കൈപിടിക്കാനെത്തുമോ പേട്ടൽ വോട്ട്?
text_fieldsഗുജറാത്തിൽ പേട്ടൽ പ്രക്ഷോഭ നേതാവ് ഹാർദിക് പേട്ടലുമായുള്ള സഖ്യം കോൺഗ്രസിനെ തുണക്കുമോ? രണ്ടര ദശാബ്ദത്തിനുശേഷം അധികാരത്തിലെത്താമെന്ന കോൺഗ്രസിെൻറ സ്വപ്നം പാട്ടീദാർ വോട്ടുബാങ്കിൽ ചുറ്റിത്തിരിയുേമ്പാൾ ഉയരുന്ന പ്രധാന ചോദ്യമിതാണ്. സംസ്ഥാന ജനസംഖ്യയുടെ 15 ശതമാനം വരുന്ന പാട്ടീദാർ സമുദായം സൗരാഷ്ട്ര, വടക്കൻ-മധ്യ ഗുജറാത്ത്, അഹ്മദാബാദ്, സൂറത്ത് എന്നിവിടങ്ങളിലെ മണ്ഡലങ്ങളിൽ നിർണായകമാണ്. നിലവിൽ 51 പാട്ടീദാർ എം.എൽ.എമാരാണുള്ളത്, ഇവരിൽ 44 പേർ ബി.ജെ.പിക്കാരാണ്. ജനസംഖ്യാനുപാതവും സ്വാധീനശക്തിയും പരിഗണിച്ചാൽ ഇതിലുമേറെ എം.എൽ.എമാർ ഉണ്ടാകേണ്ടതാണ്. കോൺഗ്രസുമായുള്ള സഖ്യത്തിലൂടെ ഹാർദികിെൻറ ലക്ഷ്യവും ഇതാണ്.
നഗരങ്ങളിൽ സമ്പന്നർ, ഗ്രാമങ്ങളിൽ ദരിദ്രർ
പാട്ടീദാർ സമുദായം താരതമ്യേന സമ്പന്നരാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേറെയും ഇവരുടെ ഉടമസ്ഥതയിലാണ്. സൂറത്തിലെ വജ്രവ്യാപാരവും വൻകിട വ്യവസായങ്ങളും ഇവർ കൈയടക്കിെവച്ചിരിക്കുന്നു. നഗരവത്കരണത്തെ തുടർന്ന്, ഭൂമിവിലയിലുണ്ടായ വർധനയാണ് കർഷകരും ഭൂവുടമകളുമായിരുന്ന ഇവരെ സമ്പന്നരാക്കിയത്. ഭൂമി വിറ്റ് ഇവർ വ്യവസായനിക്ഷേപം നടത്തുകയായിരുന്നു. അതേസമയം, ഗ്രാമങ്ങളിൽ പാട്ടീദാർ വിഭാഗം ദരിദ്രരാണ്. ഒപ്പമുള്ള താകോർ, ചൗധരി, കോലി വിഭാഗങ്ങൾ സംവരണത്തിെൻറ പിൻബലത്തിൽ മുന്നേറിയപ്പോൾ ഗ്രാമീണ പാട്ടീദാർമാർ ദരിദ്രരായി തുടർന്നു. വിദ്യാസമ്പന്നരായ പാട്ടീദാർ യുവാക്കളിൽ ഇത് അതൃപ്തിയുണ്ടാക്കി. സർക്കാർ ജോലികളിൽ അവസരം കുറഞ്ഞതോടെ യുവാക്കളുടെ രോഷം ഇരട്ടിയായി.
പ്രക്ഷോഭത്തിലേക്ക്
1981ൽ മാധവ്സിങ് സോളങ്കിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറാണ് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന സമുദായങ്ങൾക്ക് സംവരണം കൊണ്ടുവന്നത്. പിന്നാക്കമല്ലാത്തതുകൊണ്ട് സംവരണം നിഷേധിക്കപ്പെട്ട പാട്ടീദാർമാർ പ്രക്ഷോഭത്തിനിറങ്ങി. 100 പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭം സോളങ്കിയുടെ രാജിയിലാണ് കലാശിച്ചത്. എങ്കിലും, പാട്ടീദാർമാരുടെ ആവശ്യം പരിഹരിക്കപ്പെട്ടില്ല. 1985ൽ ക്ഷത്രിയ, ഹരിജൻ (ദലിത്), ആദിവാസി, മുസ്ലിം പിന്തുണയോടെ സോളങ്കി വീണ്ടും അധികാരത്തിലെത്തി. അന്നത്തെ 149 സീറ്റ് എന്ന ഭൂരിപക്ഷം ആർക്കും തകർക്കാനായിട്ടില്ല. എന്നാൽ, ദലിത്, ആദിവാദി, മുസ്ലിം കൂട്ടുകെട്ട് പാട്ടീദാർ സമുദായത്തെ ബി.ജെ.പി ചേരിയിലെത്തിച്ചു.
