വരൂ, മുറിവുണക്കാൻ കൈകോർക്കാം...
text_fieldsമുതിർന്നവരും കുട്ടികളുമടക്കം 60 ദശലക്ഷത്തിലധികം ആളുകൾക്ക് ഓരോ വർഷവും ലോകത്ത് പാലിയേറ്റിവ് കെയർ സേവനങ്ങൾ ആവശ്യമുണ്ട്. ഇതിൽ 80 ശതമാനത്തിലധികം പേർ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരാണ്.
രോഗപീഡയാൽ വേദനയനുഭവിക്കുന്നവർക്ക് വേദനസംഹാരികൾക്കൊപ്പം സ്നേഹപൂർണമായ പരിചരണവും കരുതലും നൽകി രോഗിയുടെയും കുടുംബത്തിന്റെയും അവസ്ഥയെ മെച്ചപ്പെടുത്തുന്നതിനെയാണ് പാലിയേറ്റിവ് പരിചരണമെന്ന് ലോകാരോഗ്യ സംഘടന വിവക്ഷിക്കുന്നത്. ജീവിതാന്ത്യം പ്രതീക്ഷിക്കുന്ന രോഗികൾക്കുള്ള പരിചരണമായി ആദ്യകാലത്ത് കണക്കാക്കിയിരുന്നുവെങ്കിലും ഇപ്പോൾ പല രോഗബാധിതർക്കും രോഗ ചികിത്സയോടൊപ്പം സാന്ത്വന പരിചരണവും നൽകിവരുന്നു. മരണപ്പെടുന്നവരെ സംസ്കരിക്കുന്നതിലും കുടുംബാംഗങ്ങൾക്കാവശ്യമായ പിന്തുണ നൽകുന്നതിലേക്കും വരെ ഇന്ന് പാലിയേറ്റിവ് കെയർ വികസിച്ചിട്ടുണ്ട്. എല്ലാ വർഷവും ഒക്ടോബർ മാസത്തെ രണ്ടാം ശനിയാഴ്ചയാണ് ലോക് ഹോസ്പീസ് പാലിയേറ്റിവ് കെയർ ദിനം ആചരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ ഗവേണിങ് ബോഡിയായ വേൾഡ് ഹെൽത്ത് അസംബ്ലി സാന്ത്വന പരിചരണത്തെക്കുറിച്ചുള്ള പ്രമേയം പാസാക്കിയിട്ട് 10 വർഷം പിന്നിടുകയാണ്. ‘ജീവിതകാലം മുഴുവൻ സമഗ്ര പരിചരണത്തിന്റെ ഘടകമായി പാലിയേറ്റിവ് കെയർ ശക്തിപ്പെടുത്താൻ’ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്യുന്ന ഈ പ്രമേയമാണ് ഈ വർഷത്തെ ലോക ദിനാചരണ സന്ദേശത്തിന് പ്രചോദനം.
ചെലവ് കുറഞ്ഞതും എല്ലാ ജനങ്ങൾക്കും വിവേചനമില്ലാതെ ലഭിക്കുന്നതുമായ പാലിയേറ്റിവ് കെയർ സേവനങ്ങൾ ആരോഗ്യ സംവിധാനവുമായി സമന്വയിപ്പിക്കുന്നതിനുള്ള നയങ്ങൾ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും നടപ്പാക്കുകയും ചെയ്യുക, ഓപ്പിയോയിഡ് വിഭാഗത്തിലെ വേദനസംഹാരികൾ ഉൾപ്പെടെയുള്ള പാലിയേറ്റിവ് മരുന്നുകളുടെ ലഭ്യത ഉറപ്പുവരുത്തുക, ഇതിനാവശ്യമായ ഫണ്ട് വകയിരുത്തുക, നിലവിലുള്ള ആരോഗ്യ വിദ്യാഭ്യാസ മേഖലയിൽ പാലിയേറ്റിവ് കെയർ ഉൾപ്പെടുത്തുക തുടങ്ങിയ ആഹ്വാനങ്ങൾ ഉൾക്കൊള്ളുന്ന 2014 ലെ പ്രമേയത്തിനു ശേഷം അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും പാലിയേറ്റിവ് കെയർ രംഗത്ത് ഒരുപാട് മുന്നേറാൻ സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ആവശ്യത്തിന്റെ 12 ശതമാനം മാത്രമേ നിറവേറ്റാൻ സാധിച്ചിട്ടുള്ളൂ. മുതിർന്നവരും കുട്ടികളുമടക്കം 60 ദശലക്ഷത്തിലധികം ആളുകൾക്ക് ഓരോ വർഷവും ലോകത്ത് പാലിയേറ്റിവ് കെയർ സേവനങ്ങൾ ആവശ്യമുണ്ട്. ഇതിൽ 80 ശതമാനത്തിലധികം പേർ താഴ്ന്ന ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ താമസിക്കുന്നവരാണ്. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളിൽ 50 ശതമാനം പേർക്കാവശ്യമായ സാന്ത്വന പരിചരണം ലഭിക്കുമ്പോൾ മൂന്നാം ലോകരാജ്യങ്ങളിൽ ആവശ്യത്തിന്റെ നാല് ശതമാനം മാത്രമേ നിറവേറ്റപ്പെടുന്നുള്ളൂവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് കേവലം രണ്ട് ശതമാനം പേർക്കുമാത്രമാണ് ആവശ്യമായ അളവിലുള്ള പരിചരണം ലഭിക്കുന്നതെങ്കിലും കേരളം ഈ രംഗത്ത് ഏറെ മുന്നിലാണ്. 