ഉവൈസിമാർ ഉണ്ടാവുന്നത്
text_fieldsൈനസാം ഭരണകാലത്തേ ഹൈദരാബാദിൽ പ്രവർത്തിച്ചുവന്ന രാഷ്ട്രീയ പാർട്ടിയാണ് മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ. എ.ഐ.എം.ഐ.എം സുപ്രീമോ സലാഹുദ്ദീൻ ഉവൈസിയാണ് പാർലമെൻറിൽ സ്ഥിരമായി ഹൈദരാബാദിനെ പ്രതിനിധാനം െചയ്തുവന്നത്. പിൻഗാമികളായി മക്കൾ അസദുദ്ദീൻ ഉവൈസിയും അനുജൻ അക്ബറുദ്ദീൻ ഉവൈസിയും പാർട്ടിയുടെ നിയന്ത്രണം ഏറ്റെടുത്തു. ഇംഗ്ലണ്ടിൽ പോയി ബാരിസ്റ്റർ ബിരുദം നേടിയ അസദുദ്ദീൻ നിയമജ്ഞനും ഇംഗ്ലീഷ്-ഉർദു ഭാഷകളിൽ ഉജ്ജ്വല പ്രസംഗകനും എന്നതിലുപരി സമർഥനായ സംഘാടകനുമാണ്. തങ്ങളുടെ പൈതൃക സ്വത്തായി ഉവൈസിമാർ കരുതുന്ന മജ്ലിസിൽ ഇടക്കാലത്ത് കുടുംബാധിപത്യത്തിനും അഴിമതിക്കുമെതിരെ 'മജ്ലിസ് ബചാവോ' പ്രസ്ഥാനവുമായി അമാനുല്ല ഖാനും കൂട്ടുകാരും രംഗത്തുവന്നെങ്കിലും അവരെയൊക്കെ നിരായുധരാക്കുന്നതിൽ ഉവൈസിമാർ വിജയിച്ചു. തെലങ്കാന നിയമസഭയിൽ ഏഴു സീറ്റുകൾ ഫിക്സഡ് ഡെപ്പോസിറ്റുള്ള മജ്ലിസ് മഹാരാഷ്ട്രയിലും ഭാഗ്യപരീക്ഷണത്തിനിറങ്ങിയപ്പോൾ ഒരു നിയമസഭ സീറ്റ് പിടിച്ചെടുക്കാൻ കഴിഞ്ഞു. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ആദ്യമായല്ല എ.ഐ.എം.ഐ.എം രംഗത്തിറങ്ങുന്നത്. എന്നാൽ, ഇത്തവണ മുസ്ലിം ഭൂരിപക്ഷ മേഖലയായ സീമാഞ്ചലിൽനിന്ന് അഞ്ചുപേരെ പാർട്ടി ടിക്കറ്റിൽ ജയിപ്പിച്ചെടുത്ത അസദുദ്ദീൻ ഉവൈസി ദേശീയതലത്തിൽ ചർച്ച കേന്ദ്രമായിരിക്കുന്നു. ദേവേന്ദ്ര യാദവിെൻറ സമാജ്വാദി സമത പാർട്ടി, ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടികളെ ചേർത്ത് മൂന്നാംമുന്നണിയായിട്ടാണ് മത്സരിച്ചതെങ്കിലും നേട്ടമുണ്ടാക്കാനായത് മജ്ലിസിന് മാത്രമാണ്. ബിഹാറിലെ നാലു കോടി സമ്മതിദായകരിൽ അഞ്ചുലക്ഷം പേരിലധികം മജ്ലിസിന് വോട്ട് ചെയ്തുവെന്നാണ് ഫലങ്ങൾ സൂചിപ്പിക്കുന്നത്. ഇത്രയും വോട്ടുകൾ കൂടി ആർ.ജെ.ഡി-കോൺഗ്രസ്-കമ്യൂണിസ്റ്റ് മഹാസഖ്യത്തിന് ലഭിച്ചിരുന്നെങ്കിൽ എൻ.ഡി.