പാലത്തായിയിലേത് രാഷ്ട്രീയ പ്രശ്നമല്ല
text_fieldsപാലത്തായി കേസിൽ ഇരക്ക് നീതികിട്ടാൻ എന്നപേരിൽ മുസ്ലിംലീഗ് വീണ്ടും സമരരംഗത്ത് ഇറങ്ങിയിരിക്കുന്നു. ഈ കേസിൽ സംഘി-സി.പി.എം ഒത്തുകളി നടക്കുന്നുണ്ടെന്നും യു.പിയിലെ ബി.ജെ.പി ഗവൺമെൻറും പിണറായി സർക്കാറും തമ്മിൽ ഒരു വ്യത്യാസവുമില്ലെന്നും ലീഗ് പ്രചാരണം നടത്തുന്നുണ്ട്. ലീഗിെൻറ അവസരവാദ നിലപാടുകൾ ഈ കേസിെൻറ തുടക്കം മുതൽ സ്വീകരിച്ചത് ആരും മറന്നിട്ടുണ്ടാവില്ല.
ആദ്യഘട്ടത്തിൽ ഇരക്ക് നീതികിട്ടുന്നതിനു എല്ലാവരും യോജിച്ചുകൊണ്ടാണ് പ്രവർത്തിച്ചത്. പാലത്തായി പ്രദേശത്തെ വിവിധ പാർട്ടികളിൽപ്പെട്ടവർ ഇതിനായി ഒന്നിച്ചു. ബി.ജെ.പിയും എസ്.ഡി.പി.ഐ യും ഒഴികെയുള്ള രാഷ്ട്രീയ പ്രവർത്തകർ മാർച്ച് 21ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. കൺവീനർ സി.പി.എം പാനൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി സഖാവ് ബിജുവാണ്. കമ്മിറ്റിയിൽനിന്ന് ലീഗുകാർ ഇതുവരെ പിൻവാങ്ങിയിട്ടില്ല.
പീഡനത്തിനിരയായ പെൺകുട്ടിക്കുവേണ്ടി പൊലീസിൽ പരാതി നൽകിയതും ചൈൽഡ്ലൈൻ വീട്ടിലെത്തി കുട്ടിയുടെ മൊഴിയെടുക്കുന്നതും മാർച്ച് 17നാണ്. സ്കൂളിലെ ബി.ജെ.പിക്കാരനായ അധ്യാപകൻ കുറെ മാസങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്നു എന്നായിരുന്നു പരാതി. ആക്ഷൻ കമ്മിറ്റി വരുന്നതിനുമുമ്പ്, അതായത് മാർച്ച് 21 വരെ കുട്ടിയുടെ കുടുംബം എസ്.ഡി.പി.ഐക്കാരെ ആശ്രയിച്ചിരുന്നു. പൊലീസിൽ പരാതി കൊടുക്കുമ്പോഴും മട്ടന്നൂർ മജിസ്േട്രറ്റിനു മുമ്പാകെ മൊഴി നൽകുമ്പോഴുമെല്ലാം അവരാണ് കൂടെ ഉണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് ഈ കേസിെൻറ നിയമപരമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത്.
പൊലീസിനുള്ള പരാതിയിലോ ചൈൽഡ് ലൈൻ രേഖപ്പെടുത്തിയ മൊഴിയിലോ ഇല്ലാത്ത തീയതികൾ ഉൾപ്പെടെ ചിലത് കോടതിയിൽ നൽകിയ മൊഴിയിൽ കടന്നുവന്നു. ലോക്കൽ പൊലീസിൽനിന്നു മാറ്റി അന്വേഷണം ൈക്രംബ്രാഞ്ച് ഏറ്റെടുത്തതിനെത്തുടർന്ന് തലശ്ശേരി അഡീഷനൽ സെഷൻസ് കോടതിയിൽ നൽകിയ ഭാഗിക കുറ്റപത്രത്തിൽ അക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഇങ്ങനെ പറയുന്നു: ''പ്രതിക്ക് ചുമതലയുള്ള നാല് എ ക്ലാസിലെ അഞ്ച് വിദ്യാർഥികളെ കൈകൊണ്ടും വടികൊണ്ടും അടിച്ച് ശാരീരികമായി വേദനിപ്പിച്ച് മാനസികമായി പ്രയാസമുണ്ടാക്കയാൽ ഇന്ത്യൻ ശിക്ഷ നിയമം 323, 324 വകുപ്പ് പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ടിെൻറ 72, 82 വകുപ്പ് പ്രകാരവും കുറ്റം ചെയ്തിരിക്കുന്നു.
