പാർട്ടികളും നേതാക്കളും മാധ്യമങ്ങളും യഥാർഥ ജനകീയ അജണ്ടകൾ ചർച്ച ചെയ്യുന്നില്ല -സക്കറിയ
text_fieldsനിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ േകരളത്തിലെ ഒരു വോട്ടർ അനുഭവിക്കുന്ന പ്രതിസന്ധി എന്താണ്?
വോട്ടുചെയ്യൽ ഒരു പ്രതിസന്ധിയല്ല. അത് ജനാധിപത്യത്തിെൻറ മൂലക്കല്ലാണ്. വോട്ടർ എങ്ങനെ തെൻറ വോട്ടിങ് തീരുമാനമെടുപ്പിനെ ദുഃസ്വാധീനങ്ങളിൽനിന്ന് സ്വതന്ത്രമാക്കിത്തീർക്കും എന്നതാണ് പ്രശ്നം. മാധ്യമങ്ങളുടെ, മതത്തിെൻറ, ജാതിയുടെ, പാർട്ടികളുടെ ദുഃസ്വാധീനങ്ങൾ.
കേരളത്തിലെ വോട്ടർ എന്ന നിലയിൽ/കേരളവുമായി പൊക്കിൾക്കൊടി ബന്ധമുള്ള ഒരു വ്യക്തി എന്ന നിലയിൽ വരാനിരിക്കുന്ന നിയമസഭ, മന്ത്രിസഭ എപ്രകാരമായിരിക്കണം, എന്തിനു മുൻഗണന നൽകണം എന്നാണ് താങ്കൾ കരുതുന്നത്?
മലയാളികളുടെ മാതൃഭൂമിയായ കേരളത്തിെൻറ സാമ്പത്തികവും സാംസ്കാരികവും സാമൂഹികവുമായ ആധുനികവത്കരണത്തിന് വരുന്ന സർക്കാറും മന്ത്രിസഭയും മുൻഗണന നൽകണം. സമൂഹത്തിൽ സ്ത്രീകളുടെ യഥാർഥമായ തുല്യത ഉറപ്പുവരുത്തണം. കേരളത്തിൽ ഒന്നടങ്കം സമ്പൂർണമായ മാലിന്യ ശുദ്ധീകരണം സാധ്യമാക്കണം.
ഇന്ത്യയിലെ മറ്റിടങ്ങളിൽനിന്ന് ഏതു രീതിയിലാണ് കേരളത്തിലെ രാഷ്ട്രീയം വേറിട്ടു നിൽക്കുന്നത്?
ജനങ്ങൾക്ക് വളരെ അടുത്തറിയാവുന്ന ഒന്നാണ് കേരളത്തിലെ രാഷ്ട്രീയം. ജനപ്രതിനിധികൾ ജനങ്ങളുടെ ഫ്യൂഡൽ പ്രഭുക്കളായി ധിക്കാരപൂർവം ചമയുന്ന ശൈലി താരതമ്യേന ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. മറ്റ് ഒേട്ടറെ സംസ്ഥാനങ്ങളെക്കാൾ താരതമ്യേന മതേതരമാണ് കേരള രാഷ്ട്രീയം. ഹിന്ദുതീവ്രവാദത്തെ തിരസ്കരിക്കുന്നതിൽ താരതമ്യേന വിജയം നേടിയിട്ടുണ്ട്. ഒരുപക്ഷേ വ്യാപകമായ അഴിമതിയും താരതമ്യേന കുറവാണ്. പക്ഷേ മാറിമാറി വരുന്ന ഭരണകൂടങ്ങൾക്ക് കേരളത്തെ സാമ്പത്തികമായി മുൻനിരയിലേക്ക് നയിക്കാൻ കഴിഞ്ഞിട്ടില്ല.
സ്ഥാനാർഥി നിർണയത്തിൽ രാഷ്ട്രീയേതരമായ ഘടകങ്ങൾ ആവശ്യത്തിലേറെ ഇടപെടുന്നതായി തോന്നിയിട്ടുണ്ടോ?
സ്ഥാനാർഥി നിർണയത്തിൽ രാഷ്ട്രീയേതരമായ ഒരു ഘടകം യഥാർഥത്തിൽ ആവശ്യമുണ്ട്. സ്ഥാനാർഥിയുടെ ഭരണപരമായ മികവും അഴിമതിയില്ലായ്മയും തെൻറ നിയോജക മണ്ഡലത്തിെല ജനങ്ങേളാടുള്ള കൂറും സേവന മനോഭാവവും പരിഗണിക്കപ്പെടേണ്ട ഘടകങ്ങളാണ്. ജാതിയും മതവും ഇടപെട്ടാൽ തന്നെ, ഇത്രയെങ്കിലുമുണ്ടെങ്കിൽ ഒരു വ്യക്തിയുടെ സ്ഥാനാർഥിത്വത്തിന് പ്രസക്തിയുണ്ട്.
പാർട്ടികൾ, നേതാക്കൾ, മാധ്യമങ്ങൾ- ശരിയായ ജനകീയ അജണ്ടകൾ മുന്നോട്ടുവെച്ച് ചർച്ച ചെയ്യുന്നുണ്ടെന്ന് കരുതാനാകുമോ?
പാർട്ടികളും നേതാക്കളും മാധ്യമങ്ങളും യഥാർഥമായ ജനകീയ അജണ്ടകൾ അൽപംപോലും ചർച്ച ചെയ്യുന്നില്ല. വ്യാജ അജണ്ടകളും പ്രചാരണ തന്ത്രങ്ങളും മാത്രമാണ് ചർച്ച ചെയ്യപ്പെടുന്നത്.
നിലവിലെ കേന്ദ്രസർക്കാർ കഴിഞ്ഞ സംസ്ഥാന സർക്കാറിനോട് നീതിപൂർവകമായി ഇടപഴകി എന്ന് കരുതുന്നുണ്ടോ? ഫെഡറൽ അവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥ വരാനിരിക്കുന്ന സംസ്ഥാന സർക്കാറിന് അഭിമുഖീകരിക്കേണ്ടി വരുമോ?
സംസ്ഥാന സർക്കാറിനോട് പരിപൂർണമായും നീതിപൂർവകമല്ലാതെ കേന്ദ്രസർക്കാറിന് ഇടപെടാൻ കഴിയുമെന്ന് തോന്നുന്നില്ല. അങ്ങനെ ചെയ്താൽ അത് കേന്ദ്രത്തിന് തന്നെ തിരിച്ചടിക്കും. ഫെഡറൽ അവകാശങ്ങൾ പലരീതിയിൽ ലംഘിക്കപ്പെേട്ടക്കാം. അതിനെ നേരിടേണ്ട ചുമതല സംസ്ഥാന സർക്കാറിനാണ്.
മതേതരത്വത്തിന് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായ കേരളത്തിൽ വർഗീയതയുടെ കടന്നുകയറ്റം ചെറുക്കാൻ രാഷ്ട്രീയ പാർട്ടികൾ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് താങ്കൾ കരുതുന്നത്?
കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ സ്വന്തം വർഗീയ നിലപാടുകളെപ്പറ്റി ആത്മപരിശോധന ചെയ്യുകയും സ്വയം തിരുത്തുകയും ചെയ്യുക അതിപ്രധാനമാണ്. ശബരിമല അതിന് ഉദാഹരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.