1981ൽ 81 സമുദായങ്ങളാണ് ഒ.ബി.സിയിലുണ്ടായിരുന്നതെങ്കിൽ, സർവേകളിലൂടെയും മറ്റും ഇത് 146 ആയി ഉയർന്നു. ഇവരുടെ സംവരണം 10 ശതമാനത്തിൽനിന്ന് 27 ശതമാനമായും കുതിച്ചു. ഇത് അതുവരെയുണ്ടായിരുന്ന അനുപാതം തിരുത്തി. പിന്നാക്കക്കാർ ധാരാളമായി സർക്കാർ ജോലികളിലെത്തി. ഇത്, ഗ്രാമങ്ങളിലെ സാമൂഹിക വിഭജനത്തിന് ആക്കംകൂട്ടി. ഇൗ രോഷം മുതലെടുത്താണ് ബി.ജെ.പി അധികാരത്തിലേക്കുള്ള യാത്ര തുടങ്ങിയത്. എന്നാൽ, ബി.ജെ.പിയും തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞതോടെയാണ് പാട്ടീദാർമാർ സംവരണപ്രക്ഷോഭമെന്ന 18ാമത്തെ അടവ് പുറത്തെടുത്തത്.
രാജസ്ഥാനിെല ഗുജ്ജാറുകളുടെയും ഹരിയാനയിലെ ജാട്ടുകളുടെയും പ്രക്ഷോഭത്തിൽനിന്നാണ് പാട്ടീദാർമാർ പാഠമുൾക്കൊണ്ടത്. ഹാർദിക് പേട്ടലിെൻറ നേതൃത്വത്തിൽ പാട്ടീദാർ അനാമത് ആേന്ദാളൻ സമിതിയുടെ (പി.എ.എ.എസ്) രൂപവത്കരണത്തിലേക്ക് നയിച്ചതും ഇൗ പ്രേക്ഷാഭമാണ്. വിദ്യാസമ്പന്നരായ യുവാക്കൾ കൂട്ടത്തോടെ പി.എ.എ.എസിലേക്ക് വന്നു. ല്യുവ, കട്വ എന്നീ രണ്ട് പാട്ടീദാർ ഉപ വിഭാഗങ്ങളുടെയും ഇവരുടെ കീഴിലുള്ള ഖോദാൽധാം, ഉമിയ മാത ട്രസ്റ്റുകളുെടയും പിന്തുണയാണ് ഹാർദികിനെ ശക്തനാക്കിയത്. സമുദായത്തിെൻറ സ്വാധീനകേന്ദ്രമായ വടക്കൻ ഗുജറാത്ത് േകന്ദ്രമാക്കി ഹാർദിക് പടയോട്ടം തുടങ്ങി. 2015 ആഗസ്റ്റ് 25ന് നടത്തിയ സംസ്ഥാന റാലിയിൽ അഞ്ചു ലക്ഷം പാട്ടീദാർമാരാണ് പെങ്കടുത്തത്. റാലിക്കുശേഷമുള്ള യോഗത്തിനിടെയാണ് പൊലീസ് വെടിവെപ്പിൽ 14 യുവാക്കൾ മരിച്ചത്. അഹ്മദാബാദിലും മേഹസനയിലും പാട്ടീദാർമാരുടെ വീടുകൾ കയറി കുട്ടികളെയും സ്ത്രീകളെയും പൊലീസ് മർദിച്ചു.
