അമിത ദേശഭക്തിയെ നരഭോജനമായി കണ്ട ടാഗോര്‍
text_fieldsദേശീയഗാനം രചിച്ച മഹാകവി രവീന്ദ്രനാഥ ടാഗോര്‍ 1908ല്‍ തന്‍െറ സുഹൃത്ത് എ.എം. ബോസിന് അയച്ച കത്തില്‍ ഇങ്ങനെ എഴുതി: ‘‘ദേശഭക്തി ഒരിക്കലും നമ്മുടെ അന്തിമമായ ആത്മീയ സങ്കേതമാകാന്‍ പാടില്ല. രത്നങ്ങളുടെ വിലക്ക് ചില്ലുപാത്രങ്ങള്‍ വാങ്ങാന്‍ തയാറാകുന്ന ആളല്ല ഞാന്‍. മാനുഷികതയെ അതിജയിക്കാന്‍ ദേശസ്നേഹത്തെ പ്രാണനുള്ള കാലത്തോളം ഞാന്‍ അനുവദിക്കാനും പോകുന്നില്ല’’. കേംബ്രിജ് യൂനിവേഴ്സിറ്റി ടാഗോറിന്‍െറ തെരഞ്ഞെടുത്ത കത്തുകള്‍ എന്ന പേരില്‍ പ്രസിദ്ധീകരിച്ച സമാഹാരത്തില്‍ ഈ കത്തും ഉള്‍പ്പെടുത്തുകയുണ്ടായി.
‘ജനഗണമന’ എന്നാരംഭിക്കുന്ന ടാഗോറിന്‍െറ ഗീതകം 1911ലാണ് ആദ്യമായി ആലപിക്കപ്പെട്ടത്. കൊല്‍ക്കത്തയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനമായിരുന്നു വേദി. ഈ ആദ്യാവതരണം 105 വര്‍ഷം പിന്നിടുന്ന ഈ സന്ദര്‍ഭത്തിലാണ് ദേശീയഗാനം സിനിമാഹാളുകളില്‍ നിര്‍ബന്ധമാക്കുന്ന വിധിയുമായി സുപ്രീംകോടതി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. ജസ്റ്റിസുമാരായ ദീപക് മിശ്രയും അമിതാവ റോയിയും അടങ്ങുന്ന ബെഞ്ച്് നവംബര്‍ 30നായിരുന്നു ആ വിധി നല്‍കിയത്.
ദേശീയഗാനം ആലപിക്കുമ്പോള്‍ ആദരസൂചകമായി സര്‍വരും എഴുന്നേറ്റുനില്‍ക്കേണ്ടത് നിര്‍ബന്ധമാക്കണമെന്നും വിധി അനുശാസിക്കുന്നു. അങ്ങനെ എഴുന്നേറ്റുനില്‍ക്കല്‍ ദേശീയഗാനത്തോടുള്ള വിശുദ്ധമായ ബാധ്യതയാണെന്നും കോടതി നിരീക്ഷിക്കുന്നു. ദേശസ്നേഹം പരിധിവിടുന്നതിനെതിരെ അതിശക്തമായ മുന്നറിയിപ്പുകള്‍ നല്‍കുകയുണ്ടായി മഹാകവി ടാഗോര്‍. അമിത ദേശഭക്തിയെ നരഭോജനത്തോടായിരുന്നു അദ്ദേഹം ഉപമിച്ചത്.
തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സുഗത ബോസ് ഈയിടെ പാര്‍ലമെന്‍റില്‍ പ്രകടിപ്പിച്ച ആശങ്കയില്‍ ഒട്ടും അതിശയോക്തിയില്ല. ‘‘ദേശീയതയെ സങ്കുചിതമായി വ്യാഖ്യാനിക്കുന്നവര്‍ ഭാവിയില്‍ രവീന്ദ്രനാഥ ടാഗോറിനെ ദേശദ്രോഹിയായി മുദ്രകുത്തിയാലും അദ്ഭുതത്തിനവകാശമില്ല. ദേശീയതയെ സംബന്ധിച്ച അദ്ദേഹത്തിന്‍െറ ചില നിരീക്ഷണങ്ങള്‍ അത്രമാത്രം വിശാലവും ശക്തവുമായിരുന്നു’’ എന്നായിരുന്നു അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടിയത്. ദേശീയതയെ ജീവിതത്തിലുടനീളം ടാഗോര്‍ വിമര്‍ശനവിധേയമാക്കിക്കൊണ്ടിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം മഹാത്മ ഗാന്ധിയുടെ നിലപാടുകള്‍വരെ ചോദ്യം ചെയ്തു.
