റേഷനും കഞ്ചിക്കോടിനും അപ്പുറം
text_fieldsപ്രവർത്തിക്കാൻ ആറേഴു മാസം മാത്രം ബാക്കിയുള്ള നരേന്ദ്ര മോദി സർക്കാർ കഞ്ചിക്കോട് റെയിൽകോച്ച് നിർമാണ ഫാക്ടറി ശരിയാക്കിത്തരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കേരളത്തിെൻറ റേഷൻ വിഹിതം ഉയർത്തുമെന്നും കരുതാനാവില്ല. ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റിനു പകരം വോട്ട് ഒാൺ അക്കൗണ്ട് മാത്രം അവതരിപ്പിച്ച് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുകയാണ് കേന്ദ്രസർക്കാർ ചെയ്യുക. അതിനുമുമ്പത്തെ ചുരുങ്ങിയ സമയത്തിനുള്ളിൽ രാഷ്ട്രീയലാഭം മുൻനിർത്തിയുള്ള തീരുമാനങ്ങൾ മാത്രമാണ് ഉണ്ടാവുക. മോദി സർക്കാറിനെ സംബന്ധിച്ചിടത്തോളം ശത്രു പാർട്ടികൾ ഭരണത്തിലും പ്രതിപക്ഷത്തുമായി ഇരിക്കുന്ന സംസ്ഥാനമാണ് കേരളം. 15 ശതമാനത്തിൽപരം വോേട്ടാ ബി.ജെ.പിക്ക് നല്ല നേതൃത്വമോ സഖ്യകക്ഷികളോ എന്തിനേറെ, ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റെങ്കിലുമോ പ്രതീക്ഷിക്കാനില്ലാത്ത നാടായി കേരളം തുടരുകതന്നെയാണ്. സ്വാധീനം വർധിപ്പിക്കാൻ കേന്ദ്രഭരണത്തിലിരുന്ന് ഇതിനകം ചെയ്ത പല സൂത്രവിദ്യകളും ലക്ഷ്യത്തിൽ കൊണ്ടില്ല. വെള്ളാപ്പള്ളി, കണ്ണന്താനം, കുമ്മനം, സുരേഷ് ഗോപി എന്നു തുടങ്ങി ജോർജ് കുര്യൻ വരെ, പാളിപ്പോയ പരീക്ഷണങ്ങൾ പലതാണ്. കുമ്മനത്തെ (പണിഷ്മെൻറ്) ട്രാൻസ്ഫർ നടത്തിയ ഒഴിവിൽ പുതിയൊരാളെ നിയമിക്കാൻ ആർ.എസ്.എസും അമിത് ഷായും
കുറുവടിയുമായി ഇറങ്ങേണ്ട അവസ്ഥയാണ്. ഇതിനെല്ലാമിടയിൽ, എം.പിയാക്കിയ വി. മുരളീധരനെ കേന്ദ്രമന്ത്രികൂടിയാക്കി, ഇല്ലാത്ത സാധ്യതകൾക്കുവേണ്ടി ഒരു പരീക്ഷണംകൂടി നടത്തണമോ എന്ന ചോദ്യം മാത്രമേ മോദി സർക്കാറിനു മുന്നിലുള്ളൂ. സഞ്ചിയിൽനിന്ന് ചോരാനൊന്നും ഇല്ലാത്തതുകൊണ്ട് കിട്ടുന്നതെല്ലാം ലാഭമെന്നാണ് സംസ്ഥാന നേതാക്കളുടെ ഉള്ളിലിരിപ്പ്. ഇതിനെല്ലാമിടയിൽ, ഭരിക്കുന്ന സി.പി.എമ്മിനും പ്രതിപക്ഷമായ കോൺഗ്രസിനും എന്തൊക്കെ പരിക്കേൽപിക്കാനാവുമോ അതൊക്കെയും ചെയ്ത് ക്ഷീണിപ്പിക്കുക എന്നതാണ് ബി.ജെ.പിയുടെ കേരള ലൈൻ. അദാനി പ്രധാനമന്ത്രിക്കു വേണ്ടപ്പെട്ടവനായതുകൊണ്ട് വിഴിഞ്ഞം തുറമുഖത്തിനു ചില പുരോഗതികൾ ഉണ്ടായി എന്നതല്ലാതെ കേരളത്തിെൻറ വികസന സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ കാര്യമായ സംഭാവനയൊന്നും നാലു വർഷത്തിനിടയിൽ കേന്ദ്രം ചെയ്തിട്ടില്ല. മുേമ്പ തുടങ്ങി വെച്ച പദ്ധതികൾ മാത്രമാണ് മുന്നോട്ടുപോകുന്നത്. അതിനിടയിലാണ് കഞ്ചിക്കോട്, റേഷനരി എന്നിങ്ങനെയുള്ള ആവശ്യങ്ങൾ മുൻനിർത്തി സി.