസർ,
ബ്രഹ്മപുരം മാലിന്യ സംഭരണ (സംസ്കരണമൊന്നും ഉണ്ടായിരുന്നില്ലല്ലോ) കേന്ദ്രത്തിൽ മാർച്ച് രണ്ടു മുതൽ 13 വരെ നിലനിന്ന തീപിടിത്തവും അതിന്റെ പ്രത്യാഘാതങ്ങളും നാടു മുഴുവൻ ചർച്ച ചെയ്യുകയാണല്ലോ. ദേശീയ ഹരിത ട്രൈബ്യൂണൽ നഗരസഭക്കുമേൽ 100 കോടി രൂപയുടെ പിഴ വിധിച്ച വാർത്തയും കണ്ടു. ആ വിധിന്യായവും മറ്റും വായിച്ചപ്പോൾ ഉണ്ടായ ചില സംശയങ്ങളും നിർദേശങ്ങളും താങ്കളുടെ മുന്നിൽ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്.
മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നഗരസഭ എക്കാലത്തും ഗുരുതരമായ തെറ്റുകളാണ് ചെയ്തുപോന്നിട്ടുള്ളത്. അതിനു താങ്കളോ ഇപ്പോഴത്തെ നഗരസഭയോ മാത്രമല്ല ഉത്തരവാദികൾ. മുൻകാലത്തു തുടങ്ങിവെച്ച അഴിമതിയും കെടുകാര്യസ്ഥതയും താങ്കളുടെ കാലത്തും തുടർന്നു എന്നു മാത്രമേയുള്ളൂ. 2006ൽ ബ്രഹ്മപുരത്തു മാലിന്യങ്ങൾ കൊണ്ടിടാൻ തീരുമാനിച്ചതുതന്നെ പരമാബദ്ധമാണെന്ന് അന്നു മുതൽ പറയുന്നവരിൽ ഈയുള്ളവനും പെടുമെന്ന് അങ്ങേക്കും അറിയാമല്ലോ. ബ്രഹ്മപുരത്തെ മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ നിർദേശിക്കപ്പെട്ട കാലം മുതൽ ജനങ്ങൾ സമരത്തിലായിരുന്നു.
ഖരമാലിന്യ സംസ്കരണ നിയമങ്ങളിലും ചട്ടങ്ങളിലും വ്യക്തമായി പറയുന്നു, ഒരിടത്തും മാലിന്യംകൊണ്ടുപോയി നിക്ഷേപിക്കരുത് എന്ന്. അവ സംസ്കരിക്കാൻ കൃത്യമായതും ശാസ്ത്രീയമായതുമായ സംവിധാനം ഉണ്ടായാൽ മാത്രമേ മാലിന്യം അവിടേക്കു കൊണ്ടുപോകാൻ പാടുള്ളൂ എന്നു നിയമം അനുശാസിക്കുമ്പോഴാണ് കേവലം ഒരു തുറന്ന സ്ഥലം മാത്രമായ ബ്രഹ്മപുരത്തു അതു കൊണ്ടിടാൻ ഹൈകോടതി നിർദേശിച്ചത്. കടമ്പ്രയാറിനും ചിത്രപ്പുഴക്കും ഇടക്കുള്ള നെൽവയൽ തണ്ണീർത്തടമാണ് അതെന്ന് അറിയാത്തതല്ല. അന്ന് നിലവിൽ ഉണ്ടായിരുന്ന ഭൂവിനിയോഗ നിയമം അനുസരിച്ചും ജലസംരക്ഷണ നിയമം അനുസരിച്ചും ഈ വിധി തുടക്കം മുതൽ തന്നെ വിധി തെറ്റായിരുന്നു.
എന്നിട്ടും തുടർന്നതിനുപിന്നിൽ ഒട്ടേറെ സ്ഥാപിത താല്പര്യങ്ങൾ (അഴിമതി തന്നെ പ്രധാനം) ഉണ്ടായിരുന്നു. ഒരുവിധ മാനേജ്മെന്റ് ശേഷിയുമില്ലാത്ത നഗരസഭ, കേരളത്തിൽ ഒരിടത്തും വിജയിക്കാത്ത ഒരു സംവിധാനം നടത്താൻ മുതിർന്നതിന്റെ ദുരന്തമാണ് ഇപ്പോൾ കാണുന്നത്.
