ഭൂമി വാതിൽ തുറന്ന ആഹ്ലാദം
text_fieldsസിൽക്യാര (ഉത്തരകാശി): രക്ഷാദൗത്യം ലക്ഷ്യത്തോടടുക്കുമ്പോൾ ഭൂമി വാതിൽ തുറക്കുന്ന അത്യാഹ്ലാദത്തിലായിരുന്നു 17 ദിവസമായി പുറംലോകം കാണാതെ തുരങ്കത്തിനകത്ത് കഴിയുന്ന മനുഷ്യർ. പുറത്ത് ദൗത്യത്തിന്റെ അവസാന മണിക്കൂറുകളിൽ പെയ്ത മഴക്കിടയിലും തുരങ്കത്തിനകത്തേക്ക് വരുന്ന ആംബുലൻസുകൾക്കായി വഴിവെട്ടി സഹതൊഴിലാളികൾ.
കുഴൽപാത കേവലം അഞ്ച് മീറ്റർ മാത്രം അകലെയാണെന്ന വിവരമറിഞ്ഞതിന്റെ ആവേശത്തിൽ അകത്തുനിന്ന് തങ്ങളും ഒരു കൈ നോക്കാമെന്ന് തൊഴിലാളികൾ മറുപടി നൽകിയെന്ന് അവരോട് സംസാരിച്ച ശംഭു മിശ്ര ‘മാധ്യമ’ത്തോടു പറഞ്ഞു. ഇന്നുതന്നെ പുറത്തുവരുമെന്ന് ഉറപ്പിച്ചുകഴിഞ്ഞ അവർ അവസാനം തുറന്നുകിട്ടാനുള്ള തുരങ്കത്തിനകത്തെ ഭാഗം തങ്ങൾ തുരക്കാമെന്നാണ് ആവേശത്തോടെ പറഞ്ഞതെന്നും ശംഭു മിശ്ര തുടർന്നു.
ഇത് കേട്ടതോടെ ഇപ്പുറത്ത് കുഴലിടാൻ തുരന്നുകൊണ്ടിരിക്കുന്നവർക്കും ആവേശമേറി. യന്ത്രങ്ങളിൽനിന്ന് തങ്ങളുടെ കൈകളിലെത്തിയതോടെ രക്ഷാദൗത്യത്തിന് ജീവൻ വെച്ചെന്നും ഹൈദരാബാദിൽ നിന്നുകൊണ്ടു വന്ന പ്ലാസ്മ കട്ടർ തങ്ങൾ തൊട്ടിട്ട് പോലുമില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു. ഇന്നു രാവിലെയും പതിവുപോലെ അവർക്കുള്ള ഭക്ഷണം ലൈഫ്ലൈനിലൂടെ എത്തിച്ചെന്നും ഇതുവരെ പ്രയാസങ്ങളൊന്നും നേരിട്ടിട്ടില്ലെന്നും ശംഭു മിശ്രക്കൊപ്പമുണ്ടായിരുന്ന രാജേന്ദർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.