വിരുന്നിൽ ഇല്ലാതെപോയ വിവേകം
text_fieldsനോമ്പുതുറപ്പിക്കൽ റമദാനിൽ ചെയ്യാവുന്ന വലിയ പുണ്യങ്ങളിലൊന്നാണ്. ഇഫ്താർ വിരുന്നിന്റെ വിശ്വാസപരമായ മാനം അതാണ്. എന്നാൽ, പാർട്ടികളും നേതാക്കളും നോമ്പുതുറ ഒരുക്കുന്നതിന്റെ പശ്ചാത്തലം മറ്റൊന്നാണ്. പുതിയ ബന്ധമുണ്ടാക്കാനും ഉള്ളത് വളർത്താനും നടത്തുന്ന ഈ വിരുന്നിന് ഡിപ്ലോമാറ്റിക് ഇഫ്താർ എന്നും നെറ്റ്വർകിങ് ഇഫ്താർ എന്നുമൊക്കെയാണ് വിളിപ്പേർ.
അത്തരം ഇഫ്താർ വിരുന്നിലേക്ക് ക്ഷണിക്കപ്പെടുന്നവരുടേത് പോലെത്തന്നെ മാറ്റിനിർത്തുന്നവരുടെയും പേരുകൾ പ്രധാനമാണ്. കാരണം, പലപ്പോഴും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെയും സമവാക്യങ്ങളുടെയും സൂചന കൂടിയാണത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഒരുക്കിയ ഇഫ്താർ വിരുന്നിൽ ഇക്കുറിയും പതിവുകാർക്കെല്ലാം ക്ഷണമുണ്ടായി.
അവരെല്ലാം പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ആതിഥേയരായി നിറഞ്ഞുനിന്ന പരിപാടി എല്ലാനിലക്കും കേമമാവുകയും ചെയ്തു. ഇക്കുറി പതിവുകാർക്ക് പുറമെ ക്ഷണിക്കപ്പെട്ട ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ജസ്റ്റിസ് ഹാറൂൺ റഷീദ് എന്നീ അതിഥികളുടെ സാന്നിധ്യം വലിയ ചർച്ചയായി.
മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് നിൽക്കുന്ന ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിപറഞ്ഞത് മാർച്ച് രണ്ടിനാണ്. വിധി എതിരായിരുന്നുവെങ്കിൽ പിണറായി വിജയന് മുഖ്യമന്ത്രി പദം ഒഴിയേണ്ടിവരുമായിരുന്നു. അതുണ്ടായില്ല. ലോകായുക്തയുടെ ഭിന്നിവിധി മുഖ്യമന്ത്രിക്കും സർക്കാറിനും ആയുസ്സ് തൽകാലം നീട്ടിനൽകി.
വിധിവന്ന് രണ്ടു ദിവസത്തിന് ശേഷം ഏപ്രിൽ നാലിന് നിയമസഭ മന്ദിരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്ന്. ഏപ്രിൽ 12ന് പ്രസ്തുത കേസ് വീണ്ടും ലോകായുക്തയുടെ പരിഗണനക്ക് വരുന്നുമുണ്ട്. ഈയൊരു പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിരുന്നിൽ ലോകായുക്തമാർ പങ്കെടുത്തത്. വിധിപറയാനിരിക്കുന്ന കേസിലെ ന്യായാധിപനെ ആരോപിതൻ വിരുന്നിന് ക്ഷണിക്കുന്നു.
ന്യായാധിപൻ ക്ഷണം സ്വീകരിച്ച് വിരുന്നിന് ചെല്ലുന്നു. കേസിന്റെ മെറിറ്റ് എന്തുമാകട്ടെ, അത് സംഭവിക്കാൻ പാടില്ലാത്തതാണ്. നീതിനിർവഹ സംവിധാനങ്ങളുടെ വിശ്വാസ്യത എന്നത് എല്ലാ സംശയങ്ങൾക്കും അതീതമായി നിൽക്കേണ്ട ഒന്നാണ്. അതിലേക്ക് സംശയനിഴൽ വീഴാതെ നോക്കേണ്ടത് സർക്കാറിന്റെയും ന്യായാധിപന്മാരുടെയും ബാധ്യതയുമാണ്.
നീതിപീഠത്തിന്റെ പക്ഷപാതിത്വം സംബന്ധിച്ച ഉത്കണ്ഠ പ്രധാനമാണ്. ചില കേസ് കേൾക്കുന്നതിൽനിന്ന് ന്യായാധിപന്മാർ സ്വയം പിന്മാറുന്നത് നാം കണ്ടിട്ടുണ്ട്. കേസിലെ കക്ഷികളുമായി തനിക്കോ, തന്റെ ബന്ധുക്കൾക്കോ മുമ്പെങ്ങോ ഉണ്ടായിരുന്ന ബന്ധത്തിന്റെ പേരിലാകും ആ പിന്മാറ്റം.
കോടതിയുടെ തീർപ്പിൽ പക്ഷപാതിത്വം ആരോപിക്കപ്പെടാമെന്ന ആശങ്കയാണ് അതിന് പിന്നിൽ. പിന്മാററുത്, താങ്കളുടെ നീതിബോധത്തിൽ തങ്ങൾക്ക് പൂർണ വിശ്വാസമാണെന്ന് വാദിഭാഗവും പ്രതിഭാഗവും ഒരേ സ്വരത്തിൽ ഒരു സുപ്രീംകോടതി ന്യായാധിപനോട് അപേക്ഷിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി പലരും ഉദ്ധരിക്കാറുണ്ട്. ‘‘എന്നെ അറിയുന്ന നിങ്ങൾക്ക് വിശ്വാസമുണ്ടാകാം.