ദേശത്തോടുള്ള സ്നേഹം ദേശത്തോടുള്ള ആരാധന (‘വിശുദ്ധമായ നിര്‍ബന്ധ ബാധ്യത’) ആയിത്തീരുമ്പോള്‍ ദുരന്തം ആകും അനിവാര്യമായ പ്രത്യാഘാതമെന്ന് ടാഗോര്‍ അഭിപ്രായപ്പെട്ടു. ഒരിക്കല്‍ അദ്ദേഹം ഇപ്രകാരം എഴുതി: ‘‘എന്‍െറ രാജ്യത്തെ സേവിക്കാന്‍ തീര്‍ച്ചയായും ഞാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍, പരമസത്യത്തെ മാത്രമാണ് ഞാന്‍ ആരാധിക്കാറുള്ളത്. സത്യം രാഷ്ട്രത്തെക്കാള്‍ മഹത്വമേറിയതാകുന്നു. രാജ്യത്തെ ദൈവതുല്യമായി കരുതി ആരാധിക്കുന്നത് ശാപത്തിന് മാത്രമേ കാരണമാകൂ.’’ ‘വീടും ലോകവും’ എന്ന നോവലിലെ നായക കഥാപാത്രത്തിലൂടെയാണ് ടാഗോര്‍ ഈ നിരീക്ഷണങ്ങള്‍ പങ്കുവെക്കുന്നത്. ടാഗോറിന്‍െറ അപരവ്യക്തിത്വം തന്നെയാണ് ഈ നായക കഥാപാത്രം.
അഭിപ്രായഭിന്നതകള്‍ക്കും വിയോജിപ്പുകള്‍ക്കും ഏത് വ്യവസ്ഥിതിയിലും ഇടം ലഭിക്കണമെന്ന് ടാഗോര്‍ സദാ വാദിച്ചു. സോവിയറ്റ് യൂനിയന്‍ വിദ്യാഭ്യാസ പരിഷ്കരണങ്ങള്‍ക്ക് തുടക്കം കുറിച്ച ഘട്ടത്തില്‍ ആ നടപടിയെ സ്വാഗതം ചെയ്ത മഹാകവി അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയല്ളെന്നും ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങള്‍ അടിച്ചേല്‍പിക്കുന്നപക്ഷം ലോകം ഊഷരഭൂമിയായി മാറുമെന്നും യാന്ത്രികമായ ക്രമീകരണങ്ങള്‍ ലോകത്തെ രസഹീനമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമങ്ങള്‍ അക്രമങ്ങള്‍ക്ക് ജന്മം നല്‍കും. സത്യം അംഗീകരിക്കപ്പെടാന്‍ മാനസിക സ്വാതന്ത്ര്യം അനുപേക്ഷണീയമാണ്.