കുട്ടിയുടെ സി.ആർ.പി.സി 164 പ്രകാരമുള്ള മൊഴിയിലും 161 പ്രകാരമുള്ള മൊഴിയിലും എഫ്.ഐ.ആറിലും വൈരുധ്യമുള്ളതിനാൽ ആയതിലേക്ക് ശ്രദ്ധയും പരിചരണവും ചുമതലപ്പെടുത്തിയിരുന്ന കൗൺസിലർമാരുടെയും ക്ലിനിക്കൽ സൈക്കോളജിസ്റ്റിെൻറയും വിദഗ്ധാഭിപ്രായവും രൂപവത്കരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമുള്ളതിനാലും കേസിൽ പ്രതിക്കെതിരെ ആരോപിച്ച പോക്സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെകുറിച്ച് കൂടുതൽ അന്വേഷണം നടത്തി പൂർത്തീകരിക്കുന്ന മുറക്ക് അനുബന്ധ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതാണ്''.
ഇതിൽനിന്ന് ചിന്താശേഷിയുള്ളവർക്കെല്ലാം കേസിലെ പ്രശ്നങ്ങൾ തിരിച്ചറിയാനാകും. കുട്ടിയുടെ മൊഴിയിലെ വൈരുധ്യം എങ്ങനെ സംഭവിച്ചു എന്നതാണ് ഒരു പ്രശ്നം. ഇത് മുസ്ലിം യൂത്ത് ലീഗ് തന്നെ ഒരു ഘട്ടത്തിൽ ചൂണ്ടിക്കാണിച്ചതാണ്. പാലത്തായി പീഡനക്കേസിൽ ബി.ജെ.പിക്കാരനായ പ്രതിയെ രക്ഷിക്കാൻ എസ്.ഡി.പി.ഐ കൂട്ടുനിന്നതായി യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറിതന്നെ പ്രസ്താവന പുറപ്പെടുവിച്ചു. കുട്ടിയുടെ മൊഴിയിലെ വൈരുധ്യത്തെക്കുറിച്ച് അന്ന് ബോധ്യമുണ്ടായിരുന്ന ലീഗുകാർ ഇപ്പോഴെന്തേ ചുവടുമാറാൻ? നേരത്തെ പാലത്തായി കേസിലെ ഇരയുടെ പേരുപറഞ്ഞ് തീവ്ര വർഗീയശക്തികൾ മുതലെടുപ്പിന് ഉപയോഗിക്കുകയാണെന്ന് കുറ്റപ്പെടുത്തിയ ലീഗുകാർ ഇപ്പോൾ എസ്.ഡി.പി.ഐയുടെ അതേ റോളിലാണ്. സാമുദായികവികാരമുണ്ടാക്കി മുതലെടുപ്പ് നടത്താൻ ലീഗിെൻറകൂടെ കോൺഗ്രസ് നേതാവ് കെ. മുരളീധരനുമുണ്ട്.
ബി.ജെ.പിക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ആരോപിച്ചുകൊണ്ടായിരുന്നു യു.ഡി.എഫിെൻറ ആദ്യ സമരം. പ്രതിക്ക് ബി.ജെ.പിക്കാർ ഏർപ്പെടുത്തിയ സംരക്ഷണവലയം ഭേദിച്ച് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സമർപ്പിച്ച ജാമ്യഹരജി സെഷൻസ് കോടതിയും ഹൈകോടതിയും തള്ളി. തുടർന്ന് 91ാം ദിവസം പ്രതിക്ക് ജാമ്യം കിട്ടിയപ്പോൾ അത് ആർ.എസ്.എസ്-സി.പി.എം അന്തർധാരയായി ചിത്രീകരിച്ചു.
പോക്സോ നിയമം വന്നശേഷം കേരളത്തിൽ ഇരുപതിനായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിൽ 90 ദിവസത്തിനുള്ളിലും അതിനുശേഷവും 99 ശതമാനം പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
പോക്സോ കേസിൽ പ്രതിയായ മഞ്ചേരി ലീഗ് കൗൺസിലർക്ക് 90ാം ദിവസവും പള്ളിക്കൽ പഞ്ചായത്തിലെ ലീഗുകാരനായ അധ്യാപകന് ഈ കാലാവധിക്കുള്ളിലും ജാമ്യം കിട്ടിയിട്ടുണ്ട്. എസ്.ഡി.പി.ഐ നേതാവായ മതപ്രഭാഷകനും പോക്സോ കേസിൽ ജാമ്യത്തിലാണ്. പോക്സോ ചുമത്തിയാൽ സംഘിയെന്നോ മറ്റ് മതസംഘടനെയന്നോ വ്യത്യാസമില്ല. എന്നാൽ, എൽ.ഡി.എഫ് ഭരണത്തിൽ ഒരു കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ചില്ല. അത് കൊട്ടിയൂർ കേസിലെ വൈദികനായ പ്രതിയാണ്. ആ പ്രതിക്ക് ശിക്ഷയും ലഭിച്ചു.
