ഓപറേഷൻ യൂട്യൂബ്
text_fieldsരൂപംകൊണ്ട കാലംതൊട്ടേ കാക്കിപ്പടയുടെ പ്രമാണം ഒന്നേയുള്ളൂ - മൃദുഭാവേ, ദൃഢകൃത്യേ! എന്നുവെച്ചാൽ, മൃദുവായ പെരുമാറ്റത്തോടെയും ദൃഢമായ കർമങ്ങളിലൂടെയും സംസ്ഥാനത്തെ ക്രമസമാധാനം പരിപാലിക്കുക. മൃദുഭാവവും ദൃഢകൃത്യവും സമം ചേർത്തുവേണം ജനങ്ങളിലേക്കിറങ്ങിച്ചെല്ലാൻ; കേസന്വേഷണത്തിലും അങ്ങനെത്തന്നെ. അപ്പോഴേ പൊലീസിന് 'ജനമൈത്രി' ഭാവം വരൂ. പ്രമാണവും ആപ്തവാക്യവുമൊക്കെ ലോഗോയിൽ വെക്കാൻ കൊള്ളാം; കാര്യം 'അസ്സലായി' നടക്കാൻ പ്രമാണത്തിൽ അൽപം വെള്ളം ചേർക്കണമെന്നതിനാൽ ഇടിയൻ പൊലീസിന് 'ദൃഢകൃത്യ'ത്തോടാണ് പഥ്യം.
അങ്ങനെയായിപ്പോയി. എന്നുവെച്ച്, എല്ലാവരും അങ്ങനെയാണെന്ന് ധരിക്കരുത്. 'മൃദുഭാവ' വക്താക്കളുമുണ്ട് സേനയിൽ. ആർ. ശ്രീലേഖ എന്ന മുൻ ഐ.പി.എസുകാരിയെ വേണമെങ്കിൽ ടി 'ഭാവ'ത്തിന്റെ ബ്രാൻഡ് അംബാസഡർ എന്നുവരെ വിശേഷിപ്പിക്കാം. പക്ഷേ, മാഡത്തിന്റെ മൃദുഭാവം പലപ്പോഴും വേട്ടക്കാരോടാണെന്നൊരു പരാതി പണ്ടേയുണ്ട്. കാക്കിക്കുപ്പായം അഴിച്ചുവെച്ചിട്ട് ഒന്നര വർഷം കഴിഞ്ഞിട്ടും ആ 'ഭാവം' വിട്ടുപോയിട്ടില്ല. ഇപ്പോഴത് നടൻ ദിലീപിനോടാണ്. അതിജീവിതയല്ല, ശരിക്കും പീഡിപ്പിക്കപ്പെട്ടത് നമ്മുടെ 'ജനപ്രിയ' നായകനാണെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ഈ വെളിപ്പെടുത്തലിനെ ഓപറേഷൻ യൂ ട്യൂബ് എന്നു വിശേഷിപ്പിക്കാം. റെയ്ഡുകൾക്ക് പേരുകേട്ട ശ്രീലേഖയുടെ പുതിയ ദൗത്യമാണത്. 33 വർഷത്തെ സർവിസിനുശേഷം വിരമിച്ചപ്പോൾ തോന്നിയ ബുദ്ധിയാണ് സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ. ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കൊള്ളാവുന്നൊരു മൊബൈൽ ഫോണുണ്ടെങ്കിൽ ആർക്കും തുടങ്ങാവുന്നൊരു സംരംഭം. 2021 ഫെബ്രുവരി ഏഴിന്, 'യൂനിഫോം ഇട്ട ഒരു വിചിത്ര ജീവി' എന്ന തലക്കെട്ടിൽ ആദ്യ വിഡിയോ എത്തി. ''സല്യൂട്ട് സഹൃദയരെ...'' എന്ന അഭിസംബോധനയോടെ അന്നു മുതൽ പുതിയൊരു ദൗത്യം തുടങ്ങുകയായിരുന്നു. പരിപാടിക്ക് പലവിധത്തിൽ സ്വയം പരസ്യവും നൽകി.