പി.എമ്മും ഇടതു മുന്നണി സർക്കാറും നിലവിളി ഉച്ചസ്ഥായിയിൽ എത്തിച്ചിരിക്കുന്നത്. ഉള്ള വോട്ട് കളയാതിരിക്കേണ്ടതുകൊണ്ട്, അതൊന്നും നടപ്പില്ലെന്ന് കേന്ദ്രം പച്ചക്കു പറയുന്നില്ല എന്നേയുള്ളൂ. കോൺഗ്രസിെൻറയും സി.പി.എമ്മിെൻറയും നേതൃത്വത്തിൽ റെയിൽവേ ഭവനു മുന്നിൽ ധർണ നടത്തിയതുകൊേണ്ടാ പ്രധാനമന്ത്രിയെ കണ്ട് നിവേദനം കൈമാറാൻ മുഖ്യമന്ത്രി ശ്രമിച്ചു പരാജയപ്പെടുന്നതുകൊണ്ടോ കേന്ദ്രത്തിെൻറ സമീപനം മാറുകയില്ല. കേന്ദ്രത്തോടുള്ള രോഷം വളർത്തി മുതലാക്കുന്നതിൽപരം, പ്രതിഷേധിക്കുന്നവർക്ക് ലക്ഷ്യം നേടാമെന്ന പ്രതീക്ഷ ഉണ്ടെന്നും തോന്നുന്നില്ല.
അതുകൊണ്ട് കാതലായ വിഷയം അപ്രസക്തമാവുന്നില്ല. കേന്ദ്രം പ്രതിപക്ഷ സംസ്ഥാനങ്ങളോടു ചെയ്യുന്ന അന്യായം ഫെഡറൽ സംവിധാനത്തോടുള്ള ഗുരുതരമായ അവഹേളനവും വെല്ലുവിളിയുമാണ്. കേന്ദ്രത്തിെൻറ പക്കലുള്ള പണം രാഷ്ട്രീയ ലാക്ക് വെച്ച് ഇഷ്ടപ്പെട്ട സംസ്ഥാനങ്ങൾക്ക് വാരിക്കോരി കൊടുക്കാനുള്ളതല്ല. യുക്തിസഹമായും ആവശ്യങ്ങൾക്ക് അനുസൃതമായും രാഷ്ട്രീയത്തിന് അതീതമായും അത് അർഹരായവരിലേക്ക് എത്തിക്കാനുള്ള നീതിബോധമാണ് കേന്ദ്രസർക്കാറിനെ ഭരിക്കേണ്ടത്. അത്രയും ഉദാത്തമായി മുൻകാല സർക്കാറുകളും പ്രവർത്തിച്ചു കാണില്ല. എന്നാൽ, ഇത്രത്തോളം പ്രതികാരബുദ്ധിയോടെ വിഭവ വിതരണം നടത്തുന്ന രീതി മുെമ്പാരിക്കലും ഉണ്ടായിട്ടില്ല. ബി.ജെ.പി ഭരിക്കുന്നതോ ബി.ജെ.പിക്കൊപ്പം നിൽക്കുന്നതോ ആയ സംസ്ഥാനങ്ങളെ താലോലിക്കുകയും മറ്റു സംസ്ഥാനങ്ങളെ ചവിട്ടുകയും ചെയ്യുന്നതാണ് മോദി സർക്കാർ അനുവർത്തിച്ചു വരുന്ന ഫെഡറൽ സങ്കൽപം. സംസ്ഥാനങ്ങളുടെ പ്രയാസങ്ങൾ മുഖ്യമന്ത്രി സ്ഥാനത്ത് പല കൊല്ലങ്ങൾ ഇരുന്നിട്ടുള്ള തനിക്കു മനസ്സിലാകുമെന്നാണ് നാലു വർഷം മുമ്പ് അധികാരത്തിൽ വന്ന സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ആസൂത്രണ കമീഷെൻറ അലകും പിടിയും മാറ്റി നിതി ആയോഗ് ഉണ്ടാക്കിയതിനു നിരത്തിയ ന്യായീകരണവും ഇതാണ്. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ആരോഗ്യകരമായ ഫെഡറൽ ബന്ധം വളർത്തുന്നതിന് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ഉൾപ്പെട്ട ഗവേണിങ് കൗൺസിലും രൂപപ്പെടുത്തി. നാലു വർഷത്തിനിടയിൽ നാലു തവണ മാത്രം കൂടിയിട്ടുള്ള ഇൗ കൗൺസിൽ, ഒരിക്കലെങ്കിലും ഒരുമയുടെ സന്ദേശം രാജ്യത്തിനു നൽകിയിട്ടില്ല.