സ്നേഹത്തിെൻറ രക്ഷാകവചം
text_fieldsകടുത്ത മത്സരങ്ങളുടെ ഈ ലോകത്ത് കുഞ്ഞുങ്ങൾ എത്രമാത്രം മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെന്ന് മാതാപിതാക്കൾ തിരിച്ചറിയുന്നുണ്ടോ?
പഠനം, ഉയർന്ന പ്രഫഷൻ, ഉയർന്ന ശമ്പളമുള്ള ജോലി, മാതാപിതാക്കളുടെ അഭിമാനം അങ്ങനെ എന്തെല്ലാം ഉത്തരവാദിത്തങ്ങളുടെ ഭാരമാണ് നമ്മൾ കുഞ്ഞുങ്ങളിൽ അടിച്ചേൽപിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ?
സ്വയം സാധിക്കാതെപോയ സ്വപ്‌നങ്ങൾ സാധിച്ചെടുക്കാനുള്ള നിക്ഷേപം ആയി മക്കളെ കാണുമ്പോൾ അവരുടെ യഥാർഥ സ്വപ്‌നങ്ങൾ തിരിച്ചറിയാനോ അത് സാധിച്ചെടുക്കാൻ അവർക്ക് പ്രോത്സാഹനം നൽകാനോ ശ്രമിക്കുന്നവർ കുറയും.
സുഹൃത്തുക്കളുടെ മക്കളുമായി താരതമ്യം ചെയ്ത് അതിലും മെച്ചമാകണം തെൻറ മക്കൾ എന്ന് വിചാരിക്കുന്നിടത്ത് ചില കുട്ടികളുടെയെങ്കിലും ജീവിതം തകർന്നുപോകുന്നുണ്ട്. തെൻറ സ്വപ്‌നങ്ങൾ മാതാപിതാക്കൾക്കുവേണ്ടി മാറ്റിവെക്കാറുണ്ട് പലരും. കടുത്ത സമ്മർദംമൂലം പഠനത്തിലെ കൊച്ചു പരാജയങ്ങൾപോലും നേരിടാൻ കഴിയാതെ ജീവിതം അവസാനിപ്പിക്കുന്നവരും ലഹരികൾക്ക് അടിമപ്പെടുന്നവരും കുറവല്ല. ഇതിനെല്ലാം പുറമെയാണ് അവർക്ക് നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണങ്ങൾ.
ലോകത്ത് എൻജിനീയറിങ്ങും മെഡിക്കൽ പ്രഫഷനും മാത്രമല്ല മറ്റനേകം പഠനശാഖകൾ ഉണ്ടെന്നും ജീവിതവിജയം എന്നത് കേവലം സാമ്പത്തികനേട്ടം മാത്രമല്ലെന്നുമുള്ള പാഠം മാതാപിതാക്കളെ ആരാണ് പഠിപ്പിക്കുക? പൂച്ചക്ക് ആര് മണികെട്ടും?
ഇന്ന് ലോകാരോഗ്യ ദിനം. ഈ വർഷത്തെ ദിനാചരണത്തിന് തെരഞ്ഞെടുത്തിരിക്കുന്ന വിഷയം വിഷാദരോഗം ആണ്. വേണ്ടസമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കാത്തപക്ഷം ആത്മഹത്യയിലേക്കുവരെ നയിക്കാവുന്ന ഗുരുതരാവസ്ഥയാണ് വിഷാദം. ലോകത്ത് ഏറ്റവുമധികം ആത്മഹത്യകൾ നടക്കുന്നത് 19-25 പ്രായക്കാരിലാണെന്നാണ് കണക്കുകൾ.
നമ്മുടെ കുട്ടികളിൽ ഒരു വലിയ വിഭാഗമെങ്കിലും പലവിധ സമ്മർദങ്ങളിലാണ് ജീവിക്കുന്നത്. കൗമാരവും ഇരുപതുകളും വളരെ നിർണായകമായ പ്രായമാണ്. വളർച്ചയുടെ 20 വർഷങ്ങൾ അവർക്ക് വെല്ലുവിളികൾ ഏറെയാണ്. കടമ്പകൾ ഏറെയാണ്. കുറേപേരെങ്കിലും അതിനെ ശരിയായരീതിയിൽ നേരിട്ട് ജീവിതത്തിൽ വിജയിക്കാൻ പ്രാപ്തിനേടുന്നു. എന്നാൽ, വലിയൊരു ശതമാനം കുട്ടികളെയും സമ്മർദങ്ങൾ ജീവിതത്തിൽ തോൽപിക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ മക്കളിലെ മാറ്റങ്ങളും അവരുടെ വിഷമങ്ങളും തിരിച്ചറിയാൻ പ്രത്യേക ശ്രദ്ധവേണം. കുട്ടികൾ നേരിടേണ്ടിവരുന്ന ലൈംഗിക ചൂഷണവും കുട്ടികളെ വിഷാദരോഗികൾ ആക്കിയേക്കാം.