എ പ്രതിപക്ഷത്തിരിക്കേണ്ടിവരുമായിരുന്നു എന്നാണ് മതേതര-മുസ്ലിം വൃത്തങ്ങളിൽനിന്നുയരുന്ന വിമർശനം. അതായത്, കോൺഗ്രസിെൻറ പരമ്പരാഗത വോട്ട് ബാങ്കായ മുസ്ലിംകൾ മാറിച്ചിന്തിച്ചതുകൊണ്ടാണ് ആ പാർട്ടിയുടെ സീറ്റുകൾ 27ൽ നിന്ന് 19 ആയി കുറഞ്ഞതും മൊത്തം മഹാസഖ്യം പ്രതിപക്ഷത്തിരിക്കേണ്ടിവന്നതും എന്നാണ് വിമർശനത്തിെൻറ മർമം. ന്യൂനപക്ഷമായ മുസ്ലിംകൾ രാഷ്ട്രീയത്തിൽ വേറിട്ട് സംഘടിക്കാതെയും മത്സരിക്കാതെയുമിരുന്നാലേ ബി.ജെ.പി നയിക്കുന്ന വലതുപക്ഷ മുന്നണി അധികാരത്തിൽ വരാതിരിക്കൂ എന്നാണ് സമുദായത്തിനകത്തും പുറത്തുമുള്ള ഗുണകാംക്ഷികൾ ചൂണ്ടിക്കാട്ടുന്നത്. ബിഹാറിൽ മാത്രമല്ല, ഇനി നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളിലും മുസ്ലിംകൾ മതേതര പാർട്ടികളോടൊപ്പം നിന്നാലേ ബി.ജെ.പി വിപത്തിനെ പ്രതിരോധിക്കാനാവൂ എന്നതാണ് അവരുടെ വാദത്തിെൻറ രത്നച്ചുരുക്കം.
ഉവൈസിക്ക് ഇൗ സിദ്ധാന്തത്തിന് വ്യക്തമായ മറുപടിയുണ്ട്. നാളിതുവരെ കോൺഗ്രസിെൻറയും മറ്റു മതേതരമെന്ന് അവകാശപ്പെടുന്ന പാർട്ടികളോടൊപ്പമായിരുന്നു മുസ്ലിംകൾ. അവരെ അധികാരത്തിലേറ്റുന്നതിൽ മുസ്ലിംകൾ നിർണായക പങ്കു വഹിച്ചിട്ടുമുണ്ട്. പക്ഷേ, പകരം കിട്ടിയെതന്ത്? ബിഹാറിനെത്തന്നെ അദ്ദേഹം ഉദാഹരണമായെടുക്കുന്നു. ബംഗ്ലാദേശ്-നേപ്പാൾ എന്നീ രാജ്യങ്ങളുടെ അതിർത്തിക്ക് തൊട്ടടുത്ത പ്രദേശമാണ് സീമാഞ്ചൽ. രണ്ടു രാജ്യങ്ങളിൽനിന്നും അവിടേക്ക് ധാരാളം നുഴഞ്ഞുകയറ്റക്കാർ കടന്നെത്തിയതായി കുറ്റപ്പെടുത്തുന്ന ബി.ജെ.പി അവരെയൊെക്ക പുറന്തള്ളാനായിട്ടാണ് പൗരത്വഭേദഗതി നിയമങ്ങളായ സി.എ.എയും എൻ.ആർ.സിയും പ്രയോഗിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നത്. പക്ഷേ, മുസ്ലിംകളെ വാക്കുകളിൽപോലും ആശ്വസിപ്പിക്കാൻ കോൺഗ്രസോ ആർ.ജെ.ഡിയോ തയാറായിട്ടില്ല. അത്രയും പേടിയാണവർക്ക് ബി.ജെ.