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും പറയാനുള്ള വിയോജിപ്പുകൾ പറഞ്ഞു പിരിയുന്നു. ക്രിയാത്മകമായ രാഷ്ട്രീയ പരിഹാരങ്ങളുടെ വേദിയായി അതു മാറിയില്ല. ഉദാത്തമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പറഞ്ഞ നരേന്ദ്രമോദിക്കു കീഴിൽ കേന്ദ്രവും പ്രതിപക്ഷ സംസ്ഥാനങ്ങളുമായുള്ള ബന്ധം അങ്ങേയറ്റം മോശമായി നിൽക്കുന്നു. കേന്ദ്രത്തിെൻറ പക്കലാണ് ന്യായമെന്നോ അന്യായമായ ആവശ്യങ്ങളാണ് സംസ്ഥാനങ്ങൾ മുന്നോട്ടുവെക്കുന്നതെന്നോ നിഷ്പക്ഷമായി ചിന്തിക്കുന്നവർക്ക് പറയാൻ കഴിയില്ല. സ്മാർട്സിറ്റി, എയിംസ്, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയൊക്കെ പങ്കുവെക്കുന്നത് രാഷ്ട്രീയലാഭത്തിന് പരിധിവിട്ട മുൻതൂക്കം നൽകിയാണ്. സംസ്ഥാനങ്ങൾക്ക് കേന്ദ്രസഹായം കുറച്ചു കൊണ്ടുവരുന്നു. കഴിഞ്ഞ കേന്ദ്ര ബജറ്റുകളിൽ സംസ്ഥാന കേന്ദ്രീകൃത പദ്ധതികൾ കുറഞ്ഞതിെൻറ പൊരുൾ മറ്റൊന്നല്ല. 14ാം ധനകമീഷൻ കേന്ദ്രകലവറയിൽനിന്ന് 42 ശതമാനമാണ് എല്ലാ സംസ്ഥാനങ്ങൾക്കും നീക്കിവെച്ചത്. അതിനു പുറത്തുള്ള എല്ലാ വികസന പദ്ധതികളും സംസ്ഥാനം സ്വന്തംനിലയിൽ തയാറാക്കി വിജയിപ്പിച്ചുകൊള്ളണമെന്നാണ് കേന്ദ്രനിലപാട്. കേന്ദ്രത്തിെൻറ പക്കലേക്ക് പിച്ചച്ചട്ടിയുമായി സംസ്ഥാനങ്ങൾ വരേണ്ടതില്ല. പകരം സ്വകാര്യ മേഖലയെ കൂട്ടുപിടിച്ച്, വ്യവസായ സൗഹൃദമെന്ന ലേബലൊട്ടിച്ച് മുന്നോട്ടു പോവുക. ജി.എസ്.ടി നടപ്പാക്കുക കൂടി ചെയ്തപ്പോൾ ഇൗ രീതി അതിെൻറ പൂർണതയിലേക്ക് സുപ്രധാന ചുവടുവെച്ചു കഴിഞ്ഞു. നികുതി വരുമാനത്തിൽനിന്നുള്ള വിഹിതം നൽകിക്കഴിഞ്ഞാൽ, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല. അടിസ്ഥാന ജീവിത സാഹചര്യങ്ങളും സൗകര്യങ്ങളും ഉയർത്താൻ വേണ്ടി ചില സഹായങ്ങൾ മാത്രമുണ്ടാകും. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ ഇത്തരം അടിസ്ഥാന സൂചികകളിൽ മുന്നേറ്റം നടത്തിക്കഴിഞ്ഞതിനാൽ മറ്റു സംസ്ഥാനങ്ങൾക്കു കൂടുതൽ പരിഗണന നൽകാൻ പോവുകയാണ്. 15ാം ധനകമീഷെൻറ പരിഗണന വിഷയങ്ങളെച്ചൊല്ലി തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾ പ്രതിഷേധിക്കുന്നത്, വരാൻപോകുന്ന കേന്ദ്ര അവഗണനയുടെ തീവ്രത എന്തായിരിക്കുമെന്ന് തിരിച്ചറിഞ്ഞാണ്.