പൊലീസ് അതിക്രമത്തിൽ ഹാർദിക് പ്രതിസ്ഥാനത്തുനിർത്തിയത് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായെയാണ്. ‘ജനറൽ ഡയർ’ എന്നാണ് പ്രക്ഷോഭകാരികൾ അമിത് ഷായെ വിശേഷിപ്പിച്ചത്. 14 യുവാക്കളുടെ രക്തസാക്ഷിത്വത്തിനുള്ള പ്രതികാരമെന്ന നിലക്ക് സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിനെ താഴെയിറക്കുമെന്ന് ഹാർദിക് പ്രതിജ്ഞയെടുത്തു. പേട്ടൽ സമുദായത്തിൽപെട്ട മുഖ്യമന്ത്രി ആനന്ദിബെൻ പേട്ടലിെൻറ രാജിയിലാണ് പ്രക്ഷോഭം ഒടുങ്ങിയത്. സംസ്ഥാന ജനസംഖ്യയിൽ ഒരു ശതമാനത്തിൽതാഴെ മാത്രം വരുന്ന ജെയിൻ സമുദായക്കാരനായ വിജയ് രൂപാണിയാണ് പകരം മുഖ്യമന്ത്രിയായത്.
കരുനീക്കി കോൺഗ്രസ്
ഇൗ രാഷ്ട്രീയമാറ്റം സംഘടനയിലും പുറത്തും ഹാർദികിെൻറ വിലപേശൽ ശേഷി വർധിപ്പിച്ചു. അധികാരം സ്വപ്നം മാത്രമായിരുന്ന കോൺഗ്രസ് സമർഥമായി കരുനീക്കാൻ തുടങ്ങി. പാട്ടീദാർ സമുദായത്തിെൻറ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിച്ച് അവർ ഹാർദികിനെ പാട്ടിലാക്കി. ഒടുവിൽ, അധികാരത്തിലെത്തിയാൽ പ്രത്യേക വിഭാഗത്തിൽപെടുത്തി പേട്ടൽ വിഭാഗത്തിനും ഒ.ബി.സിക്കാർക്കു തുല്യമായ സംവരണം നൽകാമെന്ന് കോൺഗ്രസ് ഉറപ്പുനൽകി. ഒ.ബി.സി കമീഷെൻറ മാനദണ്ഡമനുസരിച്ച് സംവരണത്തിന് പ്രത്യേക സർവേ നടത്തും. ഇതിെൻറ അടിസ്ഥാനത്തിൽ പേട്ടൽ വിഭാഗത്തിനും മറ്റ് മുന്നാക്കക്കാർക്കും എത്ര ശതമാനം നൽകണമെന്ന് തീരുമാനിക്കും. തുടർന്ന് നിയമസഭയിൽ ബിൽ കൊണ്ടുവരും തുടങ്ങിയ വാഗ്ദാനങ്ങളും ഹാർദികിനെ കോൺഗ്രസ് പക്ഷത്ത് ഉറപ്പിച്ചുനിർത്തി.
‘ബി.ജെ.പിക്ക് പ്രവേശനമില്ല’
ഹാർദിക്-കോൺഗ്രസ് സഖ്യം ബി.ജെ.പിയെ ഞെട്ടിച്ചിട്ടുണ്ട്. പാട്ടീദാർ ഗ്രാമങ്ങളിൽ ബി.ജെ.പി പ്രകോപനം സൃഷ്ടിക്കുന്നുമുണ്ട്. ഇതേതുടർന്ന്, വഡോദരയിലും മറ്റും വോട്ടഭ്യർഥന നടത്തുന്ന ബി.ജെ.പി സ്ഥാനാർഥികളെ യുവാക്കൾ വ്യാപകമായി തടയുകയാണ്. സൂറത്തിലെ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളുടെ ഒാഫിസ് തുറക്കാൻ അനുവദിക്കുന്നില്ല. ബി.ജെ.പി സ്ഥാനാർഥികൾക്ക് പ്രവേശനമില്ല എന്ന ബോർഡുകൾ മഹേസനയിലെ ഗ്രാമങ്ങളിൽ കാണാം. പേട്ടൽ യുവാക്കളുടെ പ്രതിഷേധെത്ത തുടർന്ന് രണ്ടാഴ്ചയായി ബി.ജെ.പിക്ക് റാലികൾപോലും നടത്താനായിട്ടില്ല. ഡിസംബർ ഒമ്പതിന് ആദ്യഘട്ട തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്തോറും ആകാംക്ഷ ഏറുകയാണ്... പേട്ടൽ വോട്ടുബാങ്ക് കോൺഗ്രസിനെ അധികാരത്തിലെത്തിക്കുമോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.