70 ശതമാനം പേർക്കും ആവശ്യമായ അളവിൽ പരിചരണം നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 2008ൽ കേരളമാണ് രാജ്യത്താദ്യമായി പാലിയേറ്റിവ് പരിചരണ നയം പ്രഖ്യാപിക്കുന്നത്. 2019ൽ ഇത് പരിഷ്കരിക്കുകയും ചെയ്തു. ഇതിന്റെ വെളിച്ചത്തിൽ 2023ൽ ഒരു പാലിയേറ്റിവ് കെയർ കർമപദ്ധതി സർക്കാർ പ്രഖ്യാപിക്കുകയുണ്ടായി. സർക്കാർ മേഖലയിൽ കൂടുതൽ മെഡിക്കൽ കോളജുകളിലേക്ക് പാലിയേറ്റിവ് കെയർ വ്യാപിപ്പിക്കുക, ഈ രംഗത്ത് കൂടുതൽ കോഴ്സുുകൾ ആരംഭിക്കുക, ഈ മേഖലയിലെ സന്നദ്ധ സംഘടനകൾക്ക് വിവിധ തലങ്ങളിൽ അംഗീകാരം നൽകുക, ആരോഗ്യ പ്രവർത്തകരുടെയും സന്നദ്ധ പ്രവർത്തകരുടെയും ഗുണനിലവാരം വർധിപ്പിക്കുന്നതിന് പരിശീലനങ്ങൾ സംഘടിപ്പിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. സർക്കാർ സംവിധാനങ്ങളും സന്നദ്ധ പ്രവർത്തകരും സമൂഹത്തിലെ ഉദാരമതികളും കൈകോർത്ത് സംസ്ഥാനത്തെ മുഴുവൻ കിടപ്പുരോഗികൾക്കും പരിചരണം ലഭ്യമാക്കാനും കർമപദ്ധതി ലക്ഷ്യമിടുന്നു.
സംസ്ഥാന സർക്കാറിന്റെ നവകേരള കർമപദ്ധതി 2 ന്റെ ഭാഗമായി ആർദ്രം മിഷനിലൂടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ’അല്പം ശ്രദ്ധ ആരോഗ്യം ഉറപ്പ് ’ ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയിലൂടെ 30 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാ ജനങ്ങളുടെയും ആരോഗ്യവിവരങ്ങൾ ആശാപ്രവർത്തകർ മുഖേന ശൈലി എന്ന പേരിൽ രൂപം കൊടുത്ത ആപ് വഴി ശേഖരിച്ചിരുന്നു. ഗുരുതര രോഗം ബാധിച്ച് കട്ടിലിൽ തന്നെ കഴിയുന്നവർ, പുറത്തിറങ്ങാൻ കഴിയാതെ വീട്ടിനുള്ളിൽ കഴിയുന്നവർ, ഗുരുതര രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ, മരുന്നുകളൊന്നും കഴിക്കാത്തവർ എന്നിങ്ങനെ നാല് വിഭാഗമായി തിരിച്ചാണ് കണക്കെടുപ്പ് നടത്തിയത്. ഇവരിൽ ഒന്നും രണ്ടും കാറ്റഗറിയിൽ വരുന്നവർക്ക് പാലിയേറ്റിവ് പരിചരണം അത്യാവശ്യമാണ്. മൂന്നാം കാറ്റഗറിയിൽ വരുന്നവർക്ക് ആവശ്യാനുസരണം പരിചരണം നൽകേണ്ടതുണ്ട്.
കണക്കെടുപ്പിൽ 30 വയസ്സിനു മുകളിലുള്ളവരിൽ 0.7 ശതമാനം ഒന്നാം കാറ്റഗറിയിലും 1.4 ശതമാനം രണ്ടാം കാറ്റഗറിയിലുമുണ്ടെന്നാണ് വ്യക്തമായത്. അതായത് സംസ്ഥാനത്ത് 30 വയസ്സിനു മുകളിലുള്ള 50 ശതമാനം ആളുകളുണ്ടെന്ന് കണക്കാക്കിയാൽ ഏതാണ്ട് 3,70,000 പേർ ഗൃഹകേന്ദ്രീകൃത പരിചരണം ആവശ്യമുള്ളവരാണ്. ചുരുക്കത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലും ഏകദേശം 300 മുതൽ 400 വരെ രോഗികൾ. നിലവിലെ സാഹചര്യത്തിൽ ഇവരുടെ പരിചരണം സർക്കാർ സംവിധാനങ്ങളിലൂടെ മാത്രം സാധ്യമല്ല. അതിനാലാണ് പൊതു കൂട്ടായ്മകളുടെ സഹകരണത്തോടെ പുതിയ പാലിയേറ്റിവ് കെയർ കർമപദ്ധതിയിലൂടെ ഈ പോരായ്മ പരിഹരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെ പരിചരണം ആവശ്യമായ മുഴുവൻ രോഗികൾക്കും മതിയായ പരിചരണം ലഭ്യമാക്കാൻ നമുക്കൊന്നായി കൈ കോർക്കാം. ഈ പാലിയേറ്റിവ് കെയർ ദിനം അതിന് തുടക്കമാവട്ടെ.
(ഇന്ത്യൻ അസോസിയേഷൻ ഓഫ് പാലിയേറ്റിവ് കെയർ കേരള വൈസ് പ്രസിഡന്റും എറണാകുളത്തെ തണൽ പാലിയേറ്റിവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി ജനറൽ സെക്രട്ടറിയുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.