ഞങ്ങളുടെ സ്വപ്നങ്ങളാണ് ഇനി അഫ്ഗാനിസ്താനിൽ തൂക്കിലേറ്റപ്പെടുക
text_fieldsഅഫ്ഗാനിസ്താന്റെ കൂടുതൽ മേഖലകൾ താലിബാൻ കൈയടക്കവെ, അന്താരാഷ്ട്ര സമൂഹം അവരെ നിയമനാനുസൃത ഭരണകൂടമായി പരിഗണിക്കാൻ തുടങ്ങവെ, അഫ്ഗാൻ ജനത താലോലിച്ച ജനാധിപത്യ രാഷ്ട്രം എന്ന സ്വപ്നം പൊലിയുന്ന വേദന പങ്കുവെക്കുകയാണ് കാബൂൾ സർവകലാശാലയിൽ മാധ്യമ വിഭാഗം അധ്യാപകനായ ലേഖകൻ
2004ലെ അഫ്ഗാൻ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ഞാൻ ഏഴാം ക്ലാസിൽ പഠിക്കുകയായിരുന്നു. പുതിയ ഭരണഘടന നിലവിൽ വന്ന ശേഷം സുസ്ഥിര ജനാധിപത്യ സമൂഹം കെട്ടിപ്പടുക്കുന്നതിലേക്കുള്ള എൻെറ രാജ്യത്തിൻെറ സുപ്രധാന ചുവടുവെപ്പായിരുന്നു അത്.
വോട്ടവകാശത്തെപ്പറ്റിയും പങ്കാളിത്ത ജനാധിപത്യത്തെപ്പറ്റിയുമൊന്നും കാര്യമായി നിശ്ചയമില്ലായിരുന്നെങ്കിലും എത്രയും വേഗം വോട്ടു ചെയ്യാനുള്ള പ്രായമാവണം എന്നായിരുന്നു അക്കാലത്തെ ആഗ്രഹം.
രാജ്യത്തിൻെറ പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കുചേരാനാവുന്ന കാര്യമോർക്കുേമ്പാൾ എനിക്ക് അഭിമാനവും കരുത്തും തോന്നി. എൻെറ അഭിപ്രായവും വോട്ടുമെല്ലാം കൂടി പരിഗണിക്കപ്പെടുമല്ലോ എന്നും.
പിന്നീട് കാബൂൾ സർവകലാശാലയിൽ ജേണലിസത്തിന് ചേർന്നപ്പോൾ ജനാധിപത്യം, സമ്മതിദാനാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിത്യാദി കാര്യങ്ങളെക്കുറിച്ചൊക്കെ പഠിച്ചു. താലിബാൻെറ കനത്തഭീഷണി നിലനിൽക്കെയും 2014ലും 2019ലും വോട്ടവകാശം വിനിയോഗിച്ചു. അന്നു മുതൽ മാധ്യമവിദ്യാർഥി എന്ന നിലയിൽ വോട്ടുചെയ്യൽ മാത്രമല്ല അതിൻെറ പ്രാധാന്യത്തെക്കുറിച്ച് തുറന്നു പറയുന്നതും ഉത്തരവാദിത്തമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ എഴുതലായിരുന്നു എൻെറ വീക്ഷണങ്ങൾ പങ്കുവെക്കാനും വരും തലമുറയെ ജനാധിപത്യത്തിൻെറ ഭാഗമാക്കാനും കണ്ട മറ്റൊരു മാർഗം.
2015ൽ ജേണലിസം ഉപരിപഠനത്തിന് ഡൽഹി ജാമിഅ മില്ലിയ ഇസ്ലാമിയയിൽ ചേർന്നു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മുസ് ലിംകളും ഹിന്ദുക്കളും സിഖുകാരും ബുദ്ധരും ക്രൈസ്തവരും മറ്റനവധി സമൂഹങ്ങളും സമാധാനപൂർവം ഒന്നിച്ചു കഴിയുന്നത് ഞാൻ കണ്ടു.
ജനാധിപത്യവും നാനാത്വവും സുസ്ഥിരതയും കുടികൊള്ളുന്ന ഇന്ത്യയിലെ താമസവും പഠനവും എനിക്ക് പുതിയ സ്വപ്നങ്ങളും ലക്ഷ്യങ്ങളും നൽകി. ആതിഥ്യമര്യാദ, സംഗീതം, വസ്ത്രചാരുത, സ്ത്രീ-പുരുഷ സഹവർത്തിത്വം എന്നിത്യാദി സാംസ്കാരിക മൂല്യങ്ങൾ സംരക്ഷിച്ചും പരിപോഷിപ്പിച്ചും ജനാധിപത്യ അഫ്ഗാനിസ്താനുവേണ്ടി പ്രയത്നിക്കാൻ പ്രേരണയായി. ഓൾ ഇന്ത്യ റേഡിയോയുടെ അന്താരാഷ്ട്ര ഡിവിഷനിലെ പഷ്തു വിഭാഗത്തിൽ ജോലിയുണ്ടായിരുന്നിട്ടും നാട്ടിലേക്ക് മടങ്ങാൻ അതായിരുന്നു കാരണം.