ദിലീപ് അടക്കം പരിചയമുള്ള ആളുകൾക്കൊക്കെ മെസേജ് അയച്ചു: ''പ്ലീസ് ലൈക്, സബ്സ്ക്രൈബ്, ഷെയർ''. വ്യക്തി ജീവിതവും സർവിസുമൊക്കെ വിഷയമാക്കി എക്സ് ക്ലൂസീവ് ഐറ്റങ്ങൾ പലതും എപിസോഡുകളായി പിറന്നു. പക്ഷേ, കാഴ്ചക്കാർ കുറവ്! വീട്ടിലെ പൂന്തോട്ടവും അടുക്കളയും മത്സ്യക്കുളവുമൊക്കെ കാമറയിൽ പകർത്തി പലരും ലക്ഷക്കണക്കിന് സബ്സ്ക്രൈബർമാരെ സമ്പാദിക്കുമ്പോഴാണ് ഈ ദുർഗതി. അതും സംസ്ഥാനത്തെ ആദ്യ വനിത ഐ.പി.എസുകാരിക്ക്. ഇനിയും ഇങ്ങനെ പോയാൽ ശരിയാവില്ലെന്ന് തോന്നിയപ്പോഴാണ് 75ാം എപ്പിസോഡിൽ ഒരു കളികളിക്കാൻ തീരുമാനിച്ചത്. ദിലീപ് നായകനായ ആ എപ്പിസോഡിപ്പോൾ വൈറലാണ്. ഒരാഴ്ച പിന്നിട്ടിട്ടും ചർച്ചയും വാർത്തയുമൊടുങ്ങിയിട്ടില്ല.
'ജനപ്രിയ നായകൻ' വേഷമിട്ടതോടെ ചാനലിനിപ്പോൾ മുക്കാൽ ലക്ഷം കാഴ്ചക്കാരുണ്ട്. അപ്പോൾ സംഗതി സക്സസ്. പക്ഷേ, കാര്യങ്ങൾ കൈവിട്ടുപോകുന്ന മട്ടാണ്. നടിയെ ആക്രമിച്ച കേസ് ദിലീപിനുവേണ്ടി ശ്രീലേഖ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നൊക്കെയാണ് ആളുകൾ പറയുന്നത്. മാധ്യമങ്ങളും അതേറ്റുപിടിക്കുന്നുണ്ട്. അങ്ങിങ്ങായി പ്രതിഷേധ മാർച്ചുകൾ വേറെ. വനിത കമീഷൻ വരെ മാഡത്തിനെതിരാണ്. മാത്രവുമല്ല, പണ്ട് യൂനിഫോമിൽ നടത്തിയ 'മൃദുഭാവകൃത്യങ്ങളും' ശത്രുക്കൾ കുത്തിപ്പൊക്കി തുടങ്ങിയിരിക്കുന്നു.
25 കൊല്ലം മുമ്പ്, പത്തനംതിട്ട എസ്.പിയായിരിക്കെ ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത കേസിന്റെ കാര്യം തിരക്കിച്ചെന്ന അഭിഭാഷകയെ മറ്റൊരു കേസിൽ കുടുക്കിയതും ഏതാണ്ടതേകാലത്തുതന്നെ കുഞ്ഞിനെക്കൊന്ന അമ്മയെ രക്ഷിക്കാൻ ശ്രമിച്ചതുമൊക്കെ വീണ്ടും വാർത്തയായിരിക്കുകയാണ്. സി.ബി.ഐയിൽ പ്രവർത്തിക്കുന്ന കാലത്ത്, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അമേരിക്കൻ പാസ്പോർട്ടുമായി എത്തിയ യുവാവിനെ നിയമം മറികടന്ന് കടത്തിവിടാൻ ശ്രമിച്ച സംഭവവും ചിലർ ഓർമപ്പെടുത്തുന്നുണ്ട്. വിഡിയോയിൽ ദിലീപിനെതിരായ കുറ്റപത്രത്തെതന്നെ തള്ളിക്കളയുകയാണ് ശ്രീലേഖ.