മഹാത്മ ഗാന്ധിയുമായി ദാര്‍ശനികമായ ചാര്‍ച്ചകള്‍ ഉണ്ടായിരുന്നുവെങ്കിലും ഗാന്ധിജിയുടെ ദേശീയവാദത്തെ സംബന്ധിച്ച് ടാഗോര്‍ സന്ദേഹങ്ങള്‍ ഉന്നയിച്ചു. ദേശീയതയും അപരവിദ്വേഷവും തമ്മിലുള്ള അന്തരം നേര്‍ത്തതാണെന്ന് അദ്ദേഹം ഗാന്ധിജിക്ക് മുന്നറിയിപ്പ് നല്‍കി. 1921ല്‍ കൊല്‍ക്കത്തയില്‍ തന്‍െറ വസതി സന്ദര്‍ശിക്കാനത്തെിയപ്പോഴും ഗാന്ധിജിയുമായി ടാഗോര്‍ സംവാദങ്ങള്‍ തുടര്‍ന്നു. ‘ദേശീയത ബന്ധനമാണ്’ എന്നായിരുന്നു ടാഗോറിന്‍െറ നിലപാട്. ഈ നിലപാട് ‘മോഡേണ്‍ റിവ്യൂ’ എന്ന മാസികയിലെഴുതിയ ലേഖനത്തിലൂടെയും അദ്ദേഹം പങ്കുവെക്കുന്നതായി കാണാം. ദേശീയതയുടെ ബന്ധനത്തെ ഉന്മൂലനം ചെയ്യുന്നതുവഴി മാത്രമേ മനുഷ്യരുടെ സാര്‍വത്രിക ഐക്യം സാക്ഷാത്കരിക്കാന്‍ സാധിക്കൂ എന്നും ടാഗോര്‍ അഭിപ്രായപ്പെട്ടു. വികാരതീവ്രമായ ദേശീയത ഇന്ത്യയെ ഗ്രസിച്ചുകൊണ്ടിരിക്കുന്നതില്‍ അദ്ദേഹം കടുത്ത നൈരാശ്യം പ്രകടിപ്പിച്ചു. ഒന്നാം ലോകയുദ്ധത്തോടെയാണ് ഈ പ്രവണത ശക്തി പ്രാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1933ല്‍ അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയില്‍ ഏകാധിപതിയായി അധികാരമേറ്റ ഘട്ടത്തില്‍ ടാഗോര്‍ ‘ദി ചെയ്ഞ്ചിങ് എയ്ജ്’ എന്ന ശീര്‍ഷകത്തില്‍ എഴുതിയ ലേഖനവും ദേശീയതയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകള്‍ നല്‍കി. ജര്‍മനിയിലെ ഭരണമാറ്റത്തെ സംബന്ധിച്ച ടാഗോറിന്‍െറ നിരീക്ഷണങ്ങള്‍ ഇപ്രകാരമായിരുന്നു.
‘‘യൂറോപ്യന്‍ നാഗരികതയുടെ ശോഭ ഏറ്റവും മിഴിവോടെ പ്രകാശിച്ചിരുന്ന ജര്‍മനി സംസ്കാരത്തിന്‍െറ സര്‍വമൂല്യങ്ങളെയും വലിച്ചുകീറി നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വിവരണാതീതമായ പൈശാചികതയാണ് ജര്‍മനിയെ ഗ്രസിച്ചിരിക്കുന്നത്.’’
ദേശീയതയെ സംബന്ധിച്ച വിമര്‍ശനാത്മക നിലപാടുകള്‍ അക്കാലത്തുപോലും ടാഗോറിന്‍െറ ജനപ്രീതി നഷ്ടപ്പെടുത്തുകയുണ്ടായി. മഹാത്മ ഗാന്ധി അദ്ദേഹത്തെ കുറ്റപ്പെടുത്തി. ‘സ്വന്തം ആശയങ്ങളുടെ ലോകത്താണ് കവിയുടെ വാസം’ എന്നായിരുന്നു ഗാന്ധിജിയുടെ വിമര്‍ശനം. ഗാന്ധിജി നേതൃത്വം നല്‍കിയ നിസ്സഹകരണ പ്രസ്ഥാനത്തോട് ടാഗോറിന് യോജിക്കാന്‍ സാധിച്ചിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സി.എഫ്. ആന്‍ഡ്രൂസ് എന്ന സുഹൃത്തിനയച്ച കത്തില്‍ മഹാകവി തന്‍െറ ഭയാശങ്കകളും പങ്കുവെക്കുകയുണ്ടായി. അപ്പോള്‍ ന്യൂയോര്‍ക്കിലായിരുന്നു ടാഗോര്‍. ‘‘രാജ്യത്തെക്കാള്‍ മഹത്ത്വം ദൈവത്തിനാണ് എന്ന് വിശ്വസിക്കുന്ന എന്‍െറ നിലപാടുകള്‍ക്ക് എന്‍െറ നാട്ടുകാരുടെ ഹൃദയത്തില്‍ ഇടമില്ളെന്ന് തോന്നുന്നു’’ എന്നായിരുന്നു കത്തിലെ നിരീക്ഷണം. ‘ടാഗോര്‍സ് നാഷനലിസം’ എന്ന കൃതിയുടെ അവതാരികയില്‍ ടാഗോറിന്‍െറ കത്തിലെ പരാമര്‍ശങ്ങള്‍ രാമചന്ദ്രഗുഹ ഉദ്ധരിക്കുന്നത് കാണാം.
(കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.