നാട്ടിൽ തിരിച്ചെത്തിയതിനു പിന്നാലെ കാബൂൾ സർവകലാശാലയിലെ ജേണലിസം വിഭാഗത്തിൽ അധ്യാപകനായി. വിദ്യാർഥികളുമായി നടത്തിയ ആദ്യ സംസാരംതന്നെ എന്നെ ആശ്ചര്യപ്പെടുത്തി, അതിലേറെ സന്തോഷപ്പെടുത്തി. ജനാധിപത്യ മൂല്യങ്ങളെക്കുറിച്ച് ഞങ്ങളുടെ തലമുറയെക്കാൾ അറിവും ധാരണയും ആവേശവുമുണ്ടായിരുന്നു അവർക്ക്.
രാജ്യത്തിൻെറ ഒരു കോണിൽ യുദ്ധം നടക്കുന്നുണ്ടായിരുന്നെങ്കിലും അന്നൊക്കെ എൻെറ മനസ്സു നിറച്ചും പ്രത്യാശയായിരുന്നു. ബോംബ് സ്ഫോടനങ്ങളിലും ചാവേർ ആക്രമണങ്ങളിലും എൻെറ സ്വന്തം കാബൂളിൽ എനിക്കറിയാവുന്ന പലരും കൊല്ലപ്പെട്ടിട്ടും പ്രതീക്ഷ കൈയൊഴിഞ്ഞില്ല. സർവകലാശാലയിലെ മിടുക്കന്മാരും മിടുക്കികളുമായ വിദ്യാർഥികളുമായി ഒാരോ സംഭാഷണം കഴിയുേമ്പാഴും സന്തോഷിച്ചു. ഞാൻ സ്വപ്നം കണ്ട, സമാധാനവും ജനാധിപത്യവും കളിയാടുന്ന അഫ്ഗാനിസ്താൻ മുന്നിൽ രൂപം കൊള്ളുകയാണെന്ന് മോഹിച്ചു. എൻെറ സ്വപ്നങ്ങളുടെ പ്രഭവഭൂമിയായ കാബൂൾ സർവകലാശാലതന്നെ അതി ഭയാനകമായ ഒരു ഭീകരാക്രമണത്തിന് വേദിയായി. കഴിഞ്ഞ നവംബർ 20ന് നടന്ന അതിക്രമത്തിൽ 32ജീവൻ ഹനിക്കപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. അതിൽ ഞങ്ങളുടെ കുട്ടികളും സഹപ്രവർത്തകരുമുണ്ടായിരുന്നു. എന്നിട്ടും തളർന്നില്ല,തകർന്നില്ല, പിന്മാറിയില്ല. നാടും നഗരവുമെല്ലാം നടുങ്ങി വിറച്ചുനിൽക്കെ കറുപ്പണിഞ്ഞ് ഞങ്ങൾ ക്ലാസ് മുറികളിലേക്ക് നടന്നു കയറി. ഞങ്ങൾക്ക് സങ്കടവും വേദനയുമുണ്ടായിരുന്നു. പക്ഷേ, പുതിയൊരു സമൂഹം കെട്ടിപ്പടുക്കണമെന്ന സ്വപ്നത്തിൽനിന്ന് പിന്മാറ്റാൻ അതിനാവില്ലായിരുന്നു.
ഐക്യദാർഢ്യത്തിൻെറയും ചെറുത്തുനിൽപ്പിൻെറയും ഓരോ ശ്രമങ്ങളും മറ്റൊരു കാര്യം കൂടി പഠിപ്പിച്ചു. ജനാധിപത്യ അഫ്ഗാൻ എന്ന ലക്ഷ്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് ഞാൻ മാത്രമല്ലെന്ന സത്യം. എൻെറ പ്രായത്തിലുള്ള ഏതാണ്ടെല്ലാവരുടെയും കാര്യം ഇതുതന്നെയായിരുന്നു. 2001നു ശേഷം സ്കൂളിലുംകോളജിലും പോയിത്തുടങ്ങിയ, കഴിഞ്ഞ 17 വർഷമായി തെരഞ്ഞെടുപ്പുകളിൽ പങ്കാളികളായിരുന്ന മനുഷ്യരെല്ലാം ഇതേ സ്വപ്നം ഉള്ളിൽ കൊണ്ടു നടന്നിരുന്നു. മാനവികത ഏറ്റവും വലിയ മൂല്യമായി പരിഗണിക്കപ്പെടുന്ന ഇടമായി മാറണം നമ്മുടെ നാടെന്ന ഉൽക്കടമായ ആഗ്രഹം.
അന്നും അധികാരത്തിനായി യുദ്ധപ്രഭുക്കൾ നടത്തുന്ന കിടമത്സരങ്ങളെക്കുറിച്ചും അവരുടെ അഴിമതികെളക്കുറിച്ചുമെല്ലാം ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ, അതൊക്കെയും ഞങ്ങൾ സ്വപ്നം കാണുന്ന ജനാധിപത്യത്തിലേക്കുള്ള യാത്രയിലെ ഒരു ഭാഗം മാത്രമാണെന്ന് വിശ്വസിച്ചു.