ഹരിത ട്രൈബ്യൂണലിന്റെ വിധിക്കെതിരെ നഗരസഭ അപ്പീൽ നൽകുമെന്നും അങ്ങ് പറഞ്ഞിട്ടുണ്ട്. നല്ലതു തന്നെ. ഈ വിധി പറയുമ്പോൾ നഗരസഭയെ കേൾക്കാൻപോലും ട്രൈബ്യൂണൽ തയാറായില്ലെന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന വാദത്തിൽ കഴമ്പുണ്ട്. നിങ്ങളെ കൂടി കേൾക്കണമെന്ന ആവശ്യം ന്യായമാണ്. എന്നാൽ, അങ്ങനെ കേൾക്കുമ്പോൾ എന്താകും നഗരസഭയുടെ എതിർ ന്യായവാദങ്ങൾ എന്നതാണ് പ്രധാനം. മുൻ നഗരസഭയുടെ കാലത്ത് ഇതേ ട്രൈബ്യൂണൽതന്നെ നഗരസഭയെ ശക്തമായി വിമർശിക്കുകയും അവർക്കു പിഴ ഇടുകയും ചെയ്തതാണ് എന്ന് ഒരു മാധ്യമത്തിൽ താങ്കൾ പറഞ്ഞതായി കണ്ട വാദങ്ങൾ അത്ര ശക്തമല്ല. കാരണം, ഇപ്പോഴത്തെ നഗരസഭ വന്നശേഷവും അവസ്ഥയിൽ കാര്യമായ വ്യത്യാസങ്ങൾ ഒന്നും ഉണ്ടായതായി കാണിക്കാൻ അങ്ങേക്ക് കഴിയില്ല.
എന്നാൽ, നഗരസഭക്ക് ഉയർത്താൻ കഴിയുന്ന ചില ശക്തമായ വാദങ്ങളുണ്ട്. സർക്കാറിനുവേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്മൂലത്തിൽ പറയാത്ത എന്നാൽ, ഏറെ പ്രാധാന്യമുള്ള ചില വസ്തുതകൾ നഗരസഭ അവതരിപ്പിക്കേണ്ടതുണ്ട്. ഒപ്പം അതിൽ പറയുന്ന ചില സത്യങ്ങൾ തുറന്നുകാട്ടപ്പെടേണ്ടതുമുണ്ട്. ഈ വസ്തുതകൾ സർക്കാർ അറിയാതെ വിട്ടുപോയതല്ല മറിച്ച്, അവ പറഞ്ഞാൽ ഇതിന്റെ കുറ്റം അവരിലേക്ക് വരും എന്നതു കൊണ്ടാണ്.
ഇപ്പോൾ ബ്രഹ്മപുരത്തുണ്ടായ തീപിടിത്തത്തിന് ആരാണ് ഉത്തരവാദികൾ എന്നതാണ് പ്രധാന ചോദ്യം. നഗരസഭയുടെ കെടുകാര്യസ്ഥതയും അഴിമതിയുമൊക്കെ പറയുമ്പോഴും ഇപ്പോഴുണ്ടായ തീപിടിത്തത്തിന് നഗരസഭയല്ല പ്രധാന ഉത്തരവാദികൾ എന്നതാണ് സത്യം. ഇപ്പോൾ തീപിടിച്ചിരിക്കുന്നതു പഴയ മാലിന്യമലക്കാണ്. ബ്രഹ്മപുരത്തു 2007 മുതൽ കൊണ്ടുവന്നിട്ട മാലിന്യത്തിന്റെ സിംഹഭാഗവും അവിടെ ഉണ്ട്.