ഇപ്പോൾ ലീഗ് ചാടിപ്പുറപ്പെട്ടത,് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഉമ്മ നൽകിയ ഹരജിയിൽ ൈക്രംബ്രാഞ്ച് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ്. ആ റിപ്പോർട്ട് തലശ്ശേരി കോടതിവിധിയുടെ ഭാഗമായി പാലത്തായി കേസിൽ ഇരക്ക് നൽകിയ കൗൺസലിങ്ങിെൻറ ഭാഗവുമാണ്. പോക്സോ കുറ്റകൃത്യം നിലനിൽക്കുന്നതിനുവേണ്ടി ഇരക്ക് മാനസിക-സാമൂഹിക പിന്തുണ നൽകുന്നതിനുവേണ്ടിയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റിെൻറ സേവനം ഉറപ്പുവരുത്തിയത്.
പഴുതടച്ച അന്തിമ കുറ്റപത്രം നൽകുന്നതിനായുള്ള അന്വേഷണ സംഘത്തിൽ നാലു വനിത ഉദ്യോഗസ്ഥർകൂടിയുണ്ട്. അവരെല്ലാം ചേർന്ന് ഇരക്ക് നീതികിട്ടാൻ വേണ്ടിയാണ് ഉൗർജിതശ്രമം നടക്കുന്നത്. പതിനൊന്ന് വയസ്സായ ഒരു കുട്ടിയുടെ സ്വമേധയാ ഉള്ള മൊഴിയിൽ ചെറിയ പിഴവുകൾ സ്വാഭാവികം. ഇവിടെ കേസിനെ തന്നെ ബാധിക്കത്തക്ക നിലയിൽ മൊഴിയിൽ പ്രശ്നങ്ങളുണ്ടെങ്കിൽ സമയമെടുത്ത് അന്വേഷണം ആവശ്യമാണ്. അക്കൂട്ടത്തിൽ മനഃശാസ്ത്രജ്ഞരുടെ ഇടപെടലുകളും അത്യാവശ്യമാണ്.
മൊഴിയിലെ വൈരുധ്യങ്ങൾ ഇഴകീറി പരിശോധിക്കേണ്ടത് അന്വേഷണസംഘത്തിെൻറ ഉത്തരവാദിത്തമാണ്. ഈ സാഹചര്യമുപയോഗിച്ച് പ്രതിയായ ബി.ജെ.പി നേതാവിനെ രക്ഷപ്പെടുത്താൻ അവരും രംഗത്തുണ്ട്. മെഡിക്കൽ റിപ്പോർട്ടിൽ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. അതിനാൽ ഇരക്ക് നീതികിട്ടണമെന്നതിൽ എല്ലാവർക്കും നിർബന്ധമുണ്ട്. ചുരുക്കത്തിൽ പാലത്തായി കേസിൽ ഇപ്പോഴുണ്ടായ പ്രശ്നങ്ങൾ നിയമപരമായാണ് പരിഹരിക്കേണ്ടത്. അതൊരു രാഷ്ട്രീയ പ്രശ്നമല്ല. കണ്ണിൽ കരട് കെണിഞ്ഞാൽ കണ്ണിലാണ് ഉൗതേണ്ടത്, മറ്റെവിടെയെങ്കിലും ഉൗതിയതുകൊണ്ട് ഒരു പ്രയോജനവുമില്ല.
രാഷ്ട്രീയപ്രതിസന്ധിയിൽ ഉഴലുന്ന യു.ഡി.എഫ് ഇതൊരു രാഷ്ട്രീയപ്രശ്നമായി ഉന്നയിക്കുന്നത് ഗതികേടുകൊണ്ടാണ്. ഇതിനെ വലിച്ചുനീട്ടി യു.പിയിലെ ബി.ജെ.പി ഗവൺമെൻറും കേരളത്തിലെ എൽ.ഡി.എഫ് സർക്കാറും ഒരുപോലെയാണെന്ന് വാദിക്കുന്നത് ഏതർഥത്തിലാണ്? തങ്ങളെ വിമർശിക്കുന്നവരെപ്പോലും ജയിലിലടക്കുന്ന സർക്കാറാണ് യു.പി.യിലേത്. ന്യൂനപക്ഷവേട്ടയാണ് അവിടെ തുടർച്ചയായി നടക്കുന്നത്. സംഘ്പരിവാർ അജണ്ടക്കെതിരായി വിട്ടുവീഴ്ച കൂടാതെ നിലപാട് സ്വീകരിക്കുന്ന ഗവൺമെൻറാണ് കേരളത്തിലേത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.