സംസ്ഥാന വിഭജനത്തോടെ ദരിദ്രമായിപ്പോയ ആന്ധ്രപ്രദേശിനെ പ്രത്യേക പാക്കേജ് നൽകി സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. അത് കേന്ദ്രം കാറ്റിൽ പറത്തിയത് രാഷ്ട്രീയമായി ഉണ്ടാക്കുന്ന കെടുതിയാണ് ബി.ജെ.പിയിൽനിന്ന് ടി.ഡി.പിയെ അകറ്റിയത്. പല സൂചകങ്ങളിലും പിന്നാക്കം നിൽക്കുന്ന ബിഹാർ പ്രത്യേക സംസ്ഥാന പദവിയും പാക്കേജും ആവശ്യപ്പെടുന്നു. ബി.ജെ.പി-ജനതാദൾ (യു) സഖ്യം വന്നതുകൊണ്ട് തൽക്കാലം മുഖ്യമന്ത്രി നിതീഷ്കുമാർ ഒതുങ്ങിനിൽക്കുന്നുവെന്നു മാത്രം. പാപ്പരായ പശ്ചിമ ബംഗാളിനെ സഹായിക്കാൻ കേന്ദ്രം തയാറാകാത്ത വിഷയമാണ് മുഖ്യമന്ത്രി മമത ബാനർജി ഉന്നയിക്കുന്നത്. പുരോഗതിയുടെ കേന്ദ്ര മാനദണ്ഡങ്ങളെക്കാൾ മുന്നാക്കം പോയതിെൻറ പേരിൽ കേന്ദ്രസഹായം വെട്ടിക്കുറച്ചു ശിക്ഷിക്കരുതെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
ഇതൊക്കെയും അർഹതപ്പെട്ടത് ചോദിച്ചുവാങ്ങുന്നതിെൻറയും അതുവഴി പാർട്ടികൾക്കുണ്ടാകുന്ന ലാഭ ചേതങ്ങളുടെയും കാര്യമാണ്. എന്നാൽ, അതിനും അപ്പുറത്തേക്ക് പ്രശ്നം വഷളായിരിക്കുന്നു. കേന്ദ്രം സംസ്ഥാനത്തെയും, സംസ്ഥാനങ്ങൾ കേന്ദ്രത്തെയും പരസ്പരം മാനിച്ചു മുന്നോട്ടുപോകേണ്ടത് ജനാധിപത്യ സംവിധാനത്തിൽ പരമപ്രധാനമാണ്. അതിനുപകരം, അവഹേളനവും ചളിവാരിയേറുമാണ് നടക്കുന്നത്. പ്രധാനമന്ത്രി ഒരു മുഖ്യമന്ത്രിയെ പലവട്ടം കാണാൻ കൂട്ടാക്കാതിരിക്കുക, സർക്കാർ പരിപാടികളിലേക്ക് വിളിക്കുന്നതിൽ വിവേചനം കാണിക്കുക, അവഹേളിച്ചു സംസാരിക്കുക എന്നിങ്ങനെ പലതുമാണ് നടക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ ശത്രുവാണ്. അതിെൻറ പേരിൽ മുഖ്യമന്ത്രിയെന്ന പദവിയെപ്പോലും അവഹേളിക്കുന്നിടത്താണ് പ്രധാനമന്ത്രി സ്വന്തം വില ഇടിച്ചു കളയുന്നത്. ഗവർണറുടെ ഒാഫിസിൽ പോയി മുഖ്യമന്ത്രി ധർണയിരിക്കുന്നത് ശരിയല്ല. പരസ്പരാദരം മാത്രമല്ല, ജനങ്ങൾക്കിടയിൽ ഇൗ സ്ഥാപനങ്ങളോടുള്ള ആദരംകൂടിയാണ് നഷ്ടപ്പെടുന്നത്. പക്ഷേ, എന്തുകൊണ്ട് കെജ്രിവാളിന് അതു