കൗമാരമൊരു കുഴപ്പം പിടിച്ച പ്രായമാണ്. ശരീരത്തിനും മനസ്സിനുമുണ്ടാകുന്ന മാറ്റങ്ങൾക്കൊപ്പം ഭാവിയെക്കുറിച്ചുള്ള ആശങ്കയും പഠനത്തിെൻറ സമ്മർദവും ഓരോ കുട്ടിക്കും ഓരോതരത്തിലാണ് അനുഭവപ്പെടുക. വളരെ ലാഘവത്തോടെ അത് കടന്നുപോകാൻ തക്ക കരുത്തുള്ളവരാകാം ചിലർ. എന്നാൽ, ഏറിയ പങ്ക് കുട്ടികളും ആ കടമ്പയിൽ വളരെ പ്രയാസപ്പെടുന്നു.
വീട്ടിൽനിന്നുള്ള പിന്തുണയും അധ്യാപകരുടെ സഹകരണവുമൊക്കെ ഈ ഘട്ടത്തിൽ വളരെ പ്രസക്തമാണ്. പലവിധ സമ്മർദങ്ങൾമൂലം കുട്ടികൾ വിഷാദരോഗത്തിന് അടിപ്പെടാം. അത് തിരിച്ചറിയാൻ മാതാപിതാക്കൾക്കും അധ്യാപകർക്കും കഴിയണം. കുട്ടിക്കാലം മുതൽതന്നെ മക്കളിൽ ഉണ്ടാകുന്ന മാറ്റം മനസ്സിലാക്കാൻ കഴിയണം. മറ്റുള്ളവരിൽനിന്ന് പ്രത്യേകിച്ച് കൂട്ടുകാരിൽനിന്ന് ഒറ്റപ്പെട്ട് ഇരിക്കുക, അസ്വസ്ഥതകൾ കാണിക്കുക, അനാവശ്യമായി കരയുക, സ്‌കൂളിൽ പഠിപ്പിക്കുന്നതിൽ ശ്രദ്ധിക്കാൻ പ്രയാസം, വിശപ്പില്ലായ്മ, ഉറക്കം കൂടുകയോ കുറയുകയോ തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ ശ്രദ്ധിക്കുക. കുട്ടിയെ വിഷമിപ്പിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെന്നു കരുതാം. തീരെ ചെറിയ കുട്ടികൾ ആണെങ്കിൽ കളികളിൽ ഏർപ്പെടാതെ ഇരിക്കുന്നതും വലിയ കുട്ടികൾ ആണെങ്കിൽ പതിവില്ലാത്ത സാഹസികത കാണിക്കുന്നതും ശ്രദ്ധിക്കുക. ഇതൊക്കെ കുട്ടികളിലെ വിഷാദരോഗത്തിെൻറ ലക്ഷണങ്ങൾ ആകാം.
ക്ഷമയോടെയും സ്നേഹത്തോടെയും കൈകാര്യം ചെയ്യേണ്ട വിഷയം ആണത്. വീട്ടിലും സ്‌കൂളിലും സ്‌കൂളിന് പുറത്തുമൊക്കെ നടക്കുന്ന കാര്യങ്ങൾ വന്നുപറയാനുള്ള സമയവും സ്വാതന്ത്ര്യവും അടുപ്പവും മക്കൾക്ക് നൽകിയിരിക്കണം. എന്തെങ്കിലും തരത്തിലുള്ള പ്രശ്നം കുട്ടിയെ അലട്ടുന്നുണ്ടോ എന്ന് സൗമ്യമായി ചോദിച്ചറിയണം.
കുട്ടിയെ നന്നായി അറിയുന്ന നിങ്ങളുടെ പരിചയക്കാരോടും സംസാരിക്കാം. കൂടുതൽ അറിയാൻ ശ്രമിക്കാം. പ്രത്യേകിച്ച് അധ്യാപകരോട്. കുട്ടിയുടെ ഇത്തരം പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാൻ ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടാം. കൗൺസലിങ് വിദഗ്ധർക്കും സഹായിക്കാനാകും.
സ്‌കൂൾ മാറ്റം, പ്രായപൂർത്തി ആവുന്ന സമയം ഒക്കെ പ്രത്യേക ശ്രദ്ധയും പരിഗണനയും വേണ്ട അവസരങ്ങൾ ആണ്. പുതിയ സാഹചര്യവുമായി ഇണങ്ങാൻ വേണ്ട പിന്തുണ മാതാപിതാക്കളിൽനിന്നും അധ്യാപകരിൽനിന്നും കിട്ടേണ്ടതുണ്ട്.
ആവശ്യത്തിന് ഉറങ്ങാനും വേണ്ടത്ര ഭക്ഷണം കഴിക്കാനും കളിക്കാനും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനും പ്രോത്സാഹിപ്പിക്കണം. കുട്ടിയുമായി കൂടുതൽ നേരം ചെലവിടണം. ആത്മഹത്യ പ്രവണത കാണിച്ചിട്ടുണ്ടെങ്കിൽ ഒരിക്കലും തനിച്ചാകാൻ ഇടവരുത്തരുത്. അപകടം ഉണ്ടാക്കാൻ ഇടയുള്ള സാധനങ്ങളോ മരുന്നുകളോ ഒന്നും കുട്ടിക്ക് കിട്ടാവുന്ന ഇടങ്ങളിൽ സൂക്ഷിക്കരുത്.
സഹനവും സ്നേഹവും. അതാണ് മുഖ്യം. വിഷാദത്തിൽനിന്ന് സന്തോഷത്തിലേക്ക് ആരെയും തിരിച്ചെത്തിക്കാൻ അതേയുള്ളു മരുന്ന്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.