പൾസർ സുനി എഴുതി എന്നു പറയുന്ന കത്തും ദിലീപിനൊപ്പമുള്ള ഫോട്ടോയുമൊക്കെ വ്യാജമാണെന്നാണ് പറയുന്നത്. ക്വട്ടേഷനും ഇല്ലാകഥയാണത്രെ. ഇതൊക്കെ നേരത്തെ അറിയാമായിരുന്നു. അതുകൊണ്ടാണ് തന്റെ അധികാരപരിധിയിലുള്ള ജയിലിലെത്തിയപ്പോൾ ദിലീപിന് സുഖമായുറങ്ങാൻ പുതപ്പ് സമ്മാനിച്ചത് -മൃദുഭാവം! വിഡിയോ കണ്ടശേഷം ആരാധക വെട്ടുകിളികൾ പറയുന്നത്, അതിജീവിത ദിലീപേട്ടനെതിരെ നൽകിയ ക്വട്ടേഷനായിരുന്നു അതെന്നാണ്. അവരെ കുറ്റം പറയാൻ പറ്റില്ല. സുനിയെക്കുറിച്ച് മാഡം പറഞ്ഞതുതന്നെ ആവർത്തിക്കട്ടെ: നാവെടുത്താൽ കള്ളമേ പറയൂ.
സംസ്ഥാനത്തെ ആദ്യ വനിത ഡി.ജി.പി കൂടിയാണ്. ആ അർഥത്തിൽ ചരിത്ര വനിതതന്നെയാണ്. ചുരിദാർ ധരിച്ചാലും സാരിയുടുത്താലും മേലുദ്യോഗസ്ഥരുടെ ചീത്ത കേട്ടിരുന്ന കാലത്തുനിന്ന, വനിത പൊലീസ് ഉദ്യോഗസ്ഥർക്ക് അതെല്ലാം അന്തസ്സിന്റെയും അഭിമാനത്തിന്റെയും വേഷമാക്കി മാറ്റിയെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുള്ള ആളുമാണ്. അതിനായി ഡിപ്പാർട്ട്മെന്റിനകത്ത് ഒരുപാട് പോരാടിയിട്ടുണ്ട്.
ഐ.പി.എസ് ട്രെയിനിങ് കഴിഞ്ഞ് സർവിസിൽ കയറിയ കാലം. എ.എസ്.പി പരിശീലനത്തിനായി ഏറ്റുമാനൂർ സ്റ്റേഷനിലെത്തിയതായിരുന്നു ശ്രീലേഖ. 'ഏത് കോന്തനെ വേണമെങ്കിലും സല്യൂട്ടടിക്കാം, പക്ഷേ, ഒരു പെണ്ണിനെ സല്യൂട്ട് ചെയ്യാനി'ല്ലെന്ന് പറഞ്ഞ് ലീവെടുത്തു പോയ കോൺസ്റ്റബിളിനെ വിളിച്ചുവരുത്തി സല്യൂട്ടടിപ്പിച്ച് വിട്ടിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥ എന്ന നിലയിൽ പ്രമാദമായ പ്രവീൺ കൊലപാതകത്തിന് തുമ്പുണ്ടാക്കിയത് ദിവസങ്ങൾക്കുള്ളിലാണ്; 90ാം ദിവസം കുറ്റപത്രവും സമർപ്പിച്ചു. സി.ബി.ഐയിലായിരിക്കെ, നടത്തിയ റെയ്ഡുകളും പ്രസിദ്ധം. ആ വകയിലാണ് മാഡത്തിന് 'റെയ്ഡ് ശ്രീലേഖ' എന്ന ഇരട്ടപ്പേര് വന്നത്.