മുമ്പ് ആലോചനയിൽ ഉണ്ടായിരുന്ന മാലിന്യത്തിൽനിന്ന് ഊർജം എന്ന പദ്ധതി (അത് പരമ അബദ്ധമാണെന്ന് പറയട്ടെ) അവസാനിപ്പിച്ചശേഷമാണ് ഇപ്പോഴത്തെ കരാറുകമ്പനി വരുന്നത്. 2020 മാർച്ചിൽ സർക്കാർ ഇറക്കിയ ഒരു ഉത്തരവാണ് പ്രശ്നങ്ങളുടെ തുടക്കം. ദുരന്തനിവാരണ നിയമം അനുസരിച്ച് നഗരസഭയിൽനിന്ന് മാലിന്യ സംസ്കരണ ചുമതല കേരള സർക്കാറിന്റെ തദ്ദേശസ്വയംഭരണ വകുപ്പ് ഏറ്റെടുക്കുന്നതായിരുന്നു ആ ഉത്തരവ്. മാലിന്യ സംസ്കരണം നഗരസഭയുടെ പ്രാഥമിക കടമയാണെന്ന നിയമം മറികടക്കാനാണ് ദുരന്തനിവാരണനിയമം പ്രയോഗിച്ചത്. അങ്ങനെയാണ്, ബയോ മൈനിങ്, മാലിന്യത്തിൽനിന്ന് ഊർജം തുടങ്ങിയ പുതിയ കരാറുകൾ സംസ്ഥാന സർക്കാറിന്റെ സ്ഥാപനമായ കെ.എസ്.ഐ.ഡി.സി വഴി നൽകിയത്. ആ കരാറുകാരൻ ആരുടെ ബന്ധുവാണ് എന്നതൊക്കെയാണ് രാഷ്ട്രീയ കക്ഷികളുടെ വിഷയമെങ്കിൽ സാധാരണ ജനങ്ങൾ ചോദിക്കുന്നത് മറ്റു ചില ചോദ്യങ്ങളാണ്.
ഒരു ദുരന്തസാധ്യത അവിടെ ഉണ്ടെന്നു സർക്കാർ അംഗീകരിക്കുന്നു. അത് സത്യമാണുതാനും. ലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക്കും ഇലക്ട്രോണിക് മാലിന്യവും മറ്റു പലതും കൂടിക്കലർന്ന ഏകദേശം 25 അടി ഉയരമുള്ള ഒരു മല എന്നതുതന്നെ ഒരു ദുരന്തമാണ്. ഏതു സമയത്തും അവിടെ അഗ്നിബാധ ഉണ്ടാകാം. ഇതിനു മുമ്പുള്ള വർഷങ്ങളിൽ അവിടെ പലവട്ടം അതുണ്ടായിട്ടുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ അവിടെ എടുക്കേണ്ടിയിരുന്ന ദുരന്തം തടയാനുള്ള മുൻകരുതലുകൾ മാലിന്യസംസ്കരണച്ചുമതല ഏറ്റെടുത്തിരുന്ന സംസ്ഥാന സർക്കാർ എടുത്തിരുന്നുവോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇതാണ് അടിസ്ഥാന പ്രശ്നം. തീ അണക്കാനുള്ള ഒരു സംവിധാനവും അവിടെ പ്രവർത്തനക്ഷമമായിരുന്നില്ല. സി.സി.ടി.വി സംവിധാനവും പ്രവർത്തിച്ചിരുന്നില്ല. പുറമേനിന്ന് ഒരു വാഹനത്തിനും വരാൻ കഴിയാത്തവിധത്തിൽ വഴി മുഴുവൻ മാലിന്യത്താൽ മൂടിക്കിടന്നിരുന്നു. ഒരിടത്തു തീ ഉണ്ടായാൽ ബാക്കി പ്രദേശങ്ങളെ അതിൽനിന്ന് ഒഴിവാക്കാൻ ആവശ്യമായിരുന്ന മണ്ണുമാന്തികൾ അവിടെ ഉണ്ടായിരുന്നില്ല. രാത്രി അഗ്നിശമനസേനക്ക് പ്രവർത്തിക്കാൻ ആവശ്യമായ വെളിച്ചം നൽകാൻ ഒരു ജനറേറ്റർപോലും ഉണ്ടായിരുന്നില്ല. ദുരന്തനിവാരണ വകുപ്പിന്റെ ജില്ല തലവനായ കലക്ടറുടെ ഓഫിസിൽനിന്ന് കേവലം രണ്ടു കിലോമീറ്റർ മാത്രം ദൂരെയുള്ള ഈ ദുരന്തസാധ്യതാകേന്ദ്രം ഒരു വിധത്തിലും സജ്ജമായിരുന്നില്ല. ഇതാണ് ബ്രഹ്മപുരത്തെ സ്ഥിതി ഇത്രമാത്രം വഷളാകാൻ കാരണം.