ചെയ്യേണ്ടിവന്നു എന്നതാണ് കൂടുതൽ പ്രസക്തം. നാലുവട്ടം കേരള മുഖ്യമന്ത്രി പിണറായി വിജയന് കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി അവസരം നിഷേധിച്ചത് രാഷ്ട്രീയമായ ഇകഴ്ത്തൽ അല്ലാതെ മറ്റൊന്നുമല്ല. പ്രധാനമന്ത്രിക്ക് ഒരു മുഖ്യമന്ത്രിയെ കാണാൻ ചിലപ്പോഴൊക്കെ പറ്റിയില്ലെന്നു വരാം. എന്നാൽ മന്ത്രിയെ കണ്ടാൽ മതി, തന്നെ കാണേണ്ടതില്ല എന്ന് ഒരു മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി പറയാമോ എന്നതാണ് പ്രസക്തം. മുഖ്യമന്ത്രി നിവേദനവുമായി വരുന്നതിൽ രാഷ്ട്രീയ ലാക്ക് ഉണ്ടാകാം. നിവേദനത്തിലെ കാര്യങ്ങൾ പരിഹരിക്കാൻ പറ്റാത്തതാകാം. നടക്കുന്ന എല്ലാ കൂടിക്കാഴ്ചകളും വാങ്ങിവെക്കുന്ന എല്ലാ നിവേദനങ്ങളും അർഥവത്തായി മാറണമെന്നില്ല. എന്നാൽ, സംസ്ഥാനങ്ങളുടെ വികാരത്തെ മാനിച്ചുവെന്ന സന്ദേശമാണ് അതിലൂടെ കൈമാറുന്നത്. ആ വികാരത്തിനു മുന്നിൽ വാതിൽ കൊട്ടിയടക്കുന്നത് ജനാധിപത്യത്തിലെ ഭരണാധികാരിയല്ല, ഏകാധിപതികളാണ്. ഇഷ്ടമുള്ളപ്പോഴെല്ലാം ഒാടിച്ചെല്ലാനുള്ള സ്ഥലമല്ല പ്രധാനമന്ത്രിയുടെ ഒാഫിസ് എന്ന് ഒ. രാജഗോപാൽ പറഞ്ഞാൽ, അദ്ദേഹം ഏകാധിപതിക്ക് കുടപിടിക്കുന്നു എന്നു മാത്രമാണ് അർഥം.
സഖ്യകക്ഷി മര്യാദയും സംസ്ഥാന താൽപര്യങ്ങളും മോദി മാനിക്കാത്തത്, ബി.ജെ.പിക്കെതിരായ െഎക്യത്തിെൻറ ദാഹവും ശക്തിയും വർധിപ്പിക്കുന്നതാണ് കാഴ്ച. എൻ.ഡി.എ സഖ്യം വിട്ട ടി.ഡി.പിയും ഉള്ളിൽനിന്ന് പൊരുതുന്ന ശിവസേനയും ഉള്ളിൽ കയറിയതിെൻറ വിമ്മിട്ടം സഹിക്കുന്ന ജനതാദൾ-യുവുമൊക്കെ തെളിവുകൾ. മോദിസർക്കാറിെൻറ സമീപനങ്ങൾക്കെതിരെ മുഖ്യമന്ത്രിമാരായ വ്യത്യസ്ത രാഷ്ട്രീയമുള്ള മമതയും പിണറായിയും കുമാരസ്വാമിയും കെജ്രിവാളും ചന്ദ്രബാബു നായിഡുവും ഒന്നിച്ചിറങ്ങുന്നത് അവരുടെ രാഷ്ട്രീയമായ അനിവാര്യതക്കപ്പുറം, ഫെഡറൽ ഘടനക്കേറ്റ മുറിവാണ് വിളിച്ചുപറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.