പിയെ. ഇതൊരു വർഗീയപ്രശ്നമല്ല; ഭരണഘടന പ്രശ്നമാണ്. ഞങ്ങളുടെ പാർട്ടി അതിനെ അഡ്രസ് ചെയ്യുന്നു. കഴിഞ്ഞ അഞ്ചു വർഷമായി തങ്ങൾ രംഗത്തുണ്ടെന്ന് ചൂണ്ടിക്കാട്ടുന്ന ഉവൈസി പ്രളയത്തിലും കോവിഡ് വ്യാപനത്തിലും ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനുവേണ്ടി നിരന്തരം പ്രയത്നിക്കുന്നതായി അവകാശപ്പെടുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് തിരിച്ചുവരുന്നവരുടെ കണ്ണീരൊപ്പാൻ സാധ്യമായതൊക്കെ ചെയ്യുന്നു. സ്ത്രീകളാണ് തങ്ങളെ ഏറ്റവുമധികം പിന്തുണക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ഇൗ അവകാശവാദങ്ങളിലെ അതിശയോക്തി ഒഴിച്ചുനിർത്തിയാൽതന്നെ ഇതേവരെ കോൺഗ്രസിനെ പിന്തുണച്ചുവന്ന മുസ്ലിംന്യൂനപക്ഷത്തിനു ആ പാർട്ടി എന്തു ചെയ്തു എന്ന ചോദ്യം ഉത്തരം തേടുന്നുണ്ട്. ന്യൂനപക്ഷങ്ങൾ അധിവസിക്കുന്ന പ്രശ്നഗ്രാമങ്ങളിൽ കുടിവെള്ളമെത്തിക്കുന്നതുപോലും മുസ്ലിം പ്രീണനമായി ചിത്രീകരിക്കുന്ന തീവ്രഹിന്ദുത്വ നിലപാട് രാജ്യത്തെ െസക്കുലർ പാർട്ടികളെ ചകിതരാക്കിയിട്ടുണ്ട് എന്നത് അനിഷേധ്യ സത്യമാണ്. എത്രത്തോളമെന്നാൽ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ മുസ്ലിംപ്രശ്നത്തെയോ അവരുടെ പ്രാഥമികാവശ്യത്തെയോ കുറിച്ച് കാമ്പയിനുകളിൽ മിണ്ടാൻപോലും കോൺഗ്രസിന് പേടിയാണ്. യു.പിയിൽ മുസ്ലിം വേട്ടക്കെതിരെ 'കമാ' എന്നുച്ചരിക്കാൻ പോലും അവരുടെ രക്ഷകരായി ചമഞ്ഞ എസ്.പിയും ബി.എസ്.പിയും ഭയക്കുന്നു. ബാബരി മസ്ജിദ് ഹൈന്ദവർക്ക് വിട്ടുകൊടുത്ത സുപ്രീംകോടതി വിധിയെയും മസ്ജിദ് ധ്വംസനത്തിൽ പങ്കാളികളെന്ന് ലിബർഹാൻ കമീഷൻ കണ്ടെത്തിയവരെ ഒന്നടങ്കം വിട്ടയച്ച ലഖ്നോ സി.ബി.ഐ കോടതി ഉത്തരവിനെയും കുറിച്ച് അർഥഗർഭമായ മൗനമാണ് 'മൗലാന മുലായംസിങ്' സ്ഥാപിച്ച പാർട്ടിയും മായാവതിയും സ്വീകരിച്ചത്. കോൺഗ്രസാവട്ടെ, സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുകയുമായിരുന്നു. പൗരത്വ ഭേദഗതി നിയമങ്ങൾക്കെതിരെ ഇരകൾ പ്രക്ഷോഭം നയിച്ചപ്പോൾ ഈ പാർട്ടികളൊന്നും അവരെ പിന്തുണച്ചില്ലെന്നു മാത്രമല്ല, ഇപ്പോൾ കോവിഡ് 19െൻറ മറവിൽ അവരെ വേട്ടയാടി യു.എ.പി.എ ചുമത്തി ജയിലിലടക്കുേമ്പാൾ പോലും ഘനഗംഭീര മൗനം!