നാളെ രാജ്യത്തെ പൗരജനങ്ങളിൽ ഏതെങ്കിലുമൊരാൾക്ക് മറിച്ചൊരു തോന്നലുണ്ടാകാനുള്ള സാഹചര്യം ഞാൻ ആഗ്രഹിക്കുന്നില്ല.’’ ഹൈകോടതിയിലും സുപ്രീംകോടതിയിലും ദീർഘകാലം പ്രവർത്തിച്ച ശേഷം ലോകായുക്തയിൽ സേവനം ചെയ്യുന്നവർക്ക് ഈ പറഞ്ഞത് അറിയാതിരിക്കാൻ വഴിയില്ല.
ക്ഷണക്കത്ത് അയച്ച സർക്കാറിന് ഇല്ലാതെപോയ വിവേകം ക്ഷണം സ്വീകരിച്ച ന്യായാധിപന്മാർക്കെങ്കിലും ഉണ്ടാകേണ്ടിയിരുന്നു. ജുഡീഷ്യറിയുടെ ധാർമികത ഉയർത്തിപ്പിടിക്കുന്നതിൽ കൂടുതൽ ബാധ്യത അവർക്കാണല്ലോ. ഇഫ്താർ വിരുന്നിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിരുന്നിനെത്തിയ പ്രതിപക്ഷ നേതാവ് മുതൽ യുവജനക്ഷേമ കമീഷൻ അധ്യക്ഷവരെയുള്ളവരുടെ പേരുകളുണ്ട്.
ലോകായുക്തമാരുടെ പേരുണ്ടായിരുന്നില്ല. പബ്ലിക് റിലേഷൻ വകുപ്പിന് വിട്ടുപോയതാകാൻ ഇടയില്ല. റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെട്ട മുൻ മാധ്യമപ്രവർത്തകരായ ഉദ്യോഗസ്ഥർക്ക് ലോകായുക്തയെ കണ്ടാൽ അറിയാത്തതുമല്ല. ഔദ്യോഗിക പത്രക്കുറിപ്പിൽ അവരുടെ പേരുകൾ വേണ്ടായെന്ന് തീരുമാനിച്ചതുതന്നെയാണ്. ഇക്കാര്യം പൊതുജനം അറിയേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് തീരുമാനിച്ചതിൽനിന്ന് ഒരു കാര്യം വ്യക്തം.
മുഖ്യമന്ത്രിയുടെ വിരുന്നിൽ ലോകായുക്ത പങ്കെടുത്തതിന്റെ പന്തികേട് സർക്കാറിനുതന്നെ ബോധ്യമുണ്ട്. പത്രക്കുറിപ്പിലെ പേരുവെട്ടൽ ഒരു തരത്തിൽ സർക്കാറിന്റെ കുറ്റസമ്മതം തന്നെയാണ്. മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിന്റെ ഫോട്ടോയും ദൃശ്യങ്ങളും പകർത്താൻ വിഡിയോ-ഫോട്ടോ ജേണലിസ്റ്റുകൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. സർക്കാറിന്റെ പബ്ലിക് റിലേഷൻ വകുപ്പ് പകർത്തിയ ചിത്രങ്ങളും വിഡിയോയും മാധ്യമങ്ങൾക്ക് നൽകുകയാണ് ചെയ്തത്.
അവർ നൽകിയ ചിത്രങ്ങളിലും വഡിയോവിലും വിരുന്നിലെ വിശേഷപ്പെട്ട അതിഥിയായ ലോകായുക്തയുടെ മുഖം പതിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിട്ടുമുണ്ട്. എല്ലാം വളരെ കരുതലോടെയായിരുന്നു. പ്രതിപക്ഷ നേതാക്കളും എം.എൽ.എമാരും വരെ പങ്കെടുത്ത പരിപാടിയിലെനിന്ന് വിവരം ചോരില്ലെന്ന് കരുതിയ ‘ബുദ്ധി’ കൊള്ളാം!
ലോകായുക്തയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ നിധി വകമാറ്റൽ കേസിലെ പരാതിക്കാരൻ ആർ.എസ്. ശശികുമാർ പ്രതികരിച്ചത്. മുഖ്യമന്ത്രി വിരുന്ന് നൽകിയെന്നതിന്റെ പേരിൽ വിധി പക്ഷപാതപരമാകുമെന്ന് പറയുന്നതിൽ യുക്തിയില്ല.
കേസ് അട്ടിമറിയുടെ തെളിവായും അതിനെ കാണേണ്ടതില്ല. എന്നാൽ, ന്യായാധിപനിൽ അവിശ്വാസം ഉന്നയിക്കുന്ന പരാതിക്കാരന്റെ ആവലാതി അപ്പാടെ തള്ളിക്കളയാനുമാകില്ല. ദുരിതാശ്വാസ നിധി വകമാറ്റൽ കേസ് വാദം പൂർത്തിയായി നീണ്ട ഒരു വർഷമാണ് വിധിപറയാൻ കാത്തുകിടന്നത്.
ആ കാലതാമസം പോലും എന്തിനായിരുന്നുവെന്നും കാലതാമസം ആർക്കാണ് ഗുണം ചെയ്തതെന്നും പരാതിക്കാരൻ ചോദിക്കുന്നു. ഒടുവിൽ ഭിന്നവിധിയും അന്തിമ തീരുമാനം ഫുൾബെഞ്ചിന് വിട്ടതിന്റെയുമെല്ലാം ഗുണഭോക്താവ് സർക്കാറാണ്. എല്ലാം ചേർത്തുവായിക്കുമ്പോൾ എവിടെയോ.. എന്തോ തകരാറു പോലെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.