യു.എസ്.എസ്.ആറിൻെറ അധിനിവേശം, മുജാഹിദുകളുടെ ആഭ്യന്തര പ്പോര്, താലിബാൻെറ അതി ഭയാനക കാലം എന്നിങ്ങനെ നാലു പതിറ്റാണ്ട് നീണ്ട നശിപ്പാളി യുദ്ധങ്ങളിൽനിന്ന് രാജ്യം പൂർണമായി മോചനം നേടിയിട്ടില്ല എന്നതുകൊണ്ട് ഞങ്ങളത് കാര്യമാക്കിയുമില്ല. ഇറാൻ, പാകിസ്താൻ തുടങ്ങിയ അയൽനാടുകൾക്ക് ഒരു ജനാധിപത്യാധിഷ്ഠിത ഉദാഹരണമായി ഞങ്ങൾക്ക് മാറാൻ കഴിഞ്ഞേക്കുമെന്നായിരുന്നു കണക്കുകൂട്ടൽ.
യൂറോപ്പിലെയും അമേരിക്കയിലെയും ഇന്ത്യയിലെയും അറബ് രാജ്യങ്ങളിലെയും ഞങ്ങളുടെ പങ്കാളികളും അന്താരാഷ്ട്ര സമൂഹവും 9/11ന് ശേഷം ഇവിടേക്ക് വന്നവരുമെല്ലാം ഞങ്ങളുടെ സ്വപ്നം സാധ്യമാക്കാൻ കൂടെയുണ്ടാകുമെന്ന വിശ്വാസവുമുണ്ടായിരുന്നു.
തെറ്റിദ്ധരിക്കരുത്, ആരുടെയും സഹാനുഭൂതി പ്രതീക്ഷിച്ചിട്ടല്ല. ലോകത്തിനു വേണ്ടി വലിയൊരു പോരാട്ടം നടത്തിവരികയായിരുന്നു ഞങ്ങൾ- ഭീകരതക്കെതിരായ പോരാട്ടം. ലോകത്തിന് ഞങ്ങൾക്കൊപ്പം നിൽക്കുകയല്ലാതെ വഴിയില്ലെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. അന്താരാഷ്ട്ര സമൂഹം ചിലതിനെല്ലാം തുടക്കമിട്ടിരുന്നു. പിന്നീട് ഞങ്ങൾ സ്വന്തം ചെയ്യട്ടെ എന്നു പറഞ്ഞ് ഇട്ടേച്ചുപോയി.
അഫ്ഗാൻ അനുരഞ്ജനങ്ങൾക്കുള്ള പ്രത്യേക യു.എസ് പ്രതിനിധി സൽമായ് ഖലീൽസാദ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ താലിബാനുമായി ദോഹയിൽ കരാറിലൊപ്പിട്ടപ്പോൾതന്നെ ഞങ്ങൾ ഞെട്ടിപ്പോയി. അഫ്ഗാനിസ്താനിലെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിനെ മൂലക്കിരുത്തിയാണ് യു.എസ് ഈ ഇടപാട് നടത്തിയത്. താലിബാനെ ഒരു സമാന്തര സർക്കാറായും അവർ പരിഗണിച്ചു. അതിനുശേഷം മോസ്കോയിലും തെഹ്റാനിലും െബയ്ജിങ്ങിലുമെല്ലാം ആദരണീയ അതിഥികളായി മാറി താലിബാൻ.
നാറ്റോ സൈന്യം അഫ്ഗാനിൽനിന്ന് മടങ്ങുന്നതല്ല ഞങ്ങളെ നിരാശപ്പെടുത്തുന്നത്. മറിച്ച് അന്താരാഷ്ട്ര സമൂഹം താലിബാനെ ഇവിടത്തെ തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന് തുല്യമായ, നിയമസാധുതയുള്ള ശക്തിയായി പരിഗണിക്കുേമ്പാഴാണ്.
രാജ്യത്തെ കൂടുതൽ പ്രവിശ്യകൾ താലിബാൻ കൈയടക്കുകയും വിദേശത്ത് കൂടുതൽ രാഷ്ട്രീയ സ്വാധീനം സ്വായത്തമാക്കുകയും ചെയ്യുേമ്പാൾ ഏതു സമയവും വധശിക്ഷക്കിരയാക്കപ്പെട്ടേക്കാം എന്ന ഭീതിയിലാണ് ഞങ്ങൾ ഒരുപാടുപേർ കഴിയുന്നത്. താലിബാൻെറ അതിക്രമങ്ങൾ എപ്പോൾ വേണമെങ്കിലും ഞങ്ങൾക്കുമേലുണ്ടാവാമെന്നും. എന്തു കൊണ്ടെന്നോ?
ഞങ്ങൾ ഒരു ജനാധിപത്യ സമൂഹം സ്വപ്നം കണ്ടിരുന്നു. ഭീകരതയുടെ അരിയിട്ടു വാഴ്ചയെ ഞങ്ങളെന്നും എതിർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.