അഴിമതിക്കെതിരായ പോരാട്ടത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് അന്നതിനെ മാധ്യമങ്ങൾ വാഴ്ത്തിയത്. ആ കൈയടികൾക്കിടയിലും, ഇതുപോലൊരു കേസ് മുന്നിൽ വരുമ്പോൾ മനസ്സുമാറും. അറിയാതെ ഇരയാര്, വേട്ടക്കാരനാര് എന്ന് മറന്നുപോകൂം. കിളിരൂർ കേസിലെ അന്വേഷണം അൽപം വിവാദവുമായി. ഇരയായ പെൺകുട്ടി പറഞ്ഞ പലകാര്യങ്ങളും മൊഴിയിൽ ശ്രീലേഖ രേഖപ്പെടുത്തിയില്ലെന്ന് ഹരജിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ ആരോപിച്ചത് വലിയ ഒച്ചപ്പാടുണ്ടാക്കി. അന്ന് സർവിസിലുള്ളതിനാലും യൂട്യൂബ് ചാനലില്ലാത്തതിനാലും വിശദീകരണമൊന്നുമുണ്ടായില്ല.
ചരിത്രാധ്യാപകനായ പ്രഫ. എൻ. വേലായുധൻ നായരുടെയും രാധമ്മയുടെയും മകളാണ്. 1960 ഡിസംബർ 25ന് തിരുവനന്തപുരത്ത് ജനനം. 16ാം വയസ്സിൽ പിതാവ് മരണപ്പെട്ടു. അതോടെ, ശ്രീലേഖയും മൂന്ന് സഹോദരങ്ങളും രാധമ്മയുടെ സഹോദരന്റെ തണലിലാണ് കഴിഞ്ഞത്. കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു പഠനകാലം. അതിനെയെല്ലാം അതിജീവിച്ചാണ് എം.എ പഠനം പൂർത്തിയാക്കിയത്. അക്കാലത്തുതന്നെ മനസ്സിൽ ഐ.എ.എസ് മോഹം മുളപൊട്ടിയിരുന്നു. അതിനിടെ, കോളജ് അധ്യാപികയായി; പിന്നീട് റിസർവ് ബാങ്കിൽ ജോലികിട്ടി.
ഒഴിവുസമയത്ത് ഐ.എ.എസിന് പഠിച്ചു. പരീക്ഷഫലം വന്നപ്പോൾ ഏഴ് റാങ്ക് അകലെ ഐ.എ.എസ് പോയി. അങ്ങനെയാണ് ഐ.പി.എസിലെത്തിയത്. മൂന്ന് ജില്ലകളിൽ പൊലീസ് സേനയെ നയിച്ചിട്ടുണ്ട്. നാലു വർഷം സി.ബി.ഐയിലായിരുന്നു. എറണാകുളം റേഞ്ച് ഡി.ഐ.ജി, ക്രൈംബ്രാഞ്ച് ഐ.ജി, വിജിലൻസ് ഡയറക്ടർ, ഇൻറലിജൻസ് എ.ഡി.ജി.പി., ജയിൽ മേധാവി തുടങ്ങിയ ചുമതലകളും വഹിച്ചു. കാക്കിക്കുപ്പായം അഴിച്ചുവെക്കാൻ ആറുമാസം ശേഷിക്കെയാണ് അഗ്നിശമന സേനയിൽ ഡി.ജി.പിയായി ചുമതലയേറ്റത്. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരിയാണ്. നാല് കുറ്റാന്വേഷണ നോവലുകളടക്കം ഒരു ഡസൻ പുസ്തകങ്ങൾ സ്വന്തം പേരിലുണ്ട്. അതിനുപുറമെയാണ് ഇപ്പോഴത്തെ ഓപറേഷൻ യൂട്യൂബ്. ഭർത്താവ്: സേതുനാഥ്. മകൻ: ഗോകുൽ നാഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.