ലെഗസി (വേർതിരിക്കാതെ കിടക്കുന്ന) മാലിന്യത്തിന്റെ 33 ശതമാനവും ഈ കരാറുകമ്പനി സംസ്കരിച്ചുകഴിഞ്ഞു എന്നു സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത് തീർത്തും വസ്തുതാവിരുദ്ധമാണ്. അവർ നടത്തിയ ബയോ മൈനിങ് ചട്ടവിരുദ്ധമായിരുന്നു എന്ന് കണ്ടെത്തി അവർക്ക് 1.8 കോടി രൂപയുടെ പിഴ വിധിച്ചിരിക്കുന്നത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ്. അതായത്, ഇതുവരെ നടന്ന പ്രക്രിയ തെറ്റായിരുന്നു എന്നർഥം. അപ്പോൾ ഈ 33 ശതമാനം എന്നത് അസത്യമാണ്. ഇക്കാര്യം മലിനീകരണ നിയന്ത്രണബോർഡോ സർക്കാറോ നൽകിയ സത്യവാങ്മൂലങ്ങളിൽ പറയാതിരുന്നതെന്തുകൊണ്ട്? ഇതും നഗരസഭ തുറന്നുകാട്ടണം. ഇവരുടെ തെറ്റുകളാണ് അഗ്നിബാധക്ക് കാരണം എന്ന സത്യം ൈട്രബ്യൂണൽ അറിയണം. അല്ലാത്തപക്ഷം അത് വരും കാലത്തും നഗരസഭക്ക് ദോഷമായി ഭവിക്കും.
ഇത്രയും കാര്യങ്ങൾ ദേശീയ ഹരിത ൈട്രബ്യൂണലിനു മുന്നിൽ ബോധ്യപ്പെടുത്താൻ കഴിഞ്ഞാൽ ഈ ശിക്ഷ ഒഴിവാകും. പക്ഷേ, അത് സംസ്ഥാന സർക്കാറിന്റെ കുറ്റമായേക്കും. ദുരന്തനിവാരണ ചുമതലയുള്ള വകുപ്പിന് മറുപടി പറയേണ്ടി വരും. പക്ഷേ, ഇത് തുറന്നുപറയാനുള്ള രാഷ്ട്രീയ സത്യസന്ധത അങ്ങേക്കുണ്ടാകണം എന്നാണു വിനയപൂർവം അഭ്യർഥിക്കാനുള്ളത്. മറിച്ച്, താങ്കളുടെ രാഷ്ട്രീയനേതാക്കൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്ന കാരണത്താൽ ഈ സത്യം പറയാതിരുന്നാൽ അത് കൊച്ചിയിലെ ജനങ്ങളോട് ചെയ്യുന്ന ദ്രോഹമാകും. ഈ പിഴ ജനങ്ങളാണല്ലോ അടക്കേണ്ടിവരുക. ഈ കേസ് കഴിഞ്ഞാലും മാലിന്യവിഷയം കൈകാര്യം ചെയ്യുക എന്ന ഭാരിച്ച ഉത്തരവാദിത്തം നഗരസഭക്കുണ്ടല്ലോ. സർക്കാറിന്റെ പ്രഖ്യാപിത നയം അനുസരിച്ചും ബ്രഹ്മപുരം അഗ്നിബാധക്കുശേഷം നടന്ന മന്ത്രിതല യോഗത്തിലെ തീരുമാനങ്ങൾ അനുസരിച്ചും വികേന്ദ്രീകൃത മാലിന്യ സംസ്കരണ പരിപാടി ഊർജിതമാക്കേണ്ടതുണ്ട്. അത്തരം പരിപാടികൾക്ക് എല്ലാവിധ പിന്തുണയും ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ വാഗ്ദാനം ചെയ്യുന്നു. ●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.