ഇവിടെ മറ്റൊരു വസ്തുതകൂടി ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഉവൈസി പശ്ചിമ ബംഗാളിലേക്കുകൂടി തെൻറ പാർട്ടിയുമായി വന്നാൽ മതേതരവോട്ടുകൾ ശിഥിലമായി ബി.ജെ.പി നേട്ടം കൊയ്യുമെന്ന ചിലരുടെ ആശങ്കയിൽ ശരിയുണ്ടായിരിക്കെത്തന്നെ, അവിടെ സി.പി.എമ്മും കോൺഗ്രസും ഒന്നിക്കുന്നത് മതേതരപാർട്ടിയായ തൃണമൂലിനെതിരെയാണെന്ന സത്യം മറച്ചുപിടിക്കുകയാണ്. ബി.ജെ.പിക്കെതിരെ തൃണമൂൽ-സി.പി.എം-കോൺഗ്രസ് ഐക്യധാരണ സാധ്യമായാലേ പിടിച്ചുനിൽക്കാനാവൂ.
ഇങ്ങിവിടെ കേരളത്തിലേക്കു വന്നാൽ മുന്നാക്ക സവർണസമുദായങ്ങളുടെ സാമ്പത്തികസംവരണം കേന്ദ്രസർക്കാറിനേക്കാൾ ആവേശപൂർവം നടപ്പാക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടികളുടെ സർക്കാറാണ്. പിന്നാക്ക സമുദായ സംവരണത്തെ അത് ബാധിക്കുന്നുണ്ടെന്ന് വസ്തുതകൾ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടിയിട്ടും പിണറായി സർക്കാറോ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസോ മിണ്ടുന്നില്ല. ചുരുങ്ങിയപക്ഷം സവർണരായ ഉദ്യോഗസ്ഥലോബിയുടെ കള്ളക്കളികൾ തിരുത്താൻപോലും നടപടികളുണ്ടാവുന്നില്ല. കാരണം വ്യക്തം. മുന്നാക്ക ജാതികളുടെ വോട്ട് നഷ്ടം അവർ ഭയപ്പെടുന്നു. ഈ അനീതിക്കെതിരെ ശബ്ദമുയർത്തുന്നവരാണ് സി.പി.എമ്മിെൻറ കണ്ണിൽ 'വർഗീയ തീവ്രവാദികൾ'! മുസ്ലിം ലീഗ് പോലും പിന്നാക്കസമുദായങ്ങളോടൊപ്പം നിൽക്കുന്നതാണ് അവരുടെ കണ്ണിൽ ആപൽക്കരമായ വ്യതിയാനം. ഇതാണ് നിലനിൽക്കുന്ന സാഹചര്യമെങ്കിൽ ഉവൈസിമാർ രംഗത്തുവരും, മുതലെടുക്കും, മതേതര സമൂഹത്തെ ഭിന്നിപ്പിക്കും. തീർത്തും ഏകപക്ഷീയമായ കുറ്റപ്പെടുത്തൽകൊണ്ട് അവരെ നിശ്ശബ്ദരാക്കാനോ അടക്കിയിരുത്താനോ കഴിയില്ല. നന്നേ ചുരുങ്ങിയത് മതനിരപേക്ഷ ജനാധിപത്യ മതന്യൂനപക്ഷങ്ങൾക്കുറപ്പ് നൽകിയ അവകാശങ്ങൾ നേടിയെടുക്കാൻ സമാധാനപരമായി പൊരുതുന്നവരെ വർഗീയ തീവ്രവാദ മുദ്ര കുത്താതിരിക്കാനുള്ള സൗമനസ്യമെങ്കിലും മതേതരത്വത്തിെൻറ വക്താക്കൾ കാണിക്കണം. എല്ലാറ്റിനും പരിഹാരം തങ്ങളുടെ ബാനറിൽ അണിനിരക്കുകയാണെന്ന് നാഴികക്ക് നാൽപതുവട്ടം വിളിച്ചുകൂവിയതുകൊണ്ടായില്ല, കർമപഥത്തിൽ അതു തെളിയിക്കുകയും വേണം. മെജോറിറ്റേറിയനിസത്തിെൻറ മുന്നിൽ മുട്ടുമടക്കുന്നവർക്ക് ഇപ്പറഞ്ഞത് ഉൾക്കൊള്ളാനാവില്ല എന്നത് സത്യമാണ്, പരമസത്യം.
◆
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.